3 Tuesday
December 2024
2024 December 3
1446 Joumada II 1

ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രാമാണിക പ്രതിബദ്ധത

ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌


മുജാഹിദ് പ്രസ്ഥാനം ഇന്ന് മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും അപരിചിതമല്ല. നീതിബോധമുള്ള പ്രബുദ്ധരായ മുസ്‌ലിംകള്‍ക്കിടയില്‍ അതിന് അംഗീകാരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഇസ്‌ലാഹീ മസ്ജിദുകളുടെയും ഇസ്‌ലാഹീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. പ്രബോധന-പ്രചാരണ-പ്രസിദ്ധീകരണരംഗങ്ങളിലും അഭൂതപൂര്‍വമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും വര്‍ധിച്ചുവരുക തന്നെയാണ്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഒരു നിഷേധാത്മക പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം എന്ന വിമര്‍ശനത്തിന് യാഥാസ്ഥിതിക പക്ഷത്തേക്കാള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നു, ഇസ്‌ലാമിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍. നിശ്ശബ്ദ തബ്‌ലീഗിന്റെ വക്താക്കള്‍ക്കുമുണ്ട് ഈ പരാതി അല്‍പം.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുന്ന മുജാഹിദ് പ്രസ്ഥാനം വിഭാഗീയമായ ഒരു ദൗത്യം മാത്രമേ നിര്‍വഹിക്കുന്നുള്ളൂവെന്നും അത് ഇസ്‌ലാമിനെക്കുറിച്ച് സമഗ്രമായ ബോധം സൃഷ്ടിക്കാന്‍ ഉതകില്ലെന്നുമുള്ള ആക്ഷേപവും ഇസ്‌ലാമിസ്റ്റുകളുടെ പക്ഷത്തുനിന്ന് നിരന്തരം ഉന്നയിക്കപ്പെടാറുണ്ട്. ‘ത്വാഗൂത്തി’ വ്യവസ്ഥിതിക്ക് പാദസേവ നടത്തുകയാണ് ഇസ്ലാഹീ പ്രസ്ഥാനം ചെയ്യുന്നതെന്ന ആക്ഷേപവും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ഉന്നയിക്കപ്പെടാറുമുണ്ട്. ഈ ആക്ഷേപങ്ങള്‍ ബോധപൂര്‍വം ഉന്നയിക്കുന്നവരെ മുന്നില്‍ കണ്ടുകൊണ്ടല്ല, പ്രത്യുത, നിഷ്പക്ഷമതികളായ സത്യാന്വേഷണ തല്‍പരര്‍ വഴിതെറ്റിപ്പോകാന്‍ ഇടവരരുതെന്നു കരുതിയാണ് ഇതെഴുതുന്നത്.
ഇസ്‌ലാമില്‍ പല ചിന്താധാരകളും രൂപംകൊണ്ടിട്ടുണ്ട്. അവയെ സ്വാധീനിച്ച പല ഘടകങ്ങളുമുണ്ട്. അതത് ചിന്താധാരകള്‍ ഉടലെടുത്ത സമൂഹങ്ങളും അവയെ ചൂഴ്ന്നുനിന്ന രാഷ്ട്രീയ-സാംസ്‌കാരിക പ്രവണതകളുമാണ് അത്തരം ചിന്താധാരകളുടെ രൂപവും ഭാവവും നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. രാഷ്ട്രീയ കുഴഞ്ഞുമറിയലുകളാണ് ശിആ-സുന്നീ വേര്‍തിരിവുകള്‍ക്ക് നിയാമകമായി വര്‍ത്തിച്ചത്. ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇസ്‌ലാമിക ചിന്തയെ പുനര്‍വ്യാഖ്യാനിക്കുന്നതില്‍ ഉണ്ടായ രീതിഭേദങ്ങളാണ് അശ്അരി-മുഅ്തസിലി ചിന്താധാരകളുടെ ഗതി നിര്‍ണയിച്ചത്. പില്‍ക്കാലത്ത് ഉരുത്തിരിഞ്ഞുവന്ന അനേകം ചിന്താധാരകളും സാഹചര്യങ്ങളുടെ സൃഷ്ടി തന്നെ.
