ഇറാനും സുഊദിയും സഫാറാത്തുകള്‍ വീണ്ടും തുറക്കുമ്പോള്‍
ടി ടി എ റസാഖ്
സുഊദി അറേബ്യയും ഇറാനും മാര്‍ച്ച് മാസമാദ്യം ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ എംബസികളും ദൗത്യങ്ങളും വീണ്ടും തുറക്കാനും ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കാനും പ്രതിജ്ഞാബദ്ധമായ ഒരധ്യായത്തിന് കൂടി തുടക്കമായിരിക്കുകയാണ്. ഗണ്യമായ ശിആ സാന്നിധ്യമുള്ള സുഊദിയുടെ കിഴക്കന്‍ പ്രവിശ്യകള്‍ കേന്ദീകരിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നിംറ് ബാഖിര്‍ അല്‍നിംറ് എന്ന ശിആ നേതാവിന്റെ വധവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെ ഫലമായി കഴിഞ്ഞ പത്തു വര്‍ഷമായി ഇരു ഭാഗത്തും എംബസികള്‍ അടഞ്ഞു കിടക്കുകയായിരുന്നു. യുദ്ധക്കെടുതികളും നിരന്തര സംഘര്‍ഷവും നിലനില്‍ക്കുന്ന അറബ് മേഖലകളെ സംബന്ധിച്ചിടത്തോളം ആശാവഹമായ ഒരു കാല്‍വെപ്പായി ഈ കരാര്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു കഴിഞ്ഞു. യമന്‍, സിറിയ, ലബനന്‍, ഇറാഖ് തുടങ്ങിയ സംഘര്‍ഷ മേഖലകളിലെല്ലാം ഒരു ഭാഗത്ത് ഇറാന്റെ സാന്നിധ്യമുണ്ടെങ്കില്‍ മറുഭാഗത്ത് സുഊദിയുടെ സാന്നിധ്യവും കാണാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ കരാര്‍ മുസ്ലിം രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം വമ്പിച്ച രാഷ്ട്രീയ പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു. മധ്യപൗരസ്ത്യ പ്രദേശങ്ങളില്‍ ഇസ്രാഈലിന്റെ സംരക്ഷകരായി സ്ഥിര സാന്നിധ്യവും സ്വാധീനവുമുള്ള അമേരിക്കയെ നോക്കുകുത്തിയാക്കി ചൈന നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് കരാറിലേക്ക് നയിച്ചത് എന്നതും സവിശേഷമാണ്. സംഭവത്തിന്റെ പ്രാധാന്യം ഏതാനും വാക്കുകളില്‍ ന്യൂയോര്‍ക്ക് ടൈംസ് സംഗ്രഹിച്ചത് കാണുക.
‘കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി മിഡില്‍ ഈസ്റ്റിലെ കേന്ദ്ര അഭിനേതാക്കളായ അമേരിക്കക്കാര്‍, മിക്കവാറും എല്ലായ്‌പ്പോഴും സംഭവങ്ങള്‍ക്ക് സാക്ഷികളായി ഒരേ മുറികളിലുണ്ടായിരുന്നവര്‍, ഇപ്പോള്‍ സുപ്രധാനമായ ഒരു മാറ്റത്തിന്റെ നിമിഷത്തില്‍ കളത്തിനപ്പുറത്തെ കാഴ്ചക്കാരായി നില്‍ക്കുകയാണ്. വര്‍ഷങ്ങളായി ഈ മേഖലയില്‍ വലിയ പങ്കൊന്നുമില്ലാതെ കഴിഞ്ഞു വന്ന ചൈനക്കാര്‍ പെട്ടെന്ന് പുതിയ പവര്‍ പ്ലെയറായി സ്വയം രൂപാന്തരപ്പെട്ടു. ടെഹ്‌റാനിലെ തങ്ങളുടെ പൊതു ശത്രുക്കള്‍ക്കെതിരെ സുഊദിയുമായി അടുക്കാന്‍ ശ്രമിക്കുന്ന ഇസ്രായേലികള്‍ ഇതെവിടെപ്പോയവസാനിക്കുമെന്ന് ആശ്ചര്യപ്പെടുകയാണ്.’
