ഇസ്ലാഹി പ്രസ്ഥാനം മുന്നോട്ടുള്ള വഴികള്‍
ഡോ. ഇ കെ അഹ്മദ്കുട്ടി
അന്ധവിശ്വാസ അനാചാരങ്ങളില്‍ മുഴുകി യുക്തിയും വിവേകവും കൈവിട്ട് പുരോഹിത വര്‍ഗത്തെ അന്ധമായി അനുകരിച്ചു പോന്ന ഒരു കാലമുണ്ടായിരുന്നു കേരള മുസ്‌ലിംകള്‍ക്ക്. അത്തരമൊരു ഇരുണ്ട യുഗത്തില്‍ നിന്നു കേരള മുസ്‌ലിംകളെ പുരോഗതിയിലേക്ക് നയിച്ചതില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിനുള്ള പങ്ക് ചെറുതല്ല. അന്ധവിശ്വാസങ്ങളില്‍ നിന്നും ശൈത്വാന്‍ കൂക്കുകളില്‍ നിന്നും അവരെ നിര്‍ഭയത്വത്തിന്റെ വഴി കാണിച്ചത് ഇസ്‌ലാഹി പണ്ഡിതന്മാരുടെ പരിശ്രമഫലമായാണ്. എല്ലാ സങ്കേതങ്ങളെയും നന്മയ്ക്കു വേണ്ടി ഉപയോഗിച്ച് സമുദായത്തെ പരിവര്‍ത്തിപ്പിച്ചുകൊണ്ട് ഇസ്‌ലാഹി പ്രസ്ഥാനവും ഒരു നൂറ്റാണ്ടു കാലത്തോളം മുന്നോട്ടു നീങ്ങി. അതിനിടയിലാണ് അനൈക്യത്തിന്റെ കാര്‍മേഘങ്ങളും ജിന്ന്, ശൈത്വാന്‍, സിഹ്‌റ് ബാധകളും പ്രസ്ഥാനത്തിനകത്തുള്ള ചിലരെ പിടികൂടിയത്.
ഇസ്‌ലാഹി പ്രസ്ഥാനം അന്നോളം അധ്യാപനം നടത്തിയതിനും തൗഹീദിനും വിരുദ്ധമായ പല കാര്യങ്ങളും രംഗത്തുവന്നു. ചിലരുടെയെല്ലാം സ്വാര്‍ഥ താല്പര്യങ്ങളും അധികാരമോഹവും ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീനവുമെല്ലാം മുന്നോട്ടോടിക്കൊണ്ടിരുന്ന പ്രസ്ഥാനത്തെ പിന്നോട്ടു നടത്താനാണ് ഉപകരിച്ചത്. ഇത്തരം ആത്മഹത്യാപരമായ നിലപാടുകള്‍ 2002- ല്‍ ഇസ്‌ലാഹിന്റെ പക്ഷത്തു നില്ക്കുന്നവരെ മര്‍കസുദ്ദഅ്‌വ കേന്ദ്രമായി കെ എന്‍ എമ്മിനെ പുനസ്സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കി. ചെറുസംഘം നവോത്ഥാന വീഥിയില്‍ ദ്രുതവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ 2016-ല്‍ ഐക്യശ്രമമുണ്ടാവുകയും പരാജയപ്പെടുകയും ചെയ്തു. ഇനി പിന്നോട്ടില്ല എന്നതാണ് നമ്മുടെ നിലപാട്. വിദ്യാഭ്യാസ, സാമൂഹിക സാംസ്‌കാരിക ദഅ്‌വാ പദ്ധതികളുമായി മുന്നോട്ടു ചലിക്കുകയാണ് ഈ സംഘം.
