13 Saturday
December 2025
2025 December 13
1447 Joumada II 22

ഇരകള്‍ക്കൊപ്പം നിന്നവര്‍ വേട്ടയാടപ്പെടുന്നു


ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന കേസ് തള്ളിക്കൊണ്ട് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ, പകപോക്കല്‍ അറസ്റ്റുകളും നടന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് എം പിയായിരുന്ന ഇഹ്‌സാന്‍ ജഫ്‌രിയുടെയും മറ്റ് അറുപതിലധികം പേരുടെയും കൂട്ടക്കൊലക്ക് കാരണമായ ഗുല്‍ബര്‍ഗ സൊസൈറ്റി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യ സാകിയ ജഫ്‌രി ആവശ്യപ്പെട്ടത്. കലാപം കഴിഞ്ഞ് ഇരുപത് വര്‍ഷത്തിന് ശേഷം സുപ്രീംകോടതി അതില്‍ പുതിയ വഴിത്തിരിവ് ഉണ്ടാക്കുമെന്ന് ഒരു പക്ഷേ ഹരജിക്കാര്‍ പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. എന്നിരുന്നാലും, ഗൂഢാലോചന കേസ് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നല്‍കിയ ക്ലീന്‍ചിറ്റ് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മജിസ്‌ട്രേറ്റ് കോടതി മുതല്‍ തുടങ്ങിയ നിയമപോരാട്ടമാണ് ഇപ്പോള്‍ സുപ്രീംകോടതിയും നിരസിച്ചിരിക്കുന്നത്.
അന്നും ഇന്നും ഭരണരംഗത്തുള്ള ഒരു പാര്‍ട്ടിയുടെ നേതാക്കളെ ഗൂഢാലോചന കേസില്‍ പ്രതികളാക്കാന്‍, രണ്ട് പതിറ്റാണ്ടിനുശേഷം പുനരന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. പക്ഷേ, റാണ അയ്യൂബിനെ പോലെയുള്ള നിരവധി പത്രപ്രവര്‍ത്തകര്‍, സഞ്ജീവ് ഭട്ടിനെ പോലുള്ളവരുടെ വെളിപ്പെടുത്തലുകള്‍, ബാബു ബജ്‌റംഗിയുടെ തുറന്നുപറച്ചിലുകള്‍, തെഹല്‍കയുടെ സ്റ്റിംഗ് ഓപറേഷന്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഗൂഢാലോചനാ കേസില്‍ പ്രധാനപ്പെട്ട വസ്തുതകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും പരിഗണനാര്‍ഹമായ തെളിവുകളായി നിയമവ്യവസ്ഥ കാണുന്നില്ല. സാങ്കേതികമായി അതെല്ലാം ദുര്‍ബലമായ തെളിവുകളായി മാറുന്നു. ഗുജറാത്ത് കലാപ സമയത്ത് ഭരണകൂടത്തിന്റെ നിസ്സംഗത ലോകം മുഴുവന്‍ കണ്ടതാണ്. അന്വേഷണ കമ്മീഷനുകള്‍ക്കും അമിക്കസ് ക്യൂറികള്‍ക്കും പരിഗണനാര്‍ഹമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും, യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഭരണകൂടങ്ങളെ അന്നുതന്നെ പ്രതിചേര്‍ത്തിട്ടുണ്ട്. പക്ഷെ, ഇപ്പോള്‍ നാം കാണുന്നത് ഈ നിയമപോരാട്ടത്തിന് നേതൃത്വം കൊടുത്ത ടീസ്റ്റ സെറ്റല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും വ്യാജതെളിവുകള്‍ ഉണ്ടാക്കി എന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നതാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനവും ഭയപ്പെടുത്തി പിന്മാറാനുള്ള ആഹ്വാനവുമാണ്.
നരോദപാട്യ, ബെസ്റ്റ് ബേക്കറി തുടങ്ങി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ഇരകളോടൊപ്പം നില്‍ക്കുകയും, പരാതി നല്‍കാനും നിയമ പോരാട്ടത്തിനും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തത് ഈ മനുഷ്യാവകാശ പ്രവര്‍ത്തകരാണ്. ടീസ്റ്റയുടെ നേതൃത്വത്തിലുള്ള സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് നിയമപോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2007ല്‍ ഗുജറാത്ത് ഡി ജി പിയായി വിരമിച്ച മലയാളി ഐ പി എസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിന്റെ ഇടപെടലും സഹായവും നിയമപോരാട്ടങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഇരകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ട് എന്നാരോപിച്ചതിന്റെ പേരിലാണ് ഗുജറാത്തിലെ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ഇന്നും ജയിലില്‍ കഴിയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കസ്റ്റഡി മരണം അദ്ദേഹത്തിന്റെ പേരില്‍ ആരോപിച്ചുകൊണ്ടാണ് കേസില്‍ പെടുത്തിയത്.
സാകിയ ജാഫ്രിയുടെ നിയമപോരാട്ടം കൃത്യമായ അവലംബങ്ങളോട് കൂടി തന്നെയായിരുന്നു. ഒരു രാത്രി മുഴുവന്‍ നീണ്ടുനിന്ന കൂട്ടക്കൊലയും തീവെപ്പും തടയാന്‍ അന്നത്തെ പോലീസ് സംവിധാനത്തിന് ഒട്ടേറെ സമയമുണ്ടായിരുന്നു. മുന്‍ എം പി എന്ന നിലയില്‍ ലഭിക്കേണ്ട പരിരക്ഷ പോയിട്ട് ഒരു സാധാരണക്കാരന് ലഭിക്കേണ്ട നിയമസഹായം പോലും അദ്ദേഹത്തിന് ലഭിച്ചില്ല. അതുകൊണ്ട് തന്നെ നിഷ്പക്ഷമായി അന്വേഷിച്ചാല്‍, ഗുല്‍ബര്‍ഗ കൂട്ടക്കൊലക്ക് വേണ്ടി ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ടീസ്റ്റയുടെയും സാകിയയുടെയും നിയമപോരാട്ടത്തിന് പ്രേരണ നല്‍കിയത്. എന്നാല്‍, ഭാവിയില്‍ അത്തരം നിയമപോരാട്ടം നടത്തുന്നത് പോലും ഭയപ്പെടുത്തുന്ന കാര്യമായി മാറ്റുക എന്നതാണ് ഇപ്പോഴത്തെ അറസ്റ്റ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.
ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്നതും അവര്‍ക്ക് നിയമസഹായം നല്‍കുക എന്നതും മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സൗജന്യ നിയമസഹായം നല്‍കുന്നത് ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ്. പക്ഷെ, അങ്ങനെ ചെയ്യുന്നതിനെ പോലും ഭയപ്പെടുത്തുകയാണിപ്പോള്‍ ചെയ്യുന്നത്. നിയമപോരാട്ടം നടത്തുന്നത് വ്യാജ തെളിവുകള്‍ ചമയ്ക്കുന്ന കുറ്റമായും ഭരണകൂടത്തിനെതിരെ നടത്തുന്ന ഗൂഢാലോചനയായും ആരോപിച്ചുകൊണ്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്നത്. ടീസ്റ്റയുടെയും ആര്‍ ബി എസിന്റെയും അറസ്റ്റ് ഭയപ്പെടുത്തല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. അതിനാല്‍ പൗരസമൂഹത്തിന്റെ പിന്തുണ അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്.

Back to Top