21 Thursday
November 2024
2024 November 21
1446 Joumada I 19

ദര്‍ശനത്തിന്റെ തനിമ ചരിത്രത്തിന്റെ കരുത്ത്

സി പി ഉമര്‍ സുല്ലമി / ഷബീര്‍ രാരങ്ങോത്ത്‌

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന
ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി
നിലപാട് വ്യക്തമാക്കുന്നു


? സമ്മേളനങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട്. മുജാഹിദ് സമ്മേളനങ്ങള്‍ എന്ന പേരില്‍ തന്നെ കഴിഞ്ഞ വര്‍ഷം ഒരു സമ്മേളനം നടന്നു. ഇനി വീണ്ടുമൊരു സമ്മേളനത്തിന് എന്താണ് പ്രസക്തി.
മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനം അഞ്ചു വര്‍ഷത്തിലൊരിക്കലാണ് നടക്കാറുള്ളത്. കഴിഞ്ഞ വര്‍ഷമായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ രണ്ടു സമ്മേളനങ്ങള്‍ അടുപ്പിച്ചു വരുന്നതിലെ അനൗചിത്യം പരിഗണിച്ച് നമ്മള്‍ നീട്ടിവെക്കുകയാണുണ്ടായത്. മറ്റൊന്ന്, നമ്മള്‍ മനുഷ്യ വര്‍ഗമാണ്. മനുഷ്യര്‍ എന്ന നിലക്ക് ഒരു സമൂഹമായി കാണുന്നതിനു പകരം വിഭാഗീയ ചിന്തകളും വര്‍ഗീയതയും കൊണ്ടു നടക്കുന്നവര്‍ അധികരിച്ചുകൊണ്ടിരിക്കുകയാണ്. മാനവിക ഐക്യത്തെക്കുറിച്ച് നമ്മള്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. അതോടൊപ്പം ആദര്‍ശ മഹിമയുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

? വിശ്വമാനവികതയ്ക്ക് വേദവെളിച്ചം എന്നത് സമ്മേളന പ്രമേയമായി തെരഞ്ഞെടുക്കാനുള്ള സാഹചര്യമെന്താണ്.
ലോകസമൂഹത്തില്‍ മനുഷ്യരെ ഏവരെയും ഒന്നായിക്കാണേണ്ടതുണ്ട്. മനുഷ്യര്‍ എന്ന നിലയ്ക്ക് ഒരുമിച്ച് സഹവര്‍ത്തിത്തത്തോടെ ജീവിക്കേണ്ടതുണ്ട്. എന്നാല്‍, അത്തരമൊരു സമീപനം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സാമുദായികാടിസ്ഥാനത്തിലും ഭാഷാടിസ്ഥാനത്തിലും സങ്കുചിതത്വങ്ങള്‍ വര്‍ധിക്കുകയും വിദ്വേഷങ്ങള്‍ വ്യാപകമാവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ വേദങ്ങളും മനുഷ്യരെ ഒന്നായി കാണാനും സാഹോദര്യം നിലനിര്‍ത്താനുമാണ് ആവശ്യപ്പെടുന്നത്. ഈ സന്ദേശം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. വിശ്വമാനവികത മുന്‍നിര്‍ത്തി വേദങ്ങള്‍ എന്തു സംസാരിക്കുന്നു എന്ന് ഉദ്‌ബോധിപ്പിക്കാന്‍ വേണ്ടിയാണ് വിശ്വമാനവികതയ്ക്ക് വേദവെളിച്ചം എന്നത് പ്രമേയമായി സ്വീകരിച്ചത്.

