27 Saturday
July 2024
2024 July 27
1446 Mouharrem 20

ഇരുമ്പില്ലാതെന്തു ജീവിതം!

അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ


പലതരം ലോഹങ്ങളും മനുഷ്യന്‍ ജീവിതാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. സ്വര്‍ണം ആഭരണമുണ്ടാക്കാനും ചെമ്പ്, അലൂമിനിയം എന്നിവ പാത്രങ്ങള്‍, വൈദ്യുത വാഹിനികള്‍, നാണയങ്ങള്‍ എന്നിവയ്ക്കും ഉപയോഗിക്കുന്നു. വെള്ളിക്ക് വൈദ്യതവാഹകശേഷി കൂടുതലാണെങ്കിലും കൂടിയ വില കാരണം അവ ഈ ആവശ്യത്തിന് ഉപയോഗിക്കുന്നില്ല. സ്വര്‍ണവും വെള്ളിയും നാണയമെന്ന നിലയില്‍ തിളങ്ങിയ കാലമുണ്ടായിരുന്നു. ഓട്, പിത്തള (പിച്ചള) തുടങ്ങിയ ഏറെ ലോഹസങ്കരങ്ങളും വിവിധങ്ങളായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം ഏതെന്ന് ചോദിച്ചാല്‍ ഇരുമ്പ് എന്ന ഉത്തരമാണ് കിട്ടുന്നത്. ഇരുമ്പിന്റെ ഉപയോഗം ആകെ ലോഹങ്ങളുടെ ഉപയോഗത്തിന്റെ തൊണ്ണൂറു ശതമാനം വരും. കൂര്‍പ്പിച്ച എല്ലുകളും കല്ലുകളും ആയുധമാക്കിയിരുന്ന മനുഷ്യന്‍ ഇരുമ്പ് വേര്‍തിരിച്ചെടുക്കാന്‍ പഠിച്ചതോടെ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനും യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിനുമായി ഇരുമ്പ് വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങി.
ആധുനിക മനുഷ്യന് ഇരുമ്പിനെ ആശ്രയിക്കാത്ത ഒരു ദിനം സ്വപ്‌നം കാണാന്‍ കഴിയില്ല. നാട്ടുപണിക്കാരുപയോഗിക്കുന്ന കൈക്കോട്ട്, അരിവാള്‍, പാര, മഴു, പിക്കാസ് എന്നിവയൊക്കെ ഇരുമ്പുകൊണ്ട് നിര്‍മിതമാണ്. വീട്ടിലാകട്ടെ, കത്തി, കൊടുവാള്‍, ചിരവ തുടങ്ങി ഏറെ വസ്തുക്കള്‍ ഇരുമ്പുകൊണ്ട് നിര്‍മിതമാണ്. വസ്ത്രത്തിന്റെ കുടുക്കൊന്ന് പൊട്ടിയാല്‍ പുതിയ കുടുക്ക് തുന്നിപ്പിടിപ്പിക്കാന്‍ വീട്ടമ്മയ്ക്ക് സൂചി വേണം. കൃഷിക്കാരന്റെ കൃഷിയുപകരണങ്ങള്‍, കല്ലാശാരിയുടെ മഴു, ചട്ടുകം, മരയാശാരിയുടെ ഉളി, ചുറ്റിക തുടങ്ങി ഏത് തൊഴില്‍ മേഖലയില്‍ നിന്നും ഇരുമ്പിനെ മാറ്റിനിര്‍ത്താനാവില്ല. ഓഫിസിലുപയോഗിക്കുന്ന സ്റ്റാപ്ലര്‍, പഞ്ചിംഗ് മെഷീന്‍, മൊട്ടുസൂചി, ക്ലിപ് എന്നിവ നിര്‍മിക്കാനും ഇരുമ്പ് കൂടിയേ തീരൂ.
