ഇറാഖില്‍ വംശീയ സംഘര്‍ഷം
ഒരാഴ്ചയിലേറെയായി ഇറാഖിലെ എണ്ണസമ്പന്ന മേഖലയായ കിര്‍കുക് നഗരത്തില്‍ വംശീയ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. ഇറാഖി സുരക്ഷാ സേനയുടെ പ്രവിശ്യാ ആസ്ഥാനമായി മാറിയ കെട്ടിടം കുര്‍ദുകള്‍ക്ക് തിരികെ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. കുര്‍ദുകളോടുള്ള സൗഹാര്‍ദപരമായ സമീപനത്തിന്റെ സൂചനയായാണ് ഇറാഖ് സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍, കിര്‍കുക് നഗരത്തിലെ ന്യൂനപക്ഷമായ അറബികളില്‍ നിന്നും തുര്‍ക്‌മെനുകളില്‍ നിന്നും രോഷാകുലമായ പ്രതികരണത്തിനാണ് ഇത് ഇടയാക്കിയതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഒരുകാലത്ത് കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (കെഡിപി) ആസ്ഥാനമായിരുന്ന കിര്‍കുക്കിലെ ഒരു കെട്ടിടമാണ് തര്‍ക്കത്തിനാധാരം. 2017 മുതല്‍ ഇത് ഇറാഖി സൈനികത്താവളമായി ഉപയോഗിക്കുകയായിരുന്നു. സപ്തംബര്‍ ഒന്നിന് സൈനിക കെട്ടിടം കെഡിപിക്കു തന്നെ കൈമാറാന്‍ ഇറാഖി സായുധസേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ സുഡാനി പുറപ്പെടുവിച്ച ഉത്തരവ് കോടതി തടയുകയായിരുന്നു. കുര്‍ദുകള്‍ക്ക് സ്വയംഭരണാധികാരമുള്ള വടക്കന്‍ ഇറാഖിലെ എണ്ണസമ്പന്നമായ പ്രവിശ്യയാണ് കിര്‍കുക്. ഇറാഖ് ഭരിക്കുന്ന ശീഈ ആധിപത്യമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ഐഎസിനു ശേഷം രാജ്യത്തെ ഏറ്റവും മോശമായ അക്രമങ്ങളുടെ കേന്ദ്രബിന്ദുവാണിത്.