‘ഇസ്‌ലാഹ്’ കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്നുവോ?
മന്‍സൂറലി ചെമ്മാട്
അന്ധവിശ്വാസങ്ങളും അപരവിദ്വേഷവും ആദര്‍ശമാക്കി കളവുകളുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ ഒരു സംവിധാനത്തിന് ഇസ്‌ലാഹ് എന്ന പദം വല്ലാതെ അലര്‍ജിയുണ്ടാക്കുമെന്നത് സ്വാഭാവികമാണ്. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മര്‍കസുദ്ദഅ്‌വ ‘കാലം തേടുന്ന ഇസ്‌ലാഹ്’ എന്ന കാമ്പയിന്‍ പ്രഖ്യാപിച്ചതു തൊട്ട് ചില കുന്നുകളില്‍ നിന്നുയരുന്ന അപസ്വരങ്ങള്‍ അതിന്റെ ഭാഗമാണ്. കടുത്ത അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മലയാളമണ്ണില്‍ കുഴിച്ചുമൂടിയ ഐതിഹാസികമായ നവോത്ഥാന മുന്നേറ്റത്തിന്റെ പൈതൃകം നെഞ്ചേറ്റിയ ആദര്‍ശ പോരാളികള്‍, പൂര്‍വികര്‍ മുറുകെപ്പിടിച്ച ആദര്‍ശത്തിന്റെ കെടാവിളക്കുമായി കാലം തേടുന്ന പുതിയൊരു ഉത്ഥാനത്തിന്റെ വഴിയില്‍ അണിനിരക്കുമ്പോള്‍ അവര്‍ എങ്ങനെ വെപ്രാളപ്പെടാതിരിക്കും!
പ്രമാണബദ്ധമായ പ്രതിരോധത്തിനു മുന്നില്‍ ചെറുത്തുനില്‍ക്കാനാവാതെ കടപുഴകി പഴങ്കഥകളായ വികല വിശ്വാസങ്ങള്‍ക്ക് പുതുജീവനേകി മുജാഹിദ് വിലാസത്തില്‍ പുനരാനയിച്ച്, ഇസ്‌ലാഹീ കേരളത്തോട് കടുത്ത വഞ്ചന നടത്തിയവരാണിവര്‍. ഏതൊരു ആദര്‍ശത്തിന്റെ കരുത്തിലാണോ മുജാഹിദ് പ്രസ്ഥാനം പിറവിയെടുത്തതും പിച്ചവെച്ചതും കുതിച്ചു മുന്നേറിയതും, അതേ ആദര്‍ശത്തെ മാരകമായി പരിക്കേല്‍പിച്ച് സ്വാര്‍ഥലാഭങ്ങള്‍ ലാക്കാക്കി പ്രസ്ഥാനത്തിന് കേട്ടുകേള്‍വി പോലുമില്ലാത്ത പുത്തന്‍വാദങ്ങളും പുത്തനാചാരങ്ങളും നട്ടുമുളപ്പിച്ചത് വൃഥാവിലാവുമോ എന്നാണ് അവരുടെ ആധി. ‘കാലം തേടുന്ന ഇസ്‌ലാഹ്’ എന്നതിന്റെ പൊരുളും പശ്ചാത്തലവും പ്രതിഫലനവും അവര്‍ക്ക് ഊഹിച്ചെടുക്കാനാവുന്നതുകൊണ്ടാണ് സഹജമായ ദുരാരോപണങ്ങളും ദുര്‍വ്യാഖ്യാനങ്ങളുമായി അവര്‍ ഇറങ്ങുന്നത്.
നമ്മുടെ സഹായാര്‍ഥന കേള്‍ക്കുന്ന ജിന്ന്, ശരീരത്തില്‍ കയറി രോഗമുണ്ടാക്കുന്ന ജിന്ന്, അടിച്ചിറക്കാവുന്ന ജിന്ന്, വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ജിന്ന്, മനുഷ്യരുമായി പ്രണയത്തിലാവുന്ന ജിന്ന്, മനുഷ്യ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ജിന്ന്, മനുഷ്യ സ്ത്രീകളില്‍ കുട്ടികളെ ജനിപ്പിക്കുന്ന ജിന്ന്, കല്യാണം മുടക്കുന്ന ജിന്ന്, ഗര്‍ഭം അലസിപ്പിക്കുന്ന ജിന്ന്, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ജിന്ന്, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ജിന്ന്, പട്ടിയും പാമ്പും പൂച്ചയുമായി കോലം മാറി വരുന്ന ജിന്ന്, ജര്‍മനിയില്‍ നിന്ന് ക്ഷണനേരം കൊണ്ട് മരുന്ന് എത്തിച്ചുകൊടുക്കുന്ന ജിന്ന്, ബെഡ്‌റൂമിലും മറ്റും കട്ടുകേള്‍ക്കാന്‍ ഇരിക്കുന്ന ജിന്ന്, ബാത്‌റൂമില്‍ ഒളിച്ചിരിക്കുന്ന ജിന്ന്, മേശവലിപ്പിലും തെങ്ങിന്റെ ചുവട്ടിലും വിഹരിക്കുന്ന ജിന്നുകള്‍… അങ്ങനെ പല വിസ്മയ വിശേഷങ്ങളും മുജാഹിദ് ബാനര്‍ ഒട്ടിച്ച വേദികളില്‍ നിന്ന് കേട്ട് കേരള മുസ്‌ലിംകള്‍ സ്തംഭിച്ച കാലം ആരും മറന്നിട്ടില്ല.