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇറാഖില്‍ നടന്ന ചര്‍ച്ചകളില്‍ ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുളള സംഭാഷണങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും ചൈനീസ് മധ്യസ്ഥതയില്‍ ഒരു കരാറിലെത്തിയതായുള്ള പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇറാനിലെ യാഥാസ്ഥിതിക വിഭാഗം അമേരിക്കക്കും ഇസ്രായേലിനുമെതിരെയുള്ള തിരിച്ചടിയായി കരാറിനെ സ്വാഗതം ചെയ്തപ്പോള്‍ ശാന്തിയുടെ പുതിയ അധ്യായം എന്നാണ് ഇറാനീ മിതവാദികള്‍ കരാറിനെ വിശേഷിപ്പിച്ചത്. ഇറാന്‍- സുഊദീ ബന്ധവും വൃത്താന്തവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മത രാഷ്ട്രീയ സമസ്യകളാല്‍ സങ്കീര്‍ണമായതുകൊണ്ട് കരാറിന്റെ ഫല പ്രാപ്തിയെ കുറിച്ചൊരു പഠനം എളുപ്പമല്ല. അതുകൊണ്ടുതന്നെ, പരസ്പര വിരുദ്ധമായ രാജ്യതാല്‍പര്യങ്ങള്‍, യമന്‍, സിറിയന്‍ സംഘര്‍ഷം, പരസ്പര മാധ്യമ യുദ്ധങ്ങള്‍ തുടങ്ങി താരതമ്യേന ഉപരിപ്ലവമായ ഭാവി ചര്‍ച്ചകളാണീ വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എങ്കിലും, കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് നടുവിലും ഇത്തരം ഒരു കരാറിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നടന്നു വരുന്ന ചര്‍ച്ചകള്‍ പിന്തുടരുന്നത് പഠനാര്‍ഹമാണ്. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസറും കൃമി അിറ ടമൗറശ അൃമയശമ ഠമാശിഴ മ രവമീശേര രീിളഹശര േഎന്ന കൃതിയുടെ കര്‍ത്താവുമായ ഇബ്രാഹീം ഫരീഹത് കരാറിലേക്ക് നയിച്ച സുപ്രധാനമായ മൂന്നു കാരണങ്ങളാണ് ചൂണ്ടികാണിക്കുന്നത്.
ഒന്നാമതായി ഇറാനെ സംബന്ധിച്ചിടത്തോളം അണു ഊര്‍ജ ഇന്ധനമായ യുറേനിയത്തിന്റെ സമ്പുഷ്ടീകരണം ഏകദേശം അണുവായുധ നിര്‍മിതിക്കാവശ്യമായ പരിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഒരു ഇസ്രായേലി ആക്രമണത്തിന്റെ സാധ്യത അവര്‍ മുന്നില്‍ കാണുകയാണ്. ഈ അവസരത്തില്‍ അയല്‍ രാജ്യങ്ങളുമായി ഇടഞ്ഞു നില്‍ക്കുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല. രണ്ടാമതായി, സുഊദിയുടെ പക്ഷത്തേക്ക് നോക്കുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അമേരിക്കയുമായുള്ള അവരുടെ ബന്ധം ഊഷ്മളമല്ല. അതുകൊണ്ടു തന്നെ പ്രത്യേകിച്ചും അയല്‍ രാജ്യങ്ങളുമായുള്ള സന്ധിബന്ധങ്ങള്‍ വിപുലീകരിക്കുക എന്നത് അവരുടെ കൂടി ആവശ്യമാണ്. മൂന്നാമതായി അമേരിക്കയുമായി നേരത്തേ തന്നെ ഇടഞ്ഞു നില്‍ക്കുന്ന ചൈനയെ സംബന്ധിച്ചിടത്തോളം ഇറാനും സുഊദിയുമടങ്ങിയ മേഖലയിലെ സംഘര്‍ഷം അവരുടെ സമാധാനം കെടുത്തുന്നതിനു പുറമേ സാമ്പത്തിക താല്‍പര്യങ്ങളെയും സാരമായി ബാധിക്കും. കാരണം ബില്യന്‍ കണക്കിലുള്ള അവരുടെ നിക്ഷേപം മാത്രമല്ല 36 ശതമാനത്തോളം ഊര്‍ജ്ജാവശ്യങ്ങളും നിറവേറ്റപ്പെടുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ വഴിയാണ്. ചൈനയും സുഊദിയും തമ്മില്‍ നടന്നു വരുന്ന ബാലിസ്റ്റിക് മിസൈല്‍ സൈനിക സഹകരണ നീക്കങ്ങളില്‍ ഇറാന്‍ പ്രതിഷേധമറിയിച്ച സാഹചര്യവും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. മേഖലയിലെ ഇത്തരം പിരിമുറുക്കങ്ങള്‍ പരിഹരിക്കുക എന്നത് ചൈനയുടെ കൂടി താല്‍പര്യമാണ്.