നമുക്ക് ഇനിയും മുന്നോട്ടു പോകാനുണ്ട്. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് സകല മേഖലകളെയും സ്പര്‍ശിച്ച് പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകണം. വ്യക്തിപരമായ എന്റെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കാനാണ് ആഗ്രഹിക്കുന്നത്
നമ്മുടെ പ്രധാന ദൗത്യം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ദഅ്‌വത്താണ്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല എന്ന തൗഹീദിന്റെ ശബ്ദമാണ് ദഅ്‌വത്തിന്റെ കേന്ദ്ര ബിന്ദു. ഈ ആശയം പ്രചരിപ്പിക്കുക എന്നത് നമ്മുടെ അടിസ്ഥാന ലക്ഷ്യമാണ്. പ്രചരിപ്പിക്കേണ്ടത് ഒരേ ആശയമാണെങ്കിലും കാലത്തിനൊത്ത് രീതിശാസ്ത്രത്തെ പരിഷ്‌കരിക്കേണ്ടതുണ്ട്.
റുബൂബിയ്യ, ഉലൂഹിയ്യ, അസ്മാഉ വ സ്വിഫാത്ത്, ഇസ്തിഗാസ, തവസ്സുല്‍ തുടങ്ങിയ ചര്‍ച്ചകള്‍ക്കൊപ്പം ജീവിതഗന്ധിയും യുക്തിഭദ്രവുമായ അവതരണങ്ങളിലേക്ക് ചുവടു വെക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. സാംസ്‌കാരിക ജീര്‍ണതകളും മറ്റും ഗുണകാംക്ഷയോടെ ചൂണ്ടിക്കാണിക്കുകയും വേണം. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പണ്ഡിത ചര്‍ച്ചകളിലേക്കൊതുക്കുന്നതാവും ഗുണപ്രദം. തൗഹീദ് വിവരിക്കുന്നതിന് ഖുര്‍ആന്‍ അവലംബിക്കുന്ന രീതി നമുക്ക് മാതൃകയാണ്. പ്രപഞ്ച പ്രതിഭാസങ്ങളും സൃഷ്ടിപ്പിലെ അത്ഭുതങ്ങളുമെല്ലാം വിവരിച്ച് ഏകദൈവ സങ്കല്പത്തിന്റെ അനിവാര്യത വിവരിക്കുന്ന ശൈലി പ്രബോധകന്‍ പിന്തുടരേണ്ടതുണ്ട്. ഇസ്‌ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും ഏറ്റവും മികച്ച ഭാഷയില്‍ സംവദിക്കാനും അവതരിപ്പിക്കാനും സാധിക്കണം. അതോടൊപ്പം വ്യക്തിപരമായി ശുദ്ധീകരിക്കുകയും നമ്മോട് ഇടപെടുന്നവരിലേക്ക് മതത്തിന്റെ സന്ദേശങ്ങള്‍ എത്തിക്കാന്‍ സാധിക്കുകയും വേണം.
മാറുന്ന കാലത്തിനനുസരിച്ച് സംവേദന മാര്‍ഗങ്ങളിലും മാറ്റമുണ്ടാവേണ്ടതുണ്ട്. ഇക്കാലത്ത് ഏറെക്കുറെ എല്ലാവരും ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും പുതിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു വരുന്നുണ്ട്. ഇസ്‌ലാമിന്റെ മനോഹാരിത ആളുകളിലേക്കെത്തിക്കാന്‍ ഈ സംവിധാനങ്ങളെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്നാണ് ആലോചിക്കേണ്ടത്. അതിനര്‍ഥം പഴയ മാര്‍ഗങ്ങള്‍ പാടെ ഉപേക്ഷിക്കണമെന്നല്ല. ഏതൊക്കെ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുമോ അതൊക്കെ ആശയപ്രചരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തണം. പ്രഭാഷണങ്ങളും സമ്മേളനങ്ങളും സാഹിത്യ പ്രസിദ്ധീകരണങ്ങളുമൊക്കെ ആശയപ്രചരണത്തിന് ഉപയോഗിക്കാം.
