2 Thursday
January 2025
2025 January 2
1446 Rajab 2

അദൃശ്യനായ ജിന്ന

ഡോ. എം എച്ച് ഇല്യാസ്


ആദ്യമേ വ്യക്തമാക്കിയതുപോലെ ഇത് കേരളത്തിലെ മുസ്‌ലിം നേതൃത്വത്തിലെ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള ലേഖനമല്ല, മറിച്ച്, പാരമ്പര്യവും ആധുനികതയും ഒന്നുചേരുന്ന നേതൃത്വത്തിന്റെ ഒരു നിര്‍മിത പാരമ്പര്യത്തെ കുറിച്ചാണ്. ലീഗിന്റെ തുടക്കം മുതലുള്ള ചരിത്രത്തിന്റെ സവിശേഷതയാണ് ഈ ഒത്തുചേരല്‍. ആധുനികതയോടും പാരമ്പര്യത്തോടുമുള്ള ലീഗിന്റെ ഇടപെടല്‍ യഥാര്‍ഥത്തില്‍ ഇവിടെ വിശദീകരിക്കാനാവുന്നതിലും ഏറെ സങ്കീര്‍ണമാണ്. ആധുനികത എന്ന ആശയം കേരള മുസ്‌ലിം പശ്ചാത്തലത്തില്‍ പ്രചരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു ഒത്തുചേരലിന്റേതായ അര്‍ഥം നേടിയിരുന്നു. ആധുനികത പലപ്പോഴും പാരമ്പര്യവുമായി പൊരുത്തപ്പെടുന്നതായും ദുഷ്‌പ്രേരണയുള്ളവരുടെ ദുരുപയോഗത്തില്‍ നിന്നു സംരക്ഷിക്കപ്പെടേണ്ടതായും കാണപ്പെട്ടു.
ഫൈസല്‍ ദേവ്ജി ശരിയായി വിശേഷിപ്പിച്ചതുപോലെ പാരമ്പര്യവുമായുള്ള ആധുനികതയുടെ ബന്ധം ഒരുതരം ‘ക്ഷമാപണത്തോടെയുള്ള ആധുനികത’യുടെ ആവിര്‍ഭാവത്തിനും കാരണമായി(36). പ്രസ്ഥാനത്തിന്റെ ചിന്താഗതിക്ക് ആധുനിക ചിന്തകളോടുള്ള അടുപ്പം ഒരുവശത്തും പ്രാദേശിക മുസ്‌ലിം സംസ്‌കാരത്തില്‍ നിന്നുള്ള അനിവാര്യമായ സമ്മര്‍ദം മൂലം ബൗദ്ധികമായി ഇടപഴകാനും സമന്വയിപ്പിക്കാനുമുള്ള അതിന്റെ കഴിവില്ലായ്മ മറുവശത്തുമായി സമൂഹത്തെ ആധുനികമാക്കാനുള്ള ശ്രമങ്ങളെയെല്ലാം ക്ഷമാപണത്തോടെയുള്ളതാക്കി മാറ്റി. ഈ വൈരുധ്യം കേരളത്തിലെ സാമുദായിക രാഷ്ട്രീയത്തെ എങ്ങനെ രൂപപ്പെടുത്തി എന്നതിന് കേരളത്തിലെ മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ രൂപീകരണം കൗതുകകരമായ ഒരു സൂചന നല്‍കുന്നു.
പൊതുവേ ഇസ്‌ലാമിക സമ്പ്രദായങ്ങള്‍ മതപരവും (ഉലമാ) മതേതരവുമായ (ഉമറാ) നേതൃത്വത്തെ വേര്‍തിരിച്ചു കാണുന്നു. ഈ വേര്‍തിരിവിന്റെ പ്രധാനമായ ഒരു ഭാഗം രണ്ടു തരം ഉറവിടങ്ങളില്‍ നിന്നാണ്. നഖ്‌ലി അഥവാ വെളിപ്പെട്ട മതത്തിന്റെ ഉറവിടങ്ങള്‍, ഖുര്‍ആനും പ്രവാചകചര്യകളും അതുപോലെ അഖ്‌ലി അഥവാ മതേതരമായ ആചാരങ്ങളിലൂടെ യുക്തിസഹമായി രൂപപ്പെട്ട ഉറവിടങ്ങള്‍ എന്നിങ്ങനെ(37). പ്രാരംഭ ഘട്ടത്തില്‍ ലീഗ് നേതാക്കള്‍ മതേതര നേതൃത്വത്തോട് ഉയര്‍ന്ന ബഹുമാനം പുലര്‍ത്തുകയും ഉലമാ നേതൃത്വത്തെ അമിതമായി വിമര്‍ശിക്കുകയും നിരസിക്കുകയും ചെയ്തു. 1921നു ശേഷം നേതൃത്വത്തെ ആശയവത്കരിക്കാനുള്ള സമുദായത്തിന്റെ ശ്രമങ്ങളുടെ ഫലമായി ആധുനിക വിദ്യാഭ്യാസത്തെ പ്രധാന നേതൃഗുണമായി കാണുന്ന ഒരു ചിന്താധാര ഉയര്‍ന്നുവന്നു.