ചൈനയുടെ വിജയം അമേരിക്കയുടെ പരാജയമായിട്ടാണ് അമേരിക്കക്കാരും ഇസ്രാഇൗലികളും കാണുന്നത്. മുന്‍ അമേരിക്കന്‍ ഡിപ്ലോമാറ്റും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥയുമായിരുന്ന ഹിലാരി മാന്‍ ലിവരറ്റ് ന്റെ അഭിപ്രായത്തില്‍ ‘മധ്യപൗരസ്ത്യദേശത്തെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്വാധീനവും സാന്നിധ്യവും അമേരിക്കയായിരുന്നു. എന്നാല്‍ ഓര്‍ക്കാ പുറത്ത് ആ സ്ഥാനം ചൈന കൈയടക്കാന്‍ പോവുന്നു.! പത്ര സമ്മേളനത്തില്‍ ഇസ്രാഇൗല്‍ പ്രധാനമന്ത്രി നെതന്യാഹു സൂചിപ്പിച്ചത് കരാര്‍ ‘ബൈഡന്‍ ഭരണകൂടത്തിന്റെ ബലഹീനത’യാണ് എന്നാണ്.
ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള ഒരു ഇറാന്‍ – യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ കക്ഷിയായ ഒരു സംഘര്‍ഷ ലഘൂകരണ ചര്‍ച്ച അമേരിക്കയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ് എന്നതും ചൈനയുടെ കടന്നുവരവിന് കാരണമായി കണക്കാക്കപ്പെടുന്നു.
കരാറിലേക്ക് നയിച്ച കാര്യങ്ങളിങ്ങനെ വിലയിരുത്തപ്പെടുമ്പോള്‍, കരാറിന്റെ ഫലങ്ങള്‍ എന്തായിരിക്കും എന്ന ചര്‍ച്ചയും മുസ്ലിം രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ആയുധ രംഗത്ത് മാത്രമല്ല മരുന്ന്, എണ്ണ കയറ്റുമതി മേഖലകളിലെല്ലാം കടുത്ത ഉപരോധങ്ങളില്‍ കഴിയുന്ന ഇറാനെ സംബന്ധിച്ചിടത്തോളം വാണിജ്യ രംഗത്ത് ഈ കരാര്‍ വലിയ ആശ്വാസം പകരുമെന്നാണ് കരുതപ്പെടുന്നത്. സുരക്ഷാ കരാറുകള്‍ക്ക് പുറമേ ഖത്തര്‍, ഒമാന്‍ പോലുള്ള രാഷ്ട്രങ്ങളുമായുള്ള തരത്തില്‍ സുഊദിയുമായും വാണിജ്യ ബന്ധങ്ങളാണ് ഇറാന്‍ മുമ്പില്‍ കാണുന്നത് എന്ന് വ്യക്തം. അതുകൊണ്ടു തന്നെ 2001 ല്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ച സുരക്ഷാ സഹകരണ കരാര്‍ മുതല്‍ 1998 ല്‍ ഒപ്പുവെച്ച വ്യാപാര സാമ്പത്തിക നിക്ഷേപ കരാറുകള്‍ വരെ പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു കഴിഞ്ഞു.