ഇത്തരം ചിന്താധാരകള്‍ക്കൊക്കെ പൊതുവായ ഒരു സ്വഭാവമുള്ളതായി കാണാം. ഇസ്‌ലാമിന്റെ യഥാര്‍ഥ മാതൃകാപുരുഷന്മാരായ പ്രവാചകന്മാരോടും യഥാര്‍ഥ പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനോടും തിരുസുന്നത്തിനോടും വളരെ കുറച്ചു മാത്രമേ അവ പ്രതിബദ്ധത പുലര്‍ത്തുന്നുള്ളൂ എന്നതത്രേ അത്. നബി(സ)യെക്കാളുപരിയായി അലി(റ), ഹുസൈന്‍(റ) എന്നിവരെ മാതൃകയാക്കുകയും അവരുടെ ചര്യകളെ പ്രമാണമാക്കുകയും ചെയ്യുന്ന പ്രവണത നമുക്ക് ശീആയിസത്തില്‍ സാര്‍വത്രികമായി കാണാം. അശ്അരികളുടെയും മുഅ്തസിലികളുടെയും കൃതികള്‍ പരിശോധിച്ചാല്‍ ഖുര്‍ആനിനെയും സുന്നത്തിനെയും ആധാരമാക്കിക്കൊണ്ടുള്ള ചര്‍ച്ച വിരളമായേ കാണൂ. എന്നാല്‍ ഗ്രീക്ക് തര്‍ക്കശാസ്ത്രത്തിന്റെ സൂക്ഷ്മാംശങ്ങള്‍ക്ക് പോലും ‘ഇല്‍മുല്‍കലാം’കാരുടെ ഗ്രന്ഥങ്ങളില്‍ അനര്‍ഹമായ പ്രാധാന്യം നല്‍കിയ എത്രയോ സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
കാലത്തിന്റെ കുഴലൂത്ത് കേട്ടിട്ട് ദാര്‍ശനികമോ സാംസ്‌കാരികമോ രാഷ്ട്രീയമോ ആയ ഒരു നിലപാട് സ്വീകരിക്കുകയും തുടര്‍ന്ന് അതിനെ ന്യായീകരിക്കാന്‍ വേണ്ടി ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യാഖ്യാനിച്ചൊപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പല പ്രസ്ഥാനങ്ങളും കൈക്കൊണ്ടുപോന്നത്.
കലവറയില്ലാത്ത
സമീപനം

ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇസ്‌ലാമിക പ്രമാണങ്ങളുടെ നേര്‍ക്ക് കലവറയില്ലാത്ത സമീപനം കൈക്കൊള്ളുന്നുവെന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ സവിശേഷത. കാല-ദേശഭേദങ്ങള്‍ക്കനുസരിച്ച് ചിന്താരീതികളില്‍ മാറ്റമുണ്ടാവുക സ്വാഭാവികമാണ്. ഭൗതിക സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ വാര്‍ത്തെടുക്കപ്പെടുന്നത് ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകളുടെ മൂശയിലാണ്. എന്നാല്‍, അതിവേഗം മാറുന്ന പ്രമാണങ്ങള്‍ക്കൊപ്പം അത്തരം പ്രത്യയശാസ്ത്രങ്ങളുടെ പുതുമോടി മങ്ങിമറയുകയും ചെയ്യുന്നു. ഇത് ഒരു വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്.
ഇസ്‌ലാം ഇത്തരത്തിലുള്ള ഒരു സിദ്ധാന്തമോ പ്രത്യയശാസ്ത്രമോ അല്ല. സ്ഥല-കാല സീമകള്‍ക്ക് അതീതനായ പ്രപഞ്ചനാഥന്റെ മാര്‍ഗദര്‍ശനമാണത്. തെറ്റ്, ശരി, നന്മ, തിന്മ, നീതി, അനീതി എന്നിവയെപ്പറ്റിയുള്ള ഇസ്‌ലാമിന്റെ വിധി സ്ഥലകാലങ്ങളെ അതിവര്‍ത്തിക്കുന്നതാണ്. പടച്ച തമ്പുരാന്റെ വിധിതീര്‍പ്പ് എന്നും എങ്ങും ഒരുപോലെ പ്രസക്തമാണ്. കാലഹരണപ്പെടാത്തതാണ്.
ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സാത്വികരും ശുദ്ധഹൃദയരും വിനീതരുമായ ഒരു ന്യൂനപക്ഷം ഒഴിച്ച് മറ്റെല്ലാവരും ഇസ്‌ലാമിന്റെ സ്ഥല-കാലാതീതമായ സാക്ഷാല്‍ രൂപത്തിനു പകരം സ്ഥലകാലങ്ങളുടെ ബന്ധത്തിലകപ്പെട്ട് ചിന്ത ചുരുങ്ങിപ്പോവുകയും ചുളുങ്ങിപ്പോവുകയും ചെയ്ത പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളെ അവലംബിക്കുകയാണ് ചെയ്തത്.