വീട് നിര്‍മാണത്തിനുള്ള വാര്‍ക്കമ്പികള്‍, ജനലഴികള്‍ എന്നിവ ഇരുമ്പിന്റെ സ്ഥാനം ഉറപ്പിക്കുന്നു. ഇരുമ്പുകൊണ്ടുള്ള ജനല്‍, വാതില്‍, കട്ടിലകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. സൈക്കിള്‍ മുതല്‍ തീവണ്ടിവരെയുള്ള വാഹനങ്ങള്‍ ഇരുമ്പില്‍ തീര്‍ത്തവതന്നെ. പുതിയ ബൈപ്പാസ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ജെ സി ബി, റോഡ് റോളര്‍ തുടങ്ങി കുട്ടികളുടെ കളിപ്പാട്ടംവരെ ഇരുമ്പിനെ മാറ്റിനിര്‍ത്താനാവില്ല. എഴുത്തുകാരന്റെ പേനയുടെ നിബ്ബ് ഇരുമ്പുകൊണ്ട് നിര്‍മിച്ചതാണ്. ലോകത്തിലെ വിപ്ലവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും നാന്ദി കുറിച്ച എഴുത്തുകാരനെ സഹായിക്കാന്‍ ഇരുമ്പ് മടി കാണിച്ചിട്ടില്ല.
ഇന്ത്യന്‍ ചരിത്രത്തില്‍ ആര്യന്മാരുടെ അധിനിവേശവുമായി ഇരുമ്പിന് ബന്ധമുള്ളതായി ചില ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നേരത്തെ വസിച്ചിരുന്ന ദ്രാവിഡര്‍ ചെമ്പുകൊണ്ടുള്ള വാളുകളാണ് ഉപയോഗിച്ചിരുന്നത്. ആര്യന്മാരുടെ വാളുകളാകട്ടെ ഇരുമ്പുകൊണ്ട് നിര്‍മിതമായിരുന്നു. ഇരുമ്പിന്റെയും ചെമ്പിന്റെയും വാളുകള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ചെമ്പിന്റെ വാളുകള്‍ വളഞ്ഞുപോയി. ആര്യന്മാരെ ചെറുത്ത് നില്‍ക്കാനാവാതെ ദ്രാവിഡര്‍ തെക്കേ ഇന്ത്യയിലേക്ക് പിന്‍വാങ്ങി.
ഖുര്‍ആനിലെ ഒരു അധ്യായത്തിന് ഇരുമ്പ് അഥവാ ഹദീദ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 52-ാം അധ്യായത്തിലെ 25-ാം സൂക്തം ഇങ്ങനെ പറയുന്നു: ”ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളാനായി അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസും ഇറക്കിക്കൊടുത്തു. അതില്‍ കഠിനമായ ആയോധനശക്തിയും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്”. മുന്‍ കാലങ്ങളില്‍ യുദ്ധത്തിന് ഉപയോഗിച്ച വാള്‍, പരിച എന്നിവ ഇരുമ്പ്‌കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. ഇന്ന് യുദ്ധക്കപ്പലുകളും തോക്കുകളും നിര്‍മിക്കാനും ഇരുമ്പ് ആവശ്യമാണ്. യുദ്ധം പലപ്പോഴും നീതി നടപ്പാക്കാന്‍ വേണ്ടിയാണല്ലോ(അപവാദങ്ങള്‍ ഉണ്ടായിരിക്കാം). തുലാസാകട്ടെ നീതിയുടെ ചിഹ്നവുമാണ്. വേദഗ്രന്ഥം നീതിയെന്താണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വിവരിച്ചുതരുന്നു. കുറ്റവാളിയുടെ കൈ വെട്ടുക, ശിരച്ഛേദം നടത്തുക എന്നിവയ്ക്കും ഇരുമ്പിന്റെ ആയുധങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇതും നീതി നടപ്പാക്കുന്നതിന്റെ ഭാഗമാണ്. യുദ്ധശേഷിയായിരിക്കണം ആയോധനശക്തി എന്നതിന്റെ വിവക്ഷ. സൂറതുല്‍കഹ്ഫിലും ഇരുമ്പിനെപറ്റി പരാമര്‍ശമുണ്ട്. രണ്ട് പര്‍വതനിരകള്‍ക്കിടയിലൂടെ അക്രമികളായ യഅ്ജൂജ് മഅ്ജൂജ് കടന്നുവരുന്നത് തടയാന്‍ അവയ്ക്കിടയില്‍ മതില്‍ പണിയാന്‍ ദുല്‍ഖര്‍നൈനിയോട് ജനങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇരുമ്പ് കൊണ്ടുവന്ന് ആ ഇടം നിറക്കുകയും, അത് ജ്വലിപ്പിച്ച് ഒന്നാക്കുകയും ചെയ്തശേഷം അതിന്റെ മുകളില്‍ ചെമ്പിന്റെ ആവരണമിടുന്നു. ഇരുമ്പ് അന്തരീക്ഷവായുവുമായി പ്രവര്‍ത്തിച്ച് എളുപ്പം തുരുമ്പിക്കുന്നു. ഇത് തടയാനായിരിക്കണം ചെമ്പിന്റെ ആവരണം പൂശിയത്. ചെമ്പിന് ഇരുമ്പിനേക്കാള്‍ ലോഹനാശനം കുറവാണല്ലോ. ഇവിടെയും അനീതിക്കെതിരായ ഭിത്തിയാണ് നിര്‍മിച്ചത്. അതുകൊണ്ടുതന്നെയായിരിക്കാം ഇരുമ്പിറക്കി എന്ന് പറയുന്നതിനു മുമ്പ് തുലാസിന്റെ കാര്യം പരാമര്‍ശിച്ചത്.
