23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ഇനിയെങ്കിലും പാഠമുള്‍ക്കൊള്ളുമായിരിക്കും!

മുഹമ്മദ് അമീന്‍

ആര്‍എസ്എസ് അജണ്ടക്കും ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കുമെതിരായ ജനവിധിയാണ് 18ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. 400 സീറ്റുകള്‍ നേടി ഭരണഘടനയെത്തന്നെ അട്ടിമറിച്ച് 2025 ആര്‍എസ്എസ് രൂപീകരണത്തിന്റെ ശതാബ്ദി വര്‍ഷം ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഫാസിസ്റ്റ് അജണ്ടയെയാണ് ഹിന്ദി ഹൃദയഭൂമിയിലെ പാവപ്പെട്ട വോട്ടര്‍മാര്‍ പരാജയപ്പെടുത്തിയത്.
മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകര്‍ത്ത് സാംസ്‌കാരിക ദേശീയതയുടെ ഏകാത്മകതയിലേക്ക് രാജ്യത്തെ വിളയിപ്പിച്ചെടുക്കാനുള്ള മോദി ഭരണത്തിന് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പു ഫലം. രാമക്ഷേത്രത്തെ പ്രാണപ്രതിഷ്ഠയിലൂടെ വലിയ വൈകാരിക വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മോദിയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലും അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദിലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു.
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും അഭിനന്ദനീയമായ വിജയം അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവ് അവതേഷ് കുമാറിന്റെ വിജയമാണ്. മാത്രമല്ല ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങള്‍ ചോരക്കളമാക്കിയ മണിപ്പൂരിലെ രണ്ടു ലോക്‌സഭാ സീറ്റുകളും ഇന്‍ഡ്യാ മുന്നണിക്ക് ലഭിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. മോദി മന്ത്രിസഭയിലെ സ്മൃതി ഇറാനി ഉള്‍പ്പെടെ 13 മന്ത്രിമാരാണ് പരാജയപ്പെട്ടത്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി വെല്ലുവിളികള്‍ നേരിട്ടപ്പോഴും കേരളത്തില്‍ ഒരു സീറ്റ് അവര്‍ക്ക് നേടാനായി എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. സുരേഷ് ഗോപിയെ കേവലമൊരു ബിജെപി സ്ഥാനാര്‍ഥിയായി കാണുക വയ്യ. ബിജെപിയുടെ കേരള നേതൃത്വം വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായിരിക്കെ ഫ്യൂഡല്‍ ജീവിതവീക്ഷണം പുറമേക്കെങ്കിലും വെച്ചുപുലര്‍ത്താന്‍ അവര്‍ വിമുഖത കാണിച്ചിരുന്നു.
ഇതിനെ പ്രകടമാക്കാന്‍ ഒരിക്കലും സുരേഷ് ഗോപി വിമുഖത കാണിച്ചിരുന്നുമില്ല. അടുത്ത ജന്മം ബ്രാഹ്‌മണനായി ജനിക്കണമെന്നും ജനത്തെ സിനിമാ ശൈലിയില്‍ പ്രജ എന്ന് അഭിസംബോധന ചെയ്തും വനിതാ മാധ്യമ റിപ്പോര്‍ട്ടറെ താഴ്ത്തിക്കെട്ടുന്ന വിധം തോളില്‍ സ്പര്‍ശിച്ചുകൊണ്ടും സുരേഷ് ഗോപി അവതരിപ്പിച്ച വെള്ളിത്തിരയിലെ ആണത്തഗോപുര കഥാപാത്രങ്ങളെപ്പോലെ ഫ്യൂഡല്‍ സാമൂഹികതയെ രാഷ്ട്രീയത്തിലും പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്നത് കേരളത്തിലെ പൊതുബോധ നിര്‍മിതിയില്‍ സ്വാധീനശക്തിയായി നിലനില്‍ക്കുന്ന വലതുപക്ഷവത്കൃതമായ സാമൂഹികതയെയാണ്. ഫ്യൂഡല്‍ സാമൂഹിക വീക്ഷണം ഉച്ചനീചത്വപരമായ സാമൂഹികക്രമത്തെയാണ് വിഭാവനം ചെയ്യുന്നതെങ്കിലും അതിന്റേതായ ചിട്ടവട്ടങ്ങളില്‍ ദയാദാക്ഷിണ്യം പ്രകടമാക്കിക്കൊണ്ടിരിക്കും. ക്രൂരമായ അനുഭവങ്ങളാല്‍ പീഡിതരായവര്‍ക്ക് ഫ്യൂഡല്‍ നന്മ ചിലപ്പോള്‍ ആശ്വാസദായകമാകും. കരുവന്നൂരിലെയും മറ്റും ചതിക്കപ്പെട്ട നിക്ഷേപകരോട് ചോദിച്ചാല്‍ ഈ അനുഭവം എന്താണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. സാമൂഹികക്രമത്തിലെ അസമത്വത്തിനു പകരവും പരിഹാരവുമായാണ് ഫ്യൂഡല്‍ ദയദാക്ഷിണ്യം ജീവിതമുദ്രയാകുന്നത്. ഇതാണ് അവിടെ വോട്ടായി പരിണമിച്ചത്. നമ്മുടെ രാഷ്ട്രീയ ചുറ്റുപാടുകള്‍ക്ക് ഏറെ ചിന്തിക്കാനുള്ള വകനല്‍കുന്നുണ്ട് തിരഞ്ഞെടുപ്പ് റിസല്‍ട്ട്. ഇടതു വലത് കക്ഷികള്‍ ഇനിയെങ്കിലും പാഠം പഠിക്കുമായിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x