20 Thursday
June 2024
2024 June 20
1445 Dhoul-Hijja 13

ഇന്‍തിഫാദയും ഹമാസും

എം എസ് ഷൈജു


ഫലസ്തീന്‍ പ്രശ്‌നങ്ങളില്‍ യുദ്ധോന്മുഖമായ പരിഹാരങ്ങളും തേടി അത്യാവേശപൂര്‍വം ഇറങ്ങിപ്പുറപ്പെട്ട അറബ് രാജ്യങ്ങളെല്ലാം പാതി വഴിയില്‍ അവരുടെ ദൗത്യമവസാനിപ്പിച്ച് മടങ്ങിപ്പോയി. അനാഥത്വം പേറുന്ന ഒരു ജനതയെ ഫലസ്തീന്റെയും അയല്‍ രാജ്യങ്ങളുടെയും തെരുവുകളില്‍ അഭയാര്‍ഥികളായി ഉപേക്ഷിച്ച് കൊണ്ടായിരുന്നു ഈ മടക്കം. ഈജിപ്തിന്റെ വീഴ്ചയും പിന്മടക്കവുമാണ് അറബ് പോരാട്ടങ്ങളുടെ ആത്മവീര്യത്തെ പ്രഹരിച്ചത്. ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ചുമതല അറബ് രാഷ്ട്രങ്ങള്‍ പി എല്‍ ഒ ക്ക് മാത്രമാക്കി നിജപ്പെടുത്തി. അറബ് രാജ്യങ്ങള്‍ പുറമെ നിന്ന് മാത്രം പിന്തുണ നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. യഥാര്‍ഥത്തില്‍ അറബികളുടെ ഗര്‍ഹ്യമായ ഒരു പിന്മടക്കം കൂടിയായിരുന്നു ഇത്. ഫതഹ് ദുര്‍ബലമായെങ്കിലും യാസര്‍ അറാഫത്ത് ഇതിനകം പി എല്‍ ഒയുടെ അനിഷേധ്യ നേതാവായി മാറിക്കഴിഞ്ഞിരുന്നു. തെക്കന്‍ ലബനന്‍ ആസ്ഥാനമാക്കിയായിരുന്നു പി എല്‍ ഒ പ്രവര്‍ത്തിച്ചിരുന്നത്. തെക്കന്‍ ലബനാനില്‍ അനേകം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പി എല്‍ ഒയെ കൂടാതെ അനേകം ചെറു സൈനിക സംഘങ്ങളും ലബനന്‍ കേന്ദ്രീകരിച്ച് ഇസ്രായേലിനെതിരെ ഒറ്റ തിരിഞ്ഞ് ആക്രമണം നടത്തിക്കൊണ്ടിരുന്നു.
ലബനാന്റെ തെക്കന്‍ തീരം ശിയാ മിലറ്റന്‍ഡ് ഗ്രൂപ്പുകളുടെ കൂടി താവളമായിരുന്നു. ഫതഹ് പാര്‍ട്ടിയുമായി വിയോജിച്ച ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമിക് ജിഹാദ് മൂവ്‌മെന്റ് എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗമായാണ് പ്രവര്‍ത്തിച്ചത്. ഫലസ്തീന്‍ പോരാട്ടത്തിന്റെ മതേതര മുഖത്തെ ഇസ്ലാമികവല്‍കരണം വഴി പരിവര്‍ത്തിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ശൈഖ് അഹ്മദ് യാസീന്‍ എന്ന ഇസ്‌ലാമിസ്റ്റ് പണ്ഡിതന്‍ ജിഹാദ് മൂവ്‌മെന്റിന്റെ മുന്‍ നിരയിലേക്കെത്തി. പ്രഗത്ഭനും ജ്ഞാനിയുമായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരും മതാഭിമുഖ്യം പുലര്‍ത്തുന്നവരുമായ അനേകം യുവ നേതാക്കളും ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ നിന്ന് പോരാട്ട മുഖത്തേക്ക് എത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഇവര്‍ക്കോ ജിഹാദ് മൂവ്‌മെന്റിനോ യാസര്‍ അറാഫത്തിനോട് യാതൊരു പ്രതിപത്തിയുമുണ്ടായിരുന്നില്ല. പി എല്‍ ഒ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ജിഹാദ് മൂവ്‌മെന്റില്‍പ്പെട്ടവര്‍ അംഗീകരിച്ചില്ല. എങ്കിലും പി എല്‍ ഒക്കായിരുന്നു അന്തര്‍ദേശീയ വേദികളില്‍ അംഗീകാരം കിട്ടിത്തുടങ്ങിയത്. യാഥാര്‍ഥ്യ ബോധത്തോടെയുള്ളതും പ്രായോഗികമായതുമായ നിലപാടുകള്‍ സ്വീകരിക്കാനും ഫലസ്തീന്‍ പോരാട്ടങ്ങളില്‍ മുമ്പ് സംഭവിച്ച അവധാനതക്കുറവുകളില്‍ നിന്ന് പാഠം പഠിക്കാനും പി എല്‍ ഒക്ക് അന്തര്‍ദേശീയ സമ്മര്‍ദങ്ങളുമുണ്ടായി. സായുധ പോരാട്ട രംഗത്ത് നിന്ന് മെല്ലെ പിന്മാറാനും രാഷ്ട്രീയമായ ഇടപെടലുകളും നയതന്ത്ര നീക്കങ്ങളും നടത്തി പുതിയൊരു പോരാട്ട മുഖം തുറക്കാനും പി എല്‍ ഒ ആലോചിച്ച് തുടങ്ങിയിരുന്നു.
