14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

ഇസ്‌ലാമിലെ ദായക്രമം സ്ത്രീയെ അവഗണിക്കുന്നുവോ?

എ ജമീല ടീച്ചര്‍


കാലം സ്ത്രീക്കു വേണ്ടി കരുതിവെക്കുന്ന ഒരു സമ്മാനമെന്ന നിലയ്ക്ക് ഇസ്‌ലാം അനന്തരാവകാശത്തില്‍ സ്ത്രീക്ക് പങ്ക് നിശ്ചയിച്ചു. ദായധന വിഭജനത്തിന്റെ അടിസ്ഥാന അളവ് സ്ത്രീയുടെ വിഹിതമാകുന്നു. ഒരു സ്ത്രീക്ക് ലഭിക്കുന്ന വിഹിതത്തിന്റെ ഇരട്ടിയാണ് പുരുഷന് ലഭിക്കുക. ജാഹിലിയ്യാ കാലത്ത് സ്ത്രീക്ക് അനന്തരാവകാശം തീരെ അനുവദിച്ചിരുന്നില്ല. ഇസ്‌ലാം അവള്‍ക്ക് അനന്തരാവകാശം സ്ഥിരപ്പെടുത്തി. ഒന്നുമില്ലാത്ത അവസ്ഥയില്‍ പകുതിയെങ്കിലും ലഭിക്കട്ടെ എന്ന അര്‍ഥത്തിലല്ല. പുരുഷന്റെ പകുതി മൂല്യമേ അവള്‍ക്കുള്ളൂ എന്ന അര്‍ഥത്തിലുമല്ല. സ്ത്രീയുടെയും പുരുഷന്റെയും സാമ്പത്തിക ബാധ്യതകള്‍ തമ്മിലുള്ള അന്തരം കണക്കിലെടുത്താണത്. കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉത്തരവാദപ്പെട്ടിരിക്കുന്നത് പൂര്‍ണമായും പുരുഷനാണ്. ഒരു നിലയ്ക്കുള്ള സാമ്പത്തിക ബാധ്യതയും സാധാരണഗതിയില്‍ സ്ത്രീ വഹിക്കേണ്ടതില്ല. എന്നിട്ടും പുരുഷന്റെ പകുതി സ്വത്ത് നല്‍കിയത് അവളോടുള്ള ആദരവു കൊണ്ട് മാത്രമാണ്. മികച്ച ഒരു പരിഗണനയും അതിലുണ്ട്. അതൊരു സ്ത്രീ-പുരുഷ വിവേചനമായി കണ്ടുകൂടാ. ഇതിനെതിരായി ചിന്തിക്കുന്നവര്‍ ഇസ്‌ലാമിക ദായധനക്രമത്തെ ഇസ്‌ലാമികമായ സാമൂഹിക ക്രമത്തില്‍ നിരത്തി വായിക്കാത്തതുകൊണ്ടാണ്. ജാഹിലിയ്യാ പശ്ചാത്തലത്തിലാണ് അവര്‍ ഇസ്‌ലാമിലെ ദായധന ക്രമത്തെ വീക്ഷിക്കുന്നത്.
ഇസ്‌ലാമിക നിയമത്തില്‍ സ്ത്രീ ആര്‍ക്കും ചെലവിനു കൊടുക്കേണ്ടതില്ല. അവളുടെ സാഹചര്യമനുസരിച്ച് പിതാവ്, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവരാണ് അവളുടെ തന്നെ ജീവിതച്ചെലവ് ഏറ്റെടുക്കേണ്ടത്. അവള്‍ പ്രസവിക്കുന്ന കുട്ടികളുടെ ചെലവ് നടത്തേണ്ടത് അവരുടെ പിതാവാണ്. പുരുഷന്‍ വിവാഹത്തിലൂടെ ഭാര്യയുടെയും കുട്ടികളുടെയും ഉത്തരവാദിത്തം കൂടുതലായി ഏറ്റെടുക്കുമ്പോള്‍ സ്ത്രീ സ്വന്തം ചെലവു കൂടി ഭര്‍ത്താവിനെ ഏല്‍പിച്ച് സ്വതന്ത്രയാവുകയാണ് ചെയ്യുന്നത്. അതോടൊപ്പം കൂടുതല്‍ സമ്പത്ത് നേടുകയും ചെയ്യുന്നു. സ്ത്രീയുടെ വലിയ്യും ഖവ്വാമുമാണ് പുരുഷന്‍. പുരുഷനെ ഈ ഉത്തരവാദിത്തത്തിനു യോഗ്യനാക്കുകയാണ് ദായധനാവകാശത്തില്‍ അവനു കിട്ടുന്ന അധികവിഹിതം. ജാഹിലിയ്യാ സാമൂഹിക ക്രമത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ സാമ്പത്തിക വിഷയത്തില്‍ ഉത്തരവാദിത്തമുള്ളവരായിരുന്നു. പ്രസ്തുത വീക്ഷണത്തില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോഴാണ് പുരുഷന്റെ അധികവിഹിതം അന്യായമായി തോന്നുക.