1921ലെ മലബാര്‍ സമരത്തിന്റെ തിക്താനുഭവങ്ങളില്‍ നിന്നും അപമാനത്തില്‍ നിന്നും സമുദായത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് നേതൃത്വത്തില്‍ പൊതുവേ അംഗീകരിക്കപ്പെട്ട അജണ്ടയായിത്തീര്‍ന്നു. അത് അവരെ കൂടുതല്‍ ആധുനിക കാഴ്ചപ്പാടുള്ളവരാക്കി മാറ്റി. അപമാനബോധം രാഷ്ട്രീയമായി ഒരുതരം പക്ഷപാതിത്വവും അത് പിന്നീട് ഒരു പുതിയ സ്വത്വത്തെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കുകയും അത് മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആദ്യമായി രാഷ്ട്രീയമായി ആവിഷ്‌കരിക്കപ്പെടുകയും ചെയ്തു(38). അതേസമയം തന്നെ പടിഞ്ഞാറിനെ മാതൃകയാക്കിയ നേതൃത്വത്തെ ആധുനിക ആശയങ്ങളോട് ബന്ധം ആരോപിച്ചുകൊണ്ട് അവര്‍ തള്ളിപ്പറഞ്ഞു. അതായത് മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാക്കള്‍ യുക്തിചിന്തയുള്ളവരും ആധുനികരുമായിരുന്നു. എന്നാല്‍ അനുയായികള്‍ മനഃപൂര്‍വം ജീവിതത്തിലും രാഷ്ട്രീയത്തിലും പാരമ്പര്യത്തെയും യുക്തിരാഹിത്യത്തെയും ആശ്ലേഷിച്ചുവെന്നല്ല ഇതിനര്‍ഥം.
വിദ്യാഭ്യാസവും
വായനാശീലവും

കെ ഉപ്പി സാഹിബിന്റെ ജീവചരിത്രം വിവരിക്കുന്ന കൃതിയില്‍, ടി സി മുഹമ്മദ് ആധുനിക വിദ്യാഭ്യാസത്തെയും വായനാശീലത്തെയും മുസ്‌ലിം ലീഗിന്റെ പരിണാമദശയിലെ ആദ്യകാല നേതൃത്വത്തിന്റെ രണ്ട് അംഗീകൃത ഗുണങ്ങളായി എടുത്തുപറയുന്നു. അദ്ദേഹത്തിന്റെ പുസ്തകശേഖരത്തില്‍ ഓക്‌സ്ഫഡ്, ലണ്ടനിലെ മാക്മില്ലണ്‍ എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു(39). രാജ്യത്തിനു പുറത്തുള്ള ഇംഗ്ലീഷ് ദിനപത്രങ്ങള്‍ വരെ വരുത്തുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു(40). പിന്നീട് ജിന്നയുടെ നേരിട്ടുള്ള ക്ഷണപ്രകാരം ഇന്ത്യ വിട്ട് പാകിസ്താനിലേക്ക് പോയ മലബാറിലെ മുസ്‌ലിം ലീഗിന്റെ സ്ഥാപക അധ്യക്ഷനായ അബ്ദുല്‍സത്താര്‍ സേട്ട് സ്വാതന്ത്ര്യത്തിനു മുമ്പുള്ള, ജിന്നക്ക് സമാനനായ ആദ്യ നേതാവായി കണക്കാക്കപ്പെടുന്നു(41). 1934ലെ മലബാര്‍ ജില്ലാ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്‌ലിം നിയോജകമണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായ അദ്ദേഹത്തിന് എതിരായി, അദ്ദേഹത്തിന് സര്‍വകലാശാലാ ബിരുദമില്ല, എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് അബ്ദുറഹ്മാന് ബിഎ ഓണേഴ്‌സ് ഡിഗ്രിയുണ്ട് എന്ന് ഒരു പ്രചാരണം ഉണ്ടായിരുന്നു(42). സേട്ടിന്റെ പ്രതിച്ഛായ തകര്‍ക്കാനായി കോണ്‍ഗ്രസ് ഈ വിവരങ്ങളെല്ലാം പരസ്യമാക്കിക്കൊണ്ട് താരതമ്യ പഠനം എന്ന പേരില്‍ ഒരു ലഘുലേഖ ഇറക്കി. മറുപടിയായി ലീഗ് പ്രചാരണത്തില്‍ സേട്ടിന് മലയാളത്തിനു പുറമേ മാതൃഭാഷയായ കച്ചി (സൗരേവശ), സ്വദേശമായ ഫ്രഞ്ച് മലബാറിലെ ഔദ്യോഗിക ഭാഷയായ ഫ്രഞ്ച് എന്നിങ്ങനെ മൂന്നു ഭാഷകളിലുള്ള പ്രാവീണ്യം ഊന്നിപ്പറഞ്ഞു(43).
