1 Friday
March 2024
2024 March 1
1445 Chabân 20

ഇസ്‌ലാഹീ പ്രസ്ഥാനം ‘ഐകത്തുകാര്‍’ അല്ല

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാമിന്റെ പ്രധാന ദൗത്യമാണ് ഒരു നവോത്ഥാനം. അതിനു വേണ്ടിയാണ് കാലാകാലങ്ങളില്‍ പ്രവാചകന്മാരെ അയച്ചു കൊണ്ടിരുന്നത്. ‘നവോത്ഥാനമെന്നാല്‍ മനുഷ്യന് ധര്‍മബോധം നിലനിര്‍ത്താന്‍ ആവശ്യമായ വിശ്വാസങ്ങളും ആചാരങ്ങളും സംസ്‌കാരങ്ങളും ചിട്ടപ്പെടുത്തുക’ എന്നതാണ്. അതിനു വേണ്ടിയാണ് നബി(സ) യെ അല്ലാഹു നിയോഗിച്ചത്. അല്ലാഹു പറയുന്നു: ‘അക്ഷര ജ്ഞാനമില്ലാത്തവര്‍ക്കിടയില്‍ തന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.” (ജുമുഅ 2)
മേല്‍പറഞ്ഞ നവോത്ഥാനത്തിനാണ് ഇസ്‌ലാഹ് എന്ന് പറയപ്പെടുന്നത്. അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത് മനുഷ്യ വംശത്തിന് യോജിക്കുന്ന വിധമുള്ള വിശ്വാസങ്ങളും ആചാരങ്ങളും സംസ്‌കാരങ്ങളും പഠിപ്പിക്കാനാണ്. അത് പഠിപ്പിച്ചതിനു ശേഷവും ആ പ്രവാചകന്റെ മരണ ശേഷവും ജനങ്ങള്‍ പ്രസ്തുത സത്യത്തില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് അല്ലാഹു മറ്റൊരു പ്രവാചകനെ നിയോഗിക്കാറുള്ളത്. ആ പ്രവാചകന്‍ അവരെ സമുദ്ധരിക്കുന്നു. ഇസ്‌ലാഹ് എന്നാല്‍ സമുദ്ധാരണം എന്നാണ് അര്‍ഥം. ശുഐബ് നബി (അ)യുടെ പ്രസ്താവന ശ്രദ്ധിക്കുക: ”എനിക്ക് സാധ്യമായത്ര നിങ്ങളെ സമുദ്ധരിക്കാനല്ലാതെ (നന്മ കൈവരുത്തുവാന്‍) ഞാനുദ്ദേശിക്കുന്നില്ല.”(ഹൂദ് 88) അഥവാ പ്രവാചകന്മാരുടെ ദൗത്യം ജനങ്ങള്‍ നാശപ്പെടുത്തിയ വിശ്വാസാചാരങ്ങളെ നന്നാക്കിത്തീര്‍ക്കുക എന്നതാണ്. നബി(സ) പറയുന്നു: ”പരിചയക്കാരില്ലാത്ത അവസ്ഥയിലായിരുന്നു ഇസ്‌ലാമിന്റെ തുടക്കം. അതിലേക്കുതന്നെ മതം തിരിച്ചുപോകുന്നു. അപരിചിതരായി കഴിയുന്നവര്‍ക്ക് മം ഗളം.” (മുസ്‌ലിം)
ഇതിന്റെ തുടര്‍ച്ചയായി മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”അവിടുത്തോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ആരാണ് ഇവര്‍? നബി(സ) പറഞ്ഞു: ജനങ്ങള്‍ എന്റെ ചര്യയെ നാശപ്പെടുത്തുമ്പോള്‍ അവ നന്നാക്കിത്തീര്‍ക്കുന്നവരാണവര്‍.” (ത്വഹാവി മുശ്കിലുല്‍ ആസാര്‍ 1:298). ഇത്തരം ആളുകളെ നന്നാക്കിത്തീര്‍ക്കുന്നവരാണ് യഥാര്‍ഥ മുജാഹിദുകള്‍.