‘മുജാഹിദ് ജിന്ന്, യുവതി പീഡിപ്പിക്കപ്പെട്ടു’ എന്ന കവര്‍സ്റ്റോറിയുമായി പുറത്തിറങ്ങിയ കേരളശബ്ദം വാരിക ഇന്നും ഒരു പരിക്കായി മുജാഹിദ് ചരിത്രത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. പാതിരാത്രിക്ക് പള്ളിക്കാട്ടിലൂടെ നടക്കാന്‍ ധൈര്യമുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് പട്ടാപ്പകല്‍ അങ്ങാടിയിലൂടെ നടക്കാന്‍ പോലും ഭയക്കുന്നവരും, അസുഖങ്ങളും അനര്‍ഥങ്ങളും ഉണ്ടാകുമ്പോള്‍ ജിന്നുബാധയും കൂടോത്രവുമാണെന്ന് ആശങ്കിക്കുന്നവരും മുജാഹിദ് കുടുംബങ്ങളില്‍ നിന്ന് ഉണ്ടായിവന്നത് ഇവരുടെ ദുര്‍നയത്തിന്റെയും ദുര്‍വ്യാഖ്യാനത്തിന്റെയും ദുര്‍വായനയുടെയും ദുരന്തഫലമാണ്. എന്നാല്‍, മുജാഹിദ് പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍ അട്ടിമറിച്ച് താണ്ഡവമാടുമ്പോഴും ഇവര്‍ മുജാഹിദുകളെ ചൂണ്ടി, ‘ദേ ആദര്‍ശ വ്യതിയാനം’ എന്ന് ആര്‍ത്തുവിളിച്ച് ആക്ഷേപിച്ചു നടക്കുകയായിരുന്നു.
ഈ ആരോപണത്തിനുള്ള തെളിവായി അന്ന് ഉന്നയിച്ചിരുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇന്ന് അവര്‍ പോലും താല്‍പര്യപ്പെടുന്നുണ്ടാവില്ല. സാമൂഹിക സേവന-ജീവകാരുണ്യ-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പോലും ഇവരുടെ കുറ്റപത്രത്തില്‍ മുന്‍നിരയില്‍ തന്നെ ഇടം പിടിച്ചിരുന്നു.
മുകളില്‍ സൂചിപ്പിച്ച പുത്തനാദര്‍ശങ്ങള്‍ക്ക് മണ്ണ് പാകപ്പെടുത്തുമ്പോള്‍, അതിനനുകൂലമായി നില്‍ക്കാനിടയില്ലാത്ത ആദര്‍ശശാലികള്‍ക്കെതിരിലായിരുന്നു ഈ നെറികേടിന് ഇവര്‍ നേതൃത്വം നല്‍കിയത്. തങ്ങള്‍ പുനരാനയിച്ച വികല വിശ്വാസങ്ങളെ പ്രമാണമുയര്‍ത്തി വേരറുക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു മുജാഹിദുകള്‍ക്കു നേരെ ഇവര്‍ കലിതുള്ളാന്‍ കാരണം. ആ പകയുടെയും ഭയത്തിന്റെയും പ്രതിഫലനം തന്നെയാണ് ‘കാലം തേടുന്ന ഇസ്‌ലാഹ്’ എന്ന കാമ്പയിനിനോടുള്ള അലര്‍ജിയും.