? മുജാഹിദുകള്‍ ഇപ്പോള്‍ പല വിഭാഗങ്ങളുണ്ട്. മറ്റുള്ളവയില്‍ നിന്ന് മര്‍കസുദ്ദഅ്‌വ വിഭാഗത്തെ വ്യത്യസ്തമാക്കുന്നത് എന്താണ്.
കേരളത്തിലെ മുജാഹിദുകള്‍ ഇതര വിഭാഗങ്ങളില്‍ നിന്ന് വ്യതിരിക്ത നിലനിര്‍ത്തുന്നവരാണ്. മുജാഹിദ് പ്രസ്ഥാനം ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ആദര്‍ശ പ്രബോധനം നടത്തുന്നു. ഐക്യസംഘത്തിലൂടെയാണ് അത് ഇവിടെ വളര്‍ന്നു വരുന്നത്. സയ്യിദ് റശീദ് രിദ, ശൈഖ് മുഹമ്മദ് അബ്ദ തുടങ്ങിയവരുടെ നവോത്ഥാന ചിന്തകളാണ് ഇവിടെയും സ്വാധീനിച്ചത്.
ഐക്യസംഘമായി പിറവി കൊണ്ടത് പിന്നീട് കേരള ജംഇയ്യത്തുല്‍ ഉലമയായി മാറി. പില്‍ക്കാലത്ത് കെ എന്‍ എം രൂപീകൃതമായി. യുവാക്കള്‍ക്ക് ഐ എസ് എം, വനിതകള്‍ക്ക് എം ജി എം, വിദ്യാര്‍ഥികള്‍ക്ക് എം എസ് എം തുടങ്ങിയവയൊക്കെ തുടര്‍ന്ന് രൂപീകൃതമായി. ഇവയൊക്കെ യോജിച്ചു നിന്ന് ആദര്‍ശപരമായി പ്രവര്‍ത്തിച്ച് കെ പി മുഹമ്മദ് മൗലവിയുടെ കാലത്ത് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തില്‍ വളരുകയുണ്ടായി.
എന്നാല്‍, ഇതിനിടയിലാണ് സംഘടനയ്ക്കകത്ത് സലഫി മന്‍ഹജ് എന്ന പേരില്‍ ചില ആശയങ്ങള്‍ കടന്നുവന്നത്. ഇതിന്റെ സ്വാധീനം ഒരു വിഭാഗത്തിനു നേര്‍ക്ക് ആദര്‍ശ വ്യതിയാനാരോപണ രൂപത്തിലാണ് പുറം ചാടിയത്. അന്നുവരെ അന്ധവിശ്വാസമാണെന്നു കരുതിപ്പോന്ന പലതും പിന്നീട് വിശ്വാസത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. ഇത് സംഘടനയില്‍ ചര്‍ച്ചയായി. നേതൃസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള നീക്കങ്ങളും ആദര്‍ശ വ്യതിയാനാരോപണങ്ങളും ശക്തമായി. ഇത് സംഘടനാ പിളര്‍പ്പില്‍ കലാശിച്ചു. യുവജനവിഭാഗമായ ഐ എസ് എമ്മിനെ അന്ന് പിരിച്ചു വിടുകയും പകരം ഒരു അഡ്‌ഹോക് കമ്മിറ്റിയെ പ്രതിഷ്ഠിക്കുകയുമാണുണ്ടായത്. എന്നാല്‍ ഈ കമ്മിറ്റി ആദര്‍ശത്തില്‍ വളരെ പിഴവുള്ളവരായിരുന്നു. അവര്‍ പിന്നീട് രണ്ടും മൂന്നുമൊക്കെയായി ഭിന്നിക്കപ്പെട്ടു.
അല്‍മനാര്‍ മാസിക ഇറങ്ങിയിരുന്നത് ‘മജല്ലതുല്‍ ഇസ്‌ലാമിയ്യതുശ്ശഹ്‌രിയ്യ’ എന്ന പേരിലായിരുന്നു. എന്നാല്‍, പിളര്‍പ്പിലേക്കെത്തുമ്പോഴേക്ക് ‘മജല്ലതു ദീനിയ്യ ശഹ്‌രിയ്യ തഹ്തമു ബിനുശ്‌രി അഖാഇദു അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ അലാ മന്‍ഹജുസ്സലഫി തസ്ദറൂഹാ നദ്‌വിയ്യതു മുജാഹിദീന്‍ ബി കൈരലാ’ എന്നായി മാറി. ഇത്തരത്തില്‍ വിശേഷണം നല്കി പുറത്തിറങ്ങിയ ലക്കം കണ്ട ഉടനെ ചേര്‍ന്ന എക്‌സിക്യൂട്ടീവില്‍ ഞാന്‍ ഇത് ചോദ്യം ചെയ്തു. ഏതു സലഫിയുടെ മന്‍ഹജാണ് ഇതെന്ന് ചോദിച്ചു. പിന്നീടാണ് മന്‍ഹജുസ്സലഫിയുടെ മുന്‍പില്‍ ‘അല്‍’ എന്നു ചേര്‍ക്കുന്നത്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്നതു തന്നെ സലഫുസ്സാലിഹീങ്ങളുടെ പാതയെ സൂചിപ്പിക്കുന്നതാണ്. അവിടെ പിന്നെയൊരു ‘അലല്‍ മന്‍ഹജിസ്സലഫി’ എന്നത് ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇത് ഗള്‍ഫ് സലഫിസത്തിന്റെ ഇറക്കുമതിയായിരുന്നു.
കെ പിയുടെ കാലത്ത് തിരുവനന്തപുരത്ത് സ്ഥാപിച്ച ഇസ്‌ലാമിക് സെന്റര്‍ പിന്നീട് സലഫി സെന്റര്‍ ആക്കി പുനര്‍ നാമകരണം ചെയ്തു. ഇതും മന്‍ഹജുസ്സലഫിന്റെ സ്വാധീനം മൂലമായിരുന്നു. വിഭാഗീയതയെ തുടര്‍ന്ന് ഇപ്പോള്‍ ഈ സെന്റര്‍ റിസീവര്‍ ഭരണത്തിലാണ്. ഇത്തരം സാഹചര്യങ്ങളൊക്കെ മുജാഹിദുകള്‍ അവഹേളിക്കപ്പെടാന്‍ വഴിയൊരുക്കി.
ഐ എസ് എമ്മിനെ ഏകപക്ഷീയമായി പിരിച്ചുവിട്ടപ്പോള്‍ ഐ എസ് എം നിലനില്‍ക്കണമെന്ന താല്പര്യത്തിനു പുറത്താണ് മറ്റൊരു സംഘടന രൂപംകൊണ്ടത്. എന്നാല്‍, ഈ സമയത്ത് ചില വ്യക്തികളെക്കുറിച്ചു മോശമായി ചിത്രീകരിച്ച് കത്തും ലഘുലേഖകളും പ്രചരിപ്പിച്ചു. ഏറ്റവും ദുഖകരമായത് ഉമര്‍ മൗലവിയെക്കുറിച്ച് അടിച്ചിറക്കിയ ലഘുലേഖയായിരുന്നു. ഇസ്‌ലാഹി പ്രബോധന രംഗത്ത് ഒറ്റയാനായ പണ്ഡിതനായിരുന്നു അദ്ദേഹം. ഒറ്റയ്ക്കായിരുന്നു അദ്ദേഹം സല്‍സബീല്‍ മാസിക പുറത്തിറക്കിയത്. യുക്തിവാദികളുടെ വായടപ്പിക്കും വിധം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയായിരുന്നു അത്. ഈ മാസികയെയും മൗലവിയെയും പരിഹസിച്ചുകൊണ്ട് ലഘുലേഖ ഇറക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അന്ന് അത് ഐ എസ് എമ്മിന്റെ മേല്‍ ചാര്‍ത്താനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഇതിന്റെ ഉറവിടമന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ കെ എന്‍ എമ്മിന് കത്തു നല്കിയെങ്കിലും നടപടിയുണ്ടായില്ല. കൃത്യമായി ഒരു നിലപാടില്ലാത്ത അവസ്ഥയിലേക്ക് ഔദ്യോഗിക പരിവേഷമണിഞ്ഞ സംഘടന കൂപ്പുകുത്തി. ഇതില്‍ നിന്നെല്ലാം വ്യത്യസ്തപ്പെട്ട്, ഓരോ കാര്യങ്ങളിലും കൃത്യമായ നിലപാടുകളുള്ള ഒരു സംഘമാണ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ. നമ്മുടെ ആദര്‍ശം ആരുടെ മുന്നിലും തുറന്നു പറയാന്‍ സാധിക്കുന്നതാണ്. അതാണ് സംഘടനയുടെ വ്യതിരിക്തത.