ദഅ്‌വത്തിന്റെ മുന്‍ഗണനാ ക്രമങ്ങളില്‍ മാറ്റം വേണ്ടതില്ല. തൗഹീദ് തന്നെയാണ് അടിസ്ഥാനം. എന്നാല്‍, പ്രബോധന രീതികള്‍ കാലത്തിനനുയോജ്യമാക്കേണ്ടതുണ്ട്. എല്ലാ മാര്‍ഗങ്ങളും എല്ലാ കാലത്തേക്കുമുള്ളതല്ല എന്നു മനസിലാക്കണം. കാലത്തെയും മാറിയ മനുഷ്യരെയും ഉള്‍ക്കൊണ്ട് വേണം പുതിയ രീതികള്‍ ആസൂത്രണം ചെയ്യാന്‍. ഒരു കാലത്ത് ആശയപ്രചാരണത്തിന്റെ ശക്തമായ മാര്‍ഗങ്ങളില്‍ ഒന്ന് വാദപ്രതിവാദമായിരുന്നു. ദഅവത്തിന്ന് കൂടുതല്‍ ഫലപ്രാപ്തി ലഭിക്കാന്‍ വൈജ്ഞാനിക സംവാദങ്ങളാണ് ഇന്നത്തെ സാമൂഹിക പരിസരം ആവശ്യപ്പെടുന്നത്.
വലിയ സമ്പത്ത് ചെലവഴിച്ചുള്ള ദൈര്‍ഘ്യമേറിയ സമ്മേളനങ്ങളില്‍ നിന്ന്, ചുരുങ്ങിയ ചിലവില്‍ അത്യാവശ്യമെങ്കില്‍ മാത്രം ചുരുങ്ങിയ സമയം ചെലവിടുന്ന സമ്മേളനങ്ങളിലേക്ക് നീങ്ങേണ്ടതുണ്ട്. പണ്ടേ നാലു ദിവസമാണ് സമ്മേളനം സംഘടിപ്പിക്കാറ് എന്നതിനാല്‍ അത്രയും ദിവസങ്ങള്‍ തുടര്‍ന്നും സമ്മേളനങ്ങള്‍ക്ക് ചിലവിടണം എന്നു കരുതേണ്ടതില്ല. ആ സമയവും സമ്പത്തും അധ്വാന ശേഷിയും അടയാളപ്പെടുത്തപ്പെടാവുന്ന കാര്യങ്ങള്‍ക്കു നീക്കിവെക്കുന്നതായിരിക്കും ഉചിതം എന്നാണ് എനിക്കു തോന്നുന്നത്.
ഖുര്‍ആനിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ദൗത്യത്തെ പ്രാധാന്യത്തോടെ ഏറ്റെടുക്കണം. അത്തരമൊരു ദൗത്യമായിരുന്നു ക്യു എല്‍ എസ്. ‘വെളിച്ചം’ പോലെയുള്ള പദ്ധതികള്‍ ക്യു എല്‍ എസ്സുമായി ബന്ധപ്പെടുത്തണം. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ക്യു എല്‍ എസ് ഒരു ക്ലാസ്‌റൂം അധ്യാപനമാണ്. കേവല പഠനം എന്നതിനപ്പുറത്തേക്ക് ഉപകരിക്കുന്ന ഒന്നാകും ക്യു എല്‍ എസ്. അതുകൊണ്ടു തന്നെ ക്യു എല്‍ എസ് സംവിധാനം സജീവമാക്കി നിര്‍ത്തേണ്ടത് ആവശ്യവുമാണ്. ഖുര്‍ആനിലെ മാനവിക മൂല്യങ്ങളും ആശയങ്ങളും ഊന്നല്‍ നല്കി പഠിപ്പിക്കുകയും വേണം.