ഈ ന്യൂനപക്ഷം ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടുതന്നെ നീതിപൂര്‍വകമായ നിലപാടില്‍ ഉറച്ചുനിന്നു. എത്ര വലിയ പണ്ഡിതന്റെ വാക്കുകളിലുമുണ്ടാകും തള്ളാവുന്നതും കൊള്ളാവുന്നതും; അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും വചനങ്ങള്‍ മാത്രമേ തീര്‍ത്തും ശരിയായിട്ടുള്ളൂ എന്നതാണ് വിനീതവും ആദരണീയവുമായ ആ നിലപാട്. പണ്ഡിതന്മാരോടുള്ള അനാദരവല്ല ഈ നിലപാടിന് പ്രേരകം, അല്ലാഹുവിനോടും റസൂലിനോടുമുള്ള അലംഘനീയമായ പ്രതിബദ്ധതയാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ നിലപാട് അത്യന്തം തെറ്റിദ്ധരിക്കപ്പെടുകയും അപവാദങ്ങള്‍ക്ക് ശരവ്യമാവുകയുമാണുണ്ടായത്. മഹാപണ്ഡിതന്മാരോടുള്ള അവഹേളനവും തിരുത്തല്‍വാദവുമായാണ് അത് ചിത്രീകരിക്കപ്പെട്ടത്. ഈ നിലപാട് സ്വീകരിച്ച ഓരോരുത്തരും ‘ളാല്ലും മുളില്ലു’മായി ബഹുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു. മുഫ്തി, ഖാദി, മുദര്‍രിസ്, ഖത്വീബ് സ്ഥാനങ്ങളില്‍ നിന്ന് പുറംതള്ളപ്പെട്ടു.
നിഷ്‌കളങ്കരും വിനയാന്വിതരുമായ ഈ ന്യൂനപക്ഷം സ്വീകരിച്ച അതേ നിലപാടാണ് മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ചത്. ഇസ്‌ലാമിനെ അതിന്റെ യഥാര്‍ഥ ഉറവിടത്തില്‍ നിന്ന് ഗ്രഹിക്കണമെന്നു പറയുമ്പോള്‍ നമ്മുടെ തലമുറയിലേക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുന്നതില്‍ പങ്കുവഹിച്ച പ്രബോധക ശൃംഖലയിലെ ഇടക്കണ്ണികളെയാകെ തള്ളിപ്പറയണമെന്ന് അതിന് അര്‍ഥമില്ല. ആധുനിക യുഗത്തില്‍ ഭൗതിക പ്രസ്ഥാനങ്ങളുടെ വേലിയേറ്റത്തിനു മുമ്പില്‍ ഇസ്‌ലാമിന്റെ അജയ്യത തെളിയിച്ചുകാണിച്ച നവോത്ഥാന നായകന്മാരെ ചെറുതായി കാണണമെന്ന് മുജാഹിദ് പ്രസ്ഥാനം ആവശ്യപ്പെടുന്നുമില്ല.
സത്യസന്ധരായ മുന്‍ഗാമികളും പിന്‍ഗാമികളും ഒരുപോലെ ലോകത്തെ ആഹ്വാനം ചെയ്ത കാര്യം മുജാഹിദുകളും ആഹ്വാനം ചെയ്യുന്നു. ഒരു കാര്യം ഇസ്‌ലാമികമാണോ അനിസ്‌ലാമികമാണോ എന്നു തീരുമാനിക്കാനുള്ള മാനദണ്ഡമായി സ്വീകരിക്കേണ്ടത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമായിരിക്കണം എന്നതത്രേ ആ ആഹ്വാനം. പല പരിമിതികള്‍ക്കും വിധേയരായ മനുഷ്യരുടെ ചിന്തകളെ ആധാരമായി സ്വീകരിച്ചുകൊണ്ട് ഇസ്‌ലാമിന്റെ അഖണ്ഡതയും അതുല്യതയും കാലാതിവര്‍ത്തിത്തവും കാത്തുസൂക്ഷിക്കാന്‍ കഴിയില്ല എന്ന ബോധമാണ് ആ ആഹ്വാനത്തിനു പിന്നിലുള്ളത്.