കേരള മുസ്‌ലിംകള്‍ക്കിടയിലെ നവോത്ഥാനത്തിന്റെ അവകാശികള്‍ മുജാഹിദ് പ്രസ്ഥാനമാണ്. കേരളത്തില്‍ നവോത്ഥാനത്തിന് വിത്തുപാകിയ പ്രധാന മുന്നേറ്റം 1922-ല്‍ രൂപീകരിച്ച ഐക്യസംഘത്തിന്റേതായിരുന്നു. അവര്‍ എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും വിജ്ഞാനപരമായും സാമ്പത്തികമായും ഉന്നത നിലവാരം പുലര്‍ത്തിയവരായിരുന്നു.
യാഥാസ്ഥിതിക പുരോഹിത വര്‍ഗം അക്കാലത്തു തന്നെ അവര്‍ക്കെതിരില്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് കുഫ്ര്‍ ഫത്‌വ പുറപ്പെടുവിച്ചത് ഇപ്രകാരമായിരുന്നു: ”ഐക്യസംഘക്കാര്‍ അക്രമികളാണെന്ന് അല്ലാഹുവിന്റെ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.” ആരായിരുന്നു ഖുര്‍ആനില്‍ പറയപ്പെട്ടവര്‍? അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഐകത്തുകാര്‍ അക്രമികളായിരുന്നു.” (ഹിജ്‌റ് 78). ഐകത്തുകാര്‍ എന്നു പറഞ്ഞാല്‍ വനവാസികള്‍ എന്നാണര്‍ഥം. അവര്‍ ശുഐബ് നബി(അ)യുടെ ജനതയായിരുന്നു. അതാണ് പുരോഹിതന്മാര്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഐക്യസംഘക്കാെര അക്രമികളായി ചിത്രീകരിച്ചത്.
കേരളത്തില്‍ ആദ്യമായി രൂപീകരിച്ച പണ്ഡിത സംഘടന മുജാഹിദുകളുടേതായിരുന്നു. അതിന്റെ പ്രചോദനം ഐക്യസംഘമായിരുന്നു. അത് രൂപീകരിച്ചത് 1924-ല്‍ ആണ്. അതിന്റെ മുമ്പ് കേരളീയ മുസ്‌ലിംകളുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. അന്നത്തെ മുസ്‌ലിംകളുടെ പ്രമാണങ്ങള്‍ മാലകളും മൗലിദുകളും കുപ്പിപ്പാട്ടും ഖുതുബിയ്യത്തും മറ്റുമായിരുന്നു. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തും ഇജ്മാഉം ഖിയാസുമാണെന്ന് പഠിപ്പിച്ചത് മുജാഹിദ് പ്രസ്ഥാനമായിരുന്നു. അന്ന് അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്നതിനു പകരം ഔലിയാക്കളിലും തങ്ങന്മാരിലും ബീവിമാരിലും മാത്രമായിരുന്നു വിശ്വാസം. അന്ധവിശ്വാസങ്ങള്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു. ഖബ്‌റാരാധനയും തുപ്പല്‍ മന്ത്രവും ഏലസ്സും ഉറുക്കും അല്ലാഹു അല്ലാത്തവരോടുള്ള വിളിച്ചുതേട്ടവും അല്ലാഹു അല്ലാത്തവര്‍ക്കുള്ള നേര്‍ച്ചയും ബലികര്‍മവും അല്ലാഹു അല്ലാത്തവരെ പിടിച്ച് സത്യം ചെയ്യലും വ്യാപകമായിരുന്നു. അതിനു പുറമെ ചില പ്രത്യേക സ്ഥലങ്ങള്‍ക്കും മഖ്ബറകള്‍ക്കും പ്രവാചകന്റെ മുടിക്കും