കേരളത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഹദീസ് പണ്ഡിതന്മാരിലൊരാളെന്ന് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്ന മര്‍ഹൂം എ അബ്ദുസ്സലാം സുല്ലമിയുടെ നേതൃത്വത്തിലായിരുന്നു ഇക്കൂട്ടരുടെ അന്ധവിശ്വാസ പ്രചാരണങ്ങളോടുള്ള പ്രമാണബദ്ധമായ ചെറുത്തുനില്‍പ് എന്നതുകൊണ്ടുതന്നെ അവര്‍ അദ്ദേഹത്തെ പിടികൂടുകയാണ് ആദ്യം ചെയ്തത്. ഹദീസ് നിഷേധമെന്ന ഗുരുതരമായ ആരോപണം അവര്‍ അദ്ദേഹത്തിനെതിരിലും അദ്ദേഹം നിലകൊള്ളുന്ന പ്രസ്ഥാനത്തെ കുറിച്ചും നാടുനീളെ പാടി നടന്നു. ഇതിനായി മുജാഹിദ് പ്രസ്ഥാനം യഥാസമയം കൃത്യമായ മറുപടി നല്‍കി മുനയൊടിച്ച ആരോപണങ്ങളാണ് അവര്‍ പൊടിതട്ടിയെടുത്തത്.
ചേകനൂര്‍ മൗലവിയുടെ നേതൃത്വത്തില്‍ യഥാര്‍ഥ ഹദീസ് നിഷേധം കേരളത്തില്‍ തലപൊക്കിയപ്പോള്‍ കൃത്യമായ പ്രമാണങ്ങളുടെ ബലത്തില്‍ അതിനെതിരില്‍ ശക്തമായി സ്റ്റേജിലും പേജിലും നിറഞ്ഞുനിന്ന അബ്ദുസ്സലാം സുല്ലമിയെ ഹദീസ് നിഷേധിയായി ആരോപിക്കാന്‍ കേരളത്തിലെ മുസ്‌ല്യാക്കന്മാരെ കൂട്ടുപിടിക്കുകയായിരുന്നു ഇവര്‍. കെ പി മുഹമ്മദ് മൗലവി, പി സെയ്ദ് മൗലവി, കെ ഉമര്‍ മൗലവി തുടങ്ങി പ്രഗത്ഭരായ ഇസ്‌ലാഹി പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച അബ്ദുസ്സലാം സുല്ലമിയുടെ അക്കാലത്തെ രചനകളാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ആദര്‍ശവ്യതിയാനത്തിനു തെളിവായി ഇവര്‍ കൊണ്ടുനടന്നത് എന്നത് എത്രമാത്രം വിരോധാഭാസമാണ്! അബ്ദുസ്സലാം സുല്ലമിയുടെ മരണശേഷം പോലും അദ്ദേഹത്തെ ഹദീസ് നിഷേധിയാക്കാനുള്ള സൂക്ഷ്മ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്.
നാനാവിധ യാഥാസ്ഥിതിക സമീപനങ്ങളും വികല വിശ്വാസങ്ങളും കൂട്ടിക്കുഴച്ചുണ്ടാക്കിയ കൂട്ടായ്മക്ക് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖംമൂടിയണിയിച്ച് പൊതുസമൂഹത്തില്‍ സ്വീകാര്യത ഉണ്ടാക്കാനുള്ള കോപ്രായങ്ങള്‍ ഒരു വശത്ത് തകൃതിയായി നടക്കുമ്പോഴും അകത്തളങ്ങളില്‍ ജിന്ന്-കൂടോത്ര അന്ധവിശ്വാസങ്ങളെയും സാമൂഹികവിരുദ്ധ പിന്തിരിപ്പന്‍ നിലപാടുകളെയും നട്ടുവളര്‍ത്തുന്ന തിരക്കിലാണ് വിസ്ഡം വിഭാഗം. പേര് വിസ്ഡം എന്നാണെങ്കിലും, മതത്തില്‍ ബുദ്ധിക്ക് സ്ഥാനമില്ലെന്നും ബുദ്ധി ഉപയോഗിക്കുന്നത് മതവിരുദ്ധമാണെന്നുമൊക്കെ പഠിപ്പിച്ച് പരിശീലിപ്പിക്കപ്പെട്ട അനുയായികള്‍ ഈ ഇരട്ടത്താപ്പും കുതന്ത്രങ്ങളും ചോദ്യം ചെയ്യുകയോ ഒളിയജണ്ടകളെ തിരിച്ചറിയുകയോ ഇല്ലല്ലോ. കെഎന്‍എം മര്‍കസുദ്ദഅ്‌വയുടെ കാമ്പയിനില്‍ പരിഭ്രാന്തരായി ഇവര്‍ അഴിച്ചുവിടുന്ന ദുരാരോപണങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചുനോക്കാം.