എന്നാല്‍ ഇറാഖിലും ലബനനിലും സിറിയയിലും ഒമാനിലുമെല്ലാം ഇരു പക്ഷത്തായി കൊമ്പുകോര്‍ക്കുന്ന അശാന്തിയും അസ്ഥിരതയും പരിഹരിക്കപ്പെടുമോ? പ്രത്യേകിച്ചും യുദ്ധക്കെടുതികള്‍ക്ക് പുറമേ കടുത്ത പട്ടിണിയും ദാരിദ്ര്യവും പകര്‍ച്ച വ്യാധികളും കാലാവസ്ഥാ തീവ്രതകളും മൂലം ജീവിതം ദുസ്സഹമായി തീര്‍ന്ന യമനിലും സിറിയയിലുമെങ്കിലും ഒരല്‍പം ശാന്തിയും സമാധാനവും ലഭിക്കുമെന്ന് പ്രതീക്ഷിക്കാമോ?
ഒന്നര ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ മുറിവേറ്റ് ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിസന്ധി നേരിടുന്ന യമനില്‍ അംഗീകൃത ഭരണകൂടത്തിനെതിരെ കൂലിപ്പട്ടാളത്തെ ഇറക്കിയാണ് ഇറാന്‍ ഇടപെട്ടു കൊണ്ടിരിക്കുന്നത്. സിറിയയിലാവട്ടെ ബഷാറിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന സുഊദീ ഭരണകൂടം മുന്‍കൈ എടുത്താല്‍ ആ ജനതയുടെ കഷ്ടപ്പാടുകള്‍ എളുപ്പം പരിഹരിക്കാവുന്ന അവസ്ഥയിലല്ല. കാരണം സിറിയയില്‍ ഇറാന്‍ മിലിഷ്യ ബഷാര്‍ ഭരണകൂടത്തിന് വേണ്ടി പൊരുതുമ്പോള്‍ അവര്‍ക്കെതിരായി യു എസും, ഇസ്രാഈലും തുര്‍ക്കിയും നടത്തുന്ന സൈനിക ഇടപെടലുകള്‍ പ്രശ്‌നത്തെ ഏറെ സങ്കീര്‍ണമാക്കി കഴിഞ്ഞു. ഓരോ കാരണം പറഞ്ഞ് അമേരിക്കയും, റഷ്യയും, തുര്‍ക്കിയും ഇസ്രായീലുമെല്ലാം ബോംബിട്ട് പറന്നു പോവുന്ന ദാരുണ കാഴ്ചകളാണ് സിറിയയില്‍. മുഹമ്മദ് നബി(സ)യുടെ കാല്‍പാടുകള്‍ പതിഞ്ഞ ആലെപ്പോ പോലുള്ള പല പ്രദേശങ്ങളും തകര്‍ന്നടിഞ്ഞു കിടക്കുകയാണിന്ന്. ആ ജനതയുടെ ദയനീയാവസ്ഥ പരിഹരിക്കുന്നതിനും കരാര്‍ ഏറെ ഗുണം ചെയ്‌തേക്കാം എന്നും വിലയിരുത്തപ്പെടുന്നു.
ഇതെല്ലാം എളുപ്പം പരിഹരിക്കപ്പെടുന്ന പ്രശ്‌നങ്ങളാണ് എന്നാരും കരുതുന്നില്ല. കാരണം കരാര്‍ ഒപ്പു വെയ്ക്കുക എന്നതല്ല കരാര്‍ നടപ്പാക്കുക എന്നതാണ് വന്‍ വെല്ലുവിളിയായി നിരീക്ഷകര്‍ കണക്കാക്കുന്നത്. ഇസ്രാഈലും അമേരിക്കയും ഒരു ഭാഗത്ത് നിലയുറപ്പിക്കുമ്പോള്‍ യമന്‍, സിറിയ, ഇറാഖ്, ലബനന്‍ പോലുള്ള നാടുകളില്‍ നിന്ന് തങ്ങളുടെ പൗര സേനയെ പിന്‍വലിക്കുക എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം സ്വീകാര്യമാവുകയില്ല. അഥവാ സുസ്ഥിരമായ പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടേയും ഇസ്രാഈലിന്റെയും പങ്ക് ചെറുതല്ല എന്ന് സാരം. എങ്കിലും ഇറാനുമായുള്ള നയതന്ത്ര ബന്ധം കൂടി പുനസ്ഥാപിക്കപ്പെടുമ്പോള്‍ സമഗ്രമായ ചര്‍ച്ചകള്‍ക്കും പരിഹാര നടപടികള്‍ക്കും വഴിയൊരുങ്ങും. പ്രത്യേകിച്ചും സുഊദി