ശരീഅത്തിന്റെ അതിപ്രധാനമായ ഒരു വകുപ്പാണ് ദായധന വ്യവസ്ഥ. അത് ശര്‍ഈ വിജ്ഞാനത്തിന്റെ പകുതിയാണ്, മൂന്നിലൊന്ന് എന്നൊക്കെ ചില പണ്ഡിതന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു. ദായധന വ്യവസ്ഥ നന്നായി പഠിക്കണമെന്നും അത് ജനങ്ങളെ പഠിപ്പിക്കണമെന്നും ഇല്ലെങ്കില്‍ സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാകുമെന്നും നബി(സ) പറഞ്ഞിരിക്കുന്നു. ഈ മുന്നറിയിപ്പ് പരിഗണിച്ചുകൊണ്ട് പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ അനന്തരാവകാശവുമായി ബന്ധപ്പെട്ട ഒരുപാട് ഗ്രന്ഥങ്ങള്‍ തന്നെ എഴുതിയിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളുടെയെല്ലാം അടിസ്ഥാന ആധാരം താഴെ സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും പ്രവാചകന്‍ അവയ്ക്ക് നല്‍കിയ വ്യാഖ്യാനങ്ങളുമാണ്:
”നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് അനുശാസിക്കുന്നു. ഒരു പുരുഷന് രണ്ട് സ്ത്രീവിഹിതത്തിനു തുല്യമായ വിഹിതമുണ്ട്. മക്കള്‍ സ്ത്രീകള്‍ മാത്രമാവുകയും അവര്‍ രണ്ടിലേറെ പേരുണ്ടാവുകയും ചെയ്യുമ്പോള്‍ ദായധനത്തിന്റെ മൂന്നില്‍ രണ്ടുഭാഗം അവര്‍ക്കെല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാകുന്നു. ഒരു പുത്രി മാത്രമാകുമ്പോള്‍ അവള്‍ പകുതി സ്വത്തിന് അവകാശിയാകുന്നു. പരേതന് സന്തതിയുള്ള അവസ്ഥയില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും ദായധനത്തിന്റെ ആറിലൊന്ന് വീതം ലഭിക്കണം. മക്കളില്ലാതെ മാതാപിതാക്കള്‍ മാത്രം അവകാശികളായി വരുമ്പോള്‍ മാതാവിനു മൂന്നിലൊന്ന് സ്വത്തവകാശമുണ്ട്. പരേതന് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ലഭിക്കേണ്ടത് ആറിലൊന്നാണ്. ഈ വിഹിതങ്ങളെല്ലാം നല്‍കേണ്ടത് പരേതന്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തുകള്‍ പാലിക്കുകയും അയാളുടെ കടങ്ങള്‍ തീര്‍ക്കുകയും ചെയ്തതിനു ശേഷമാണ്. പിതാക്കളാണോ മക്കളാണോ ഏറെ പ്രയോജനം ചെയ്യുക എന്നത് നിങ്ങള്‍ അറിയുന്നില്ല. ഈ വിഹിതങ്ങള്‍ അല്ലാഹുവിനാല്‍ നിര്‍ണയിക്കപ്പെട്ടതാകുന്നു. അല്ലാഹുവോ യാഥാര്‍ഥ്യങ്ങള്‍ ഒക്കെയും അറിയുന്നവനും സകല നന്മകളിലും അഭിജ്ഞനുമല്ലോ (ഖുര്‍ആന്‍ 4:11).
അനന്തരാവകാശങ്ങള്‍ നിര്‍ണയിക്കുന്ന മൂന്നു മുഖ്യ സൂക്തങ്ങളില്‍ ഒന്നാണിത്. തൊട്ടടുത്ത സൂക്തവും ഈ സൂറയിലെ 176ാം സൂക്തവുമാണ് മറ്റു രണ്ടെണ്ണം. ഇവയില്‍ നിന്നെല്ലാം ദായധന നിര്‍വഹണത്തിന്റെ അടിസ്ഥാന നിയമം സ്ത്രീയുടെ വിഹിതമാണെന്നു കാണാം.
അനന്തരാവകാശത്തിന്റെ
കാരണങ്ങള്‍