‘ഭൗതിക പദവി’
ജിന്നും മലക്കും മനുഷ്യരെ സംബന്ധിച്ചിടത്തോളം അഭൗതികമാണെന്ന് പറയുന്നതിനെ സൂചിപ്പിച്ച് ‘അവയെ അല്ലാഹുവിനെ പോലെയാക്കി’ എന്ന് മുജാഹിദുകള്‍ക്കെതിരെ വ്യാജാരോപണമുയര്‍ത്തി ഇവര്‍ ശിര്‍ക്കന്‍ ആശയങ്ങള്‍ ഒളിച്ചുകടത്താനുള്ള പുകമറയുണ്ടാക്കുകയാണ്. ജിന്നിന് ‘ഭൗതിക പദവി’ നല്‍കാനും അതുവഴി ജിന്നുമായി ബന്ധപ്പെട്ട് മുകളില്‍ പരാമര്‍ശിച്ച അന്ധവിശ്വാസങ്ങള്‍ക്ക് അടിത്തറയുണ്ടാക്കാനും ജിന്നുതേട്ടത്തിനും കൂടോത്രത്തിനും അടിച്ചിറക്കലിനുമൊക്കെ തെളിവുണ്ടാക്കാനും കിണഞ്ഞു പരിശ്രമിക്കുന്നതിനിടയ്ക്ക് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്ന ചില ഉദ്ധരണികളുണ്ട്. തൗഹീദിനെ ആദര്‍ശത്തിന്റെ ആണിക്കല്ലായി പരിഗണിക്കുന്ന മുജാഹിദുകള്‍ക്ക് ഭൗതികവും അഭൗതികവും മനസ്സിലാക്കാന്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഉദ്ധരണികള്‍ ആവശ്യമില്ല എന്നെങ്കിലും ഇവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അല്ലാഹുവിന്റെ രക്ഷാശിക്ഷകളെ പരിചയപ്പെടുത്തുമ്പോള്‍ പറയുന്ന ‘അഭൗതിക’വും ജിന്ന്, മലക്ക് തുടങ്ങിയവയെ പരിചയപ്പെടുത്തുമ്പോള്‍ പറയുന്ന ‘അഭൗതിക’വും തമ്മിലുള്ള അന്തരം ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് മനസ്സിലാവും എന്നുറപ്പാണ്. ഈ വിഷയസംബന്ധമായി ഇവര്‍ എഴുതിയ വരികള്‍ കാണുക:
”അഭൗതിക മാര്‍ഗത്തിലൂടെ സൃഷ്ടികളെ സഹായിക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്നതാണ് തൗഹീദിന്റെ മര്‍മം. പ്രബോധനാരംഭം മുതല്‍ക്കേ ഈ കാര്യം സമൂഹത്തെ പഠിപ്പിച്ചവരാണ് മുജാഹിദു കള്‍. പി കെ മൂസ മൗലവി എഴുതിയത് കാണുക: ‘അപ്പോള്‍ അഭൗതിക മാര്‍ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്നു വിചാരിച്ചുകഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൗഹീദിന്നെതിരായി ഭവിക്കുന്നു, അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു” (കെ എം മൗലവി സാഹിബ്, പേജ് 10, നേര്‍പഥം, 2024 ജൂണ്‍ 15).
ഗവേഷണത്തില്‍ ഇതിനൊപ്പം വേറെയും ചില ഉദ്ധരണികള്‍ ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്. അതും അബ്ദുസ്സലാം സുല്ലമിയുടേതും മൊയ്തീന്‍ സുല്ലമിയുടേതുമൊക്കെയാണ്. വലിയ കണ്ടുപിടിത്തമായി ഇവയൊക്കെ അവതരിപ്പിക്കുന്നത് കണ്ടാലറിയാം മുജാഹിദ് ആദര്‍ശത്തെ കുറിച്ചുള്ള ഇവരുടെ വിവരക്കേട്.
മുകളില്‍ ഉദ്ധരിച്ച മൂസ മൗലവിയുടെ ഉദ്ധരണി ഇപ്രകാരമാണ്: ”…ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഏത് ദേശക്കാരായാലും മുസ്‌ലിംകളെല്ലാം അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും അവന്‍ ഏകനാണെന്നും അവനു യാതൊരു പങ്കുകാരുമില്ലെന്നും അവന് സമന്മാരായി ആരുമില്ലെന്നും ദൃഢമായി വിശ്വസിക്കുന്നവരാണ്. ഈ വിശ്വാസത്തിനാണ് ‘തൗഹീദ്’, ഏകദൈവവിശ്വാസം എന്നു പറയുന്നത്. ഇതിനു ഭംഗമോ കളങ്കമോ വരുത്തുന്ന വിശ്വാസത്തിനോ തജ്ജന്യമായ പ്രവൃത്തികള്‍ക്കോ ‘ശിര്‍ക്ക്’ എന്നു പറയുന്നു.