ലക്ഷ്യങ്ങള്‍ക്കെതിരേയുള്ള യമനിലെ ഹൂതി ആക്രമണങ്ങള്‍ക്ക് വലിയ ആശ്വാസം പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഇസ്രാഈലിന്റെ ഭാഗത്തേക്ക് വരുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ഒരു സുഊദീ ഇസ്രാഈല്‍ സഹകരണ കരാറിനായി അമേരിക്കയുടെ സഹായത്തോടെ നാളേറെയായി ഇസ്രാഈല്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇറാനെ പാഠം പഠിപ്പിക്കുക എന്നതാണതിന്റെ ലക്ഷ്യങ്ങളിലൊന്ന്. അതുകൊണ്ടു തന്നെ ഇസ്രാഈലിനെ ഈ കരാറിന്റെ ഏറ്റവും വലിയ നഷ്ടക്കാരായി ഒരു വിഭാഗം നിരീക്ഷകര്‍ കണക്കാക്കുന്നു. അതേ സമയം ഇറാനുമായി പൂര്‍ണ നയതന്ത്ര ബന്ധമുളള യു എ ഇ ഇസ്രാഈലുമായും അബ്രഹാം ഒത്തുതീര്‍പ്പ് പ്രകാരം കരാറിലേര്‍പ്പെട്ട പശ്ചാത്തലത്തില്‍, ഇതുപോലേ ഒരു സുഊദീ – ഇസ്രാഈല്‍ കരാര്‍ ഇനിയും സാധ്യമാണ് എന്ന് വിശ്വസിക്കുന്ന നിരീക്ഷകരേയും കാണാം. എങ്കിലും കരാറിനൊപ്പം പ്രാധാന്യമുള്ള ചൈനയുടെ ഈ മേഖലകളിലേക്കുള്ള കടന്നു കയറ്റവും യുഎസ് – സയണിസ്റ്റ് ഉപശാലയെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത് എന്നതും കരാറിന്റെ ഗുണഫലമായി മനസിലാക്കാം.
സവിശേഷമായ മറ്റൊരു സാഹചര്യം ഇറാന്റ അണുവായുധ സംഭരണ ശ്രമങ്ങളാണ്. കടുത്ത പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് നടുവിലും പരസഹായമില്ലാതെ അണുവായുധ ശേഷി പോലുള്ള നിര്‍ണായകമായ പല തരത്തിലുള്ള സാങ്കേതിക പുരോഗതികളും നേടിയെടുത്ത രാഷ്ട്രമാണ് ഇറാന്‍. ഇറാന്റെ ആണവശേഷി സുഊദിയെ സംബന്ധിച്ചിടത്തോളം ഭീഷണി തന്നെയാണ്. കാരണം ഇസ്ലാമിന് മേല്‍ കെട്ടിയേല്‍പിച്ച പല ആചാരങ്ങളുടേയും വിളനിലമായ ഇറാനെ സംബന്ധിച്ചിടത്തോളം ഇസ്ലാമിനെ അതിന്റെ ആദിമ വിശുദ്ധിയോടെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സുഊദി അറേബ്യയിലെ പുണ്യസ്ഥലങ്ങളും തിരു ശേഷിപ്പുകളുമായി ബന്ധപ്പെട്ട് ചില രഹസ്യ അജണ്ടകളുണ്ട് എന്ന കാര്യം പരസ്യമാണ്, അതുകൊണ്ടു തന്നെ ഇറാന്റെ അണുവായുധ മേല്‍കോയ്മ സുഊദി എങ്ങിനെ കൈകാര്യം ചെയ്യുമെന്ന കാര്യം വളരേ ഉദ്വേഗജനകമായ സമസ്യയായിരിക്കും. ഇറാന് മറുപടിയായി, അമേരിക്കയുടെ അനുവാദത്തിലും ഒത്താശയിലും സുഊദിയും ഒരു സമ്പൂര്‍ണ ആണവ ഇന്ധന സമ്പുഷ്ടീകരണത്തിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താനുള്ള സാധ്യതയും നിരീക്ഷിക്കപ്പെടുന്നുണ്ട്. അമേരിക്ക വഴി അത് സാധ്യമായില്ലെങ്കില്‍ ഇന്ന് ചൈനയോ റഷ്യയോ വഴി അത്തരം സാധ്യതകള്‍ തുറന്നുവെന്നും വരാം. മുസ്ലിം ലോകത്ത് അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