പ്രധാനമായും നാലു കാരണങ്ങള്‍ കൊണ്ടാണ് ഒരാളുടെ സ്വത്ത് അവന്റെ മരണശേഷം അനന്തരമായി ലഭിക്കുന്നത്:
1. രക്തബന്ധം: ”രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ നിയമങ്ങളില്‍ പരസ്പരം ഏറ്റവും അടുത്തവരാകുന്നു” (സൂറ 8:75, 33:6).
2. വിവാഹബന്ധം: പവിത്രമായ ഒരു കരാറായതിനാല്‍ പരസ്പരം സ്വത്തില്‍ അവകാശമുണ്ടാകുന്നു.
3. വലാഅ്: ഒരാള്‍ ഒരു അടിമയെ മോചിപ്പിച്ചാല്‍ അടിമയും മോചിപ്പിച്ചവനും തമ്മിലുള്ള ബന്ധത്തിന് വലാഅ് എന്നു പറയുന്നു. മോചിതനായ അടിമ മരിക്കുമ്പോള്‍ അയാളുടെ ബന്ധുക്കള്‍ ആരും ഇല്ലെങ്കില്‍ മോചിപ്പിച്ചവന്‍ അവകാശിയാകുന്നു.
4. ആദര്‍ശബന്ധം: മരണപ്പെട്ട വ്യക്തിക്ക് ബന്ധുക്കളാരുമില്ലെങ്കില്‍ സ്വത്ത് ബൈത്തുല്‍മാലിലേക്ക് (മുസ്‌ലിംകളുടെ പൊതുസ്വത്തിലേക്ക് മടങ്ങുന്നു). ഇതിലൊന്നും സ്ത്രീപുരുഷ വ്യത്യാസമില്ല. എല്ലാവര്‍ക്കും ഒരേ നിയമം തന്നെയാണുള്ളത്.
തുല്യാവകാശം
മരണപ്പെട്ട വ്യക്തിക്ക് മക്കള്‍ ഉണ്ടായിരുന്നാല്‍ മാതാവിനും പിതാവിനും തുല്യ അവകാശമാണ്. 1/6 വീതം അവര്‍ക്ക് ലഭിക്കുന്നു. മരണപ്പെട്ട വ്യക്തിക്ക് മാതാവ് മാത്രമൊത്ത ഒരു സഹോദരനും സഹോദരിയുമുണ്ടായാല്‍ അവര്‍ക്ക് തുല്യ അവകാശമാണ് (6ല്‍ ഒന്ന്). കൂടുതല്‍ പേരുണ്ടെങ്കില്‍ 1/3 അവര്‍ പങ്കിട്ടെടുക്കണം.
കൂടുതല്‍ ലഭിക്കുന്ന
അവസരങ്ങള്‍