കലകളെ പ്രബോധന മാര്‍ഗമായി സ്വീകരിക്കാന്‍ സാധിക്കണം. ഒരു പ്രഭാഷണത്തിന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വ്യക്തവും ശക്തവുമായി ഒരു ഗാനത്തിനോ നാടകത്തിനോ ആശയ സംവേദനം നടത്താനാവും. കലകള്‍ക്കു നേരെ പുറം തിരിഞ്ഞിരിക്കാതെ സര്‍ഗാത്മകവും ക്രിയാത്മകവുമായ തരത്തില്‍ അവയെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
പ്രസിദ്ധീകരണ രംഗത്ത് നമുക്ക് ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ശബാബും പുടവയും ബാലകൗതുകവുമെല്ലാം വലിയ തുറവി നല്കിയിട്ടുണ്ട്. യുവതയില്‍ നിന്ന് ഒട്ടേറെ വൈജ്ഞാനിക കൃതികള്‍ പുറത്തു വന്നു. അതോടൊപ്പം സര്‍ഗാത്മക രചനകള്‍ കൂടി വേണ്ടതുണ്ട്. കഥകള്‍, നോവലുകള്‍, നാടകം, കവിത തുടങ്ങിയ സാഹിത്യ സംരംഭങ്ങള്‍ നമുക്ക് പുറത്തിറക്കാന്‍ കഴിയണം. ഇത്തരം സാഹിത്യങ്ങളെ ലഹ്‌വും ലഗ്‌വുമായി ധരിക്കുന്ന ചില പണ്ഡിതന്മാരെങ്കിലും ഇപ്പോഴുമുണ്ട്. മലയാളത്തില്‍ മാത്രമാണ് നമ്മുടെ പുസ്തകങ്ങള്‍ കൂടുതലും പിറവിയെടുക്കുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ കൂടി നല്ല രചനകള്‍ പുറത്തിറക്കാന്‍ ശ്രമം നടത്തണം.
കേരള മുസ്‌ലിംകള്‍ പാടെ അവഗണിക്കുന്ന ഭാഷയാണ് ഉര്‍ദു. ഈ ഭാഷ മനോഹരവും പ്രാധാന്യമുള്ളതുമാണ്. പ്രബോധനത്തില്‍ ഉര്‍ദു ഭാഷക്ക് നമ്മുടെ നാട്ടില്‍ പോലും പ്രാധാന്യമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളില്‍ ഉര്‍ദുവും ഹിന്ദിയും സംസാരിക്കുന്നവരാണ് കൂടുതല്‍. ഉര്‍ദു, ഹിന്ദി ഭാഷാ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രബോധനം എളുപ്പമാക്കാന്‍ ഉര്‍ദു പാണ്ഡിത്യം സഹായിക്കുകയും ചെയ്യും.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പദ്ധതികളും നമുക്കേറെയുണ്ട്. സേഫ്, ഐ എച്ച് ഐ ആര്‍ പോലുള്ളവ ഉദാഹരണം. ഇത്തരം സ്ഥാപനങ്ങളും മറ്റു അറബിക്കോളേജുകളുമെല്ലാം ഉള്‍പ്പെടുത്തി ഒരു ജാമിഅ (യൂനിവേഴ്‌സിറ്റി) സ്ഥാപിക്കുകയും ഒരു ഏകീകൃത സംവിധാനത്തെ പരിപോഷിപ്പിക്കുകയും വേണം. അത്തരമൊരു വിദ്യാഭ്യാസ സംവിധാനം നമുക്ക് വലിയ തുറവി സമ്മാനിച്ചേക്കും. അതിനുള്ള നീക്കങ്ങള്‍ ആത്മാര്‍ഥമായിത്തന്നെ നടക്കേണ്ടതുണ്ട്.
മദ്‌റസാ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമുക്ക് അഭിമാനിക്കാവുന്ന സംവിധാനമുണ്ട്. പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുകയും പുതിയ ബോധന രീതികള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സി ഐ ഇ ആറിന് ഇനിയും മെച്ചപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കാനാവും.
നമ്മുടെ സമുദായത്തിലേക്കു കണ്ണോടിച്ചാല്‍ അത്ര ആശാവഹമല്ല കാര്യങ്ങള്‍. ഏറെ ചെറുപ്പത്തിലേ ധാര്‍മിക വിദ്യാഭ്യാസവും ശിക്ഷണവും ലഭിക്കുന്ന മുസ്‌ലിം യുവാക്കള്‍ അധാര്‍മികതയുടെ തുഴച്ചിലുകാരാവുന്ന സങ്കടകരമായ കാഴ്ചയുണ്ട്. മദ്യപാനം, ലഹരി, ആത്മഹത്യ, സ്വവര്‍ഗരതി, സ്വതന്ത്ര ലൈംഗികത, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ലിബറലിസം എന്നിവയുടെ സ്വാധീനം സമുദായത്തിലെ യുവാക്കളെ കാര്യമായിത്തന്നെ ഗ്രസിച്ചിരിക്കുകയാണ്.