? മുന്‍പുള്ളതില്‍ നിന്നു വ്യത്യസ്തമായി നമ്മുടെ ചുറ്റുപാടുകളില്‍ വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഹിന്ദുത്വ തീവ്രവാദവും അനുബന്ധ അസ്വസ്ഥതകളും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം മുസ്‌ലിം സംഘടനകള്‍ പരസ്പരം പോരു കാണിക്കുന്നു. ഇവിടെ ഐക്യം ആവശ്യമല്ലേ
നമ്മള്‍ മുസ്‌ലിംകളാണ്. നമ്മള്‍ നമസ്‌കരിക്കുന്നതുപോലെ നമസ്‌കരിക്കുക, നമ്മള്‍ അറുത്തത് ഭക്ഷിക്കുക, ഖിബ്‌ല അംഗീകരിക്കുക എന്നിവ ചെയ്യുന്നയാള്‍ മുസ്‌ലിം ആണ് എന്നതാണ് പ്രവാചകാധ്യാപനം. അത്തരത്തിലുള്ള ആരെയും മതഭ്രഷ്ട് കല്പിക്കാന്‍ പാടില്ല. ആ മുസ്‌ലിംകള്‍ക്കിടയില്‍ യോജിപ്പുണ്ടാവേണ്ടതുണ്ട്. പരസ്പരം സലാം പറയുകയും മടക്കുകയും വേണം. ആദര്‍ശപരമായി അന്തരങ്ങളുണ്ടാകാം. ചിലര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ടുനടക്കുന്നവരാണ്. ചിലരിലെങ്കിലും ശിര്‍ക്ക് കടന്നു കൂടിയിട്ടുണ്ടാവാം. അവര്‍ ചെയ്യുന്നത് ശിര്‍ക്കാണെന്നു പറയാമെങ്കിലും അവരെ മുശ്‌രിക്ക് ആക്കുന്നതിനു പകരം തിരുത്തി കൊണ്ടു വരികയാണ് വേണ്ടത്. എല്ലാവരെയും സമുദായത്തിന്റെ ഭാഗമായി കാണണം എന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ സമീപനം.
മുസ്‌ലിംകളല്ലാത്തവരോടും എല്ലാവരും മനുഷ്യരാണ് എന്നു മനസ്സിലാക്കിയുള്ള ഇടപെടലാണ് വേണ്ടത്. ‘ലകും ദീനുകും വലിയ ദീന്‍’ എന്നത് നാം പ്രാവര്‍ത്തിക തലത്തിലേക്ക് കൊണ്ടുവരണം. മറ്റുള്ളവരുടെ ആചാരങ്ങളെയും ആഘോഷങ്ങളെയും നോക്കി നാം അസഹിഷ്ണുക്കളാകേണ്ടതില്ല. മാനുഷിക ബന്ധങ്ങള്‍ നിലനിര്‍ത്തുകയും നാം മുസ്‌ലിംകള്‍ ഏകോദര സഹോദരങ്ങളാണെന്ന കാര്യം മനസ്സിലാക്കുകയും വേണം. എല്ലാ വിയോജിപ്പുകള്‍ക്കിടയിലും അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കുകയാണു വേണ്ടത്.