മുസ്‌ലിം രാഷ്ട്രീയത്തില്‍ നേതൃഗുണങ്ങളില്‍ പാശ്ചാത്യ വിദ്യാഭ്യാസം എങ്ങനെ ഒരു ഭാഗമായി മാറിയെന്ന് ഈ സാഹചര്യം വിവരിച്ചപ്പോള്‍ കാണാനായി. ഉപരിവര്‍ഗത്തില്‍ പെടുന്ന ഒരു നേതാവിനെ കിട്ടാനുള്ള ആഗ്രഹം ഒരു അഖിലേന്ത്യാ പ്രതിഭാസമായി കാണാനാവില്ല, മറിച്ച്, അടിസ്ഥാനപരമായി കേരളത്തിലെ പ്രത്യേക പ്രാദേശിക സന്ദര്‍ഭത്തില്‍ ഉടലെടുത്തതാണ് എന്നുകൂടി ഇത് സൂചിപ്പിക്കുന്നു.
മതത്തോടുള്ള ജിന്നയുടെ ലിബറല്‍ കാഴ്ചപ്പാടിനപ്പുറം അതിയായ മതവിശ്വാസമുള്ള അനവധി മുസ്‌ലിം നേതാക്കള്‍ക്ക് അദ്ദേഹം പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട്. വൈരുധ്യം എന്നു തോന്നാം, പക്ഷേ ജിന്ന ശിയാ വിഭാഗത്തില്‍ പെട്ടതാണെന്ന കാര്യം കേരളത്തിലെ സുന്നി മുസ്‌ലിം നേതാക്കളില്‍ അലോസരമുണ്ടാക്കിയില്ല. തന്നെ ഏറ്റവും സ്വാധീനിച്ച നേതാക്കളില്‍ ഒരാളായാണ് അവരില്‍ പലരും ജിന്നയെ തങ്ങളുടെ ആത്മകഥകളിലും ജീവചരിത്രങ്ങളിലും വിശേഷിപ്പിക്കുന്നത്. ഉദാഹരണമായി സിഎച്ചിന്റെ ജീവചരിത്രകാരനായ എം സി വടകര എഴുതുന്നു:
”സി എച്ചിന്റെ ലോകവീക്ഷണം രൂപപ്പെടുത്തുന്നതില്‍ ജിന്നയുടെ വ്യക്തിപ്രഭാവം വലിയ പങ്കുവഹിച്ചു. എവിടെയും എപ്പോഴും അദ്ദേഹത്തിന് ജിന്നയെ ഉദ്ധരിക്കാന്‍ കഴിയുമായിരുന്നു. മുസ്‌ലിം രാഷ്ട്രീയത്തിന് ജിന്നയോട് താരതമ്യപ്പെടുത്താവുന്ന സംഭാവനകള്‍ നല്‍കിയ ആരുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം.”(44)
ഇതുവഴി ജിന്നയോടുള്ള സിഎച്ചിന്റെ ഇഷ്ടം വെളിപ്പെടുത്തുക മാത്രമല്ല എം സി വടകര ചെയ്യുന്നത്, ജിന്നയെ ഇടുങ്ങിയ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ നിന്ന് ഉയര്‍ത്തി ഇന്ത്യന്‍ മുസ്‌ലിമിന്റെ രാഷ്ട്രീയ ഭാവനയുടെ മികച്ച ഉറവിടമായി വിശാലമാക്കുക കൂടിയാണ്. മുസ്‌ലിം ലീഗ് നേതാക്കളെ തീര്‍ച്ചയായും ജിന്നയുടെ രാഷ്ട്രീയ ദര്‍ശനമല്ല, അദ്ദേഹത്തിന്റെ ആധുനിക കാഴ്ചപ്പാടാണ് പ്രചോദിപ്പിച്ചത്. അത് അവരെ സ്വയം ജിന്നയെപ്പോലൊരു കോസ്‌മോപൊളിറ്റന്‍ നേതാവായി സങ്കല്‍പിക്കാനും ഉയര്‍ത്തിക്കാട്ടാനും സഹായിച്ചു. രാഷ്ട്രീയമായി സുരക്ഷിത അകലം പാലിച്ചുകൊണ്ടാണെങ്കിലും ജീവചരിത്ര കൃതികളും ലീഗ് നേതാക്കള്‍ക്ക് അനുകരണീയ മാതൃകയായി ജിന്നയെപ്പോലെ ഒരു നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയമായി അപൂര്‍വം ചിലര്‍ക്കേ ജിന്ന സ്വീകാര്യനായിരുന്നുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ നേതൃപരമായ ഗുണങ്ങള്‍ ജീവചരിത്ര കൃതികളിലൂടെ ലീഗിന്റെ അനേകം അനുയായികളില്‍ എത്തി.