എങ്ങനെ
വ്യാഖ്യാനിക്കണം?

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന കാര്യത്തിലും കലവറയില്ലാത്ത സമീപനമാണ് മുജാഹിദ് പ്രസ്ഥാനത്തിനുള്ളത്. വ്യക്തിപരമോ രാഷ്ട്രീയമോ മറ്റോ ആയ താല്‍പര്യങ്ങള്‍ ഇക്കാര്യത്തില്‍ ഒരു സ്വാധീനവും ചെലുത്താനിടയാകരുത് എന്ന് നിര്‍ബന്ധമുണ്ട്. ശാസ്ത്ര നിഗമനങ്ങളോ ഭൗതിക ചിന്തകളോ ഈ വിഷയത്തില്‍ മുന്‍വിധി സൃഷ്ടിക്കാനും ഇടയാകരുത്. മുജാഹിദ് പ്രസ്ഥാനം പ്രസിദ്ധീകരിച്ച ‘വിശുദ്ധ ഖുര്‍ആന്‍ വിവരണ’ ഗ്രന്ഥങ്ങള്‍ ഈ കാര്യത്തില്‍ മുജാഹിദുകളുടെ നിലപാട് വ്യക്തമാക്കാന്‍ മതിയായ തെളിവാണ്.
ഓരോ ഖുര്‍ആന്‍ വാക്യത്തെയും വ്യാഖ്യാനിക്കുമ്പോള്‍ ദീക്ഷിക്കേണ്ട തത്വങ്ങളുടെ കാര്യത്തില്‍ നല്ലവരായ മുന്‍ഗാമികളും പിന്‍ഗാമികളും ഒരുപോലെ പിന്തുടര്‍ന്ന നയമാണ് മുജാഹിദുകളും പിന്തുടരുന്നത്. ഒരു വാക്യത്തിന്റെ ആശയം കൂടുതല്‍ സ്പഷ്ടമാക്കുന്ന മറ്റു ഖുര്‍ആന്‍ വാക്യങ്ങളുണ്ടോ എന്നു നോക്കുക. ആ വാക്യത്തിന്റെ അവതരണ പശ്ചാത്തലത്തെപ്പറ്റി ശരിക്കു പഠിക്കുക, ആ വാക്യത്തിന് വിശദീകരണം നല്‍കുന്ന സ്ഥിരപ്പെട്ട നബിവചനങ്ങളുണ്ടോ എന്നു നോക്കുക, വിശുദ്ധ ഖുര്‍ആന്‍ സൂക്ഷ്മമായി പഠിച്ച സഹാബികള്‍ ആ വാക്യത്തിന് നല്‍കിയ വ്യാഖ്യാനങ്ങള്‍ പരിശോധിക്കുക, ഭാഷാതത്വങ്ങള്‍ ഏത് വ്യാഖ്യാനത്തിന് അനുകൂലമാണെന്നു നോക്കുക തുടങ്ങിയവയാണ് ഖുര്‍ആന്‍ വ്യാഖ്യാനരംഗത്ത് അംഗീകരിക്കപ്പെട്ട തത്വങ്ങള്‍.
