ഇറാനില്‍ കോവിഡിനേക്കാള്‍ മരണം വായുമലിനീകരണത്തിലൂടെ

ഇറാനില്‍ കൊറോണ വൈറസിനേക്കാള്‍ കൂടുതല്‍ പേര്‍ വായുമലിനീകരണം മൂലം കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. വായു മലിനികരണം മൂലം ഇറാനില്‍ ഒരു വര്‍ഷത്തിനിടെ അയ്യായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഇബ്തികാര്‍ ഡെയ്‌ലിയെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നത്. എല്ലാ വര്‍ഷവും, ഒക്ടോബര്‍ പകുതി മുതല്‍ മാര്‍ച്ച് പകുതി വരെ ഇറാനിലെ ആകാശത്ത് പുകയുടെ ഒരു കട്ടിയുള്ള പാളി മൂടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം, ശരത്കാലത്തിന്റെ തുടക്കം മുതല്‍ ടെഹ്റാനില്‍ വായു മലിനീകരണത്തിന്റെ തോത് ഗണ്യമായി വര്‍ധിച്ചു. ശരത്കാലത്തിന്റെ ആദ്യ ആഴ്ചയിലെ നാല് ദിവസത്തേക്ക് തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം ‘അനാരോഗ്യകരം’ എന്ന് അടയാളപ്പെടുത്തിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സമീപ വര്‍ഷങ്ങളില്‍, വര്‍ധിച്ചുവരുന്ന വായു മലിനീകരണം മൂലം വലിയ ഇറാനിയന്‍ നഗരങ്ങളായ ഇസ്ഫഹാന്‍, മഷാദ്, തബ്രിസ് എന്നിവയും പാരിസ്ഥിതിക പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍, തെഹ്റാനിലെ പവര്‍ പ്ലാന്റുകളില്‍ ഇന്ധന എണ്ണ കത്തിച്ചതും കാലഹരണപ്പെട്ട വാഹനങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ പെട്രോള്‍ ഉപയോഗിക്കുന്നതും മൂലമുണ്ടാകുന്ന മലിനീകരണവും മൂലം തലസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയിരുന്നു.
