30 Friday
January 2026
2026 January 30
1447 Chabân 11

ഇറാഖില്‍ ഉമയ്യ കാലത്തെ മണ്ണുകൊണ്ടുള്ള മസ്ജിദ് കണ്ടെത്തി


ഇറാഖില്‍ തെക്ക് പുരാവസ്തു സമ്പന്നമായ ദിഖാര്‍ ഗവര്‍ണറേറ്റില്‍ ഹിജ്‌റ 60 (എ ഡി 679) കാലഘട്ടില്‍ മണ്ണുകൊണ്ട് നിര്‍മിച്ച മസ്ജിദ് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബ്രിട്ടീഷ് മ്യൂസിയം പര്യവേഷണ വിഭാഗവും ഇറാഖ് പ്രാദേശിക വിഭാഗവും ചേര്‍ന്നാണ് പര്യവേഷണം നടത്തിയത്. രിഫാഈ പട്ടണത്തില്‍ കണ്ടെത്തിയ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ജനവാസ നഗരത്തിന്റെ മധ്യത്തിലാണ്. മസ്ജിദിന് ഏകദേശം എട്ട് മീറ്റര്‍ (26 അടി) വീതിയും അഞ്ച് മീറ്റര്‍ (16 അടി) നീളവുമുണ്ട്. മസ്ജിദിന്റെ മധ്യത്തിലായി ഇമാമിന് ചെറിയ ആരാധനാ പീഠവുമുണ്ട്. അത് 25 പേരെ ഉള്‍കൊള്ളുമെന്ന് പുതിയ പര്യവേഷണ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. ഇത് ഏറ്റവും സുപ്രധാനമായ, വലിയ കണ്ടെത്തലുകളിലൊന്നാണെന്ന് ഗവര്‍ണറേറ്റിലെ അന്വേഷണപര്യവേഷണ വിഭാഗം മേധാവി അലി ശല്‍ഖം പറഞ്ഞു. ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മിച്ച മസ്ജിദാണിത്. പുരാവസ്തുശാസ്ത്രപരമായ പല മതകീയ സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവ ഉമയ്യ കാലഘട്ടത്തിലേതായിരിക്കാം. എന്നാല്‍, മണ്ണൊലിപ്പ് മൂലം ഇസ്‌ലാമിന്റെ ആ കാലഘട്ടത്തെ കുറിച്ച് അധികമൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് അലി ശല്‍ഖം കൂട്ടിച്ചേര്‍ത്തു.

Back to Top