8 Thursday
May 2025
2025 May 8
1446 Dhoul-Qida 10

ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നു

പി കെ മൊയ്തീന്‍ സുല്ലമി


കേരളത്തില്‍ മതസ്പര്‍ദ വളര്‍ത്താന്‍ തല്‍പര കക്ഷികള്‍ ആരോപിച്ച ഒന്നായിരുന്നു ലൗജിഹാദ്. മുസ്‌ലിം യുവാക്കള്‍ ഇതര സമുദായങ്ങളിലെ യുവതികളെ പ്രണയിച്ച് മതംമാറ്റുന്നുവെന്നായിരുന്നു ആരോപണം. ഇത് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നാര്‍കോട്ടിക് ജിഹാദ് എന്ന മറ്റൊരു ആരോപണവുമായി വന്നിരിക്കുകയാണ് ഒരു ക്രൈസ്തവ പുരോഹിതന്‍. മുസ്‌ലിം യുവാക്കള്‍ ക്രൈസ്തവ യുവതികള്‍ക്കു ലഹരി നല്‍കി മതപരിവര്‍ത്തനം നടത്തുന്നുവത്രെ.
ജിഹാദ് എന്ന പദത്തിന്റെ സാങ്കേതികാര്‍ഥം ധര്‍മസമരം എന്നാണ്. എന്നാല്‍ ഈ പദം നാല് കാര്യങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. ജിഹാദിന്റെ ഒരര്‍ഥം: ദീന്‍ നിലനിര്‍ത്താനുള്ള പരിശ്രമം എന്നതാണ്. അല്ലാഹു പറയുന്നു: ”നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടവരാരോ അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്.” (അന്‍കബൂത് 69)
ജിഹാദിന്റെ മറ്റൊരര്‍ഥം തന്റെ സമ്പത്തും ശരീരവും (ആരോഗ്യവും) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുകയെന്നതാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം.” (സ്വഫ്ഫ് 10-11). വേറൊരു അര്‍ഥം ഇസ്‌ലാമിനോട് യുദ്ധത്തിനു വരുന്നവരോട് യുദ്ധം ചെയ്യുകയെന്നതാണ്. അല്ലാഹു പറയുന്നു: ”നബിയേ, സത്യനിഷേധികളോടും കടപന്മാരോടും താങ്കള്‍ സമരം ചെയ്യുക.” (തഹ്രീം 9). നാലാമത്തെ ജിഹാദ് സ്വന്തം ശരീരത്തോട് ജിഹാദ് നടത്തി തെറ്റുകുറ്റങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയെന്നതാണ്. നബി(സ) പറയുന്നു: ”ഏറ്റവും വലിയ സമരം സ്വന്തം ശരീരത്തോടുള്ള സമരമാണ്.” (ബൈഹഖി)
സംഘപരിവാറുകാരുടെ സൃഷ്ടിയാണ് ലൗജിഹാദ്. ഇത് ചില ക്രിസ്ത്രീയ പുരോഹിതന്മാര്‍ ഉയര്‍ത്തി കാണിക്കുന്നതില്‍ ചില ലക്ഷ്യങ്ങളുണ്ട്. ഇനി നാര്‍ക്കോട്ടിക് ജിഹാദാണ്. ലഹരി ഉപയോഗിക്കുന്നതിലും കച്ചവടം നടത്തുന്നതിലും എല്ലാ സമുദായത്തില്‍ പെട്ടവരുമുണ്ട്. എന്നിരിക്കെ മുസ്‌ലിംകളെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കുന്നതിലും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഏറെ വിരോധാഭാസം, മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഏറ്റവുമധികം മര്‍ദത്തിന് വിധേയരാകുന്നത് ക്രിസ്ത്യന്‍ സഹോദരന്മാരാണ്. അക്രമം നടത്തുന്നത് സംഘപരിവാറുകാരും.
മുസ്‌ലിംകള്‍ക്ക് ലൗജിഹാദിലൂടെയും നാര്‍ക്കോട്ടിക് ജിഹാദിലൂടെയും ആളുകളെ മതപരിവര്‍ത്തനം നടത്തേണ്ട ആവശ്യമില്ല. കാരണം ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്. അതില്‍ സംശയത്തിന്നിടയില്ലാത്ത വിധം അല്ലാഹു പ്രസ്താവിച്ചത് മനുഷ്യര്‍ക്ക് നേര്‍വഴി പ്രദാനം ചെയ്യുന്നത് ദൈവമാണ് എന്നാണ്. ഒരു മനുഷ്യനെ മുസ്ലിമാക്കാന്‍ ലോകം മുഴുവന്‍ ഉദ്ദേശിച്ചാലും സാധ്യമല്ലായെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും താങ്കള്‍ക്കിഷ്ടപ്പെട്ടവരെ താങ്കള്‍ക്ക് നേര്‍വഴിയിലാക്കാനാകില്ല. പക്ഷെ, അല്ലാഹു അവനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.” (ഖസ്വസ്വ് 56).
