ഇറാന്‍ ആണവ കരാറിനെ പിന്തുണക്കില്ലെന്ന് യു എസ് റിപ്പബ്ലിക്ക് അംഗങ്ങള്‍
ഇറാനും ലോക രാഷ്ട്രങ്ങളും തമ്മിലുള്ള പുതിയ ആണവ കരാറിനെ പിന്തുണക്കില്ലെന്ന് യു എസ് സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍. 50 റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ 49 പേരാണ് നിലപാട് പ്രഖ്യാപിച്ചത്. ആണവ ചര്‍ച്ച പരാജയപ്പെടുമോയെന്ന ഭയത്തിനിടയിയിലാണ് 2015-ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. ഭീകരവാദത്തിനുള്ള ഇറാന്റെ പിന്തുണയെ നേരിടാന്‍ കഴിയാത്ത, ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ നിയന്ത്രിക്കാത്ത, ആണവായുധം സമ്പുഷ്ടീകരിക്കുന്നതിനുള്ള ശേഷി പൂര്‍ണമായും തടയാത്ത കരാര്‍ മാറ്റാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 2015-ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് വിയന്നയില്‍ മാസങ്ങളായി ഇറാനുമായി യു എസ് പരോക്ഷമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്. ഇറാന് മേല്‍ ചുമത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കുന്നതിന് ആണവ പദ്ധതി കുറയ്ക്കണമെന്നാണ് കരാര്‍ ആവശ്യപ്പെടുന്നത്.