പി എല്‍ ഒ സായുധ സമര രംഗത്ത് നിന്ന് പിന്മാറാന്‍ തയാറായെങ്കിലും ലബനാനിലുള്ള മറ്റ് ഫലസ്തീനി സായുധ ഗ്രൂപ്പുകള്‍ ഉഗ്രമായ പോരാട്ടങ്ങള്‍ തുടര്‍ന്നു. ലബനന്‍ സര്‍ക്കാരുകള്‍ക്ക് പോലും ഈ മിലിട്ടന്‍ഡ് ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ലബനാനിലെ ക്രിസ്ത്യന്‍ തീവ്രവാദ സംഘങ്ങളെ ഉപയോഗിച്ചാണ് ഇസ്രായേല്‍ അക്രമങ്ങള്‍ക്ക് പകരം ചോദിച്ചത്. അവര്‍ ലബനാനെതിരെ യുദ്ധമാരംഭിച്ചു. യുദ്ധാനന്തരം പി എല്‍ ഒ തങ്ങളുടെ ആസ്ഥാനം ലബനാനില്‍ നിന്ന് തുനീഷ്യയിലേക്ക് മാറ്റി. പി എല്‍ ഒയും അവരുടെ സേനയും വിട്ട് പോയതോടെ ലബനാനില്‍ ചില ശിയാ ഗ്രൂപ്പുകളും സുന്നി പക്ഷത്തുള്ള ചെറു പോരാട്ട സംഘങ്ങളും അഭയാര്‍ഥികളും മാത്രം ശേഷിച്ചു. ഇസ്രായേല്‍ പ്രതിരോധ മന്ത്രിയും പിന്നീട് പ്രധാന മന്ത്രിയുമായ ഏരിയല്‍ ഷാരോണെന്ന സിയോണിസ്റ്റ് നേതാവിന്റെ ആസൂത്രണത്തില്‍ ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി കാമ്പുകളില്‍ നിഷ്ടൂരമായ മനുഷ്യക്കുരുതി നടക്കുന്നത് ഇക്കാലയളവിലാണ്. ശബ്റാ – ശത്തീലാ കൂട്ടക്കൊല എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. അഭയാര്‍ഥി കാംപുകളെ ഇസ്രായേല്‍ സൈന്യം പൂര്‍ണമായി ഉപരോധിച്ച് നിര്‍ത്തിയ ശേഷം ലബനാനിലെ ഫലസ്തീന്‍ വിരുദ്ധ ക്രിസ്ത്യന്‍ മിലീഷ്യകളെ ആയുധങ്ങളുമായി കാമ്പുകളിലേക്ക് കടത്തി വിട്ടു. ഏതാനും മണിക്കൂര്‍ കൊണ്ട് ആയിരത്തിലധികം ഫലസ്തീനി അഭയാര്‍ഥികളെ കൊന്ന് കൊല വിളിച്ച് അവര്‍ പുറത്ത് പോയി. ഇത്രയും നേരവും കാമ്പുകളെ ഇസ്രായേല്‍ സേന ഉപരോധിച്ച് നിര്‍ത്തുകയായിരുന്നു. ഒറ്റ ഫലസ്തീനിക്ക് പോലും രക്ഷപ്പെട്ട് പുറത്ത് പോകാന്‍ കഴിഞ്ഞില്ല. പുറമെ നിന്നുള്ളവര്‍ക്ക് അകത്ത് കയറാനും കഴിഞ്ഞില്ല. അഭയാര്‍ഥി കാമ്പുകളുടെ പരിസരങ്ങള്‍ മുഴുവന്‍ മൃതശരീരങ്ങള്‍ കൊണ്ട് നിറയപ്പെട്ടു. ക്യാമ്പുകളില്‍ ദിവസങ്ങളോളം മനുഷ്യ നിണം ഉറഞ്ഞ് പാട കെട്ടിക്കിടന്നു. ലോകം ഞെട്ടിയ ഈ സംഭവത്തോടെയാണ് ഏരിയല്‍ ഷാരോണിന് ‘ലബനാനിലെ അറവുകാരന്‍’ എന്ന വിളിപ്പേര് കിട്ടിയത്. ഫലസ്തീന്‍ പോരാട്ടങ്ങളെ വീണ്ടും രണോത്സുകമാക്കാന്‍ ഈ സംഭവം കാരണമായി.