ആദ്യകാല ലീഗ് നേതാക്കളുടെ ആത്മകഥകളില്‍ ജിന്നയുടെ ലിബറല്‍ വ്യക്തിപ്രഭാവം ഒരു പ്രചോദനമായി അവതരിപ്പിച്ചിരുന്നതിലൂടെ ആ പ്രതിച്ഛായ വലിയതോതില്‍ ജനങ്ങളിലേക്ക് എത്തുകയുമുണ്ടായി. സ്വാതന്ത്ര്യാനന്തര കാലത്ത് ജിന്നയുടെ രാഷ്ട്രീയത്തോടുള്ള കടുത്ത വിരോധത്തോടൊപ്പം ജിന്നയുടെ വ്യക്തിപരമായ സവിശേഷതകള്‍ ഇന്ത്യയുടെ ഇങ്ങേയറ്റത്തു കിടക്കുന്ന കേരളത്തില്‍ സ്വാധീനം ചെലുത്തി എന്നതാണ് കൗതുകം ജനിപ്പിക്കുന്നത്. കേരളത്തില്‍ അവര്‍ ജിന്നയില്‍ നിന്ന് ഉള്‍ക്കൊണ്ടത് ആധുനികതയെ പ്രോത്സാഹിപ്പിക്കുന്ന ഒരുതരം ആഭിജാത്യമാണ്.
ലിബറല്‍ കാഴ്ചപ്പാട് പുലര്‍ത്തുന്ന ലീഗ് നേതാക്കള്‍ക്ക് പക്ഷേ മതജീവിതത്തിലും ആചാരങ്ങളിലും സമുദായ നേതാക്കള്‍ എന്ന നിലയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നത് അസാധ്യമായിരുന്നു. മതത്തെ പൂര്‍ണമായി നിരസിക്കുന്നതിനു പകരം അവര്‍ മതം ഒരു വ്യക്തിയുടെ സ്വകാര്യമായ വിശ്വാസത്തിന്റെ കാര്യമായി കണക്കാക്കുന്ന ലിബറല്‍ സമീപനത്തെ അനുകൂലിച്ചു. അവര്‍ മതവിശ്വാസത്തിന് ഇടം നല്‍കിയെങ്കിലും അതിനെ സ്വന്തം രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തി.
മതത്തെ വ്യക്തിയുടെ സ്വകാര്യത എന്നതിലുപരി പൊതുജീവിതത്തിന്റെ ഭാഗമായി, പ്രകടിപ്പിക്കേണ്ട ഒന്നായി കണ്ടുവരുകയായിരുന്നു. ലിബറലുകള്‍ അവരുടെ ചിന്തകളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും മതേതരത്വം കാണിക്കാന്‍ അതിയായ ആഗ്രഹം സൂക്ഷിച്ചു. ഈ നിലപാട് അനുസരിച്ച് നേതൃത്വത്തിന് അവശ്യം വേണ്ട ഗുണങ്ങളിലൊന്നായി പാശ്ചാത്യ വിജ്ഞാനത്തെ പരിഗണിച്ചു.
ജിന്നയുടെ സഹോദരി ഫാത്തിമ ജിന്ന അദ്ദേഹത്തെക്കുറിച്ച് എഴുതിയ ‘മൈ ബ്രദര്‍’ എന്ന ജീവചരിത്ര കൃതിയുടെ വിവര്‍ത്തനം ഉള്‍പ്പെടെ ഏതാണ്ട് ഒരു ഡസനോളം വരുന്ന മലയാളത്തില്‍ പ്രസിദ്ധീകരിച്ച ജിന്നയുടെ ജീവചരിത്ര കൃതികള്‍ കേരളത്തിലെ ലീഗ് നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം സൂചിപ്പിക്കുന്നതാണ്(45). ഇന്നത്തേക്കാള്‍ വളരെയധികമായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എന്ന് എം സി വടകര തീര്‍ത്തു പറയുന്നു. ജിന്നയുടെ ജീവചരിത്ര വിഭാഗത്തിന് നീണ്ട ചരിത്രമുണ്ട്. അതില്‍ ആദ്യത്തേത് 1940ല്‍ സീതി സാഹിബ് എഴുതിയതാണ്.(46)
സീതി സാഹിബും ജിന്നയും
സീതി സാഹിബ് തന്റെ കൃതിയിലൂടെ ജിന്നയുടെ രാഷ്ട്രീയ നിലപാടിനെ ന്യായീകരിക്കാനല്ല, മറിച്ച് അദ്ദേഹത്തിന്റെ നേതൃപാടവം വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനാണ് ശ്രമിച്ചത്. ജിന്നയുടെ നിലപാടുകളെ സാര്‍വത്രികമായി പ്രസക്തമായ വിധത്തില്‍ വിപ്ലവകരമായി വിശേഷിപ്പിക്കുമ്പോള്‍ അവയുടെ ഉള്ളടക്കത്തെ സാംസ്‌കാരികമായി നിശ്ചിതമായാണ് വിവരിക്കുന്നത്. എംസിയുടെ വിവരണം അനുസരിച്ചു സീതി സാഹിബിന് അതുപോലെ പ്രസക്തമായ മറ്റൊരു നേതൃത്വ മാതൃകയും മുന്നോട്ടുവെക്കാന്‍ ഇല്ലായിരുന്നു. വിഭജനം, 1965ലെയും 1971ലെയും ഇന്ത്യ-പാക് യുദ്ധങ്ങള്‍, തദ്ഫലമായ പാകിസ്താന്‍ വിരുദ്ധ വികാരം എന്നിവയെല്ലാം പിന്നീട് ദക്ഷിണേന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ജിന്നയുടെ പ്രതിച്ഛായ മങ്ങാന്‍ കാരണമായി.
