ഇസ്ലാഹിന്റെ തുടര്‍ച്ച
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വളര്‍ച്ച പല മേഖലകളില്‍ നിന്നായി പഠനവിധേയമാക്കുമ്പോള്‍ വ്യത്യസ്തമായ ഗ്രാഫുകളാണ് കാണാന്‍ സാധിക്കുക. സാമൂഹിക – രാഷ്ട്രീയ മേഖലകളില്‍ മുസ്ലിം സമുദായം കൈവരിച്ച നേട്ടം ലോകതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. ജനാധിപത്യ- മതേതര പ്രക്രിയകളില്‍ സജീവമായി ഇടപെടുകയും അധികാരം വിനിയോഗിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷം എന്ന സോഷ്യോളജിക്കല്‍ കാറ്റഗറി നിരവധി ഗവേഷണങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. മണി ഓര്‍ഡര്‍ ഇക്കണോമിയിലൂടെ സമ്പദ്ഘടനയുടെ മാനവിക വികസന സൂചികകള്‍ ഉയര്‍ത്താന്‍ സാധിക്കുകയും അതുവഴി സാമ്പത്തിക – സാമൂഹിക മൂലധനം ലഭിക്കുകയും ചെയ്ത ഒരു സമൂഹം എന്ന നിലയിലും കേരള മുസ്ലിംകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, വിശ്വാസ – സാംസ്‌കാരിക മേഖലകളില്‍ കേരള മുസ്ലിംകള്‍ എവിടെ നില്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇസ്ലാഹ് ഒരു തുടര്‍ പ്രക്രിയയാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഇതിനുള്ള ഉത്തരം ലഭിക്കുക. ഇസ്ലാമിനെ തലമുറകളിലേക്ക് കൈമാറുന്ന രീതിശാസ്ത്രമാണത്. പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യം. പണ്ഡിതന്മാര്‍ തുടരുന്ന പ്രവര്‍ത്തനം. ഓരോ വിശ്വാസിയും ജീവിതത്തില്‍ പുലര്‍ത്തേണ്ട സാംസ്‌കാരിക ഔന്നത്യത്തിന്റെ വഴി. ഇസ്ലാമിനെ സ്വന്തം ജീവിതത്തിലൂടെ പ്രകാശനം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിലപാട്. ഇസ്ലാഹിന് ഇങ്ങനെ നിരവധി വിശേഷണങ്ങള്‍ നല്‍കാന്‍ സാധിക്കും.
ഒരു സമൂഹത്തിലോ തലമുറയിലോ ഉണ്ടാകുന്ന വിശ്വാസ സാംസ്‌കാരിക ജീര്‍ണതകളെ പരിഹരിക്കാനാണ് അതത് കാലങ്ങളില്‍ പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്. അടിസ്ഥാനപരമായി ഏകദൈവ വിശ്വാസവും പരലോക ബോധവും സംവേദനം ചെയ്യുമ്പോള്‍ തന്നെ ഓരോ കാലത്തെയും പ്രവാചകന്മാര്‍ക്ക് നേരിടേണ്ടി വന്നിരുന്ന വെല്ലുവിളികള്‍ വ്യത്യസ്തമായിരുന്നു. ഈ വെല്ലുവിളികളെ പ്രബോധന വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. അടിസ്ഥാന വിഷയങ്ങളില്‍ ഊന്നിനിന്നുകൊണ്ട് അതത് കാലത്തെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുക എന്നതാണ് പ്രധാനം.
കേരളത്തില്‍ മുസ്ലിംകള്‍ സംഘടിതമായി പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടു. സമകാലിക ലോകത്തിന്റെ സങ്കേതങ്ങളെ നൈതികമായി സ്വീകരിച്ചുകൊണ്ടാണ് എല്ലാകാലത്തും ഇസ്ലാഹി പ്രസ്ഥാനം മുന്നോട്ടുപോയിട്ടുള്ളത്. സമകാലീനത അതിന്റെ പ്രമേയങ്ങളിലും പ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും കേന്ദ്രവിഷയമായിരുന്നു. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ജീവിക്കുന്ന ചുറ്റുപാടുകളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ഈ സമുദായത്തിന് നല്‍കിയത് ഇസ്ലാഹിന്റെ രീതിശാസ്ത്രമാണ്. ഒരു കാര്യം മതമായി മാറുന്നതിനുള്ള അടിസ്ഥാന നിയമം അത് പ്രമാണങ്ങളില്‍ ഉള്ളതായിരിക്കുക എന്നതാണ്. ആരാധനാപരമായ കാര്യങ്ങള്‍ ആണെങ്കില്‍ അത് കൃത്യമായി പ്രമാണങ്ങള്‍ കൊണ്ട് ഡിമാന്‍ഡ് ചെയ്യപ്പെട്ടതായിരിക്കണം. ആരാധനാപരമല്ലാത്ത കാര്യങ്ങള്‍ ആണെങ്കില്‍ അത് പ്രമാണങ്ങള്‍ക്ക് വിരുദ്ധമായതായിരിക്കാന്‍ പാടില്ല. ഈ അടിസ്ഥാന ശിലയില്‍ ഊന്നിയാണ് വിശ്വാസ – സാംസ്‌കാരിക ജീര്‍ണതകളെയും ആധുനികതയുടെ സങ്കേതങ്ങളെയും കാലത്തിന്റെ തേട്ടങ്ങളെയും ഇസ്ലാഹി പ്രസ്ഥാനം അഡ്രസ് ചെയ്തത്. ഈ രീതിശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഏതു ശ്രമവും നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ചരമഗീതം രചിക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് സംഘടന ഈ മാസം മുതല്‍ ആരംഭിച്ചിരിക്കുന്ന ‘കാലം തേടുന്ന ഇസ്ലാഹ്’ എന്ന കാമ്പയിന്‍ ഏറെ പ്രസക്തമാണ്.
കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഒരു മുസ്ലിം സംഘടന അനുഭവിച്ചിരുന്ന പ്രതിസന്ധികളോ പ്രശ്‌നങ്ങളോ അല്ല ഇന്ന് ഒരു സമുദായം എന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്നത്. മുസ്ലിം സമുദായം എന്ന നിലയില്‍ രാഷ്ട്രീയമായ പ്രതിസന്ധികള്‍ക്ക് ഒപ്പം തന്നെ, ആത്മീയമായ മൂല്യങ്ങള്‍ക്ക് ഭംഗം വരുത്തുന്ന ചില ആശയ പ്രചാരണങ്ങളും സജീവമാണ്. മതനിരാസം, ദൈവനിഷേധം, നവ ഉദാരതാവാദങ്ങള്‍, അരാജകത്വവാദം തുടങ്ങിയവ മുമ്പെങ്ങും ഇല്ലാത്തവിധം പുതിയ പ്രചാരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ്. മതം മനുഷ്യ ജീവിതത്തില്‍ അപ്രസക്തമാണ് എന്ന കാഴ്ചപ്പാടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്. നാസ്തിക – ലിബറല്‍ വാദങ്ങളെയും മതത്തിനുള്ളില്‍ തന്നെയുള്ള അന്ധവിശ്വാസ – അനാചാരങ്ങളെയും വ്യത്യസ്തമായ വഴികളിലൂടെ നേരിട്ടുകൊണ്ടു മാത്രമേ ഇസ്ലാഹി പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനാവൂ. ‘കാലം തേടുന്ന ഇസ്ലാഹ്’ എന്ന കാമ്പയിന്‍ ഈ ദൗത്യനിര്‍വഹണത്തിന് സഹായകരമാവട്ടെ.