? ആദ്യ കാലങ്ങളില്‍ മതപ്രബോധനത്തിന്റെ പ്രധാനപ്പെട്ട മാര്‍ഗങ്ങളിലൊന്ന് സംവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളുമൊക്കെയായിരുന്നു. താങ്കള്‍ സമസ്തയുമായി ഒട്ടേറെ സംവാദങ്ങളിലേര്‍പ്പെട്ടിട്ടുണ്ടല്ലോ. അന്നത്തെ അനുഭവങ്ങള്‍ പങ്കുവെക്കാമോ
പ്രവാചകന്റെ കാലത്ത് പ്രബോധനം നടത്തിയപ്പോള്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ പോലെയാണ് ആദ്യകാലത്ത് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ തൗഹീദ് പറയുമ്പോള്‍ അനുഭവിച്ചിരുന്നത്. ആദ്യം അവരുടെ ആശയങ്ങള്‍ കേള്‍ക്കാന്‍ പാടില്ല, അവരോട് സലാം പറയരുത്, മടക്കരുത് എന്നൊക്കെയുള്ള ഒരു ബഹിഷ്‌കരണ സ്വഭാവമാണ് ഉണ്ടായിരുന്നത്. പിന്നീട് ആ ശബ്ദം ഇല്ലാതെയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അത് പരാജയപ്പെടുന്നു എന്നു തോന്നിയപ്പോഴാണ് സംവാദത്തിനുള്ള വെല്ലുവിളികള്‍ ആരംഭിച്ചത്. പതി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരാണ് അത്തരമൊരു കാര്യത്തിന് തുടക്കമിട്ടത്. ഈ വാദപ്രതിവാദങ്ങളൊന്നും ജനങ്ങള്‍ക്ക് പ്രമാണങ്ങളില്‍ നിന്ന് സത്യം മനസിലാക്കാനുള്ളതായിരുന്നില്ല. ശക്തിയുപയോഗിച്ച് വാദപ്രതിവാദം അലങ്കോലപ്പെടുത്തുക എന്ന രീതിയായിരുന്നു അവരുടേത്. ഒട്ടുമുക്കാല്‍ സംവാദങ്ങളുടേയും പര്യവസാനം അങ്ങനെയായിരുന്നു. സമസ്തയുമായി നേരിട്ട് ഒരു സംവാദം എന്ന നിലക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള ജംഇയ്യത്തുല്‍ ഉലമയും ഒരു എഴുതപ്പെട്ട സംവാദത്തിനൊരുങ്ങിയിരുന്നു. അതിന് വ്യവസ്ഥകള്‍ വരെ എഴുതി തയ്യാറാക്കിയിരുന്നു. എന്നാല്‍ അത് നടന്നില്ല.
വാദപ്രതിവാദങ്ങളൊക്കെ അലസിപ്പിരിയുകയോ അലങ്കോലമാവുകയോ ഒക്കെയാണുണ്ടായിരുന്നത്. ഏറ്റവും അവസാനത്തെ വാദപ്രതിവാദമായിരുന്നു കൊട്ടപ്പുറത്ത് നടന്നത്. അതേയവസരം കുറ്റിച്ചിറ വാദപ്രതിവാദം വലിയ തടസങ്ങളൊന്നുമില്ലാതെ പത്തു പന്ത്രണ്ടു ദിവസം നടന്നു. അത് ഖണ്ഡന പ്രസംഗ രൂപത്തിലായിരുന്നു. കുറ്റിച്ചിറയിലെ വാദപ്രതിവാദം സമൂഹത്തില്‍ ചെറിയ രീതിയിലെങ്കിലും മാറ്റങ്ങളുണ്ടാക്കി. കുറ്റിച്ചിറ വാദപ്രതിവാദത്തില്‍ മൂന്നു ദിവസം പ്രധാനമായും തൗഹീദായിരുന്നു ചര്‍ച്ച. ജുമുഅയുടെ ഭാഷ, സ്ത്രീകളുടെ ജുമുഅ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. അത് വലിയ ചലനമുണ്ടാക്കി. സമസ്ത അതിനെ മഹല്ല് ഏകീകരണമുണ്ടാക്കി നേരിടുകയാണ് ചെയ്തത്. അത്തരം സംവാദങ്ങള്‍ക്ക് കൊട്ടപ്പുറത്തോടെ അന്ത്യമാവുകയായിരുന്നു.
യഥാര്‍ഥത്തില്‍ ചര്‍ച്ച നടക്കേണ്ടത് മത പണ്ഡിതന്മാര്‍ തമ്മിലായിരുന്നു. അത് അറിവു പങ്കുവെക്കലും തിരുത്തലുമൊക്കെ നടക്കാന്‍ പര്യാപ്തമാവുമായിരുന്നു. എന്നാല്‍ ആള്‍ ശക്തി കൊണ്ട് വിജയിക്കാനാണ് സമസ്തക്കാര്‍ അന്ന് ശ്രമിച്ചത്. തെളിവുകള്‍ക്കു നേരെ പരിഹാസവും അനുയായികളുടെ ശക്തി പ്രകടനവുമായിരുന്നു അന്ന് സമസ്തയുടെ ആയുധം.

? സുന്നി വിഭാഗങ്ങള്‍ക്ക് പ്രമാണങ്ങളോടുള്ള സമീപനത്തില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ.
ആദ്യ കാലത്ത് ഖുര്‍ആന്‍ ആര്‍ക്കും മനസിലാവില്ല. അത് പ്രമാണമല്ല എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതിനു വിപരീതമായി ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയെ പ്രമാണമായി ഇവര്‍ അംഗീകരിക്കുന്നുണ്ട്. ആ അംഗീകാരം വാക്കുകളില്‍ മാത്രമാണ്. പ്രവൃത്തിപഥത്തില്‍ അവര്‍ അങ്ങനെ പരിഗണിക്കുന്നില്ല. ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പറഞ്ഞ കാര്യം നടപ്പിലാക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. അവരുടെ ഉസ്താദുമാര്‍ എന്തു പറഞ്ഞോ അതേ പിന്‍പറ്റൂ എന്ന നിലയിലാണവരുടെ നിലപാട്. അതിനൊരുദാഹരണമാണ്, ഇന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് മയ്യത്ത് കാണലും മയ്യത്ത് നമസ്‌കാരവും നിഷേധിക്കപ്പെടുന്നു എന്നത്. ഈയടുത്ത ദിവസം പോലും ഒരു മരണവീട്ടില്‍ സ്ത്രീകള്‍ നമസ്‌കരിക്കാന്‍ പാടില്ല എന്നു പറഞ്ഞതിന് സാക്ഷിയാണ് ഞാന്‍.
മയ്യത്ത് നമസ്‌കരിക്കാന്‍ വേണ്ടി ആഇശ(റ)യുടെ അടുത്തേക്ക് മയ്യത്ത് കൊണ്ടുവന്ന ഹദീസ് വളരെ വ്യക്തമാണ്. എന്നിട്ടും ആ ഹദീസ് അംഗീകരിക്കാതെ സ്ത്രീകള്‍ക്ക് മയ്യത്ത് നമസ്‌കരിക്കാന്‍ പാടില്ല എന്ന് ഉത്തരവിടുകയാണ് ഇവര്‍. പ്രമാണങ്ങളില്‍ നിന്നു വ്യത്യസ്തമായി ആചാരങ്ങള്‍ക്കു പിന്നാലെ പോവുകയാണിക്കൂട്ടര്‍. പറച്ചിലില്‍ പ്രമാണങ്ങളെ പറയുകയും ചെയ്യുന്നു എന്നതാണ് വിരോധാഭാസം.