മൗലിക പ്രശ്‌നം
ഏതു കാലത്തും മനുഷ്യരില്‍ ബഹുഭൂരിപക്ഷവും പിഴച്ചുപോകാന്‍ കാരണം ശിര്‍ക്കും കുഫ്‌റുമായിരുന്നു എന്നു വിശുദ്ധ ഖുര്‍ആന്റെ ഏതു ഭാഗമെടുത്തു പരിശോധിച്ചാലും വ്യക്തമാകും. മനുഷ്യരെ സംസ്‌കരിക്കാന്‍ വേണ്ടി പ്രപഞ്ചനാഥനാല്‍ നിയുക്തരായ പ്രവാചകന്മാരുടെ ദൗത്യത്തിന്റെ പ്രഥമവും പ്രധാനവുമായ ഭാഗം മനുഷ്യമനസ്സുകളെ ശിര്‍ക്കില്‍ നിന്നും കുഫ്‌റില്‍ നിന്നും മോചിപ്പിച്ച് കണിശമായ ഏകദൈവ വിശ്വാസത്തിലേക്ക് നയിക്കുകയായിരുന്നുവെന്നു വിശുദ്ധ ഖുര്‍ആന്‍ അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. പ്രപഞ്ചനാഥന്റെ അസ്തിത്വം തന്നെ അംഗീകരിക്കാത്തവര്‍, അവന്റെ അധീശത്വത്തെയും പരമാധികാരത്തെയും പറ്റി, അപാരമായ അനുഗ്രഹങ്ങളെപ്പറ്റി തികഞ്ഞ അവബോധമില്ലാത്തവര്‍, അവന്റെ മാര്‍ഗദര്‍ശനത്തിന്റെ അന്യൂനതയെപ്പറ്റി ബോധവാന്മാരല്ലാത്തവര്‍, ദൈവിക അനുഗ്രഹങ്ങളെ കൃതജ്ഞതാപൂര്‍വം സ്മരിക്കാത്തവര്‍, തെറ്റായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവേതരര്‍ക്ക് ദിവ്യത്വം കല്‍പിച്ച് ആരാധനകള്‍ നടത്തുന്നവര്‍ എന്നിങ്ങനെ കണിശമായ ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച വിഭാഗങ്ങളാണ് ഏതു സമൂഹത്തിലും അധാര്‍മികതയിലേക്കു വഴുതിപ്പോകുന്നത്. താന്‍ പ്രപഞ്ചനാഥന്റെ വിധിവിലക്കുകള്‍ അതിലംഘിച്ചാല്‍ ഒരധികാരശക്തിക്കും ഒരു പുണ്യവാളനും ഒരു ശുപാര്‍ശകനും തന്നെ രക്ഷിക്കാനോ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കാനോ കഴിയില്ല എന്ന വിശ്വാസത്തില്‍ അധിഷ്ഠിതമായ ധര്‍മബോധത്തിനു മാത്രമേ ഏതു സമൂഹത്തെയും അധാര്‍മികതയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയൂ.
ജീവിതത്തിന്റെ ഏതു മേഖലയിലെ അധാര്‍മികതയും ഈ പൊതുതത്വത്തിന് അപവാദമല്ല. വിശ്വാസത്തിലെ വീഴ്ചകള്‍ പരിഹരിക്കാതെ നടത്തുന്ന ഏത് സംസ്‌കരണവും ഇസ്‌ലാമികമാവില്ല. ഈ ആശയത്തോട് താത്വികമായി വിയോജിക്കാന്‍ ഇസ്ലാമിനെപ്പറ്റി സാമാന്യ വിവരമുള്ള ഒരാള്‍ക്കും കഴിയില്ല.
മുസ്‌ലിം സമൂഹത്തിലെ ഒരു വലിയ വിഭാഗം ആചാരാനുഷ്ഠാനങ്ങളില്‍ ഇസ്‌ലാമിന്റെ മൗലിക അധ്യാപനങ്ങളില്‍ നിന്ന് വ്യതിചലിച്ചുപോയിട്ടുണ്ടെന്ന് എല്ലാ മുസ്‌ലിം സംഘടനകളും ഏറ്റുപറയാറുണ്ട്. എന്നാല്‍, അടിസ്ഥാന വിശ്വാസങ്ങളുടെ രംഗത്തും പല മുസ്‌ലിംകള്‍ക്കും ഗുരുതരമായ പിശകുകള്‍ പറ്റിയിട്ടുണ്ട് എന്ന കാര്യം മുജാഹിദുകള്‍ ചൂണ്ടിക്കാട്ടുമ്പോഴേക്ക് പണ്ഡിതനും പാമരനും ഒന്നിച്ച് എതിര്‍ക്കുകയായി. സമൂഹത്തില്‍ മുജാഹിദുകള്‍ ഭിന്നിപ്പും ഛിദ്രതയും സൃഷ്ടിക്കുന്നു എന്ന മുറവിളി മുഴങ്ങുകയായി.
മുജാഹിദ് പ്രസ്ഥാനം അല്ലാഹുവിന്റെ പ്രവാചകന്മാര്‍ അവതരിപ്പിച്ച പ്രബോധനരീതിയും അവര്‍ സ്വീകരിച്ച മുന്‍ഗണനാക്രമവുമല്ലാതെ മറ്റൊന്നും സ്വീകരിച്ചിട്ടില്ല. സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുമില്ല.
സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ മേഖലകളെ അധര്‍മമുക്തമാക്കുക എന്നത് പ്രവാചക ദൗത്യത്തിന്റെ അപ്രധാനമല്ലാത്ത ഭാഗമായിരുന്നു എന്ന വസ്തുത മുജാഹിദ് പ്രസ്ഥാനം വിസ്മരിച്ചിട്ടില്ല. പ്രവാചകരുടെയും പ്രബോധകരുടെയും ദൗത്യത്തിന്റെ പ്രഥമവും പ്രധാനവുമായ ഭാഗമായി അല്ലാഹു എടുത്തുപറഞ്ഞ ‘തൗഹീദി’ന് അത് അര്‍ഹിക്കുന്ന പ്രഥമ സ്ഥാനവും പ്രാധാന്യവും നല്‍കേണ്ടതാണെന്ന് മുജാഹിദ് പ്രസ്ഥാനം നിഷ്‌കര്‍ഷിക്കുന്നു എന്നു മാത്രം.
ഇസ്‌ലാമിന്റെ മര്‍മഭാഗമായ ‘തൗഹീദി’ന് മലയാളത്തില്‍ നല്‍കാറുള്ള നിര്‍വചനം ‘ഏകദൈവത്വം’ എന്നാണ്. ഏകദൈവത്വത്തെ അതിന്റെ വിശാലമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാത്ത മതങ്ങള്‍ കുറവാണ്.
അണിയിച്ചൊരുക്കുകയും അവ തമ്മില്‍ അവികലമായ സൗഹൃദബന്ധം സ്ഥാപിക്കുകയുമൊക്കെ ചെയ്ത പരമാണു പൊരുളിലും സ്ഫുരണമായി മിന്നുന്ന പരമപ്രകാശത്തോടുള്ള പ്രാര്‍ഥനാഗീതം വിദ്യാലയങ്ങളിലെ എല്ലാ മതക്കാരായ വിദ്യാര്‍ഥികളുടെയും ചുണ്ടുകളില്‍ നിന്ന് ഉയരാറുണ്ടല്ലോ. ജഗന്നിയന്താവിന്റെ അഖണ്ഡമായ ഏക സത്തയെ ധ്യാനിക്കുന്ന ഈ പ്രാര്‍ഥന ബഹുദൈവ വിശ്വാസികള്‍ക്ക് ഒട്ടും ‘അസ്‌കിത’ ഉണ്ടാക്കുന്നില്ല. എന്താണ് കാരണം? വൈവിധ്യമാര്‍ന്ന ബഹുദൈവാരാധനാ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും അത്യുന്നതനായ പ്രപഞ്ചസ്രഷ്ടാവിനെ അംഗീകരിക്കുന്നു എന്നതുതന്നെ. മറ്റ് ആരാധനാമൂര്‍ത്തികളെയൊന്നും താത്വികമായി അവര്‍ ജഗന്നിയന്താവിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നില്ല. പ്രപഞ്ചനാഥന്റെ ഏകത്വത്തെപ്പറ്റിയുള്ള ധാരണ പ്രമുഖ മതങ്ങളുടെ അനുയായികള്‍ക്കിടയില്‍ മാത്രമല്ല, ആദിവാസികള്‍ക്കിടയില്‍ പോലും നിലനില്‍ക്കുന്നുണ്ട്. ഈ കാര്യം വിശുദ്ധ ഖുര്‍ആന്‍ അനേകം ഇടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുത്തനും
പഴഞ്ചനും

ഒരു പ്രസ്ഥാനം പുത്തനാണോ അല്ലേ എന്നു തീരുമാനിക്കാന്‍ ഏതൊരു മുസ്‌ലിമിനും സ്വീകാര്യമായിരിക്കേണ്ട മാനദണ്ഡമുണ്ട്. അതാണ് മുജാഹിദുകളും സ്വീകരിക്കുന്നത്. റസൂലി(സ)ന്റെ മാതൃകയാണെന്ന് ഖണ്ഡിതമായി സ്ഥിരപ്പെട്ടതിനു പുറമേ ദീന്‍ എന്ന വ്യാജേന പുതുതായി ആര് എന്തു കൂട്ടിച്ചേര്‍ത്താലും അത് ‘ബിദ്അത്താ’ണ്. അത് എത്ര ഉപ്പാപ്പമാര്‍ ചെയ്തു എന്നത് പരിഗണനീയമായ പ്രശ്‌നമേയല്ല. റസൂലും സഹാബിമാരും തൊട്ടടുത്ത നല്ലവരായ പൂര്‍വികരും ആ കാര്യം ചെയ്തിട്ടുണ്ടോ ഇല്ലേ എന്നതാണ് നിര്‍ണായക ഘടകം.
(തുടരും)

Back to Top