മനുഷ്യബുദ്ധിയാല്‍ രൂപപ്പെടാത്ത അമേയമായ അധികാരശക്തിക്ക് സ്വയം കീഴ്‌പെട്ടുകൊണ്ടു ചെയ്യുന്ന കീഴ്‌വണക്കമായ ആരാധന അല്ലാഹുവിനു മാത്രമേ അര്‍പ്പിക്കുകയുള്ളൂവെന്ന് വിശ്വസിച്ചിട്ടുള്ള ഒരു വ്യക്തിക്ക് മറ്റു യാതൊരു ശക്തിയെയും ദൈവമെന്ന നിലയില്‍ ആശ്രയിക്കാനോ അവലംബിക്കാനോ നിര്‍വാഹമില്ല തന്നെ. അപ്പോള്‍ അഭൗതികമായ മാര്‍ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കാന്‍ ആരെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്നു വിചാരിച്ചുകഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൗഹീദിന് എതിരായി ഭവിക്കുന്നു, അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു” (കെ എം മൗലവി ജീവചരിത്രം, അവതാരിക).
ജിന്നുകളും മലക്കുകളും മനുഷ്യരെ സംബന്ധിച്ചിടത്തോളം അഭൗതികമായ സൃഷ്ടികളാണെന്ന വസ്തുതയെ ഒരിക്കലും നിരാകരിക്കുന്നതല്ല ഈ വരികള്‍. മറിച്ച്, അല്ലാഹുവിനു മാത്രമുള്ള, മനുഷ്യബുദ്ധിയാല്‍ രൂപപ്പെടാത്ത അമേയമായ പ്രത്യേകതകള്‍ മറ്റു സൃഷ്ടികള്‍ക്ക് വകവെച്ചു നല്‍കുന്നതിലെ അപകടം പഠിപ്പിക്കുക മാത്രമാണ് മൂസ മൗലവി ചെയ്യുന്നത്. ജിന്നുകളും മലക്കുകളും ഗൈബിയായി മനുഷ്യനെ സഹായിക്കുമെന്ന വിശ്വാസവും, കൂടോത്രവും കണ്ണേറും ഫലിക്കുമെന്ന വിശ്വാസവും, ജിന്നുകളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്താല്‍ അവര്‍ സഹായിക്കും എന്ന വാദവുമൊക്കെ ശിര്‍ക്കാണെന്ന വസ്തുത ഉള്‍ക്കൊള്ളുന്ന ഈ വരികള്‍ വിസ്ഡം ആദര്‍ശങ്ങളെ കടപുഴക്കുന്നതാണ് എന്നതിനാലാണ് ഇതില്‍ നിന്ന് ചെറിയൊരു ഭാഗം മാത്രം അടര്‍ത്തി മാറ്റി ലേഖകന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
വെട്ടിമാറ്റിയ വരികള്‍
”മലക്കുകള്‍ക്കും ജിന്നുകള്‍ക്കും നമ്മെ സഹായിക്കാന്‍ സാധിക്കുമെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്കും കുഫ്‌റും സംഭവിക്കുന്നു” എന്ന, ‘തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും’ എന്ന പുസ്തകത്തിലെ അബ്ദുസ്സലാം സുല്ലമിയുടെ വരികളും ‘സെന്‍സിങ്ങ്’ മാസികയില്‍ സുല്ലമിയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തില്‍ നിന്ന് സമാനമായ മറ്റൊരു വരിയും അടര്‍ത്തിക്കൊണ്ടുവന്ന് തെറ്റിദ്ധരിപ്പിക്കുന്നുണ്ട് ‘നേര്‍പഥ’ത്തിലെ പ്രസ്തുത ലേഖനത്തില്‍.