ജിന്നയുടെ നേതൃഗുണങ്ങളോടും ലിബറല്‍ കാഴ്ചപ്പാടിനോടും ആരാധന തുടര്‍ന്നും ഉണ്ടായിരുന്നെങ്കിലും അത് രാഷ്ട്രീയമായി ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലീഗ് നേതൃത്വത്തിന് ബോധമുണ്ടായിരുന്നു. മുസ്‌ലിം നേതൃത്വത്തെ ആധുനികവത്കരിക്കാന്‍ ശ്രമിച്ച ആദ്യ നേതാവ് സീതി സാഹിബ് ആയിരുന്നു. സമുദായത്തില്‍ ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച ആദ്യ തലമുറ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. നിയമം പഠിച്ചു വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. സീതി സാഹിബ് ദേശീയ രാഷ്ട്രീയത്തിന്റെ വിശാലമായ മണ്ഡലത്തിലേക്ക് കടന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ ആയിരുന്നു.
കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ രണ്ടു തവണ (1928, 1931) കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു. ലീഗുമായി വേര്‍പിരിയാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ അദ്ദേഹം പാര്‍ട്ടി വിട്ട് 1930കളുടെ മധ്യത്തില്‍ മലബാര്‍ ജില്ലയില്‍ ലീഗിനെ സംഘടിപ്പിക്കാന്‍ തുടങ്ങി. എം സി വടകര അദ്ദേഹത്തെ ബുദ്ധിമാനും ആകര്‍ഷകമായ പരിവേഷമുള്ള ജിന്നാ ടൈപ്പ് നേതാവുമായാണ് ഓര്‍മിക്കുന്നത്. അനുയായികള്‍ മുസ്‌ലിം രാഷ്ട്രീയത്തിലേക്ക് ആധുനികതയെ കൊണ്ടുവന്ന നേതാവായി അദ്ദേഹത്തെ വാഴ്ത്തുന്നു. കേരളത്തിലെ സര്‍ സയ്യിദ് എന്ന് പലപ്പോഴും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
എം സി വടകര എഴുതുന്നു: ”സര്‍ സയ്യിദ് അഹ്മദ് ഖാന്‍, മൗലാനാ മുഹമ്മദലി, ഖാഇദെ അഅ്‌സം അബ്ദുല്‍ കലാം ആസാദ് എന്നിവര്‍ ഉള്‍പ്പെടുന്ന അപൂര്‍വ ജനുസ്സില്‍ പെട്ട നേതാക്കളില്‍ ഉള്‍പ്പെടുന്ന നേതാവാണ് സീതി സാഹിബ്. ഏത് മതപണ്ഡിതനും ഒപ്പം നില്‍ക്കുന്ന, ഇസ്‌ലാമിക വിജ്ഞാനത്തില്‍ ആഴത്തില്‍ അറിവുള്ള തികഞ്ഞ ഭക്തനും കൂടിയാണ് സാഹിബ്. ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം നേതാക്കളുടെ ഉത്തമ ഗുണങ്ങളെല്ലാം അദ്ദേഹം ഉള്‍ക്കൊണ്ടു. മുഹമ്മദലിയുടെ സഹാനുഭൂതി, ജിന്നയുടെ ബുദ്ധിവൈഭവം, ആസാദിന്റെ പ്രസംഗപാടവം എല്ലാം ഒരാളില്‍ കൗതുകകരമായ വിധത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. വിദ്യാസമ്പന്നനായ അദ്ദേഹത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രാവീണ്യം പ്രസിദ്ധമായിരുന്നു. ആലശിഴ മ ഇീാെീുീഹശമേി കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം കേരളത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ പങ്കുവഹിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ കൂട്ടുകെട്ട് സാധ്യമാക്കി(47).