നബി(സ)യെ സംരക്ഷിച്ചു പോറ്റിവളര്‍ത്തിയ പിതൃവ്യനെപ്പോലും നേര്‍വഴിയിലാക്കാന്‍ നബി(സ)ക്കു പോലും സാധ്യമല്ലായെന്നാണ് മേല്‍ സൂക്തത്തിന്റെ അര്‍ഥം. അല്ലാഹു നേര്‍വഴി നല്‍കുന്നത് നേര്‍വഴി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രാര്‍ഥിക്കുകയും അത്യധ്വാനം ചെയ്യുന്നവര്‍ക്കുമാണ്. നേര് മനസ്സിലാക്കിയിട്ടും അന്ധവിശ്വാസത്തിലും അനാചാരത്തിലും വഴികേടിലും ഉറച്ചുനില്‍ക്കുന്നവര്‍ക്ക് ഒരിക്കലും അല്ലാഹു നേര്‍വഴി പ്രദാനം ചെയ്യുന്നതല്ല. മറ്റുള്ളവരെ മുഅ്മിനാക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലായെന്നതാണ് നബി(സ)യോടുള്ള കല്പന. അല്ലാഹു പറയുന്നു: ”ജനങ്ങള്‍ സത്യവിശ്വാസികളായിത്തീരാന്‍ താങ്കള്‍ അവരെ നിര്‍ബന്ധിക്കുകയോ?” (യൂനുസ് 99).
നാം നേര്‍വഴിയില്‍ ചേര്‍ക്കാന്‍ പ്രാര്‍ഥിക്കാറുള്ളതും അല്ലാഹുവോടാണ്. ”ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ” (ഫാതിഹ 6). ഇസ്ലാം സമ്പൂര്‍ണമായും അവര്‍ക്കിഷ്ടമുള്ളത് സ്വീകരിക്കാന്‍ ഇഖ്തിയാറ് (സ്വാതന്ത്ര്യം) നല്‍കിയ മതമാണ്. ഭീഷണിപ്പെടുത്തിയോ ഔദാര്യം നല്‍കിയോ വളര്‍ത്തേണ്ട ഒരു മതമല്ല ഇസ്ലാം. അല്ലാഹു പറയുന്നു: ”പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകം ഒരുക്കിവെച്ചിടുന്നു.” (കഹ്ഫ് 29). ”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.” (അല്‍ബഖറ 256). പലരും ഇസ്ലാമിനോട് അസൂയ നിമിത്തം അപവാദ പ്രചരണവും പരദൂഷണവും പറഞ്ഞുപരത്തുകയാണ്. വിശുദ്ധ ഖുര്‍ആന്‍ ഒരു പ്രാവശ്യമെങ്കിലും അര്‍ഥസഹിതം പഠിച്ചാല്‍ തെറ്റിദ്ധാരണ നീങ്ങുന്നതാണ്.
ഇസ്ലാമിന്റെ അനുയായികള്‍ ലോകത്ത് ശതകോടികള്‍ ഉണ്ട്. അതില്‍ തീവ്രവാദ നിലപാട് പുലര്‍ത്തുന്നവര്‍ തുലോം തുച്ഛമാണ്. ഐസിസ്, അല്‍ഖാഇദ പോലുള്ള സംഘങ്ങള്‍ക്കു പിന്നില്‍ പാശ്ചാത്യ- ക്രൈസ്തവ ലോബികളുടെ സഹായമുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. അന്യമതക്കാരെയും സംസ്‌കാരത്തെയും നശിപ്പിക്കുന്നവര്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇസ്ലാം ഒരു വര്‍ഗീയതക്കും തീവ്രവാദത്തിനും പിന്തുണ നല്‍കുന്നില്ല.
അന്യര്‍ ആരാധിക്കുന്ന ദൈവങ്ങളെ ദുഷിച്ചു പറയാന്‍ പാടില്ലയെന്നതാണ് ഖുര്‍ആനിന്റെ ശാസന. ”അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ചീത്തവിളിക്കരുത്” (അന്‍ആം 108). അതുപോലെ ഖുറൈശി നേതാക്കള്‍ നബി(സ)യുടെ അടുക്കല്‍ ഒരു രഞ്ജിപ്പിന് ശ്രമിക്കുകയുണ്ടായി. അവര്‍ നബി(സ)യുടെ അടുക്കല്‍ വന്ന് ഇപ്രകാരം പറഞ്ഞു: ”ഞങ്ങള്‍ ഒരു വര്‍ഷം താങ്കളുടെ ദൈവത്തെ ആരാധിക്കാം. ഒരു വര്‍ഷം താങ്കള്‍ ഞങ്ങളുടെ ദൈവത്തെയും ആരാധിക്കണം.” അപ്പോഴാണ് സൂറത്തുല്‍ കാഫിറൂന്‍ അവതരിപ്പിച്ചത്. അതിന്റെ അവസാനത്തെ സൂക്തം ഇപ്രകാരമാണ്: ”നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.” (കാഫിറൂന്‍ 6)
ഇസ്ലാം മറ്റുള്ളവരുടെ മതസ്വാതന്ത്ര്യം വകവെച്ചുകൊടുക്കുന്നു എന്നതിനുള്ള തെളിവുകളാണ് മേല്‍ സൂക്തങ്ങളും. ഇസ്ലാമില്‍ വര്‍ഗീയതയില്ല. നബി(സ) പറയുന്നു: ”വര്‍ഗീയതയിലേക്കു ക്ഷണിക്കുന്നവനും വര്‍ഗീയതക്കുവേണ്ടി പോരാടുന്നവനും വര്‍ഗീയതയുടെ പേരില്‍ മരണപ്പെടുന്നവനും നമ്മില്‍ പെട്ടവനല്ല.” (സുനനു അബീദാവൂദ് 5121, മുസ്ലിം 1848)
എന്താണ് വര്‍ഗീയത എന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. വാസിലത്ത്(റ) പറയുന്നു: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് വര്‍ഗീയത? നബി(സ) പറഞ്ഞു: അക്രമം ചെയ്യുന്ന കാര്യത്തില്‍ നീ നിന്റെ സമുദായത്തെ സഹായിക്കലാണ് വര്‍ഗീയത.” (സുനനു അബീദാവൂദ് 5119)