പി എല്‍ ഒ ലബനന്‍ വിട്ട് പോയെങ്കിലും അവരുമായി അഭിപ്രായ വ്യത്യാസമുള്ള ഫലസ്തീന്‍ പോരാളി സംഘങ്ങളും ശിയാ മിലിട്ടന്‍ഡ് ഗ്രൂപ്പുകളും തെക്കന്‍ ലബനന്‍ ആസ്ഥാനമാക്കിയാണ് പോരാട്ടങ്ങള്‍ നടത്തിയിരുന്നത്. പി എല്‍ ഒ അതിന്റെ നയം മാറ്റത്തോടെ കൂടുതല്‍ ദുര്‍ബലമായി. ഇതിനിടയില്‍ ഇസ്ലാമിസ്റ്റ് ചേരിയില്‍ ജിഹാദി മൂവ്‌മെന്റുമായി സഹകരിച്ച് നീങ്ങിയിരുന്നവര്‍ പുതിയൊരു സംഘടനയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. അവിടം മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങളുടെ നേതൃസ്ഥാനം കൈയ്യടക്കിയ ഹമാസ് എന്ന സംഘടനയുടെ പിറവിയിലേക്കാണ് ആ ആസൂത്രണങ്ങള്‍ വഴി തുറന്നത്. ഫലസ്തീന്‍ ജനകീയ പ്രതിരോധത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരധ്യായമായ ഇന്‍തിഫാദകള്‍ക്ക് ആരംഭം കുറിച്ച് കൊണ്ടാണ് ഹമാസ് ഫലസ്തീന്‍ രാഷ്ട്രീയത്തില്‍ അതിന്റെ കടന്ന് വരവ് പ്രഖ്യാപിക്കുന്നത്. ‘ഇന്‍തിഫാദ’ എന്ന വാക്കിന് അറബിയില്‍ കുടഞ്ഞു കളയുക എന്നാണര്‍ഥം. ഫലസ്തീനികളുടെ വ്യാഖ്യാനത്തില്‍, അവരുടെ മേല്‍ പുരണ്ട അഴുക്കായ ഇസ്രയേലികളെ കുടഞ്ഞു കളയാന്‍ നടത്തുന്ന പോരാട്ടമെന്നാണിതിനര്‍ഥം. 1987ല്‍ നാല് ഫലസ്തീനികളുടെ മരണത്തിന് ഇട വരുത്തിയ ഒരു ട്രക്കപകടം ഇസ്രായേല്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായാണ് ജനം തെരുവിലിറങ്ങാന്‍ തുടങ്ങിയത്. ആദ്യമാദ്യം ഈ പോരാട്ട വഴിയെ ഇസ്രായേല്‍ അവഗണിച്ചു. ആയിരക്കണക്കിന് ഫലസ്തീനികളെ ഒറ്റയടിക്ക് കൊന്ന് ചോരയൊഴുക്കിയ ചരിത്രമുള്ള ഇസ്രായേലിന് 4 പേരുടെ ചോരക്ക് കണക്ക് ചോദിക്കാന്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭം നിസാരമായാണ് അനുഭവപ്പെട്ടത്. പക്ഷെ വലിയ ആസൂത്രണങ്ങളോടെ നടന്ന ഇന്‍തിഫാദ ഇസ്രായേലിനെ പ്രതിരോധത്തിലാക്കിയത് പോലെ ഫലസ്തീന്‍ പോരാട്ട ചരിത്രത്തില്‍ അവര്‍ പ്രതിരോധത്തിലായിപ്പോയ മറ്റൊരു സംഭവവുമില്ല. ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് പ്രക്ഷോഭങ്ങളുടെ വന്‍ തിരമാലകള്‍ ഒരേ സമയം അടിച്ചുയര്‍ന്നു. ഇസ്രയേലിനെതിരേ അഞ്ച് ലക്ഷം ഫലസ്തീനികളാണ് തെരുവിലിറങ്ങിയത്. അപ്രതീക്ഷിതയുണ്ടായ ഈ പ്രതിഷേധ പ്രകടനങ്ങള്‍ ഇസ്രായേലിനെ ഞെട്ടിച്ചു. ഫലസ്തീന്‍ നിരത്തുകള്‍ മുഴുവന്‍ ജനസാഗരമായി മാറി. പ്രക്ഷോഭത്തെ നിയന്ത്രണ വിധേയമാക്കാന്‍ എണ്‍പതിനായിരത്തിലധികം സൈനികരെ ഇസ്രായേല്‍ തെരുവിലിറക്കി. ഇസ്രായേലി സൈനികരും ഫലസ്തീനി പ്രതിഷേധക്കാരും തമ്മില്‍ അന്നത്തെ ദിവസം നടന്ന തെരുവുയുദ്ധങ്ങള്‍ ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങളുടെ പ്രതീകച്ചിത്രങ്ങളായി മാറി. ഒരു വശത്ത് സെമി ഓട്ടോമാറ്റിക് യന്ത്രത്തോക്കുകളേന്തിയ ഇസ്രായേലി കമാന്‍ഡോകളും മറുവശത്ത്, ഇസ്രായേലിന്റെ ബോംബാക്രമണങ്ങളാല്‍ നിലം പൊത്തിയ തങ്ങളുടെ വീടുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് പെറുക്കിയെടുത്ത കല്ലിന്റെയും കോണ്‍ക്രീറ്റിന്റെയും കഷ്ണങ്ങള്‍ കയ്യിലേന്തിയ ഫലസ്തീനി പൗരന്മാരും തമ്മില്‍ നടന്ന പോരാട്ടം ലോകമെങ്ങുമുള്ള ജനങ്ങള്‍ ടെലിവിഷനുകളിലൂടെ കണ്ടു. തകര്‍ന്ന കെട്ടിടങ്ങളുടെ കീഴില്‍ കവണകളുമായി ഒളിച്ചിരുന്ന് ഫലസ്തീന്‍ ബാലന്മാര്‍ ഇസ്രായേലി സൈന്യത്തിന്റെ മനോവീര്യം തകര്‍ത്തു. ഇസ്രായേലി പക്ഷപാതികളല്ലാത്ത മുഴുവന്‍ രാജ്യങ്ങളും മനുഷ്യരും ഫലസ്തീനികള്‍ക്ക് നിര്‍ലോഭ പിന്തുണ നല്‍കി. ഫലസ്തീനികള്‍ക്ക് വേണ്ടി ലോകമെങ്ങും മുറവിളി ഉയര്‍ന്നു.
