ഇസ്ലാമും പ്രവാചക കുടുംബവും
പി കെ മൊയ്തീന്‍ സുല്ലമി
സത്യവിശ്വാസികളില്‍ ഏറ്റവും ഉന്നത സ്ഥാനം വഹിച്ചവരാണ് പ്രവാചകന്മാര്‍. വ്യാപകമായ പ്രബോധന പ്രവര്‍ത്തനങ്ങളുടെയും അവര്‍ സഹിച്ച ത്യാഗത്തിന്റെയും അടിസ്ഥാനത്തില്‍ ചില പ്രവാചകന്മാര്‍ക്ക് മറ്റു ചിലരേക്കാള്‍ പ്രാമുഖ്യവും പ്രാധാന്യവും അല്ലാഹു നല്‍കിയിട്ടുണ്ട്. അല്ലാഹു അരുളി: ‘ആ ദൂതന്മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു’ (അല്‍ബഖറ: 253). പ്രസ്തുത പ്രവാചകന്മാര്‍ക്ക് പറയപ്പെടുന്നത് ‘ഉലുല്‍ അസ്മുകള്‍’ (ദൃഢമനസ്‌കരായവര്‍) എന്നാണ്. നൂഹ്(അ), ഇബ്റാഹീം(അ), മൂസാ(അ), ഈസാനബി(അ) എന്നിവരാണവര്‍. നബി(സ)യും അതില്‍ പെട്ട ഒരു പ്രവാചകന്‍ തന്നെയാണ്. നബി(സ)യോട് അല്ലാഹു കല്പിക്കുന്നു: ‘ആകയാല്‍ ദൃഢനമസ്‌കരായ ദൈവദൂതന്മാര്‍ ക്ഷമിച്ചതു പോലെ താങ്കള്‍ ക്ഷമിക്കുക’ (അഹ്ഖാഫ് 35). ഒരു വ്യക്തി പ്രവാചകനായി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് യാതൊരു സ്ഥാനവും പ്രത്യേകതയും അല്ലാഹു നല്‍കിയിട്ടില്ല. കാരണം പ്രവാചകന്മാരായി അല്ലാഹു തെരഞ്ഞെടുക്കുന്നത് ഏതെങ്കിലും കുടുംബത്തിന്റെ മഹിമ നോക്കിയല്ല. മറിച്ച് അവന്‍ ഇഷ്ടപ്പെടുന്ന വ്യക്തികളെ അവന്‍ തെരഞ്ഞെടുക്കുന്നു എന്ന് മാത്രം. അല്ലാഹു അരുളി: ‘മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്മാരെ തെരഞ്ഞെടുക്കുന്നു’ (ഹജ്ജ് 75). മറ്റൊരിടത്ത് അല്ലാഹു അരുളിയത് ഇപ്രകാരമാണ്: ‘അത് (പ്രവാചകത്വം) അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് നല്‍കുന്നു’ (ജുമുഅ 4).
പ്രവാചകന്മാര്‍ നുബുവ്വത്ത് നല്‍കുന്നതിന് മുമ്പ് പാപമുക്തരോ എല്ലാം അറിയുന്നവരോ അല്ല. എങ്കില്‍ പോലും ശിര്‍ക്ക്, കുഫ്‌റ്, ഹറാം എന്നിവയില്‍ നിന്നും ഒരു മാനസികമായ സംരക്ഷണം ഉണ്ടാകാമെന്ന് മാത്രം. അല്ലാത്ത പക്ഷം പ്രവാചകന്മാരായി വരുന്നവരെ ജനങ്ങള്‍ അംഗീകരിച്ചുകൊള്ളണമെന്നില്ല. നുബുവ്വത്തിന്റെ മുമ്പ് നബി(സ)യുടെ അവസ്ഥ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ‘താങ്കളെ അവന്‍ വഴിയറിയാത്തവനായി കണ്ടെത്തുകയും അങ്ങനെ താങ്കള്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു’ (സുഹാ: 7). മറ്റൊരു വചനം ശ്രദ്ധിക്കുക: ‘താങ്കള്‍ക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് താങ്കള്‍ ആഗ്രഹിച്ചിരുന്നില്ല. താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യത്താല്‍ അത് ലഭിച്ചു’ (ഖസ്വസ്വ്: 86). വേറൊരു വചനം ഇപ്രകാരമാണ്: ‘വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് താങ്കള്‍ക്കറിയുമായിരുന്നില്ല’ (ശൂറാ 52). അതുപോലെ പ്രവാചകന്മാരുടെ കുടുംബത്തിന് അല്ലാഹുവിന്റെ അടുക്കല്‍ യാതൊരു വിധ പരിഗണനയും ഇല്ല. അല്ലാഹു പരിഗണിക്കുന്നത് സത്യവിശ്വാസവും സല്‍കര്‍മങ്ങളും മാനസിക വിശുദ്ധിയും മാത്രമാണ്. കാരണം നൂഹ് നബി(അ)യുടെ മകനും ഭാര്യയും ലൂത്ത് നബി(അ)ന്റെ ഭാര്യയും ഇബ്റാഹീം നബി(അ) ന്റെ പിതാവ് ആസറും നബി(സ)യുടെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബും പിതൃവ്യന്‍ അബൂത്വാലിബും സത്യനിഷേധികളായിട്ടാണ് മരണപ്പെട്ടത്. അത് നമുക്ക് അറിയാവുന്നതാണ്.