സമുദായ നേതൃത്വം, വിശിഷ്യാ യുവ നേതൃത്വം ഇക്കാര്യങ്ങളെ ഗൗരവമായി കാണണം. ഇവയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുകയും നന്മ കല്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കുകയും വേണം. നിരന്തരമുള്ള ഓര്‍മപ്പെടുത്തലുകളാണ് ഫലം ചെയ്യുക എന്ന തിരിച്ചറിവ് നമ്മെ കൂടുതല്‍ കര്‍മനിരതരാവാന്‍ പ്രേരിപ്പിക്കണം.
യുക്തി ബോധം എന്നു കേള്‍ക്കുമ്പോഴേക്ക് അരുതാത്തതെന്തോ കേട്ടപോലെ ചിന്തിക്കുന്ന ഒരു വിഭാഗം മുസ്‌ലിം സമുദായത്തിനകത്തുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നില്ലെയോ എന്നും നിങ്ങള്‍ മനസിലാക്കുന്നില്ലെയോ എന്നുമൊക്കെ പടച്ചവന്‍ ഒട്ടേറെ തവണ ചോദിച്ചിട്ടുണ്ട്. മുസ്‌ലിം സമൂഹത്തില്‍ യുക്തിബോധവും ശാസ്ത്രീയ മനസ്ഥിതിയും വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് നാം നേതൃത്വം കൊടുക്കണം.
പണ്ഡിതന്മാരിലുള്ള യുക്തിരഹിത നിലപാടുകളെയും സമീപനങ്ങളെയും തുറന്നു കാണിക്കാന്‍ നാം മടിക്കേണ്ടതില്ല. പഴയ കിതാബുകള്‍ മുഴുവന്‍ സത്യത്താല്‍ ഊട്ടപ്പെട്ടതാണെന്ന ധാരണ തെറ്റാണെന്ന് മനസിലാക്കികൊടുക്കണം. പഴയ കിതാബില്‍ ഉണ്ട് എന്നതിനാല്‍ മാത്രം സാമാന്യ ബുദ്ധിക്കു പോലും നിരക്കാത്ത കാര്യങ്ങള്‍ അനുവര്‍ത്തിക്കുന്നവരെ തിരുത്തിക്കാനുള്ള വഴികള്‍ തിരയണം. യുക്തിയെ പോഷിപ്പിക്കുന്ന ആത്മീയത പ്രചരിപ്പിക്കാന്‍ നാം സമയം കണ്ടെത്തണം.
ആരാധനകളെപ്പോലെ തന്നെ പ്രധാനമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും. നമുക്കു ചുറ്റുമുള്ള ഏതൊരുവനും നമ്മുടെ സഹോദരനാണ് എന്നു നാം മനസിലാക്കേണ്ടതുണ്ട്. സഹോദരന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുക എന്ന ദൗത്യം നാം ഏറ്റെടുക്കണം. ദരിദ്രര്‍, നിരാശ്രയര്‍, അനാഥര്‍, വീടില്ലാത്തവര്‍, രോഗികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ നമ്മുടെ പ്രശ്‌നമായി കണക്കാക്കുകയും പ്രശ്‌ന പരിഹാരത്തിനായി പുതിയ സംരംഭങ്ങള്‍ ആവിഷ്‌കരിക്കുകയും വേണം.
ആതുരശുശ്രൂഷയ്ക്കാവശ്യമായ ചെറിയ ആശുപത്രികളും പാലിയേറ്റീവ് ക്ലിനിക്കുകളും വര്‍ധിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. ജീവകാരുണ്യ മേഖലകളിലും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിലും എക്കാലവും ശ്രദ്ധയുണ്ടാവണം. അവയ്ക്ക് പ്രത്യേക സംവിധാനങ്ങളുണ്ടാക്കുക എന്നതാകും കരണീയം.