? ഒരു കാലത്ത് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതിയിരുന്നവരാണ് മുജാഹിദുകള്‍. ഇന്ന് മുജാഹിദുകളുടെ പേരില്‍ തന്നെ അന്ധവിശ്വാസങ്ങള്‍ പ്രചരിക്കപ്പെടുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് മുജാഹിദുകള്‍ പിന്നോട്ടുപോയി എന്നു തോന്നുന്നുണ്ടോ.
മുജാഹിദുകളുടെ പിളര്‍പ്പിനു കാരണം തന്നെ ഇത്തരം അന്ധവിശ്വാസങ്ങള്‍ ഗള്‍ഫ് സലഫിസത്തിന്റെ മറവില്‍ ഇറക്കുമതി ചെയ്തു തുടങ്ങിയതാണ്. സലഫികള്‍ എന്തു പറയുന്നോ അത് അന്ധമായി സ്വീകരിക്കുകയും ചെയ്യുക എന്നതായിരുന്നു അവിടെ സംഭവിച്ചത്. അതിനു തെളിവു നോക്കേണ്ടതില്ല എന്നു പോലും ചില പണ്ഡിതന്മാര്‍ പ്രസ്താവിക്കുകയുണ്ടായി. ഇത്തരമൊരു അനുകരണ സ്വഭാവം കടന്നു വന്നതാണ് ഏറ്റവും വലിയ പ്രയാസങ്ങള്‍ക്കു കാരണമായത്. അത് പ്രമാണങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. അവര്‍ തന്നെ മതത്തില്‍ ബുദ്ധി ഉപയോഗിക്കാന്‍ പാടില്ല എന്ന വാദവുമുന്നയിക്കുകയുണ്ടായി.
ഭൗതിക കാര്യങ്ങളെക്കുറിച്ച് എന്നേക്കാള്‍ അറിയുന്നവര്‍ നിങ്ങളാണ് എന്ന് പ്രവാചകന്‍ പറഞ്ഞിരുന്നല്ലോ. ഭൗതിക കാര്യങ്ങളില്‍ ബുദ്ധിയുടെ ഉപയോഗം ആകാവുന്നതാണ്. ബുദ്ധി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് കണ്ണേറിനും മാരണങ്ങള്‍ക്കും തെളിവുണ്ടാക്കാനാണ് അവര്‍ നോക്കുന്നത്. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഇടപെടല്‍ കൊണ്ട് ഇല്ലാതായിപ്പോയ അന്ധവിശ്വാസങ്ങള്‍ തിരികെ ആനയിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നിര്‍ഭയത്വത്തിന്റെ കടയ്ക്കലാണ് ഇവര്‍ കത്തി വെക്കുന്നത്. ഇവരുടെ പ്രചാരണങ്ങള്‍ കേട്ടാല്‍ എങ്ങോട്ടും തിരിയാന്‍ പാടില്ല എന്ന അവസ്ഥ വരും. ഇതൊക്കെ മുജാഹിദുകളുടെ വേദികളിലാണ് അരങ്ങേറിയത് എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. സിഹ്ര്‍ പോലുള്ളവ ഫലിക്കുമെന്നും പ്രചരിപ്പിക്കപ്പെട്ടു. ഒരു കുട്ടിക്കു രോഗം ബാധിച്ചാല്‍ അതു സിഹ്ര്‍ ചെയ്തതുകൊണ്ടാകും എന്നു സംശയിക്കുന്നേടത്തു വരെ കാര്യങ്ങളെത്തി. ഈ അന്ധവിശ്വാസങ്ങളില്‍ നിന്ന് നമ്മുടെ തലമുറയെ രക്ഷിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതാണ് നമ്മുടെ സംഘടന ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികളില്‍ പ്രധാനപ്പെട്ടത്.

