1 Friday
March 2024
2024 March 1
1445 Chabân 20

ഇറാനിലെ മത പൊലീസ്‌


മഹ്‌സാ അമിനിയുടെ മരണം മൂലം ഇറാനില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലഹം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ്. കഴിഞ്ഞ സപ്തംബറിലാണ് മഹ്‌സാ എന്ന ഇരുപത്തിരണ്ടുകാരി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ശിരോവസ്ത്രം കൃത്യമായി ധരിക്കാത്തതിന് ഇറാനിലെ മതപോലീസ് അവരെ അറസ്റ്റ് ചെയ്തുവെന്നും കസ്റ്റഡിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തി എന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ പൊട്ടിപ്പുറപ്പെട്ട സമരം മാസങ്ങള്‍ പിന്നിട്ടിട്ടും ശക്തമായി നിലനില്‍ക്കുന്നു. വിദ്യാര്‍ഥികളും യുവജനതയുമാണ് സമരരംഗത്തുള്ളത്.
1979-ലെ വിപ്ലവത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരമാണ് ഇപ്പോഴത്തേത്. ഇറാനിലെ സ്ത്രീകളുടെ കൈകളിലാണ് ഈ സമരത്തിന്റെ നേതൃത്വം. സമരത്തിന്റെ തുടക്കം മുതലേ, സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വിദേശ ശക്തികളുടെ സഹായത്തോടെ നടത്തുന്ന കലാപം എന്ന നിലയിലാണ് ഭരണകൂടം ഇതിനെ കണ്ടത്. പ്രസിഡന്റ് ഇബ്‌റാഹീം റഈസി സമരക്കാരെ ശക്തമായി നേരിടാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നത്.
പാശ്ചാത്യലോകത്തെ കടന്നാക്രമിക്കുന്നു എന്ന വ്യാജേന നിരന്തരം പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും സുന്നി ഭൂരിപക്ഷ രാജ്യങ്ങളില്‍ അസ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ശീഈ രാഷ്ട്രമായ ഇറാന് പ്രത്യേകമായ താല്പര്യങ്ങളുണ്ട്. മേഖലയിലെ രാഷ്ട്രീയ ബലാബലങ്ങളില്‍ എപ്പോഴും ഇടഞ്ഞുനില്‍ക്കുന്ന ഇറാനെ സംബന്ധിച്ചേടത്തോളം ഇപ്പോഴത്തെ ആഭ്യന്തര കലഹം ഏറെ നിര്‍ണായകമാണ്. ഈ സമരകാലത്ത് ഏറ്റവും കൂടുതല്‍ ഭരണകൂട കൊലപാതകങ്ങള്‍ നടന്നിട്ടുള്ളതും കഷ്ടങ്ങള്‍ അനുഭവിക്കുന്നതും ഇറാനിലെ ന്യൂനപക്ഷമായ കുര്‍ദ് വംശജരാണ്. മതയാഥാസ്ഥിതികതയുടെ കാര്യത്തില്‍ കുര്‍ദ് വംശജരും ഇറാനിലെ ശീഈ വിശ്വാസികള്‍ക്ക് സമമാണ്. എന്നിരുന്നാലും നിരവധി കുര്‍ദ് സ്ത്രീകളാണ് ഈ സമരത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആഭ്യന്തര കലാപം വിജയത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇറാനിലെ ശീഈ ഭരണകൂടം കഴിഞ്ഞ ആഴ്ച നല്‍കിയ വിശദീകരണമനുസരിച്ച് മതപോലീസ് സംവിധാനം പിന്‍വലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍, ഇപ്പോഴുണ്ടായ സമരത്തിന്റെ പെട്ടെന്നുള്ള കാരണമായാണ് മഹ്‌സായുടെ മരണം വര്‍ത്തിച്ചിട്ടുള്ളത്. അതേ സമയം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, അഭിപ്രായ സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശം, പൗരാവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാനില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
റഷ്യ- യുക്രൈന്‍ യുദ്ധം ഉണ്ടാക്കിയ ആഗോള സാമ്പത്തിക പ്രതിസന്ധി ഇറാനെയും ബാധിച്ചിട്ടുണ്ട്. 2015-ല്‍ ഇറാനു വേണ്ടി സിറിയന്‍ ആഭ്യന്തര കലഹത്തില്‍ റഷ്യ ഇടപെട്ടിരുന്നു. ഇപ്പോഴത്തെ യുദ്ധത്തില്‍ റഷ്യയും ഇറാനും പൊതുതാല്‍പര്യങ്ങള്‍ കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ ഇറാന്‍ പരസ്യമായി തന്നെ റഷ്യക്ക് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു. ഭരണ സംവിധാനത്തിലും സംസ്‌കാരത്തിലും ഒരു യോജിപ്പും കണ്ടെത്താനാവാത്ത രണ്ട് രാജ്യങ്ങളുടെ പൊതുതാല്‍പര്യം മിഡിലീസ്റ്റിലെ അസ്ഥിരതയാണ് എന്ന രാഷ്ട്രീയ നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഇസ്‌ലാം മതത്തെ തെറ്റിദ്ധരിപ്പിക്കുന്നതിലും മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരില്‍ കുതന്ത്രങ്ങള്‍ മെനയുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു രാജ്യം, ജനാധിപത്യ- പൗരാവകാശ- വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ആഭ്യന്തര കലാപത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഈ കലഹം വിജയിക്കുമെന്നാണ് സമരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവജനത അവകാശപ്പെടുന്നത്. ഇറാനിലെ യാഥാസ്ഥിതിക ശീഈ ഭരണകൂടം സ്വന്തം ജനതയോട് നടത്തുന്ന തുറന്ന യുദ്ധം മിഡിലീസ്റ്റിലെ രാഷ്ട്രീയ ഭൂമികയെ സ്വാധീനിക്കുമെന്നുറപ്പാണ്. പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളോടും സമൂഹത്തിലെ ന്യൂനപക്ഷങ്ങളോടും പ്രതിബദ്ധത കാണിക്കാത്ത ഭരണകൂടങ്ങളെല്ലാം തന്നെ അടിയറവ് പറഞ്ഞിട്ടുണ്ടെന്നതാണ് ലോകചരിത്രം പറയുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x