യഥാര്‍ഥത്തില്‍ ജിന്നുകള്‍ക്കും മലക്കുകള്‍ക്കും നമ്മള്‍ ആവശ്യപ്പെടുമ്പോഴോ അവര്‍ ഇച്ഛിക്കുമ്പോഴോ നമ്മെ സഹായിക്കാനുള്ള കഴിവില്ലെന്നും, അത് ഉണ്ടെന്ന് വിശ്വസിക്കല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ് എന്നുമാണ് സലാം സുല്ലമി പ്രമാണബദ്ധമായി സമര്‍ഥിക്കുന്നത്. അതിനായി എഴുതിയ പുസ്തകത്തില്‍ നിന്ന് ഒരു വരിയെടുത്ത് അടര്‍ത്തി മാറ്റി അതിന്റെ നേര്‍വിരുദ്ധമായ ആശയം ആരോപിക്കുന്നത് എന്ത് നെറികേടാണ്! ആ പുസ്തകത്തിന്റെ ആദ്യഭാഗത്തു നിന്നാണ് ഈ വരികള്‍ എടുത്തിട്ടുള്ളത്. പ്രസ്തുത ഭാഗം നമുക്കൊന്ന് പരിശോധിക്കാം:
”അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവിന് മാത്രമേ നമ്മെ സഹായിക്കാന്‍ സാധിക്കുകയുള്ളൂ. ഈ വിശ്വാസം ഇസ്‌ലാം പ്രബോധനം ചെയ്യുന്ന ഏകദൈവ വിശ്വാസത്തിന്റെ പ്രധാന ഭാഗമാണ്. മലക്കുകള്‍ക്കും ജിന്നുകള്‍ക്കും നമ്മെ സഹായിക്കാന്‍ സാധിക്കുമെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്കും കുഫ്‌റും സംഭവിക്കുന്നു.
ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വല്ലവനും മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടിയാല്‍ അവന്റെ കര്‍മത്തിലും ശിര്‍ക്കും കുഫ്‌റും സംഭവിക്കുന്നു. അവന്‍ ബഹുദൈവ വിശ്വാസിയായിത്തീരുന്നു. മലക്കുകളെയും ജിന്നുകളെയും അവന്‍ ഇലാഹാക്കുകയോ റബ്ബാക്കുകയോ അവര്‍ക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, അവന്‍ ശിര്‍ക്കില്‍ നിന്നും സത്യനിഷേധത്തില്‍ നിന്നും മോചിതനാകുന്നില്ല. കാരണം മലക്കുകളോടും ജിന്നുകളോടും നാം എന്തു സഹായം ആവശ്യപ്പെട്ടാലും അത് അദൃശ്യവും അഭൗതികവുമായ മാര്‍ഗമാണ്, മരണപ്പെട്ടവരോട് ചോദിക്കുന്നതു പോലെത്തന്നെ.
ഇതുകൊണ്ടാണ് മുഹമ്മദ് നബി(സ) തന്റെ ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളും ഉണ്ടായപ്പോഴും പല അപകടങ്ങളില്‍ അദ്ദേഹം പതിച്ചപ്പോഴും അദ്ദേഹം അന്ന് ജീവിച്ചിരുന്ന വിഗ്രഹാരാധകന്‍മാരോടും കപടവിശ്വാസികളോടും സഹായം തേടിയിട്ടുപോലും മലക്കുകളോടും ജിന്നുകളോടും സഹായം തേടാതിരുന്നത്. അതുപോലെത്തന്നെയാണ് അവിടുത്തെ സഹാബിവര്യന്‍മാരും. ചില ഉദാഹരണങ്ങളിലൂടെ ഇത് വിശദീകരിക്കാം: ദൃശ്യവും ഭൗതികവും തെളിഞ്ഞതുമായ മാര്‍ഗത്തിലൂടെ, ജീവിച്ചിരിക്കുന്ന മനുഷ്യരുടെയും കുതിരകളുടെയും ഒട്ടകങ്ങളുടെയും വാളുകളുടെയും സഹായം ബദ്‌റിലെ വിജയത്തിന് നബി(സ) സ്വീകരിച്ചിരുന്നു. അതേസമയം മലക്കുകളെയും ജിന്നുകളെയും നബി(സ) സഹായത്തിന് സമീപിക്കുകയുണ്ടായില്ല. അവരില്‍ അല്‍പം പോലും അദ്ദേഹം പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്തില്ല. അല്ലാഹുവിലും അവന്റെ വാഗ്ദാനത്തിലുമാണ് പ്രതീക്ഷയര്‍പ്പിച്ചത്.
മലക്കുകളോടും ജിന്നുകളോടും സഹായം തേടല്‍ അദൃശ്യവും അഭൗതികവുമായ മാര്‍ഗമായതുകൊണ്ടാണ് നബി(സ) അതു ചെയ്യാതിരുന്നത്. മലക്കുകളും ജിന്നുകളും തനിക്കു ചുറ്റും ജീവിക്കുന്നവരാണ്, എന്നാല്‍ മരണപ്പെട്ടവര്‍ അപ്രകാരമല്ല. എന്നിട്ടും അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തില്‍ അല്ലാഹുവിനോടു മാത്രമാണ് പ്രവാചകന്‍ സഹായം തേടിയത്. അല്ലാഹു അപ്പോള്‍ മലക്കുകളെ നിയോഗിച്ചുകൊണ്ട് നബി(സ)യെ സഹായിക്കുകയാണുണ്ടായത്. ഇവിടെ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നബി(സ)യെ സഹായിച്ചത് അല്ലാഹുവാണ്.