ജീവശരീരത്തിന്നകത്തും ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയും. മനുഷ്യ ശരീരത്തില്‍ ഏകദേശം 4.5 ഗ്രാം ഇരുമ്പുണ്ട്. ഇതിന്റെ 65% ഹീമോഗ്ലാബിനിലാണ് ഉള്ളത്. ശരീരത്തിലുള്ള വിവിധ എന്‍സൈമുകളില്‍ ഇരുമ്പിന്റെ സാന്നിധ്യമുണ്ട്. അസ്ഥി മജ്ജകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹീമോഗ്ലാബിന്‍ രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നു. ശ്വാസകോശങ്ങളില്‍ നിന്ന് ഓക്‌സിജനെ വഹിച്ച് കോശങ്ങളിലെത്തിക്കുന്നത് ഹീമോഗ്ലോബിനാണ്. കോശങ്ങളിലുള്ള ആഹാരവുമായി ഈ ഓക്‌സിജന്‍ പ്രവര്‍ത്തിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്നു. ഹീമോ ഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ ശ്വാസകോശത്തില്‍ നിന്ന് കോശങ്ങളിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുകയും ശരീരത്തിന്റെ ഊര്‍ജസ്വലത കുറയുകയും ചെയ്യുന്നു. പേശികള്‍ക്ക് ഊര്‍ജം നല്‍കുന്ന മയോഗ്ലോബിന്റെ ഉല്‍പാദനത്തിനും ഇരുമ്പ് അത്യാവശ്യമാണ്.
ഡി എന്‍ എയുടെ നിര്‍മാണം തുടങ്ങിയ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലും ഇരുമ്പ് പങ്കുവഹിക്കുന്നുണ്ട്. ആമാശയ അമ്ലങ്ങള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം കുറയുന്നു. സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്ന ആളുകളിലും ഈ അവസ്ഥ സംജാതമാവുകയും ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം കുറയുകയും ചെയ്യുന്നു. ജലത്തില്‍ ലയിക്കാത്ത ഇരുമ്പിന്റെ ഫെറിക്ക് രൂപവും ഇരുമ്പിന്റെ ആഗിരണത്തിന് തടസ്സമാവുന്നു. യീസ്റ്റുകള്‍ അലേയമായ ഫെറിക്ക് അയേണിനെ ലേയമായ ഫെറസ് രൂപമാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ച ആഹാരങ്ങളില്‍ നിന്ന് ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം വേഗത്തില്‍ നടക്കുന്നു. മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുമ്പോഴും ഈ ഗുണം ലഭ്യമാകുന്നുണ്ട്.