എല്ലാറ്റിനും നല്ല സാമ്പത്തിക സ്രോതസ് ആവശ്യമാണ് എന്നതാണ് പ്രധാനം. എന്നാല്‍, അക്കാര്യത്തില്‍ നാം ഏറെ പിന്നിലാണ്. സാമ്പത്തികസ്രോതസുകള്‍ ഉണ്ടാവുക എന്നത് പ്രധാനമാണ്. സമുദായ സ്‌നേഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രയാസമാകാത്ത വിധം പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക മാത്രമാണ് മുന്നിലുള്ള വഴി.
നമ്മുടേത് ഒരു ചലിക്കുന്ന പ്രസ്ഥാനമാണ്. അതിന്റെ അമരക്കാരും അതിനനുസരിച്ച് സജ്ജമാകേണ്ടതുണ്ട്. പ്രധാന ഭാരവാഹികള്‍ മൂന്നു വര്‍ഷത്തിലെങ്കിലും മാറിക്കൊണ്ടേയിരിക്കണം. അത് സംഘടനക്കും ആ വ്യക്തികള്‍ക്കും ഗുണം ചെയ്യുകയേ ഉള്ളൂ. കൂടുതല്‍ ജനാധിപത്യപരമായ സംവിധാനമായി സംഘടന പരിവര്‍ത്തിക്കപ്പെടേണ്ടതുണ്ട്.
നമ്മുടെ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് നാം ബോധവാന്മാരാകുകയും അതിനനുസൃതമായി നിലപാട് കൈക്കൊള്ളുകയും വേണം. സാമുദായിക ഐക്യം ആവശ്യപ്പെടുന്നതാണ് പുതിയ സാഹചര്യം. ആദര്‍ശപരമായി വിയോജിപ്പുകളുണ്ടാവുമ്പോഴും യോജിക്കാവുന്നതിന്റെ പരമാവധി മേഖലകളെ കണ്ടെത്താനും സഹകരണത്തിന്റെ മാര്‍ഗങ്ങള്‍ തേടാനും നാം സന്നദ്ധരാകണം. അവിടെ നാം സങ്കുചിത മനോഗതി കൈക്കൊള്ളുന്നത് സ്വന്തം കുഴി തോണ്ടലാകും. എല്ലാ മതസംഘടനകളുമായും സൗഹാര്‍ദപരമായ ബന്ധം പുലര്‍ത്താന്‍ നമുക്ക് കഴിയണം. തൗഹീദിന്റെ കാര്യത്തില്‍ യോജിപ്പുള്ള സംഘടനകളുമായി എപ്പോഴും ഒരു ഐക്യ സാധ്യത തേടാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. അതിന് എന്നും നാം ഒരു പ്രാമുഖ്യം നല്‍കണം. അപ്പോഴും യാഥാസ്ഥിതിക ചിന്തകള്‍ കൂടുതല്‍ വളര്‍ന്നു വരുന്നു എന്ന കാര്യവും ഗൗരവമായി കാണണം.
വിശ്വാസിയുടെ പ്രവര്‍ത്തനങ്ങളുടെ ആധാരം വിശുദ്ധ ഖുര്‍ആന്‍ ആണല്ലോ. വിശുദ്ധ വേദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മഹത്തായ പദ്ധതികളുമായാണ് മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്നത്. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന മാനവിക മൂല്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വലിയ ഒരു വേദി എന്ന നിലക്ക് ആ സമ്മേളനത്തെ സമീപിക്കാനും നന്മയുടെ സദസില്‍ പങ്കുകൊള്ളാനും എല്ലാവരും ഉണ്ടാകണം. ചരിത്രത്തിന്റെ ഭാഗമാക്കി അതിനെ മാറ്റാന്‍ നാം മുന്നിലുണ്ടാവണം.