അല്ലാഹു മലക്കുകളെ ഒരു മാധ്യമമായി നിയോഗിച്ചുവെന്നു മാത്രം. മലക്കുകളുടെ സഹായം പ്രവാചകന്‍ ഉദ്ദേശിക്കുകയും അതില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്തതുകൊണ്ടല്ല മലക്കുകള്‍ മുസ്‌ലിംകളെ ബദ്‌റില്‍ സഹായിച്ചത്. യുദ്ധഘട്ടത്തിലോ സമരവേളകളിലോ മലക്കുകളില്‍ നിന്നും ജിന്നുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നവര്‍ വിഗ്രഹാരാധകരും സത്യനിഷേധികളുമാവും. അവര്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടിയിട്ടില്ലെങ്കില്‍ പോലും.
എനിക്ക് ഒരു വീട് നിര്‍മിക്കണം. ഞാന്‍ അതിനു വേണ്ടി തൊഴിലാളികളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും അവരോട് സഹായം തേടുകയും ചെയ്താല്‍ ഏകദൈവ വിശ്വാസത്തിന് എതിരാകുന്നില്ല. എന്നാല്‍ സുലൈമാന്‍ നബി(അ)ക്ക് ജിന്നുകള്‍ വലിയ കൊട്ടാരങ്ങള്‍ നിര്‍മിച്ചുകൊടുത്തിട്ടുണ്ടെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചത് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ജിന്നുകളെയോ മലക്കുകളെയോ വിളിച്ച് സഹായം തേടി, അല്ലെങ്കില്‍ ഞാന്‍ ഉദ്ദേശിക്കുമ്പോള്‍ അവര്‍ എന്നെ സഹായിക്കുമെന്ന് വിശ്വസിച്ചു, അല്ലെങ്കില്‍ അവര്‍ ഉദ്ദേശിക്കുമ്പോള്‍ എന്നെ സഹായിക്കുമെന്ന് വിശ്വസിച്ചു- അപ്പോള്‍ ഞാന്‍ ബഹുദൈവ വിശ്വാസിയായി. ഇവിടെ മലക്കുകളെയും ജിന്നുകളെയും ഞാന്‍ ഇലാഹാക്കുകയോ റബ്ബാക്കുകയോ സ്വയം കഴിവ് അവര്‍ക്കുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്തിട്ടില്ലെങ്കിലും എന്നില്‍ ശിര്‍ക്കും കുഫ്‌റും സംഭവിക്കുന്നു. കാരണം അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹു അല്ലാത്തവരോട് സഹായം തേടലും സഹായം പ്രതീക്ഷിക്കലുമാണിത്” (തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും, പേജ് 11, 12, 15).
എത്ര വ്യക്തമാണ് ഈ വരികള്‍! ഇതിനകത്തെ ഒരു വരി മാത്രം എടുത്താണ് വിപരീതാര്‍ഥത്തിലേക്ക് വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ജിന്നുതേട്ട വാദത്തിലേക്ക് ആളുകളെ പ്രചോദിപ്പിക്കാന്‍ കുതന്ത്രം പയറ്റുന്നത്. മരണപ്പെട്ടുപോയ ഒരു പണ്ഡിതന്റെ വരികള്‍ അടര്‍ത്തി ദുര്‍വ്യാഖ്യാനിച്ച് അദ്ദേഹത്തിന്റെ ഈമാനിനെ തെറ്റിദ്ധരിപ്പിക്കാന്‍ പരലോക ഭയമില്ലാത്തവര്‍ക്കേ സാധിക്കൂ.
