കോണ്‍ഗ്രസിന് ഭയമാണോ?
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേരളത്തിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന പ്രചരണം ഇസ്ലാമോഫോബുകളായ നിരവധി പേര്‍ ഏറ്റെടുത്തിട്ടുണ്ട്. അതിന് മൂര്‍ച്ച കൂട്ടുന്ന വര്‍ഗീയ പ്രസ്താവനകള്‍ വെള്ളാപള്ളിയെ പോലുള്ളവരില്‍ നിന്ന് ഉണ്ടാവുകയും ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും അനര്‍ഹമായി നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ കൃത്യമായ കണക്കുകള്‍ പുറത്തു വിടണമെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടത് ഈ സന്ദര്‍ഭത്തിലാണ്. എന്നാല്‍, ഇസ്ലാമോഫോബിയയുടെ ആനൂകൂല്യം പറ്റാമെന്ന തെറ്റിദ്ധാരണയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
അതേസമയം, ഇതേ തെറ്റിദ്ധാരണയിലാണ് കോണ്‍ഗ്രസും നിലകൊള്ളുന്നത്. ദേശീയ തലത്തില്‍ മുസ്ലിം പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, വെറുപ്പിന്റെ ബസാറില്‍ സ്‌നേഹത്തിന്റെ കട തുറക്കാന്‍ താല്‍പര്യം കാണിച്ച രാഹുല്‍ ഗാന്ധി പോലും സമീപ കാലത്ത് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ മൗനം പാലിക്കുകയാണ്. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ ഏറ്റവും ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഛത്തീസ്ഗഢില്‍ നിന്നാണ്. പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെയാണ് തല്ലിക്കൊന്നിരിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാന്‍, ചന്ദ് മിയ ഖാന്‍, സദ്ദാം ഖുറേഷി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതേ കാലയളവില്‍ ഗുജറാത്തില്‍ നിന്നു സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തെലങ്കാനയിലാകട്ടെ, ബലിപെരുന്നാളിനോടനുബന്ധിച്ചാണ് ആക്രമണമുണ്ടായത്. മൃഗത്തെ ബലി നല്‍കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം മദ്രസ ആക്രമിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ മണ്ട്ലയില്‍ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചതിനെ തുടര്‍ന്ന് മുസ്ലിംകളുടെ 11 വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചു മാറ്റിയതും ഇതേ സമയത്താണ്. പൊലീസിന്റെ നേതൃത്വത്തിലാണ് ഈ സംഭവം നടന്നത്. നിയമവിരുദ്ധമായി ബീഫ് കച്ചവടം നടത്തിയെന്നാണ് പോലീസിന്റെ വാദം. പ്രതികള്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിയമം ലംഘിച്ചാണ് വീടുകള്‍ നിര്‍മിച്ചതെന്നും പോലീസ് ആരോപിക്കുന്നു. നിയമവിരുദ്ധ നിര്‍മാണം ആണെങ്കില്‍ തന്നെ അത് പൊളിച്ച് നീക്കാനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെയാണോ എന്ന പ്രാഥമിക ചോദ്യം ഇവിടെയുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പെ പല സംസ്ഥാനങ്ങളിലും നടന്നിരുന്ന ബുള്‍ഡോസര്‍ രാജ് തന്നെയാണ് ഇപ്പോള്‍ ഇവിടെയും നടക്കുന്നത്.
ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മൗനത്തിലാണ്. ഇന്ത്യയിലെ ജനങ്ങള്‍, വിശേഷിച്ചും ന്യൂനപക്ഷങ്ങള്‍, വളരെ പ്രതീക്ഷയോടെ വോട്ട് ചെയ്ത് വിജയിപ്പിച്ച ഇന്‍ഡ്യ മുന്നണി ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. മൂന്നാം എന്‍ ഡി എ സര്‍ക്കാറിന്റെ പതിനഞ്ച് ദിവസം കൊണ്ട് രാജ്യത്ത് നടന്ന ചെറുതും വലുതുമായ സംഭവങ്ങളെ ലിസ്റ്റ് ചെയ്തുകൊണ്ട്, പ്രധാനമന്ത്രിക്ക് പദവി നിലനിര്‍ത്താനേ നേരമുള്ളൂ, രാജ്യം ഭരിക്കാന്‍ സമയമില്ല എന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. അതിലും പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകം ഒരു വിഷയമേ ആയില്ല എന്നത് ഗൗരവകരമാണ്. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുക വഴി മുസ്ലിം പ്രീണനം നടത്തുന്നു എന്ന സംഘപരിവാര്‍ ആരോപണത്തെ കോണ്‍ഗ്രസ് ഭയപ്പെടുകയാണോ?. ഇങ്ങനെ ഭയപ്പെടുന്ന ഒരു കോണ്‍ഗ്രസിനെയല്ല ഇന്ത്യയിലെ സാമാന്യജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. വോട്ടിംഗ് പാറ്റേണ്‍ നല്‍കുന്ന സൂചനകള്‍ അതാണ്. അതേ സമയം, സി പി എം പോളിറ്റ് ബ്യൂറോ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്. സീതാറാം യെച്ചൂരി ഈ വിഷയകമായി പത്രപ്രസ്താവന നല്‍കുകയുണ്ടായി. കേരളത്തിലെ ഇടതുപക്ഷം തോല്‍ക്കാനുണ്ടായ കാരണം എന്ന ലേബലൊട്ടിച്ച മുസ്ലിം പ്രീണനം യാഥാര്‍ഥ്യ ബോധമുള്ളതല്ല എന്ന് സാമാന്യമായി രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്കൊക്കെ അറിയാം. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയില്‍ വരുന്ന ഒരു കാര്യത്തിലും നീതിപൂര്‍വകമായി ഇടപെടാന്‍ തയ്യാറായില്ല എന്നതാണ് യഥാര്‍ഥ പ്രശ്‌നം. അതുകൊണ്ട് മുസ്ലിം പ്രീണനമല്ല, നീതിയും സൈ്വര്യജീവിതവും നിഷേധിക്കപ്പെടുന്ന മുസ്ലിം ജീവിതമാണ് അഡ്രസ്സ് ചെയ്യപ്പെടേണ്ട യഥാര്‍ഥ വിഷയമെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം.