20 Wednesday
November 2024
2024 November 20
1446 Joumada I 18

ഇസ്രായേലിനെതിരെ അന്താരാഷ്ട്ര രോഷം


ഭക്ഷണത്തിനായി കാത്തുനിന്നവരെ ഇസ്രായേല്‍ കൂട്ടക്കൊലചെയ്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് അന്താരാഷ്ട്ര സമൂഹം. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പുതിയ അധ്യായം ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. വീറ്റോ അധികാരത്തെ യു എന്‍ രക്ഷാസമിതിയുടെ പ്രവര്‍ത്തനത്തെ തളര്‍ത്താനുള്ള ഉപകരണമായി മാറ്റുകയാണ് -ഗുട്ടെറസ് പറഞ്ഞു.
ഗസ്സയിലെ അല്‍റാശിദ് സ്ട്രീറ്റിലെ നാബുലിസി റൗണ്ട്എബൗട്ടില്‍ സഹായ ട്രക്കുകളില്‍ ഭക്ഷണമെത്തുന്നതും കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കുനേരെ കഴിഞ്ഞ ആഴ്ചയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 112 പേര്‍ കൊല്ലപ്പെട്ടിരുന്നു. 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ വിശദീകരണം ചോദിക്കും. എന്താണ് സംഭവിച്ചതെന്ന് സ്വതന്ത്രമായി അന്വേഷിക്കണം. ഞങ്ങള്‍ ഇരട്ടത്താപ്പ് സ്വീകരിക്കില്ല. അന്വേഷണത്തില്‍ വെടിവെപ്പ് യുദ്ധക്കുറ്റമാണെന്ന് കണ്ടെത്തിയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകണം’-ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാനി സെജോര്‍നെ പറഞ്ഞു. ഭക്ഷണം കാത്തുനിന്ന സാധാരണക്കാരെ കൊലപ്പെടുത്തിയത് തെറ്റും നിയമലംഘനവുമാണെന്നും ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേല്‍ സൈന്യം വ്യക്തമായ വിശദീകരണം നല്‍കണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബയര്‍ബോക് ആവശ്യപ്പെട്ടു. ഭക്ഷണവിതരണത്തിനായി കാത്തുനിന്നവര്‍ക്കുനേരെ വെടിവെപ്പുണ്ടായത് നടുക്കമുണ്ടാക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Back to Top