അമാനി മൗലവിയുടെ വ്യാഖ്യാനം
വിശുദ്ധ ഖുര്‍ആന്‍ 7:27ന്റെ വ്യാഖ്യാനത്തില്‍ അമാനി മൗലവി പിശാചിനെ കുറിച്ച്, ”അവര്‍ ഒരുതരം അദൃശ്യജീവികളാകുന്നു” എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അവര്‍ സൂക്ഷ്മജീവികളെ പോലെയാണ് എന്നല്ലല്ലോ. അവര്‍ നമ്മെ സംബന്ധിച്ചിടത്തോളം അഭൗതിക ജീവികളാണ് എന്നതുതന്നെയാണ്. അത് 2:3ന്റെ വ്യാഖ്യാനത്തില്‍ വളരെ ലളിതമായി വിശദീകരിക്കുന്നത് കാണുക: ”ഗയ്ബ് എന്ന വാക്കിന് ‘അദൃശ്യം അഥവാ മറഞ്ഞ കാര്യം’ എന്നാണ് വാക്കര്‍ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞതൊക്കെ ഭാഷാര്‍ഥപ്രകാരം ‘ഗയ്ബാ’കുന്നു. ഭര്‍ത്താക്കന്മാരുടെ അഭാവത്തില്‍ അനിഷ്ടങ്ങളൊന്നും പ്രവര്‍ത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി എന്ന് (4:34ല്‍) പറഞ്ഞത് ഈ അര്‍ഥത്തിലാണ്. ‘ഗയ്ബി’ല്‍ വിശ്വസിക്കുക എന്നതുകൊണ്ട് ഉദ്ദേശ്യം അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോകം, വിചാരണ, സ്വര്‍ഗം, നരകം, ഖബ്‌റിലെ അനുഭവങ്ങള്‍ ആദിയായി ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ ആന്തരേന്ദ്രിയങ്ങള്‍ വഴിയോ അല്ലെങ്കില്‍ ബുദ്ധി കൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും, വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്താവനകള്‍ കൊണ്ടു മാത്രം അറിയാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു ഗയ്ബ്.”
അതെ, മനുഷ്യന് ഒരുവിധേനയും മനസ്സിലാക്കാനോ അറിയാനോ സാധിക്കാത്തതും വഹ്‌യിലൂടെ മാത്രം അറിയാന്‍ കഴിയുന്നതുമായ കാര്യങ്ങളാണ് അഭൗതികം, ഗയ്ബ് എന്നൊക്കെ പറയുന്നത് എന്നര്‍ഥം. ഇതില്‍ എണ്ണിപ്പറഞ്ഞ ഉദാഹരണങ്ങള്‍ പോലെ ജിന്നും ഈയിനത്തില്‍ പെട്ടതാണെന്ന് ഉറപ്പാണല്ലോ. സങ്കീര്‍ണതകളില്ലാതെ ഇക്കാര്യം മനസ്സിലാക്കാന്‍ മറ്റൊരു ഉദാഹരണം നോക്കാം. ശത്രുക്കളെ പ്രതിരോധിക്കേണ്ടത് എപ്രകാരമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:
”അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതു മുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്കു പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റു ചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്ക് അതിന്റെ പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല” (8:60).
ബദ്ര്‍ യുദ്ധത്തിനു ശേഷം മുസ്‌ലിംകളുമായി യുദ്ധം നടത്തിയ എല്ലാ അറേബ്യന്‍ ശത്രുക്കളെയും അധികം താമസിയാതെ അവര്‍ക്ക് ഏറ്റുമുട്ടേണ്ടിവന്ന വിദേശ ശത്രുക്കളെയും ഭാവിയില്‍ മുസ്‌ലിംകള്‍ക്കു നേരെ ആക്രമണത്തിന് ഒരുങ്ങിയേക്കാവുന്ന എല്ലാ ശത്രുക്കളെയും ഉദ്ദേശിച്ചാണിതെന്ന് അമാനി മൗലവി ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു.
അതേസമയം അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ ആവര്‍ത്തിച്ച് നമ്മെ അറിയിച്ചുതരുന്ന മറ്റൊരു ശത്രുവുണ്ട്:
”തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു” (12:5).
”തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടി മാത്രമാണ്” (35:6).
ഈ ശത്രുവിനെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും അല്ലാഹു പഠിപ്പിക്കുന്നു:
”പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്നപക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും” (41:36).
പിശാചും അവന്റെ ഉപദ്രവവും നമ്മെ സംബന്ധിച്ചിടത്തോളം അഭൗതികമാണെന്നതുകൊണ്ടാണ് അവനില്‍ നിന്ന് ദുഷ്‌പ്രേരണയുണ്ടാവുമ്പോള്‍ അല്ലാഹുവിനോട് ശരണം തേടാന്‍ പറയുന്നത്. വിസ്ഡംകാര്‍ പറയുന്നതുപോലെ ജിന്ന് ഭൗതികമാണെങ്കില്‍ ഇങ്ങനെയല്ലല്ലോ പരിഹാരം നിര്‍ദേശിക്കുക.
(തുടരും)