? ജമാഅത്തെ ഇസ്‌ലാമി ഒരു കാലത്ത് വോട്ടു ചെയ്യുന്നതു പോലും ശിര്‍ക്കാണെന്നു പറഞ്ഞിരുന്നു. അനുസരണം അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ, ഭരണകൂടത്തെ അനുസരിക്കല്‍ ഇബാദത്തിന്റെ പരിധിയില്‍ വരുമെന്നൊക്കെ അവര്‍ പറഞ്ഞിരുന്നു. ഇതൊക്കെ ഭരണഘടനയില്‍ പോലും ഉള്‍പ്പെടുത്തി. ഇപ്പോള്‍ അവര്‍ രാഷ്ട്രീയത്തിലേക്ക് നേരിട്ടു പ്രവേശിച്ചു കഴിഞ്ഞു. ഈ മാറ്റത്തെ എങ്ങനെ കാണുന്നു.
മുജാഹിദ് പ്രസ്ഥാനം വളരെ നന്നായി പ്രവര്‍ത്തിച്ചു മുന്നോട്ടുപോയി. അതിനിടയില്‍ അബുല്‍അഅ്‌ലാ മൗദൂദിയുടെ ആശയങ്ങളില്‍ ആകൃഷ്ടരായി ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇവിടെ വന്നു. അത് പക്ഷേ, മൗദൂദിയെ അന്ധമായി അനുകരിക്കുന്ന ഒരു പ്രസ്ഥാനമായാണ് വന്നത്. ജമാഅത്തെ ഇസ്‌ലാമി തന്നെ തങ്ങളുടെ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തെ വിലയിരുത്തിക്കൊണ്ട് അന്ധമായ അനുകരണ ഭ്രമമുണ്ടായി എന്നു സ്വയം വിലയിരുത്തിയിട്ടുണ്ട്. അവരുടെ ലക്ഷ്യമായി ആദ്യം അവര്‍ പറഞ്ഞിരുന്നത് ഹുകൂമത്തെ ഇലാഹി എന്നതായിരുന്നു. ഒരു ദൈവിക ഗവണ്മെന്റ്. വാസ്തവത്തില്‍ ദൈവിക ഗവണ്മെന്റ് ഉണ്ടാക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഒരു ഗവണ്മെന്റിന്റെ തീരുമാനവും ദൈവിക തീരുമാനമായി കാണാന്‍ പറ്റില്ലല്ലോ.
ഖുര്‍ആന്‍ പ്രമാണമാക്കിയുള്ള ഭരണം എന്നു പറയാം. പ്രവാചകന്‍ കേട്ടതനുസരിച്ചാണല്ലോ വിധിച്ചിരുന്നത്. വാദിയുടേയും പ്രതിയുടേയും വാദങ്ങള്‍ കേട്ട്, പ്രമാണാനുസൃതമായി വിധിക്കുകയായിരുന്നല്ലോ ചെയ്തത്. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ‘ഞാനൊരു മനുഷ്യനാണ്. ഞാന്‍ കേള്‍ക്കുന്നതിനനുസരിച്ചാണ് ഞാന്‍ വിധിക്കുക. അത് അവന് അവകാശപ്പെടാത്തതാണെങ്കില്‍ സ്വീകരിക്കരുതേ. നരകത്തിന്റെ ഒരു കഷണമാവും അയാള്‍ സ്വീകരിക്കുന്നത്’ എന്നു പോലും അദ്ദേഹം പറഞ്ഞു. അതായത് ഒരു ദൈവിക ഗവണ്മെന്റ് ഉണ്ടാവുകയില്ല.
എന്നിട്ടും ഹുകൂമത്തെ ഇലാഹി ഉണ്ടാക്കണം എന്നു സ്വപ്‌നം കണ്ടവരാണ് ജമാഅത്തുകാര്‍. ഇസ്‌ലാമിക ഗവണ്മെന്റ് ഇല്ലാതെ തന്നെ ഒരാള്‍ക്ക് മുസ്‌ലിമായി ജീവിക്കുവാന്‍ പ്രയാസമൊന്നുമില്ല ലോകത്ത്. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ പല പ്രവാചകന്മാരും ഭരണ കര്‍ത്താക്കളായിരുന്നില്ല. അതായത് മുസ്‌ലിമായി ജീവിക്കാന്‍ ഇസ്‌ലാമിക ഭരണം നിര്‍ബന്ധമുള്ള കാര്യമല്ല. എന്നാല്‍, വിപ്ലവം നടത്തി നിര്‍ബന്ധമായും ഒരു ഭരണകൂടം സ്ഥാപിക്കണമെന്ന ഒരു തെറ്റിദ്ധരിപ്പിക്കല്‍, മൗദൂദി വഴി ഇവിടെയുണ്ടായി.
കുറേ കാലം കഴിഞ്ഞപ്പോള്‍ ജമാഅത്തുകാര്‍ക്ക് കാര്യം മനസിലായി. ഹുകൂമത്തെ ഇലാഹി പ്രായോഗികമാവില്ലെന്ന് അവര്‍ മനസിലാക്കി. പിന്നീട് ജനാധിപത്യ ക്രമത്തില്‍ ഇടപെടണം എന്നവര്‍ മനസിലാക്കി. ഇത് അവര്‍ മനസിലാക്കിയെങ്കിലും തുറന്നു പറയുന്നില്ല. പ്രവര്‍ത്തനത്തില്‍ വന്നെങ്കിലും അത് രേഖയിലേക്ക് സമ്മതിക്കാന്‍ അവര്‍ തയ്യാറല്ല. ഭരണഘടന പരിഷ്‌കരിച്ച് തങ്ങള്‍ തിരുത്തുകയാണെന്ന് അവര്‍ പറഞ്ഞാല്‍ നല്ലതാണ്. തങ്ങള്‍ മുന്‍പ് പറഞ്ഞത് തെറ്റാണെന്ന് സമ്മതിക്കുകയാണ് ആദ്യം വേണ്ടത്.

