22 Wednesday
October 2025
2025 October 22
1447 Joumada I 0

മാധ്യമങ്ങള്‍ അത്ര അധമരാണോ?

കെ ഇ അഹമ്മദ്‌

കേരളത്തില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും പിറ്റേ ദിവസം തിരികെ ലഭിക്കുകയും ചെയ്ത വാര്‍ത്ത നാം അറിഞ്ഞതാണ്. കുട്ടിയെ തിരികെ ലഭിക്കാവുന്ന സാഹചര്യമൊരുക്കിയത് ആരാണെന്നും ആദ്യം കുട്ടിയെ കണ്ടതാരാണെന്നുമൊക്കെ തര്‍ക്കിച്ചു കൊണ്ടിരിക്കുകയാണ് മലയാളികള്‍.
എന്നാല്‍, ഈ സംഭവം മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത് നിന്ന് ധാരാളം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കുമ്പോഴും അവരുടെ റിപ്പോര്‍ട്ടിംഗാണ് യഥാര്‍ഥത്തില്‍ കുറ്റവാളികള്‍ക്ക് കുട്ടിയെയും കൊണ്ട് കടന്നു കളയാന്‍ പറ്റാത്ത സാഹചര്യമൊരുക്കിയത് എന്ന കാര്യം കാണാതിരുന്നുകൂടാ.
മാധ്യമങ്ങളെ മാപ്രകള്‍ എന്നു കളിയാക്കി വിളിച്ച് രോഷം തീര്‍ത്തു തുടങ്ങിയത് ഇടത് ഭരണപക്ഷ അനുകൂലികളായ സോഷ്യല്‍മീഡിയ വെട്ടുകിളിക്കൂട്ടമാണ്. ഭരണപക്ഷത്തിന് എപ്പോഴും അനഭിമതരായിരിക്കുമല്ലോ മാധ്യമങ്ങള്‍. സമകാലിക മലയാള മാധ്യമ പ്രവര്‍ത്തനത്തിലുള്ള ബാലിശവും അനഭിലഷണീയവുമായ കാര്യങ്ങള്‍ എണ്ണിപ്പറയാന്‍ കഴിയാത്ത വിധം ബഹുലമാണ്. എന്നാ ല്‍ അതിനേക്കാള്‍ ബാലിശവും അരാഷ്ട്രീയവുമാണ് സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ഭരണകക്ഷിയുടെ പിണിയാളുകള്‍ നടത്തുന്ന മാധ്യമ വിമര്‍ശം.
മാധ്യമങ്ങള്‍ പ്രഹസനമാകുന്നത് അത് പ്രൊഫഷണല്‍ രാഷ്ട്രീയക്കാരുടെ വെറും കളിക്കളമായി മാറുമ്പോഴാണ്. എന്നാല്‍ മാധ്യമ രംഗത്തെ കൊള്ളരുതായ്മകളുടെ മറവില്‍ ഭരണപ്പാര്‍ട്ടികളിലെ രാപ്രകളും (രാഷ്ട്രീയ പ്രവര്‍ത്തകര്‍) അവരുടെ പ്രോപ്പഗണ്ടിസ്റ്റുകളായ ഫാബ് ഇന്ത്യാ നിരീക്ഷകരും വലിയ മോഹങ്ങളാല്‍ നയിക്കപ്പെടുന്ന മുന്‍ മാധ്യമ പ്രവര്‍ത്തകരും ഇപ്പോള്‍ നടത്തുന്നത് ജനാധിപത്യത്തിന്റെ നാലാം തൂണിനെ തച്ചുടക്കുന്ന പണിയാണ്.

Back to Top