നബി(സ)യുടെ മാതാപിതാക്കളും മറിച്ചല്ലായെന്നാണ് പ്രമാണങ്ങള്‍ തെളിയിക്കുന്നത്. നബി(സ)യുടെ മാതാപിതാക്കളെ സംബന്ധിച്ച് ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസുകള്‍ ശ്രദ്ധിക്കുക. അതിന് ഇമാം നവവി(റ) കൊടുത്ത അധ്യായം ഇപ്രകാരമാണ്: ‘കാഫിറായി മരണപ്പെട്ടവന്‍ നരകത്തിലാണ് എന്ന് വിശദീകരിക്കുന്ന അധ്യായം’ (സ്വഹീഹുല്‍ മുസ്ലിം 2:81). പ്രസ്തുത അധ്യായത്തില്‍ അനസ്(റ) റിപ്പോര്‍ട്ടു ചെയ്തു: ‘ഒരു മനുഷ്യന്‍ (സ്വഹാബി) നബി(സ)യോട് ഇപ്രകാരം ചോദിക്കുകയുണ്ടായി. എന്റെ പിതാവ് (മരണാനന്തരം) എവിടെയാണ്? നബി(സ) പറഞ്ഞു: നരകത്തിലാണ്. അദ്ദേഹം (നിരാശയോടെ) പിന്തിരിഞ്ഞു പോയപ്പോള്‍ അദ്ദേഹത്തെ വിളിച്ച് നബി(സ) ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും എന്റെയും നിന്റെയും പിതാക്കള്‍ നരകത്തിലാണ്’ (മുസ്ലിം: 347). മേല്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ‘കാഫിറായി മരണപ്പെടുന്നവന്‍ നരകത്തിലാണെന്ന് ഈ ഹദീസിലുണ്ട്. അടുത്തവരുമായുള്ള ബന്ധം അവന്ന് പ്രയോജനം ചെയ്യുന്നതല്ല’ (ശറഹുമുസ്ലിം 2:81). നബി(സ)യുടെ മാതാവിനെക്കുറിക്കുന്ന ഒരു ഹദീസ് താഴെ വരുന്നു. ‘നബി(സ) പറഞ്ഞതായി അബൂഹുറൈറ(റ) പ്രസ്താവിച്ചു: എന്റെ മാതാവിനുവേണ്ടി പൊറുക്കലിനെ തേടാന്‍ ഞാനെന്റെ റബ്ബിനോട് അനുവാദം ചോദിച്ചു. എനിക്ക് അനുവാദം ലഭിച്ചില്ല. അവരുടെ ഖബ്റ് സന്ദര്‍ശിക്കാന്‍ ഞാന്‍ അനുവാദം ചോദിച്ചു: അപ്പോള്‍ എനിക്ക് അനുവാദം ലഭിച്ചു’ (മുസ്ലിം 976). മേല്‍ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) വിശദീകരിച്ചത് ശ്രദ്ധിക്കുക: ‘ജീവിതകാലത്ത് മുശ്രിക്കുകളെ സന്ദര്‍ശിക്കാമെന്നും മരണാനന്തരം അവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കാമെന്നും ഹദീസില്‍ തെളിവുണ്ട്. കാരണം മരണാനന്തരം മുശ്രിക്കുകളെ സന്ദര്‍ശിക്കാമെങ്കില്‍ ജീവിത കാലത്ത് അവരെ സന്ദര്‍ശിക്കുകയെന്നത് അതിനേക്കാള്‍ പരിഗണനീയമാണ്. തീര്‍ച്ചയായും അല്ലാഹു അരുളി: ‘അവരോട് രണ്ടുപേരോടും (കാഫിറുകളായ മാതാപിതാക്കളോട്) നിങ്ങള്‍ ദുനിയാവില്‍ നല്ല നിലയില്‍ വര്‍ത്തിക്കണം.’ കാഫിറുകള്‍ക്കുവേണ്ടി പാപമോചനം നടത്താന്‍ പാടില്ലായെന്നും ഹദീസിലുണ്ട്.’ (ശറഹു മുസ്ലിം 4:53). മേല്‍ കൊടുത്ത വിശദീകരണം ശാഫിഈ മദ്ഹബില്‍ രണ്ടാം ശാഫി എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം നവവിയുടേതാണ്. കുടുംബ പോരിശ കൊണ്ടും ഇല്ലാത്ത കറാമത്തുകള്‍ അവകാശപ്പെട്ടതു കൊണ്ടും സ്വര്‍ഗം കരസ്ഥമാക്കാന്‍ സാധ്യമല്ല. കൃത്യമായ തൗഹീദും തഖ്വയും ഉണ്ടെങ്കില്‍ മാത്രമേ സ്വര്‍ഗം കരസ്ഥമാക്കാന്‍ സാധിക്കൂ. അല്ലാഹു അരുളി: ‘ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവുമധികം തഖ്വയുള്ളവനാകുന്നു’ (ഹുജുറാത് 13).
വിനയവും കാരുണ്യവും നീതിബോധവും സത്യസന്ധതയും സല്‍സ്വഭാവവും മാനസിക വിശുദ്ധിയും ഒത്തു ചേരുമ്പോഴാണ് ഒരാള്‍ മുത്തഖിയായിത്തീരുന്നത്. ഇസ്ലാമില്‍ എല്ലാവരും തുല്യരാണ്. മറ്റു മതങ്ങളിലേത് പോലെ ജാതീയ വേര്‍തിരിവുകള്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മേല്‍ പറയപ്പെട്ടവര്‍ക്കൊക്കെ ആരാധനകളില്‍ പോലും വ്യത്യസ്ത നിയമമാണ്. പലരും പരസ്പരം അയിത്തം പ്രകടിപ്പിക്കുന്നു. പക്ഷെ മുസ്‌ലിംകളിലും ഭാഗികമായി ഇത്തരം വേര്‍തിരിവുകള്‍ പ്രകടമാണ്. അത് മതനിയമമല്ല. തങ്ങള്‍ എന്നു പറഞ്ഞാല്‍ നബി കുടുംബത്തില്‍ പെട്ട വ്യക്തിയാണ് എന്നാണ് ധാരണ. അതേ അവസരത്തില്‍ നബി(സ) ജനിക്കുകയും വര്‍ഷങ്ങളോളം ജീവിക്കുകയും ചെയ്ത മക്കയിലും മദീനയിലും ഒരു തങ്ങളും നിലവിലില്ല എന്നതാണ് വസ്തുത. കേരളത്തില്‍ മാത്രമാണ് തങ്ങന്മാര്‍ നിലകൊള്ളുന്നത്. ഉണ്ടെങ്കില്‍ അത് കാണേണ്ടത് മക്കയിലും മദീനയിലുമാണ്. ഇത്തരം തങ്ങന്മാരില്‍ നിന്നും ഖൈറ് ഉദ്ദേശിച്ചുകൊണ്ടും ചില ശര്‍റുകള്‍ നീങ്ങിക്കിട്ടാന്‍ വേണ്ടിയും അവരുടെ കൈകള്‍ മുത്താറുണ്ട്. അത് ശിര്‍ക്കാണ്. കാരണം ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. അത് ഈമാന്‍ കാര്യത്തില്‍ പെട്ടതാണ്. എന്നാല്‍ ഇസ്ലാമിക സാഹോദര്യം നിലനിര്‍ത്താന്‍ പരസ്പരം ആലിംഗനം ചെയ്യുന്നതില്‍ വിരോധമില്ല.