ചെറുപ്പത്തില്‍ തന്നെ പാശ്ചാത്യ വിദ്യാഭ്യാസം നേടിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ രൂപപ്പെടുത്തിയതായി എം സി വിവരിക്കുന്നു(48). ആദ്യകാല നേതാക്കളുടെ ജീവചരിത്രങ്ങളില്‍ സമാനമായ ആഖ്യാനങ്ങള്‍ കാണാവുന്നതാണ്. ഉദാഹരണത്തിന് ബി പോക്കര്‍ സാഹിബിന്റെ ജീവചരിത്രം എഴുതിയ കെ പി കുഞ്ഞിമൂസ അദ്ദേഹത്തിന്റെ പാശ്ചാത്യ വിദ്യാഭ്യാസത്തെ പ്രകീര്‍ത്തിക്കുകയും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയവും ബൗദ്ധികവുമായ ജീവിതത്തെ സ്വാധീനിച്ചതായി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തെ മാപ്പിള സമുദായം വിരോധത്തോടെയും മുന്‍വിധിയോടെയും നോക്കിക്കണ്ട കാലത്താണ് പോക്കര്‍ സാഹിബ് ഇംഗ്ലീഷ് പഠിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം മുസ്‌ലിംകളെ നരകത്തില്‍ എത്തിക്കും എന്നൊരു വിശ്വാസം നിലവിലുണ്ടായിരുന്നു. പോക്കര്‍ സാഹിബ് മറ്റുള്ളവരെയെല്ലാം പിന്നിലാക്കി ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയത് ഒപ്പമുള്ളവരെ മാത്രമല്ല അധ്യാപകരെയും അദ്ഭുതപ്പെടുത്തി(49).
ഇസ്‌ലാമിന്റെ ആധുനിക രൂപം പിന്തുടരുന്ന കോസ്‌മോപൊളിറ്റന്‍ നേതൃത്വം ആവശ്യമാണ് എന്ന് സാധൂകരിക്കാനായി ആഗോള മുസ്‌ലിം സമുദായത്തിലെ സമകാലിക നേതാക്കളുടെ ജീവിത ചരിത്രങ്ങള്‍ പരിഷ്‌കരണ ആഭിമുഖ്യമുള്ള ലീഗ് നേതാക്കള്‍ ഒരുപോലെ ഉദാഹരണമായി എടുത്തുകാട്ടി.
ഇസ്‌ലാമിലെ ആധുനികതാവാദികളായ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിലൂടെ അത്തരം നേതാക്കളുടെ മാതൃകയിലുള്ള നേതൃത്വം ഉണ്ടാക്കാനും ജനകീയമാക്കാനും അവര്‍ പ്രതീക്ഷിച്ചു. ഇന്ത്യ-പാക് യുദ്ധത്തിനു ശേഷമുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കാരണം കുറച്ചു കാലത്തേക്ക് ജനപ്രിയത നഷ്ടപ്പെട്ടെങ്കിലും 1970കളുടെ അവസാനത്തില്‍ ജിന്നാ ടൈപ്പ് നേതൃത്വ സങ്കല്‍പം തിരിച്ചുവന്നു.
സി എച്ച് മുഹമ്മദ് കോയ
സി എച്ച് മുഹമ്മദ് കോയ, ഇ അഹമ്മദ് മുതലായ നേതാക്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനശൈലി ജിന്നയുടെ നേതൃത്വത്തിന്റെ സാധ്യതകളും സംഭവ്യതകളും അന്വേഷിച്ചു. എന്‍ പി ചെക്കുട്ടി നിരീക്ഷിക്കുന്നതുപോലെ ലീഗിന് അനുകൂലമായ ഒരു പൊതുമണ്ഡലം ഉണ്ടാക്കിയെടുക്കുന്നതില്‍ സി എച്ച് വിജയിച്ചു. ഇത് സാഹിത്യ-മാധ്യമ-വിദ്യാഭ്യാസ മേഖലകളിലെ അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകള്‍ കൊണ്ടാണ് സാധ്യമായത്(50). വ്യക്തിപരമായി സി എച്ച് ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ നിന്ന് പൊതുപ്രസംഗകന്‍, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, പ്രസാധകന്‍, സാമൂഹിക ചിന്തകന്‍ എന്നീ നിലകളിലേക്കെല്ലാം വളരുകയും സ്വസമുദായത്തിലെ മാത്രമല്ല മറ്റു സമുദായങ്ങളിലെ കൂടി ആളുകളുടെ സമ്മതി നേടുകയും ചെയ്തു(2020;136).
സി എച്ച് വളരെ സാധാരണമായ പശ്ചാത്തലത്തില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നപ്പോഴും ആധുനിക കാഴ്ചപ്പാടും കൂര്‍മബുദ്ധിയും രാഷ്ട്രീയ സംവേദനശീലവും അതിലേറെ ഗംഭീരമായ നര്‍മബോധവും കൈമുതലാക്കി. എല്ലാ സമുദായത്തിലും വിവേകപൂര്‍ണമായ ഭാഷാപ്രയോഗവും നര്‍മബോധവും കാരണം അദ്ദേഹം ബഹുമാന്യനായിരുന്നു. പ്രാദേശിക താല്‍പര്യങ്ങളെയും കോസ്‌മോപൊളിറ്റന്‍ ആഗ്രഹങ്ങളെയും ഒരുപോലെ മാനിക്കുന്ന, പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന പുരോഗമനോന്മുഖനായ നേതാവായിരുന്നു സി എച്ച്. ജിന്നയുടെ ശക്തി തിരിച്ചറിഞ്ഞ സി എച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ ഒഴികെ നേതൃത്വഗുണത്തെ മുസ്‌ലിം സമൂഹങ്ങള്‍ മാതൃകയാക്കണം എന്നു വിശ്വസിച്ചു(51).