ജന്തുക്കള്‍ക്ക് മാത്രമല്ല, സസ്യജീവിതത്തിനും ഇരുമ്പ് അത്യാവശ്യമാണ്. ഹരിതകണത്തിന്റെ നിര്‍മാണം അവയുടെ പ്രവര്‍ത്തനക്ഷമത എന്നിവ ഇരുമ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. സൗരോര്‍ജം പിടിച്ചെടുത്ത് ആഹാരം ഉല്‍പാദിപ്പിക്കുന്നത് സസ്യങ്ങളാണ്. ഈ പ്രവര്‍ത്തനമാകട്ടെ ഹരിത കണങ്ങളില്ലാതെ നടത്താന്‍ കഴിയാത്തതുമാണ്. അഥവാ ഇരുമ്പില്ലാതെ ജീവന്‍ നിലനില്‍ക്കുക സാധ്യമല്ല. ഭൂമിയുടെ ഉപരിതലത്തിലുള്ള ഇരുമ്പ് ലവണങ്ങളില്‍ നിന്നാണ് സസ്യങ്ങള്‍ അവക്കാവശ്യമായ ഇരുമ്പ് ശേഖരിക്കുന്നത്.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അകക്കാമ്പിലേക്ക് പോകുമ്പോള്‍ ഇരുമ്പിന്റെ അളവ് വര്‍ധിച്ചുവരുന്നതായി കാണാം. അകക്കാമ്പിന് പകരം ഉപരിഭാഗത്ത് കൂടുതല്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നുവെങ്കില്‍ സസ്യങ്ങള്‍ക്ക് അത് വിഷമകരമായിത്തീരുമായിരുന്നു. ശരീരത്തില്‍ ഇരുമ്പിന്റെ ആധിക്യം ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും ഒരുപോലെ ദോഷകരമാണ്. ഭൂമിയുടെ പുറന്തോടില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞും അകക്കാമ്പില്‍ കൂടുതലുമായി അടങ്ങിയിരിക്കുന്നതുകൊണ്ട് സസ്യങ്ങളില്‍ അമിതമായി ഇരുമ്പിന്റെ അംശം എത്തുന്നത് പ്രകൃത്യാതന്നെ തടയുന്നു.
മനുഷ്യരിലാകട്ടെ, ആമാശയാമ്ലം ഇരുമ്പിന്റെ കൂടിയ ആഗിരണം തടയുന്നതിന് സഹായിക്കുന്ന കാര്യം മുമ്പേ സൂചിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ അകക്കാമ്പിലെ ഉരുകിയ ഇരുമ്പ് ഭൂമിയുടെ കാന്തിക മണ്ഡലത്തിനു സഹായകരമാണ്. ഭൂമിയുടെ ഉരുകിയ അകക്കാമ്പിന്റെ ഭ്രമണവേഗം പുറന്തോടിന്റെ ഭ്രമണവേഗത്തില്‍ അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ഭൂമിക്ക് കാന്തികമണ്ഡലങ്ങളുള്ളതുകൊണ്ടാണ് വിമാനമടക്കമുള്ള വാഹനങ്ങള്‍ക്ക് ദിശ തിരിച്ചറിഞ്ഞ് സഞ്ചരിക്കാന്‍ കഴിയുന്നത്. ദേശാടനപക്ഷികള്‍, കടലാമകള്‍, മത്സ്യങ്ങള്‍ എന്നിവയുടെ സഞ്ചാരപഥങ്ങളും ഭൂമിയുടെ കാന്തിക മണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഭൂമിയുടെ മുപ്പത്തഞ്ചു ശതമാനം ഇരുമ്പാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഉപരിഭാഗത്ത് ഇത് ഏകദേശം അഞ്ച് ശതമാനമേയുള്ളൂ. ഭൂമിയില്‍ ജീവന്റെ നിലനില്‍പിന്നടിസ്ഥാനമായ ഈ സൃഷ്ടിപ്പ് കേവലം യാദൃച്ഛികമെന്നു കരുതാനാവില്ല. വലിയ വേഗത്തില്‍ സഞ്ചരിക്കുമ്പോഴും സ്വയം ഭ്രമണം നടത്തുമ്പോഴും ഒരു വിരിപ്പുപോലെ അത് സുഖപ്രദമാക്കി തന്ന നാഥന്റെ കരങ്ങള്‍ തന്നെയാണ് ഭൂമിയുടെ അകക്കാമ്പിലും പുറന്തോടിലും ജീവജാലങ്ങള്‍ക്കാവശ്യമായ തരത്തില്‍ ഇരുമ്പിനെ സംവിധാനിച്ചതിനും പിന്നിലുള്ളത്.