അേത അവസരത്തില്‍ തന്റെ സമുദായമോ കുടുംബമോ അന്യായമായി അക്രമിക്കപ്പെടുന്ന പക്ഷം അതിനെ പ്രതിരോധിക്കല്‍ വര്‍ഗീയതയല്ല. നബി(സ) പറയുന്നു: ”തന്റെ കുടുംബം തെറ്റു ചെയ്യാത്തവരായി (മര്‍ദിക്കപ്പെടുന്ന പക്ഷം) അതിനെ പ്രതിരോധിക്കുന്നവനാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍.” (അബൂദാവൂദ് 5120)
ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ വലിയ തിന്മയായിട്ടാണ് ഇസ്‌ലാം കാണുന്നത്. ഇത്തരം സാമൂഹിക തിന്മകള്‍ക്ക് അതിന്റെ ഗൗരവം കണക്കിലെടുത്ത് ന്യായാധിപന് ശിക്ഷ വര്‍ധിപ്പിക്കാവുന്നതാണ്. ഉമറിന്റെ(റ) ഭരണകാലത്ത് മദ്യം ഉപയോഗിച്ചാലുള്ള ശിക്ഷ 80 അടിയാക്കിയത് അതിന്റെ അടിസ്ഥാനത്തിലാണ്. മയക്കുമരുന്ന് എന്നത് മാരകമായ വിഷവും ഒരു സമൂഹത്തെ മുഴുവനും നശിപ്പിക്കുന്നതുമാണ്.
ലഹരി മയക്കുമരുന്നുകളുടെ ഉപഭോഗം ഏറിയും കുറഞ്ഞും എല്ലാ സമുദായങ്ങളിലുമുണ്ട്. അതിന് സ്ത്രീകളോടുള്ള പ്രണയവുമായി ബന്ധമില്ല. തീവ്രവാദവും ലഹരി ഉപഭോഗവും എല്ലാ സമുദായ നേതാക്കളും പണ്ഡിതന്മാരും ഒരുമിച്ചു നേരിടേണ്ടതാണ്. അതിന്റെ പേരില്‍ സംഘപരിവാരങ്ങള്‍ക്ക് വളരാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തുകൂടാ. അങ്ങനെ നാം മുന്നോട്ടുപോകുന്ന പക്ഷം കേരളം യുദ്ധക്കളമായി മാറും. അതിനാല്‍ മതങ്ങള്‍ ശത്രുത കൈവെടിഞ്ഞ് മൈത്രീബന്ധം പുലര്‍ത്തി ജീവിക്കേണ്ടതാണ്.

Back to Top