ഇന്‍തിഫാദയില്‍ ഇസ്രായേല്‍ മൊത്തത്തില്‍ ഉലഞ്ഞു. പി എല്‍ ഒയുമായി ചര്‍ച്ച നടത്താന്‍ ഇസ്രായേല്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇന്‍തിഫാദയുമായി പി എല്‍ ഒക്ക് വലിയ ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ചര്‍ച്ചക്ക് അവര്‍ തയാറായി. വെസ്റ്റ് ബാങ്ക് അപ്പോഴും ജോര്‍ദാന്റെ കൈവശമായിരുന്നു. വെസ്റ്റ് ബാങ്ക് തങ്ങള്‍ക്ക് വിട്ട് തരാന്‍ പി എല്‍ ഒ ഹുസ്സൈന്‍ രാജാവിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി. ഇസ്രായേല്‍ വെച്ച ഒരു നിര്‍ദേശമായിരുന്നു ഇത്. ജോര്‍ദാന്‍ ഒടുവില്‍ അതംഗീകരിച്ചു. ഇന്‍തിഫാദയെ അവസാനിപ്പിക്കാം എന്ന കരാറിലായിരുന്നു അത് സംഭവിച്ചത്. എന്നാല്‍ ഹമാസ് ഈ തീരുമാനത്തോട് വിയോജിച്ചു. ഫലസ്തീന്റെ ഒരു തരി മണ്ണെങ്കിലും ഇസ്രായേലിന് നല്കിക്കൊണ്ടുള്ള ഒരു വിധ സന്ധിക്കും തങ്ങള്‍ തയാറല്ലെന്ന കടും നിലപാടായിരുന്നു അവര്‍ക്ക്. ഗസ്സ, കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായും പിന്മാറിയാല്‍ തങ്ങള്‍ താത്കാലികമായി പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ തയാറാണെന്നും അവര്‍ പ്രഖ്യാപിച്ചു.
ഫലസ്തീന്‍ പ്രക്ഷോഭത്തെ പൂര്‍ണമായും ഇസ്ലാമികവല്‍ക്കരിച്ച് കൊണ്ടാണ് ഹമാസ് അവരുടെ പോരാട്ടമുറകള്‍ ആരംഭിക്കുന്നത്. പി എല്‍ ഒ വിട്ട് വീഴ്ചകളുടെ വഴി തെരഞ്ഞെടുത്തപ്പോള്‍ ഹമാസ് ഇസ്ലാമിക പോരാട്ടത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തത്. മതചിഹ്നങ്ങളും മത സംജ്ഞകളും കൊണ്ട് അടര്‍ക്കളത്തിന് അവര്‍ വീര്യം പകരാന്‍ ശ്രമിച്ചു. ലോകമെങ്ങുമുള്ള അധിനിവേശ വിരുദ്ധ രാഷ്ട്രീയക്കാര്‍ ഹമാസിനെ പിന്തുണക്കുമ്പോഴും അവരുയര്‍ത്തുന്ന രാഷ്ട്രീയത്തോട് വിയോജിക്കുന്നതിന്റെ കാരണമിതാണ്. ഹമാസ് പോരാടുന്നത് സ്വതന്ത്രമായ പൗരാവകാശങ്ങളുള്ള ഒരു മതേതര രാഷ്ട്രത്തിന് വേണ്ടിയല്ല. 1988ല്‍ യാസര്‍ അറാഫത്തിന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ നാഷണല്‍ അസംബ്ലി പ്രതീകാത്മകമായി ഫലസ്തീന്‍ രാഷ്ട്രം പ്രഖ്യാപിച്ച വേളയില്‍ ഹമാസ് അതിന്റെ മതേതര വിരുദ്ധ നിലപാട് വ്യക്തമാക്കിയിരുന്നു. അറാഫത്തിന്റെ പ്രഖ്യാപനത്തോടെ ലോക രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കി. എന്നാല്‍ ഹമാസ് അതിനെ നിര്‍ദയം തള്ളിക്കളഞ്ഞു. ഫലസ്തീന്‍ ചാര്‍ട്ടര്‍ ഒരു മതേതര ഭരണകൂടത്തെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും, എന്നാല്‍ ഇസ്ലാമിക മതരാഷ്ട്ര സ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹമാസ് വിശദീകരിച്ചു.