മനുഷ്യ ശരീരത്തിലും ജന്തു സസ്യ ശരീരങ്ങളിലും ഇരുമ്പിന്റെ അളവ് വേണ്ട അളവിനെക്കാള്‍ കുറയുന്നത് ഏറെ പ്രയാസങ്ങള്‍ക്ക് കാരണമാകുന്നു. സസ്യങ്ങളില്‍ ആഹാരം നിര്‍മിക്കുന്ന ഹരിത കണങ്ങളുടെ രൂപീകരണം തടസപ്പെടുമ്പോള്‍ മനുഷ്യരില്‍ അസ്ഥിമജ്ജകളില്‍ അരുണരക്താണുക്കള്‍ രൂപപ്പെടുന്നതിന് ഈ കുറവ് തടസമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തില്‍ രണ്ട് ബില്യണ്‍ ജനങ്ങളില്‍ വിളര്‍ച്ചയുള്ളതായി കണക്കാക്കുന്നു. ഇതിന്റെ പകുതിയും ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയാണ്.
തിന്നുകയും കുടിക്കുകയും ചെയ്യുവീന്‍, എന്നാല്‍ അമിതമാകരുത് എന്ന വസ്തുത ഇവിടെയും ബാധകം തന്നെ. അമിതാഹാരം കഴിക്കുന്നവരിലും പൊണ്ണത്തടിയന്മാരിലും ഇരുമ്പിന്റെ അംശം വേണ്ട അളവില്‍ ആഗിരണം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇരുമ്പിനെ ഇറക്കിത്തന്ന് മനുഷ്യരാശിയെ അനുഗ്രഹിച്ച നാഥനെ എത്ര സ്തുതിച്ചാലും അധികമാകില്ല. ശരീരത്തിന്നകത്തെത്തിയ ഇരുമ്പ് രക്തസ്രാവം മൂലം മാത്രമേ ശരീരത്തില്‍ നിന്നും പുറത്തുപോകുന്നുള്ളൂ.
ഇതിന്നപ്പുറം ഇരുമ്പ് നല്‍കുന്ന പാഠങ്ങളും കാണാതെ പോകരുത്. ഉപയോഗിക്കാതെ വെറുതെയിട്ടാല്‍ ഇരുമ്പ് തുരുമ്പിച്ചു നശിക്കുന്നു. മനുഷ്യ ശരീരത്തിലും കായികബലം, തലച്ചോറ് എന്നിവ ഉപയോഗിക്കാതിരിക്കുന്നത് അവയെ ക്ഷയിപ്പിക്കുന്നു. എന്നാല്‍ നിരന്തരം ഉപയോഗിക്കുന്ന ആയുധങ്ങളാവട്ടെ തുരുമ്പെടുക്കുകയില്ലെന്നു മാത്രമല്ല, അവയ്ക്ക് നല്ല തിളക്കവും ഉണ്ടായിരിക്കും. കായിക ബലവും തലച്ചോറും വേണ്ട രീതിയില്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തികളുടെ തിളക്കവും കൂടുന്നതായി കാണാം. ഇരുമ്പ് ദണ്ഡുകള്‍ പരസ്പരം വെല്‍ഡ് ചെയ്ത് ഒന്നാകുമ്പോള്‍ അതിന്റെ ശക്തികൂടുന്നതായി കാണാം. മനുഷ്യരും ഒരുമയോടെ കഴിയുമ്പോള്‍ ശക്തി കൂടുക മാത്രമല്ല, ജീവിതം ആഹ്ലാദകരമായിത്തീരുകയും ചെയ്യുന്നു. വിവിധതരം ഇരുമ്പുകള്‍ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുപോലെ മനുഷ്യരിലെ വ്യത്യസ്ത കഴിവുകള്‍ വ്യത്യസ്ത മേഖലകളെ സമ്പുഷ്ടമാക്കുന്നു. അഹങ്കാരവും അസൂയയും മനുഷ്യരില്‍ തുരുമ്പുപോലെ മനത്തെ നശിപ്പിക്കുന്നു. എന്നാല്‍ വിനയവും വിവേകവും വ്യക്തികളെ ഉരുക്കിനു സമാനമായി മാറ്റുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x