ഇറാനെ ലക്ഷ്യമിട്ട് യു എസ്
ഇറാന്‍ സൈനിക ഉപദേഷ്ടാവ് സിറിയന്‍ തലസ്ഥാനത്ത് കൊല്ലപ്പെടുകയും അറബിക്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ ആക്രമണത്തില്‍ ഇറാന്റെ പങ്ക് ആരോപിക്കപ്പെടുകയും ചെയ്തതിനു പിന്നാലെ തഹ്‌റാനെ ലക്ഷ്യമിട്ട് യു എന്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതി വെളിപ്പെടുത്തലും. ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യക്കെതിരെ ലോകമെങ്ങും രോഷം പടരുന്നതിനിടെയാണ് ഇറാന്‍ ആണവായുധശേഷിയുള്ള സമ്പുഷ്ട യുറേനിയം ഉല്‍പാദനം വര്‍ധിപ്പിച്ചെന്ന ആണവോര്‍ജ സമിതി വെളിപ്പെടുത്തല്‍. ഇറാന്‍ നീക്കം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് അമേരിക്ക പ്രതികരിച്ചു.
നേരത്തേ കുറച്ചുകൊണ്ടുവന്ന സമ്പുഷ്ട യുറേനിയം ഉല്‍പാദനം കഴിഞ്ഞ ആഴ്ചകളില്‍ മൂന്നിരട്ടി കൂട്ടിയെന്ന് സമിതി റിപ്പോര്‍ട്ട് പറയുന്നു. ജൂണില്‍ പ്രതിമാസം മൂന്നു കിലോ ആയിരുന്നതാണ് ഉയര്‍ത്തിയത്. ആണവായുധ നിര്‍മാണത്തിന് 90 ശതമാനം സമ്പുഷ്ട യുറേനിയമാണ് വേണ്ടത്. അതുകൊണ്ടുതന്നെ, നിലവിലെ ഉല്‍പാദനം ആണവായുധ ഉല്‍പാദനത്തിനല്ലെന്നും പൂര്‍ണമായി നിയമപ്രകാരമാണെന്നും ഇറാന്‍ ആണവോര്‍ജ മേധാവി മുഹമ്മദ് ഇസ്‌ലാമി പറഞ്ഞു. എന്നാല്‍, ഇത് അംഗീകരിക്കാനാകില്ലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.