ബര്‍ക്കത്തെടുക്കലുകള്‍ക്കും മറ്റു പല ശിര്‍ക്കന്‍ ആചാരങ്ങള്‍ക്കും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നു. കൊടികുത്ത് നേര്‍ച്ചകള്‍, ഹൈന്ദവ പൂരങ്ങള്‍ക്ക് സമാനമായ ഉറൂസുകള്‍, ആണ്ടുനേര്‍ച്ചകള്‍, ദുആ സമ്മേളനങ്ങള്‍ എന്നീ അനാചാരങ്ങള്‍ക്കും പൗരോഹിത്യവും നവയാഥാസ്ഥിതികരും ചൂട്ടുവീശുകയും ന്യായീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
1924-ന് മുമ്പ് കേരള മുസ്‌ലിംകളുടെ അവസ്ഥ എന്തായിരുന്നു? ഗര്‍ഭം മുതല്‍ മരണം വരെ അനാചാര നിബിഡമായിരുന്നു. സ്ത്രീകള്‍ക്ക് സുഖപ്രസവം ലഭിക്കാന്‍ നഫീസത്ത് മാല ചൊല്ലലായിരുന്നു ഒരു ചികിത്സ. മറ്റൊരു ചികിത്സ സൂറത്ത് ഇന്‍ശിഖാഖിലെ 1 മുതല്‍ 5 വരെയുള്ള വചനങ്ങള്‍ പിഞ്ഞാണത്തില്‍ എഴുതി കുടിക്കലായിരുന്നു. പ്രസ്തുത വചനങ്ങള്‍ പ്രസവം സംബന്ധിച്ചുള്ളതല്ല. മറിച്ച്, അന്ത്യദിനം സംബന്ധിച്ചുള്ളതാണ്. അന്ന് നിരവധി സ്ത്രീകള്‍ പ്രസവത്തില്‍ മരണപ്പെടാറുണ്ടായിരുന്നു. ആശുപത്രിയില്‍ പോകല്‍ ഹറാമാണെന്നായിരുന്നു പുരോഹിത മതം. അവരെ ആശുപത്രിയില്‍ പോകാന്‍ പഠിപ്പിച്ചത് മുജാഹിദുകളാണ്.
ചെറിയ കുഞ്ഞുങ്ങളെ തൗഹീദ് പറഞ്ഞ് താരാട്ടുപാടാന്‍ പഠിപ്പിച്ചതു പോലും മുജാഹിദുകളായിരുന്നു. ആദ്യകാലത്ത് അവരുടെ താരാട്ടിന്റെ രൂപം ഇങ്ങനെയായിരുന്നു: മുറാദീ, യാ മുറാദീ, യാ മുറാദീ, മുറാദീ ശൈഖ് മുഹ്‌യിദ്ദീന്‍ മുറാദീ (എന്റെ ലക്ഷ്യം മുഹ്‌യിദ്ദീന്‍ ശൈഖാണ്) ഇത്തരക്കാരെ തൗഹീദ് വചനം പാടി താരാട്ടു പഠിപ്പിച്ചത് ഇപ്രകാരമാണ്: ‘ലാ ഇലാഹ ഇല്ലല്ലാഹു ലാഇലാഹ ഇല്ലല്ലാഹ്, ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്.
മദ്‌റസാ പ്രസ്ഥാനത്തിനു പോലും യാഥാസ്ഥിതിക പുരോഹിതന്മാര്‍ എതിരായിരുന്നു. ബോര്‍ഡില്‍ ഖുര്‍ആന്‍ എഴുതി മായ്ച്ചു കളഞ്ഞാല്‍ ചോക്കുപൊടിയില്‍ ചവിട്ടല്‍ ഹറാമാണ് എന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ്. അതിനെതിരില്‍ അവര്‍ കവിത പോലും രചിച്ചു. അതിന്റെ ആശയം ഇപ്രകാമാണ്: ‘ഒരു കാലത്തും നിങ്ങള്‍ മക്കളെ മദ്‌റസയില്‍ അയക്കരുത്. അത് ഇബ്‌നുതൈമിയ്യയുടെ വഴിപിഴച്ച ആശയമാണ്. മദ്‌റസ എന്ന പദത്തിന്റെ ആദ്യത്തിലുള്ള ‘മീം’ ജഹന്നം (നരകം) എന്ന പദത്തിലെ അവസാനത്തെ ‘മീ’മിന് തുല്യമാണ്. ഇന്ന് സമസ്തക്കാര്‍ തങ്ങള്‍ക്ക് പതിനായിരക്കണക്കില്‍ മദ്‌റസകളുണ്ടെന്ന് പറഞ്ഞു ഊറ്റം കൊള്ളാറുണ്ട്.
പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പഠിപ്പിക്കല്‍ സമസ്തക്കാര്‍ ഹറാമാക്കിയിരുന്നു. സമസ്തക്കാരുടെ പഴയ മണ്ണാര്‍ക്കാട് ഫത്‌വ നോക്കുക: ”ഇക്കാലത്തുള്ള സ്ത്രീകള്‍ക്ക് അക്ഷരവിദ്യ തീര്‍ച്ചയായും ഹറാമാവാന്‍ മാത്രമേ വഴികാണുന്നുള്ളൂ.” (അല്‍ബയാന്‍ പുസ്തകം 1 ലക്കം 3)
ഖുര്‍ആന്‍ പരിഭാഷ ഹറാമാക്കിയിരുന്നു. കെ വി മുഹമ്മദ് മുസ്‌ലിയാര്‍ ഖുര്‍ആന്‍ പരിഭാഷ എഴുതിയതിനാല്‍ അദ്ദേഹത്തിന്നെതിരില്‍ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ തഹ്ദീറുല്‍ ഇഖ്‌വാന്‍ മിന്‍ തര്‍ജുമതില്‍ ഖുര്‍ആനി എന്ന പുസ്തകം തന്നെ ഇറക്കി. ഇതിലെ ഒരു പരാമര്‍ശം നോക്കൂ: ”അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടി മുന്നോട്ട്.” ഇന്ന് ഇരു വിഭാഗം സമസ്തക്കാര്‍ക്കും ഡസന്‍ കണക്കില്‍ ഖുര്‍ആന്‍ പരിഭാഷകളുണ്ട്.
മലപ്പുറം ജില്ലയില്‍ ആദ്യമായി യതീംഖാന സ്ഥാപിച്ചത് മുജാഹിദ് നേതാക്കളായ എം കെ ഹാജിയും കെ എം മൗലവിയുമായിരുന്നു. തിരൂരങ്ങാടിയിലായിരുന്നു അത്. അതിന്നെതിരെ യാഥാസ്ഥിതിക പുരോഹിതന്മാര്‍ പ്രചാരണം നടത്തി: ”യതീംഖാന എന്നുപറഞ്ഞാല്‍ യതീമുകളെ വഞ്ചിക്കുന്ന സ്ഥലം എന്നാണ് അര്‍ഥം.” അതിനാല്‍ യതീംഖാന പാടില്ലായെന്നായിരുന്നു പുരോഹിത മതം. ഇന്ന് സമസ്തക്കാര്‍ തങ്ങളുടെ യതീംഖാനകളുടെ പേരില്‍ ഊറ്റംകൊള്ളുന്നവരാണ്.
ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നായിരുന്നു സമസ്തക്കാരുടെ മറ്റൊരു വാദം. ഇംഗ്ലീഷ് പഠിക്കല്‍ ഹറാമാണ്. അത് പഠിച്ചാല്‍ ദാല്‍ ഉച്ചരിക്കേണ്ട സ്ഥലങ്ങളിലെല്ലാം ‘ഡി’ ഉച്ചരിക്കേണ്ടി വരും എന്നായിരുന്നു പൂര്‍വീകനായ ഒരു പുരോഹിതന്റെ പക്ഷം. അഥവാ കുല്‍ഹുവല്ലാഹു അഹദ് എന്നത് ‘കുല്‍ഹുവല്ലാഹു അഹഡ്’ എന്നായി മാറും എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി കോണ്‍ഗ്രസിനും ഖിലാഫത്ത് പ്രസ്ഥാനത്തിനും എതിരായി സമസ്തക്കാര്‍ ഫത്‌വ ഇറക്കിയിരുന്നു. ”ഭരണ കര്‍ത്താക്കളോട് എതിര്‍ക്കലും അവരുടെ കല്പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോണ്‍ഗ്രസ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് പാടില്ലാത്തതും ആകുന്നു.” അവതാരകന്‍ കെ മമ്മുട്ടി സാഹിബ് ബഹദൂര്‍, അനുവാദകന്മാര്‍ (1) പി കെ മുഹമ്മദ് മീരാന്‍ മൗലവി, (2) എ പി അഹ്മദ് കുട്ടി മൗലവി.

5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x