ഇനിയും വേണോ രാജഭക്തി?
സുഫ്‌യാന്‍
തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ തിരുവിതാംകൂര്‍ രാജവംശത്തിലെ ഇളംതലമുറയില്‍ പെട്ട ഒരാളെ അതിഥിയായി ക്ഷണിക്കുകയും വിധേയ ഭാവത്തോടെ അവരെ ആനയിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുണ്ടായി. വിദ്യാര്‍ഥിനികള്‍ താലപ്പൊലിയോടുകൂടിയും പോലീസുള്‍പ്പടെ മറ്റുള്ളവര്‍ അകമ്പടി സേവിച്ചുമാണ് രാജഭക്തി കാണിക്കുന്നത്. ഈ ജനാധിപത്യ കാലത്തും ഇങ്ങനെ രാജഭക്തി കാണിക്കേണ്ടതുണ്ടോ എന്ന ചോദ്യം പല തവണ ഉന്നയിക്കപ്പെട്ടതാണ്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതോടെ രാജാവ്, രാജ്ഞി പോലെയുള്ള എല്ലാ ടൈറ്റിലുകളും റദ്ദ് ചെയ്യപ്പെട്ടതാണ്. ആദ്യഘട്ടത്തില്‍ സ്വതന്ത്ര ഇന്ത്യയോടൊപ്പം ചേരേണ്ടതില്ല എന്ന് തീരുമാനിച്ച തിരുവിതാംകൂര്‍ രാജവംശത്തിന് വേണമെങ്കില്‍ ഇപ്പോഴും രാജകുടുംബമാണ് എന്ന് മനസ്സില്‍ വെച്ച് നടക്കാം. പക്ഷെ, അത് വകവെച്ച് കൊടുക്കാന്‍ ഇവിടുത്തെ പൊതുസമൂഹവും മാധ്യമങ്ങളും തയ്യാറാകേണ്ടതുണ്ടോ?
മൊണാര്‍ക്കി സെന്റിമെന്റ്
രാജാധിപത്യ വികാരം എന്ന് ഇതിന് അര്‍ഥം പറയാം. രാജവാഴ്ചക്ക് വേണ്ടി വാദിക്കുന്ന മനസ്സാണ് ഇതിന് പിന്നിലുള്ളത്. രാജവാഴ്ചയോടുള്ള എതിര്‍പ്പിനെ റിപ്പബ്ലിക്കനിസം എന്നാണ് വിളിക്കാറുള്ളത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍, പല കാര്യങ്ങളിലും ബ്രിട്ടീഷ് ഭരണ സംവിധാനത്തെ മാതൃകയാക്കിയ ഇന്ത്യ, ബ്രിട്ടനിലെ രാജാവ്/ രാജ്ഞി എന്ന കാഴ്ചപ്പാടിന് പകരം തെരഞ്ഞെടുക്കപ്പെട്ട രാജ്യതലവന്‍ എന്നര്‍ഥത്തിലുള്ള റിപ്പബ്ലിക്ക് സംവിധാനമാണ് സ്വീകരിച്ചത്. അന്ന് തൊട്ടേ രാജഭക്തിയുടെ എല്ലാ അംശങ്ങളെയും നിയമപരമായി തന്നെ റദ്ദ് ചെയ്യാനാണ് ഇന്ത്യന്‍ ഭരണഘടന ശ്രമിച്ചത്. സ്വതന്ത്രമായി ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിന്നെയും രാജാധിപത്യ വികാരം മനസ്സില്‍ സൂക്ഷിക്കുന്നത് എന്തിനാണ് ?
സഞ്ജീവ് ഉപ്രെതിയുടെ ‘ദി റിട്ടേണ്‍ ഓഫ് മൊണാര്‍ക്കി ഇന്‍ നേപ്പാള്‍’ എന്ന പുസ്തകവും ഫിലിപ്പ് മര്‍ഫിയുടെ ‘രാജഭരണവും ബ്രിട്ടീഷ് രാഷ്ട്രവും’ എന്ന പുസ്തകവും ഈ മൊണാര്‍ക്കി സെന്റിമെന്റിനെ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. ആധുനിക ജനാധിപത്യ പശ്ചാത്തലത്തില്‍ ഇത്തരം സ്ഥാപനങ്ങളോട് ആളുകള്‍ പുലര്‍ത്തുന്ന വികാരത്തെ അപഗ്രഥനം നടത്തുകയാണ് ഈ പുസ്തകങ്ങള്‍ ചെയ്യുന്നത്.
ചരിത്രപരമായ രാജവാഴ്ചകളോടും അവയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളോടും ഗൃഹാതുരമോ ആദരവുള്ളതോ ആയ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നതിനെയാണ് മൊണാര്‍ക്കി സെന്റിമെന്റ് എന്ന് പറയുന്നത്. പഴയ രാജാക്കന്മാരോടും രാജ്ഞികളോടും ഉള്ള ആരാധന, രാജഭരണ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിനോ പുനരുജ്ജീവിപ്പിക്കുന്നതിനോ ഉള്ള ആഗ്രഹം, രാജവാഴ്ചയുമായി ബന്ധപ്പെട്ട സവര്‍ണ സാംസ്‌കാരിക ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള മുന്‍ഗണന തുടങ്ങിയ രീതികള്‍ ഈ വികാരത്തില്‍ പ്രകടമാണ്.
രാജകുടുംബങ്ങളുടെ വംശപരമ്പരയോട് ആഴത്തിലുള്ള ആദരവ് പ്രകടമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ ചരിത്രവും സ്വത്വവും രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് രാജാക്കന്മാരാണ് എന്ന് വാദിക്കുന്നവരായി ഈ വികാരമുള്ളവര്‍ മാറും. രാജകീയ വികാരത്തെ പ്രതിധ്വനിക്കുന്ന കല, വാസ്തുവിദ്യ, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക പൈതൃകങ്ങള്‍ ദേശീയ സ്വത്വത്തിന്റെ അവിഭാജ്യഘടകമായും അവര്‍ കണ്ടേക്കാം.
ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകളും നേതൃമാറ്റങ്ങളും ഉള്‍പ്പെടുന്ന ജനാധിപത്യ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രാജവാഴ്ചകള്‍ പലപ്പോഴും ശാശ്വതബോധവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. മാറ്റത്തെ ഭയപ്പെടുന്ന മാനസികാവസ്ഥയിലാണവരുള്ളത്. രാജകുടുംബത്തിന്റെ യഥാര്‍ഥ അധികാരം നിര്‍ത്തലാക്കിയാലും പ്രതീകാത്മക വ്യക്തികളായി കാണുന്നതും രാജാധിപത്യ വികാരത്തിന്റെ ഭാഗമാണ്. തിരുവനന്തപുരത്ത് മാത്രം കാണുന്ന ഈ രാജാധിപത്യവികാരം സര്‍ക്കാര്‍ തന്നെ പല ചടങ്ങുകളിലൂടെയും അരക്കിട്ടുറപ്പിക്കുന്നുണ്ട് എന്നതും വാസ്തവമാണ്.