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം ആധുനികതയുടെ തത്വങ്ങളില്‍ ഊന്നിക്കൊണ്ട് സമുദായ വികസനം നടത്തണമെന്നും അതിന് ആധുനിക വിദ്യാഭ്യാസം കൂടിയേ തീരൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു(52). എന്നിരുന്നാലും ഒരു വിഭാഗം ലീഗ് നേതാക്കളില്‍ നിന്ന്, വിശേഷിച്ചും വടക്കന്‍ കേരളത്തിലെ സമ്പന്നരായ വ്യാപാരികളില്‍ നിന്ന് കഠിനമായ എതിര്‍പ്പ് സി എച്ചിന്റെ നേതൃത്വത്തിന് നേരിടേണ്ടിവന്നു. എന്‍ പി ചെക്കുട്ടി എഴുതിയതുപോലെ പാര്‍ട്ടിയിലെ സമ്പന്നരുടെയും മേല്‍ത്തട്ടിലെ നേതാക്കളുടെയും കണ്ണിലെ കരടായി സി എച്ച് മാറി. അന്നത്തെ അധ്യക്ഷനായിരുന്ന ബാഫഖി തങ്ങളുടെ കൂട്ടത്തിലെ ചെറിയ മമ്മുക്കേയി, ഉമര്‍ ബാഫഖി തങ്ങള്‍ എന്നീ നേതാക്കള്‍ തങ്ങളുടെ കുടുംബ പാരമ്പര്യം കൊണ്ട് പാര്‍ട്ടിയില്‍ തീരുമാനമെടുക്കാനുള്ള അധികാരമുള്ളവരായിരുന്നു.(53) മദ്രസാ അധ്യാപകരുടെ കുടുംബത്തില്‍ നിന്ന് വന്ന കോയയുടെ നേതൃത്വത്തിലേക്കുള്ള ഉയര്‍ച്ച നിലവിലുണ്ടായിരുന്ന അധികാര സമവാക്യങ്ങളെ താറുമാറാക്കി (2020). പാര്‍ട്ടിയുമായി ബന്ധപ്പെട്ട സുന്നി പുരോഹിതരെ മാനിക്കാത്തതിനാല്‍ കോയ വഹാബി എന്നും മുദ്രകുത്തപ്പെട്ടു.(54) ആ അവസരം മുതലെടുത്തുകൊണ്ട് ഇത്തരമൊരു കൂട്ടുകെട്ട് പാരമ്പര്യവാദികളെ പിണക്കും എന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പാര്‍ട്ടിക്ക് താക്കീത് നല്‍കി.
1972ല്‍ ബാഫഖി തങ്ങളുടെ മരണശേഷം ലീഗ് നേതൃത്വത്തെ വടക്കന്‍ മലബാറിലെ കച്ചവട പ്രമാണിമാരില്‍ നിന്ന് മോചിപ്പിക്കാനും പ്രധാനമായും കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന മലപ്പുറത്തെ പാണക്കാട് കുടുംബത്തിലേക്ക് അതിനെ ഒതുക്കിനിര്‍ത്താനും സി എച്ചിനു സാധിച്ചു. മലബാറിലെ മിക്ക സുന്നികളുടെയും ആത്മീയ ആചാര്യനായ പാണക്കാട് കുടുംബത്തിലെ പൂക്കോയ തങ്ങളെ ഉള്‍ക്കൊള്ളിച്ചത് നേതൃത്വത്തിന്റെ സലഫി ചായ്‌വിനെക്കുറിച്ചുള്ള സുന്നി പുരോഹിതന്മാരുടെ ആരോപണങ്ങള്‍ നേരിടുന്നതിനായിരുന്നു.
തങ്ങള്‍ വ്യാപാരിമാരെയും മേല്‍ത്തട്ടുകാരെയും ഒട്ടും ആശ്രയിക്കാതെ പുരോഹിതരും ജന്മിമാരും കര്‍ഷകരും ഗള്‍ഫ് കുടിയേറ്റക്കാരും ഉള്‍പ്പെടുന്ന പുതിയൊരു സാമൂഹിക മണ്ഡലം പരിചയപ്പെടുത്തി. പുതിയ ഭരണത്തില്‍ അസംതൃപ്തരായ വ്യാപാരിസമൂഹം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം യൂനിയനെ പിളര്‍ത്തി 1975ല്‍ ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് എന്നൊരു സംഘടന രൂപീകരിക്കുക പോലുമുണ്ടായി. എം കെ ഹാജി, ഉമര്‍ ബാഫഖി തങ്ങള്‍, സി കെ പി ചെറിയ മമ്മുക്കേയി എന്നിവര്‍ പുതിയ പാര്‍ട്ടിയെ നയിച്ചു.