നബി(സ) യുടെ കുടുംബം ചരിത്രപരമായി നിലവിലില്ല. ഈ ലേഖകന്‍ പ്രസ്തുത സംശയം തീര്‍ക്കാന്‍ ഒരിക്കല്‍ കെ എം മൗലവിയുടെ മകനും മദീന യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും പ്രമുഖ പണ്ഡിതനും മുഫ്തിയുമായിരുന്ന മര്‍ഹൂം അബ്ദുസ്സമദ് അല്‍കാതിബിനെ സന്ദര്‍ശിക്കുകയുണ്ടായി. തിരൂരങ്ങാടി സ്വദേശിയും മര്‍ഹൂം ബാഫഖി തങ്ങളുമായി വളരെ അടുപ്പമുള്ള വ്യക്തിയുമായിരുന്നു. തങ്ങള്‍ എല്ലാ വര്‍ഷവും ഹജ്ജിന് പോയിരുന്നു. അപ്പോഴൊക്കെ അദ്ദേഹം രണ്ടു ദിവസത്തോളം കാത്തിബിന്റെ അതിഥിയായിരിക്കും. എന്റെ സംശയത്തിന് മറുപടിയായി കാതിബ് പറഞ്ഞത് ഇപ്രകാരമാണ്: ‘നിങ്ങള്‍ ചോദിച്ച ഇതേ ചോദ്യം ഞാന്‍ ബാഫഖി തങ്ങളോട് തന്നെ നേരില്‍ ചോദിച്ചു. തങ്ങള്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ഞങ്ങള്‍ നബി(സ)യുമായി ബന്ധമൊന്നുമില്ല. ഞങ്ങളുടെ പൂര്‍വികര്‍ ഇറാനില്‍ നിന്നും വന്ന ശിയാക്കളാണ്. അവര്‍ കേരളത്തില്‍ നിന്ന് ശാഫിഈ മദ്ഹബ് സ്വീകരിക്കുകയാണുണ്ടായത്. മറ്റൊരു വിഭാഗം യമനില്‍ നിന്നും വന്ന അറബികളാണ്.’ ഇനി നബി കുടുംബത്തിന് ‘സയ്യിദ്’ എന്നൊരു പേരില്ല. നബി(സ)യുടെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബും പിതൃവ്യന്‍ അബൂത്വാലിബും മുശ്രിക്കുകളായിരുന്നു. നബിയുടെ മാതാവിന്റെയും പിതാവിന്റെയും അവസ്ഥ നാം മുകളില്‍ വിശദീകരിക്കുകയുണ്ടായി. നബി(സ)ക്കോ നബിയുടെ കുടുംബത്തില്‍ പെട്ടവര്‍ക്കോ സയ്യിദ് എന്നോ തങ്ങളെന്നോ പേരുകള്‍ നല്‍കപ്പെട്ടതായി ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടില്ല. എന്നാല്‍ നബി(സ)യുടെ പേരമകനായിരുന്ന ഹസന്‍(റ)വിന് അപ്രകാരം ഒരു പേര് നല്‍കപ്പെട്ടതായി ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ, പ്രസ്തുത ഹദീസ് ദുര്‍ബലവുമാണ്. പ്രസ്തുത ഹദീസ് ‘മുന്‍ഖത്വീഅ്’ (പരമ്പര മുറിഞ്ഞത്) ആണെന്ന് ഇബ്‌നു തൈമിയ്യാ(റ) തന്റെ ‘മജ്മഉ ഫതാവാ’ 18-ാം വാല്യം, 19-ാം പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നേതാവ് എന്ന അര്‍ഥത്തില്‍ നബി(സ) യെ സ്വഹാബത്ത് സയ്യിദ് എന്ന് വിളിച്ചിരുന്നു. മറ്റുള്ള നേതാക്കളെയും സയ്യിദ് എന്ന് വിളിക്കാമെന്ന് നബി(സ) പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ നബി(സ) അന്‍സ്വാരികളോട് ഇപ്രകാരം പറയുകയുണ്ടായി: ‘നിങ്ങള്‍ നിങ്ങളുടെ സയ്യിദിന്റെ (നേതാവായ സഅ്ദുബ്നുമുആദിന്റെ) അടുത്തേക്ക് എഴുന്നേറ്റു ചെല്ലുക’ (ബുഖാരി: 3804, മുസ്ലിം 1768). എന്നാല്‍ ‘റബ്ബ്’ (അല്ലാഹു) എന്ന അര്‍ഥത്തിലും ‘സയ്യിദ്’ എന്ന പദം വന്നിട്ടുണ്ട്. പ്രസ്തുത അര്‍ഥത്തില്‍ നബി(സ)യെ സയ്യിദ് എന്ന് വിളിക്കുന്നത് അവിടുന്ന് ശക്തമായി എതിര്‍ത്തിരുന്നു. ഒരിക്കല്‍ മേല്‍പറഞ്ഞ അര്‍ഥത്തില്‍ ഒരു സ്വഹാബി നബി(സ)യെ ‘സയ്യിദ്’ എന്ന് വിളിക്കുകയുണ്ടായി. അത് ശ്രദ്ധിക്കുക: ‘താങ്കള്‍ ഞങ്ങളുടെ സയ്യിദാണ്. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ സയ്യിദ് അല്ലാഹുവാണ്’ (അബൂദാവൂദ്). മറ്റൊരിക്കല്‍ അതേ അര്‍ഥത്തില്‍ നബി(സ) യെ മറ്റു ചില സ്വഹാബികള്‍ വിളിക്കുകയുണ്ടായി. അപ്പോള്‍ അവിടുത്തെ പ്രതികരണം ഇപ്രകാരമായിരുന്നു: ‘ജനങ്ങളേ, നിങ്ങള്‍ മുമ്പ് എന്നെ വിളിച്ചിരുന്നത് വിളിച്ചു കൊള്ളുക. നിങ്ങളെ പിശാച് മറപ്പിക്കാതിരിക്കട്ടെ. ഞാന്‍ മുഹമ്മദാണ്. അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്. അല്ലാഹു എനിക്ക് നല്‍കിയ സ്ഥാനത്തേക്കാള്‍ എന്നെ ഉയര്‍ത്തുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല’ (അഹ്മദ്, നസാഈ). അപ്പോള്‍ നബി(സ)ക്ക് തങ്ങളെന്നോ സയ്യിദെന്നോ സ്ഥിരം സ്ഥാനപ്പേരുണ്ടായിരുന്നില്ല. അവിടുത്തെ കുടുംബത്തിനും ഉണ്ടായിരുന്നില്ല. എന്നാല്‍ നബി(സ) സ്വഹാബത്തിന്റെ നേതാവായിരുന്നു. മറ്റുള്ള നേതാക്കന്മാരെ സയ്യിദ് എന്ന് വിളിക്കുന്നതുപോലെ അതേ അര്‍ഥത്തില്‍ നബി(സ)യെയും അവര്‍ വിളിച്ചു പോന്നിരുന്നു എന്നുമാത്രം. എന്നാല്‍ അല്ലാഹു നബി(സ)യെ സയ്യിദ് എന്ന് വിളിച്ചത് പരലോകവുമായി ബന്ധപ്പെട്ടു കൊണ്ടാണ്. പരലോകത്ത് സയ്യിദ് എന്ന പദം നബി(സ)ക്കു മാത്രം അവകാശപ്പെട്ടതാണ്. നബി(സ) പറഞ്ഞു: ‘ഞാന്‍ ആദം സന്തതികളുടെ സയ്യിദാണ് (നേതാവാണ്) അഹങ്കരിക്കുന്നില്ല’ (ബുഖാരി 265). അപ്പോള്‍ നബി(സ) സയ്യിദാകുന്നത് ഇസ്ലാമിക പ്രമാണ പ്രകാരം പരലോകത്ത് മാത്രമാണ്. അത് നബി(സ) ക്കു മാത്രം ബാധകവുമാണ്. മേല്‍ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നുല്‍ ഖയ്യിം(റ) രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ‘സയ്യിദ് എന്ന അഭിസംബോധന നബി(സ)ക്കു മാത്രമാണ്. മറ്റൊരാളും തന്നെ ഒരിക്കലും ആ പേരിന്നര്‍ഹരല്ല’ (സാദുല്‍ മആദ് 2:341). അതിനാല്‍ നബി കുടുംബം എന്ന വ്യാജേന യാതൊരു വിധ രേഖകളുമില്ലാതെ, ചില വ്യക്തികളെ സയ്യിദെന്നും തങ്ങളെന്നും വിളിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. എന്നാല്‍ നേതാവ് എന്ന അര്‍ഥത്തില്‍ മതസംഘടനയുടേയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ നേതാക്കന്മാരെ ‘സയ്യിദ്’ എന്ന് വിളിക്കുന്നതില്‍ വിരോധമില്ല. അതിന്റെ അര്‍ഥം കുടുംബത്തിന് അല്ലാഹുവിന്റെ അടുക്കല്‍ സ്ഥാനമില്ലായെന്നല്ല. അവര്‍ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനം അവരുടെ ഈമാനിന്റെയും ത്യാഗത്തിന്റെയും അടിസ്ഥാനത്തിലാണ്.