കരാറിന്റെ ഗുണഫലങ്ങള്‍ ഒരുവേള പലസ്തീനികള്‍ക്കും ആശ്വാസമായേക്കും എന്ന് പ്രതീക്ഷിക്കാം. ഹമാസിന്റെ ഇറാനിയന്‍ ബന്ധവും ഗാസയില്‍ പൊതുജന സുരക്ഷയെ അവഗണിച്ചു കൊണ്ട് ഹമാസ് നടത്തുന്ന സാഹസങ്ങും തീവ്രവാദ പ്രവര്‍ത്തനങ്ങളും കാരണമായി സുഊദീ – ഹമാസ് ബന്ധം പലപ്പോഴും ശുഭകരമല്ല. ഹമാസ് പ്രവര്‍ത്തകരേയും നേതാക്കളേയും തീവ്രവാദമാരോപിച്ച് സുഊദീ പലപ്പോഴും ജയിലിലടച്ചിട്ടുണ്ട്. തല്‍ഫലമായി പണത്തിനും ആയുധത്തിനുമായി ഹമാസ് ഇറാനെ കൂടുതല്‍ കൂടുതല്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഗാസ മേഖലയില്‍ ദുരിതമനുഭവിക്കുന്ന സാധാരണ പലസ്തീന്‍ ജനതക്ക് സുഊദി ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം തടയപ്പെട്ടു കിടക്കുകയാണ്. കരാര്‍ അതിന്റെ ഗുണഫലങ്ങളുടെ കാറ്റുവീശി തുടങ്ങുമ്പോള്‍ ഗാസയിലെ സാധാരണക്കാര്‍ക്കും കൂടുതല്‍ ആശ്വാസവും സഹായവുമെത്തുമെന്ന് പ്രതീക്ഷിക്കാം.
‘എല്ലാ വിവാദങ്ങളും ഇറാനുമായുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാം, എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമാനമായി എന്നതിനര്‍ഥമില്ല, വികസനത്തിന്റെ പുതിയ അധ്യായമാണ് തുറക്കാന്‍ പോവുന്നത്. അണുവായുധ വികസന രംഗത്ത് ഇറാന്‍ അന്താരാഷ്ട്ര അണു ഊര്‍ജ ഏജന്‍സിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും മേഖല അണുവായുധ വിമുക്ത മേഖലയായി നിലനിര്‍ത്തുകയും വേണം’ എന്നാണ് സുഊദീ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ പ്രതികരണം.
ചുരുക്കത്തില്‍ അറബ് ലോകത്ത് ശാന്തിയുടേയും പുരോഗതിയുടേയും മുല്ലപ്പൂ മണമുള്ള ഒരു കരാറാണൊപ്പുവെക്കപ്പെട്ടതെങ്കിലും സങ്കീര്‍ണമായ അതിന്റെ നടത്തിപ്പ് ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കും എന്നാണ് വിദഗ്ധ മതം. എങ്കിലും കരാര്‍ നിലവില്‍ വന്നതോടെ ചടുലമായ നടപടികളാണിരുഭാഗത്തും നടന്നുകൊണ്ടിരിക്കുന്നത്.
ഏപ്രില്‍ 9 ന് ഹൂതികളുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി സുഊദീ പ്രതിനിധി സംഘം യമനില്‍ ഇറങ്ങിയതും, തങ്ങളുടെ എംബസി വീണ്ടും തുറക്കാനായി ഏപ്രില്‍ 12 ന് ഇറാനീ പ്രതിനിധിസംഘം സഊദിയില്‍ ഇറങ്ങിയതും ഒരു വലിയ തിരിച്ചറിവിന്റെ സൂചനകളാണ്. കരാര്‍ നടത്തിപ്പിന്റെ ഓരോ ചുവടും വലിയ പ്രതീക്ഷയായി മുസ്ലിം ലോകവും ഉറ്റു നോക്കുകയാണ്. .
(മുഖ്യ അവലംബം: The inside story. AlJazeera)