? സാമൂഹിക നവോത്ഥാനത്തിന്റെയും സാമുദായിക നവോത്ഥാനത്തിന്റെയും മുന്‍നിരയില്‍ നിന്നിട്ടുള്ള ആളുകളാണ് ആദ്യകാല ഇസ്‌ലാഹി നേതാക്കന്മാര്‍. എന്നാല്‍, നവോത്ഥാന വീഥിയില്‍ മുന്നേറാന്‍ മുജാഹിദുകള്‍ക്കിപ്പോള്‍ അത്ര കണ്ട് സാധിക്കുന്നില്ല എന്നൊരു വിമര്‍ശനമുണ്ട്. എന്താണ് തോന്നുന്നത്.
അത് മുജാഹിദുകളുടെ ഭിന്നിപ്പു മൂലം ഉണ്ടായതാണ്. എല്ലാവരും കരുതിയത് ഈ മുജാഹിദുകള്‍ ഭിന്നിക്കുകയില്ല എന്നാണ്. കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് ഭിന്നിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉണ്ടാകുന്നതാണ് ആദ്യത്തെ ഭിന്നിപ്പ്. സമസ്തയില്‍ പിന്നീട് നിറയെ ഭിന്നിപ്പുകളുണ്ടായി. അപ്പോഴും മുജാഹിദുകള്‍ ഭിന്നിക്കില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഭിന്നിപ്പ് മുജാഹിദുകള്‍ക്കിടയിലും കടന്നു കൂടി. ഈ ഭിന്നിപ്പ് നവോത്ഥാനത്തിന്റെ മുന്നോട്ടു പോക്കില്‍ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്.

? യുക്തി എന്നും ചര്‍ച്ചാ വിഷയമാണ്. യുക്തിയെ പാടെ നിരാകരിക്കുന്നതും അമിതമായി പുണരുന്നതും ആയ സമീപനങ്ങളുണ്ട്. യഥാര്‍ഥത്തില്‍ പ്രമാണങ്ങളില്‍ യുക്തിക്ക് പ്രാധാന്യം ഉണ്ടോ? മതത്തില്‍ യുക്തിയുടെ മാനദണ്ഡം എന്താണ്.
മനുഷ്യന് അറിവു സമ്പാദിക്കാന്‍ അല്ലാഹു ചില മാര്‍ഗങ്ങള്‍ തന്നിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയുമാണത്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസിലാക്കുന്നതില്‍ ബുദ്ധികൂടി ചേര്‍ത്തുകൊണ്ടാണ് നാം വേര്‍തിരിക്കേണ്ടത്. എന്നാല്‍, നമ്മുടെ പഞ്ചേന്ദ്രിയങ്ങളോ ബുദ്ധിയോ എത്താത്ത ചില കാര്യങ്ങളുണ്ട്. ആത്മീയമായ കാര്യങ്ങള്‍. അത് പ്രവാചകന്മാര്‍ മുഖേന വഹ്‌യിലൂടെയാണ് അറിയിക്കപ്പെടുന്നത്. ഭൗതികമായ കാര്യങ്ങള്‍ നമുക്ക് ബുദ്ധികൊണ്ട് മനസിലാക്കാന്‍ സാധിക്കും. മതപരമായ കാര്യങ്ങളില്‍ തന്നെ ചിലത് ബുദ്ധികൊണ്ട് തീരുമാനിക്കേണ്ടതുണ്ടാകും. പക്ഷേ, പരലോകത്തെ സംബന്ധിച്ച ഒരു കാര്യം നമുക്ക് ബുദ്ധികൊണ്ട് പറയാനാവില്ല. ഒരു ചലനശേഷിയില്ലാത്ത പ്രതിമ കൊണ്ടോ സിഹ്‌റു കൊണ്ടോ യാതൊരു ഉപകാരവും ചെയ്യാന്‍ സാധിക്കില്ല എന്ന് സാമാന്യബുദ്ധി കൊണ്ട് മനസിലാക്കാന്‍ സാധിക്കും. കാതും കണ്ണും ബുദ്ധിയും ചോദ്യം ചെയ്യപ്പെടും എന്ന് ഖുര്‍ആന്‍ നമുക്ക് മുന്നറിയിപ്പ് നല്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബുദ്ധിയെത്തുന്നേടത്ത് ബുദ്ധിയുപയോഗിക്കണം. അഖീദയില്‍ ബുദ്ധി ഉപയോഗിക്കാന്‍ സാധിക്കില്ല.
ഞാന്‍ വളര്‍ന്നു വരുന്ന സമയത്ത് അശ്അരി അഖീദ ഉണ്ടായിരുന്നു. അബുല്‍ ഹസന്‍ അശ്അരിയുടേതായിരുന്നു അത്. മുഅ്തസിലിയാക്കള്‍ എന്ന വിഭാഗമുണ്ടായിരുന്നു. അവര്‍ ബുദ്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്കിയവരായിരുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളുടെ കാര്യത്തിലും ബുദ്ധി ഉപയോഗിക്കണം എന്നവര്‍ പറഞ്ഞു. അല്ലാഹുവിന്റെ പേരാണ് സമീഅ് എന്ന് അംഗീകരിക്കുന്ന അവര്‍ അവന്റെ സ്വിഫതാണ് സംഅ് എന്ന് അംഗീകരിക്കില്ല. ബസ്വീറ് ആണ്, ബസ്വ്ര്‍ ഉണ്ട് എന്നംഗീകരിക്കില്ല. മുഅ്തസിലിയാക്കളുടെ കൂട്ടത്തിലായിരുന്നു അബുല്‍ ഹസന്‍ അശ്അരി വളര്‍ന്നു വന്നത്. ആദ്യം മുഅ്തസലിയായിരുന്നു. പിന്നീട് അദ്ദേഹം അല്ലാഹുവിന് കേള്‍വിയും കാഴ്ചയും ഇല്ലാതിരിക്കാന്‍ പറ്റില്ലല്ലോ എന്നു ചിന്തിച്ചു. അല്ലാഹുവിന് ഏതാനും സ്വിഫതുകള്‍ നിര്‍ബന്ധമാണ് എന്ന് അദ്ദേഹം മനസിലാക്കി. സംഅ്, ഖുദ്‌റത്, ഇല്‍മ് എന്നിങ്ങനെ ആറേഴു സ്വിഫതുകള്‍ നിര്‍ബന്ധമാണ് എന്ന് അദ്ദേഹം കണ്ടെത്തി. അതാണ് അശ്അരി അഖീദയുടെ തുടക്കം.
ഇത്തരം ചില സ്വിഫതുകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ അല്ലാഹുവിന്റെ ദാതുമായി ബന്ധപ്പെട്ട സ്വിഫതുകള്‍ അദ്ദേഹം അംഗീകരിച്ചില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ കൈ എന്നു പറയുന്നുണ്ട്. അത് അദ്ദേഹം അംഗീകരിച്ചില്ല. കണ്ണും, കൈയും അല്ലാഹുവിന് ഉണ്ടാവില്ല എന്നു പറഞ്ഞു. അത് ഒരു നിരീശ്വരത്വത്തിലേക്കാണ് നീങ്ങിയത്. ഖുര്‍ആനിലും ഹദീസിലും അല്ലാഹുവിന് എന്തെല്ലാം ഉണ്ട് എന്നു പറഞ്ഞോ അതെല്ലാം അംഗീകരിക്കലാണ് സലഫി അഖീദ. അത് എങ്ങനെയാണ് എന്നു നമുക്കറിയില്ല. ഖുര്‍ആനില്‍ വന്നോ അതുണ്ടെന്നു വിശ്വസിക്കലാണ് വേണ്ടത്. അശ്അരി അഖീദയിലെ അബുല്‍ ഹസന്‍ അശ്അരി പിന്നീട് സലഫി അഖീദയിലേക്ക് മാറി. മൂന്നാമത്തെ പരിവര്‍ത്തനമായിരുന്നു അത്. അദ്ദേഹം പിന്നീട് അല്‍ ഇബാന അന്‍ ഉസൂലിദ്ദിയാന എന്ന ഗ്രന്ഥം എഴുതി. എന്നാല്‍, ഇവിടുത്തെ അശ്അരിയാക്കള്‍ അതിപ്പോഴും മനസിലാക്കിയിട്ടില്ല.
വിശ്വാസ കാര്യങ്ങളില്‍ ഖുര്‍ആനും സുന്നത്തും പറയുന്നത് അപ്പാടെ വിശ്വസിക്കുക. എന്നാല്‍, പുതിയ പ്രശ്‌നങ്ങളില്‍ ഖുര്‍ആനും സുന്നത്തും മുന്നില്‍ നിര്‍ത്തി ബുദ്ധി ഉപയോഗിച്ച് പരിഹാരം കാണുകയാണ് വേണ്ടത്.
ശൈത്വാനെക്കുറിച്ച് പല ഹദീസുകളിലും വന്നിട്ടുണ്ട്. എല്ലായിടത്തും ശൈത്വാന്‍ എന്നാല്‍ ഒരേ അര്‍ഥത്തിലല്ല. ബുദ്ധി ഉപയോഗിക്കുന്നതിലൂടെയാണ് അത് മനസിലാക്കാനൊക്കുക. നേരം വൈകുന്നേരമായാല്‍ കുട്ടികളെ പുറത്തിറക്കരുതേ, സ്ത്രീകള്‍ പുറത്തിറങ്ങരുതേ, ശൈത്വാനുണ്ടാകും എന്നു ചില ഹദീസുകളില്‍ കാണാം. ഈ ശൈത്വാന്‍, ജിന്ന് വിഭാഗത്തില്‍ പെട്ട ഭൂതം ഉണ്ടാകും എന്ന അര്‍ഥത്തിലാവില്ലല്ലോ. വാതിലടച്ചാല്‍ ഉള്ളില്‍ കേറാന്‍ കഴിയാത്ത ശൈത്വാനെക്കുറിച്ചാണല്ലോ ഇപ്പറഞ്ഞത്. ഉപദ്രവം വരുത്തുന്ന ജീവജാലങ്ങളോ മനുഷ്യരോ ഒക്കെയാണ് ഈ ശൈത്വാന്‍. രക്തം സഞ്ചരിക്കുന്നിടത്തുള്ള, മനസില്‍ വസ്‌വാസുണ്ടാക്കുന്ന ശൈത്വാനെ വാതിലടച്ച് തടയാനാവില്ലല്ലോ. അവിടെയൊക്കെ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാന്‍ സാധിക്കണം.