മരണപ്പെട്ട വ്യക്തിക്ക് ഭര്‍ത്താവും മാതാവും പിതാവുമുണ്ടാവുന്ന സന്ദര്‍ഭത്തില്‍ മാതാവിന് മൂന്നിലൊന്നും മിച്ചമുള്ളത്(1/6) പിതാവിനുമായിരിക്കും. ഇബ്‌നു അബ്ബാസും(റ) വിശുദ്ധ ഖുര്‍ആനും നബിചര്യയും മാത്രം അവലംബിക്കുന്നവരും ഇപ്രകാരമാണ് പ്രസ്താവിക്കുന്നത്: ”മാതാവിന് പിതാവിനേക്കാള്‍ മുന്‍ഗണന നല്‍കുന്നതിനെ വിശുദ്ധ ഖുര്‍ആന്‍ എതിര്‍ക്കുന്നില്ല.”
മാത്രമല്ല, പിതാവിനേക്കാള്‍ മുന്‍ഗണന മാതാവിനാണ് ഖുര്‍ആന്‍ നല്‍കുന്നതും. ”നബി(സ)യുടെ അരികില്‍ ഒരാള്‍ വന്ന് ഇപ്രകാരം ചോദിച്ചു: ഞാന്‍ നന്മ ചെയ്യാന്‍ ഏറ്റവും അവകാശപ്പെട്ടത് ആര്‍ക്കാണ് നബിയേ? നബി(സ) പറഞ്ഞു: നിന്റെ മാതാവിനോട് എന്ന്. മൂന്ന് പ്രാവശ്യം അങ്ങനെ ചോദിച്ചപ്പോഴും നബി(സ) മറുപടി പറഞ്ഞത് നിന്റെ മാതാവിനോട് എന്നായിരുന്നു. നാലാമത്തെ പ്രാവശ്യമാണ് നിന്റെ പിതാവിനോട് എന്ന് മറുപടി കൊടുത്തത്.” ചില സന്ദര്‍ഭങ്ങളില്‍ പിതാവിന് കൂടുതല്‍ നിശ്ചയിച്ചത് ആദ്യം പറഞ്ഞ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. നിര്‍ണിത ഓഹരി നിശ്ചയിക്കേണ്ടത് മൊത്തം സ്വത്തിന്റെ അടിസ്ഥാനത്തിലാണുതാനും. ഈ തത്വം ഭൂരിഭാഗം പേരും അംഗീകരിക്കുന്നുണ്ട്. ചില പണ്ഡിതന്മാരുടെ അഭിപ്രായം മാത്രമാണ് എതിരായിട്ടുള്ളത്.
ഒരു സ്ത്രീ മരണപ്പെട്ടു. അവള്‍ക്ക് ഭര്‍ത്താവും ഉമ്മയും പിതാവും മാതാവുമൊത്ത രണ്ടു സഹോദരന്മാരും മാതാവ് മാത്രമൊത്ത ഒരു സഹോദരിയുമുണ്ടെങ്കില്‍ മാതാവ് മാത്രമൊത്ത സഹോദരിക്ക് ആകെ സ്വത്തിന്റെ ആറിലൊന്ന് ലഭിക്കുന്നു. എന്നാല്‍ പിതാവും മാതാവുമൊത്ത രണ്ടു സഹോദരന്മാര്‍ക്കും കൂടി മിച്ചമുള്ള ആറിലൊന്ന് മാത്രമേ ലഭിക്കുകയുള്ളൂ. അതായത് പിതാവും മാതാവുമൊത്ത സഹോദരന്മാര്‍ക്ക് ഉമ്മ മാത്രമൊത്ത സഹോദരിയുടെ പകുതി മാത്രമേ ലഭിക്കുന്നുള്ളൂ.
മരിച്ച വ്യക്തിക്ക് ഭര്‍ത്താവും പിതാവും മാതാവുമൊത്തെ സഹോദരിയും പിതാവൊത്ത സഹോദരനുമുണ്ട്. ഈ പ്രശ്‌നത്തില്‍ സഹോദരന് ഒന്നും ലഭിക്കുന്നില്ല. സഹോദരന്റെ സ്ഥാനത്ത് ഉമ്മയൊത്ത സഹോദരിയാണെങ്കില്‍ ആറില്‍ ഒന്ന് വിഹിതം അവള്‍ക്ക് ലഭിക്കും. ഇവിടെയെല്ലാം മാതാവിന്റെ സ്ഥാനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. സ്ത്രീക്ക് അനന്തര സ്വത്തില്‍ പുരുഷനേക്കാള്‍ കൂടുതല്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങളും ഇവയൊക്കെയാണ്.

Back to Top