1991ല്‍ നടന്ന ഗള്‍ഫ് യുദ്ധം പി എല്‍ ഒയുടെയും യാസര്‍ അറഫാത്തിന്റെയും ജനകീയ പിന്തുണക്ക് വലിയ മങ്ങലേല്പിച്ചു. അറബ് ദേശീയതാ വാദവുമായി ഇറാഖ് ഭരണാധികാരി സദ്ദാം ഹുസ്സൈന്‍ രംഗപ്രവേശം ചെയ്തപ്പോള്‍ തന്നെ പി എല്‍ ഒ സദ്ദാം ഹുസൈന് പിന്തുണ നല്‍കി. ഹുസൈന്‍ രാജാവും യാസര്‍ അറാഫത്തും കൂടി കൈക്കൊണ്ട ആ തീരുമാനം വലിയൊരു പിഴവായിരുന്നു. കരുത്തനായ സദ്ദാം ഏകീകൃത അറബ് രാജ്യം രൂപീകരിക്കുമ്പോള്‍ ഫലസ്തീനെ ഇസ്രായേലില്‍ നിന്ന് മോചിപ്പിച്ച് നല്‍കുമെന്നാണ് അവര്‍ കണക്ക് കൂട്ടിയത്. സദ്ദാം ഹുസ്സൈന്‍ കുവൈത്ത് ആക്രമിച്ച് കീഴടക്കി സൗദി അതിര്‍ത്തിയിലേക്ക് പ്രവേശിച്ചിരുന്നു. അമേരിക്കയുടെയും സൗദി അറേബ്യയുടെയും നേതൃത്വത്തില്‍ അറബ് സഖ്യ സേന ഇറാഖിനെ നേരിട്ടു. തങ്ങളുടെ വിഖ്യാതമായ സ്‌ക്വഡ് മിസൈലുകള്‍ ഇറാഖ് സൗദിക്കും ഇസ്രായേലിനും നേരെ തൊടുത്തു വിട്ടു. ഇസ്രായേലിനെ ആക്രമിക്കാന്‍ തയാറായ സദ്ദാമിനെ ഫലസ്തീനികള്‍ നായകനായി കണ്ടു. ഇത് അറബ് രാജ്യങ്ങള്‍ക്ക് പി എല്‍ ഒയോട് ശത്രുതയുണ്ടാകാന്‍ കാരണമായി. ശരിക്ക് പറഞ്ഞാല്‍ ഒരു കാല്‍പ്പന്ത് കളി പോലെയായിരുന്നു അക്കാലത്തെ അറബ് രാഷ്ട്രീയം. ഓരോയിടത്ത് നിന്നും ഓരോയിടത്തേക്ക് അത് മാറിക്കൊണ്ടിരുന്നു. അല്പം കഴിയുമ്പോള്‍ പന്ത് വീണ്ടും നേരത്തെ വന്നിടത്ത് തന്നെ കറങ്ങിത്തിരിഞ്ഞ് എത്തിച്ചേരും. ഇന്നത്തെ മിത്രം നാളത്തെ ശത്രുവും ഇന്നലത്തെ ശത്രു ഇന്നത്തെ മിത്രവുമായി ഫലസ്തീന്‍ പോരാട്ട ഭൂമിക മാറിമറിഞ്ഞു കൊണ്ടേയിരുന്നു. യുദ്ധാവസാനം സദ്ദാം ഹുസ്സൈന്‍ പരാജയപ്പെട്ടു. അറബ് നാടുകളില്‍ നിന്ന് പി എല്‍ ഒക്ക് ലഭിച്ച് കൊണ്ടിരുന്ന ഫണ്ടുകളും അതോടെ അവസാനിച്ചു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യം ഹിസ്ബുല്ല എന്ന പേരില്‍ പുതിയൊരു പോരാട്ട കക്ഷി കൂടി രംഗ പ്രവേശം ചെയ്തു. നേരത്തെ അല്‍ അമല്‍ എന്ന പേരില്‍ തെക്കന്‍ ലബനന്‍ കേന്ദ്രീകരിച്ച് പോരാട്ടം നടത്തിയ ശിയാ ഗ്രൂപ്പും മറ്റ് ചില സംഘങ്ങളും ചേര്‍ന്ന് ഇറാന്റെ ശക്തമായ പിന്തുണയോടെ രൂപീകരിച്ച സംഘടനയായിരുന്നു ഹിസ്ബുല്ല. അല്പം കൂടി രാഷ്ട്രീയമായിപ്പറഞ്ഞാല്‍ ഇറാന്‍ ഫലസ്തീന്‍ പോരാട്ട രംഗത്ത് ഹിസ്ബുല്ല വഴി അതിന്റെ ഇടപെടല്‍ ആരംഭിച്ചു. അറബ് രാജ്യങ്ങള്‍ വെച്ചൊഴിഞ്ഞ് പോയ ഫലസ്തീന്‍ പോരാട്ടത്തിന് അറബ് രാഷ്ട്രമല്ലാത്ത ഇറാന്‍ പരോക്ഷ പിന്തുണ നല്‍കി ശാക്തീകരിച്ചു. ഇറാന്റെ ഇടപെടല്‍ ഫലസ്തീന്‍ പോരാട്ടങ്ങളില്‍ പുതിയൊരു സാധ്യതക്ക് അവസരമൊരുക്കുകയായിരുന്നു. ഹമാസിന്റെ പോരാട്ട വിഭാഗമായ ഖസ്സാം ബറ്റാലിയനും ഹിസ്ബുല്ലയും തമ്മില്‍ സഹകരണത്തിന്റെ പുതുവഴികള്‍ തുറന്നു. യഥാര്‍ഥത്തില്‍ ഹമാസ് ശുദ്ധമായ ഒരു സുന്നി സംഘടനയും ഹിസ്ബുല്ല പൂര്‍ണമായ ഒരു ശിയാ സംഘടനയുമായിരുന്നു. എന്നിട്ടും അവര്‍ക്ക് പരിമിതമായെങ്കിലും യോജിക്കാന്‍ സാധിച്ചത് രണ്ട് കൂട്ടരും പോരാടുന്നത് ഇസ്ലാമിക രാഷ്ട്രത്തിന്റെ രൂപീകരണത്തിന് വേണ്ടിയാണ് എന്നതിലായിരുന്നു. ഇന്ന് ഹമാസിന്റെ പോരാട്ട ഭൂമികയില്‍ ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ക്ക് വഴി തുറന്നത് നേരത്തെ തന്നെ ആരംഭിച്ച ഈ ബാന്ധവമാണ്.