? മുസ്‌ലിം സ്ത്രീകള്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് പണ്ടുകാലത്ത് വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍, മുജാഹിദ് വേദികളില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ വീണ്ടും അത് പ്രശ്‌നവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സമ്മേളനം അടുത്തു നില്ക്കുകയാണല്ലോ. സമ്മേളന വേദികളില്‍ സ്ത്രീകള്‍ ഉണ്ടാകുമോ.
മുസ്‌ലിം സ്ത്രീകളുടെ പര്‍ദാ സമ്പ്രദായം എല്ലാ കാലത്തും ചര്‍ച്ചയാവാറുണ്ട്. മുഖവും മുന്‍കയ്യുമൊഴികെയുള്ള ഭാഗങ്ങള്‍ മറച്ച് സ്ത്രീകള്‍ പൊതുരംഗത്തേക്കിറങ്ങുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പ്രബോധന വേദികളില്‍ അത്തരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ ഒരു തെറ്റുമില്ല. കാലഘട്ടത്തിന്റെ ആവശ്യവും കൂടിയാണത്. സമ്മേളന നഗരിയിലും സ്ത്രീകളുടെ സേവനം അത്തരത്തില്‍ ഉപയോഗപ്പെടുത്താനാവും എന്നാണ് കരുതുന്നത്.

Back to Top