ഇ അഹമ്മദ് എന്ന ആഗോള പൗരന്‍
കേരളത്തിലെ മുസ്‌ലിം നേതൃത്വം നിലകൊള്ളുന്ന ആശയങ്ങളായ ആധുനികതയും ആഭിജാത്യവും സമന്വയിപ്പിക്കാന്‍ കഴിഞ്ഞ മറ്റൊരു ജിന്നാ ടൈപ്പ് നേതാവാണ് ഇ അഹമ്മദ്. ജയന്ത് ജേക്കബ് വിശേഷിപ്പിക്കുന്നതുപോലെ, ‘അഹമ്മദ് പാരമ്പര്യത്തിലൂന്നിയ പുരോഗമന മുസ്‌ലിം രാഷ്ട്രീയത്തിന് വേണ്ടി ബാറ്റ് ചെയ്തു.'(55) ദേശീയതലത്തില്‍ എക്കാലത്തെയും വലിയ ലീഗ് നേതാവായിരുന്നു അദ്ദേഹം. രണ്ടു തവണ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1991നും 2009നും ഇടയില്‍ ആറു തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
മിക്ക അറബ് രാജ്യങ്ങളിലെയും ഭരണാധികാരികളുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുകയും ഈ മേഖലയിലെ രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ദൂതനായി അയക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ വിപുലമായ അന്തര്‍ദേശീയ രാഷ്ട്രീയബന്ധങ്ങള്‍ കാരണം, മാധ്യമങ്ങളും രാഷ്ട്രീയവൃത്തങ്ങളും ഒരുപോലെ അഹമ്മദിനെ വിശ്വപൗരന്‍ അല്ലെങ്കില്‍ ആഗോള പൗരന്‍ എന്ന് എപ്പോഴും വിളിച്ചുപോന്നു. അദ്ദേഹത്തിന്റെ മരണസമയത്ത് മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമി എഴുതി:
”ഒരു കോസ്‌മോപൊളിറ്റന്‍ രാഷ്ട്രീയക്കാരനായും അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ പോലും സന്ദിഗ്ധ ഘട്ടങ്ങളിലെ വിദഗ്ധനായ മധ്യസ്ഥനായും അഹമ്മദ് ഓര്‍മിക്കപ്പെടും.”(56) ഈ വിശ്വപൗരന്‍ എന്ന പ്രതിച്ഛായ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്കിടയില്‍ ജനപിന്തുണ നേടിയെടുക്കാന്‍ പലവട്ടം അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്(57).
വിവ.
ഡോ. സൗമ്യ പി എന്‍

കുറിപ്പുകള്‍

37. R: Devji F. Apologetic Modernity. Modern Intellectual History. 2010;4(1):61-76.
37. Al-Sarhil N. The West and Islamic Perspective of Leadership. International Affairs and Global Strategy. 2014;18:42-56. Available from: https://core.ac.uk/download/pdf/234670561.pdf.
38. Gangadharan M. Emergence of the Muslim League in Kerala: A Historical Enquiry. In: Engineer AA, editor. Kerala Muslims: A Historical Perspective. Ajatnta Publications. 1995;p. 214.
39. Muhammad TC, Sahib KU. Kottayam Malabrinte Prasasthaputhran. Calicut. Grace Books. 2020.
40. Ibid. .
41. Sathar Sait on his arrival was given a warm welcome by Jinnah and later, provided him with the higher positions in the government such as Pakistan’s High Commissioner in Saudi Arabia. .
42. Gangadharan M. Emergence of the Muslim League, op.cit, p. 213. .
43. Vatakara MC, Koya CM. op.cit, pp.50-51. .
44. Ibid, p 260. .
45. Jinnah F. Muhammadali Jinnah Ente SahThdaran, Calicut. Calicut. Olive Publications. 2010.
46. Seethi KM. Muhammadali Jinnah, 1940 cited in Althaf, Seethi Sahib, op, cite. .
47. Sulaimansait I. Ente Netavu. In: Seethi Sahib Smaraka Grandam (1898- 1961), Malappuram. Grace Books. 2018;p. 131–133.
48. Vatakara MC, Koya CM. op.cit.. .
49. Kunhimoosa KP, Sahib P. op.cit,pp.14-15. .
50. Ibid., p.136. .
51. Chekutty NP. Muslim League Kerala Caritratil, op.cit, p.260. .
52. Vatakara MC, Koya CM. op.cit.p.260. .
53. Chekutty NP. Muslim League Kerala Caritratil, op.cit, p. 118. .
54. Wahhabi’ was a term derogatorily employed by the orthodox faction to label leaders with Salafi orientation. .
55. Jacob J. E. Ahamed, Consummate Politician, Skilled Negotiator and Football Fan. 2 Feb, 2017.
56. Mathrubhumi Daily (Calicut edition). 2 feb, 2017.
57. The photographs of his meeting with Yasser Arafat, the then President of Palestine had widely been used for election campaigns in the Parliament elections in 2009 for wooing the majority Muslim voters of Mancheri constituency in Kerala.

Back to Top