നയതന്ത്ര നീക്കങ്ങളിലേക്ക് പി എല്‍ ഒ വളരെ വേഗം മാറിക്കൊണ്ടിരുന്നു. സാധ്യമാകുന്ന മുഴുവന്‍ വിട്ട് വീഴ്ചക്കും യാസര്‍ അറാഫത്ത് സന്നദ്ധനായിരുന്നു. ഫലസ്തീനികള്‍ക്ക് തന്റെ ജീവിത കാലത്ത് തന്നെ ഒരസ്ഥിത്വം ഉണ്ടായിക്കാണണമെന്ന് അദ്ദേഹമാഗ്രഹിച്ചു. ആ വിട്ട് വീഴ്ചയുടെ ഫലമായിരുന്നു 1993 ലെ ഓസ്ലോ കരാര്‍. ഒരു പുരുഷായുസ് മുഴുവന്‍ ഫലസ്തീന്‍ വിമോചനത്തിന് വേണ്ടി പോരാടിയിട്ടും അറബികളുടെ സമ്പൂര്‍ണ പിന്തുണ നേടാന്‍ അറാഫത്തിന് സാധിച്ചില്ല. പോരാട്ട വഴി വിട്ട് നയതന്ത്ര വഴി തെരഞ്ഞെടുത്തതായിരുന്നു അതിന്റെ ഒന്നാമത്തെ കാരണം. അത് വഴി സ്വന്തം ജനതയ്ക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസത്തിന് ഭംഗം സംഭവിച്ചു. രണ്ടാമത്തെ കാരണം ഓസ്ലോ കരാറായിരുന്നു. ഓസ്ലോ കരാറിന്റെ മുഖ്യമായ ഭാഗം ഇസ്രായേലിനെ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിക്കുന്നു എന്നതും, മറ്റൊന്ന് 1948ല്‍ ഇസ്രായേല്‍ കൈക്കലാക്കിയ ഭൂമിക്ക് മേല്‍ അവര്‍ക്ക് അവകാശം വക വെച്ച് കൊടുക്കുന്നു എന്നതുമാണ്. ഇക്കാലം വരെ ഫലസ്തീന്‍ ജനത ചോര ചിന്തിയതും ജീവന്‍ ത്യജിച്ചതും പോരാടിയതും ഈ മണ്ണിന് വേണ്ടിയായിരുന്നു. ആ പോരാട്ടങ്ങളെ മുഴുവന്‍ ഒറ്റ ഉടമ്പടി കൊണ്ട് യാസര്‍ അറാഫത്ത് റദ്ദ് ചെയ്തതായി ഹമാസ് ആരോപിച്ചു. ഫതഹ് പാര്‍ട്ടിയും പി എല്‍ ഓയും അറാഫത്തിന് പിന്തുണ കൊടുത്തപ്പോള്‍ പി എല്‍ ഒ വിരുദ്ധരുടെയും ഇസ്ലാമിസ്റ്റുകളുടെയും ഉള്ളില്‍ അറാഫത്ത് വിരോധം ആളിക്കത്തി. .

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x