ഇന്ത്യയെ ഭയക്കുന്നതോ ഹിന്ദുത്വമോഹമോ?
അഹമ്മദ് അഷ്‌കര്‍
ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്ന പേരില്‍ അറിയപ്പെടണം എന്നൊരു ആഗ്രഹം സര്‍ക്കാര്‍ പ്രതിനിധികളുടേതായി പുറത്തുവന്നിരിക്കുന്നു. ഇന്ത്യ എന്ന പേരിനോടുള്ള വിരോധമാണോ അതല്ല ഹിന്ദുരാഷ്ട്രമെന്ന മോഹമാണോ ഇങ്ങനെയൊരു ആഗ്രഹത്തിനു പിന്നിലെന്ന് പരിശോധിക്കേണ്ടതുണ്ട്. ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളും പ്രചാരകരുമായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ഇനി മുതല്‍ ഇന്ത്യയെന്നു വേണ്ട, ഭാരത് എന്ന് ഉപയോഗിക്കണം എന്ന പ്രഖ്യാപനം നടത്തുന്നു.
നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയും അമിത്ഷാ എന്ന ആഭ്യന്തരമന്ത്രിയും നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നു. മുഖ്യ അജണ്ട ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നതില്‍ നിന്ന് ‘ഭാരത്’ എന്നു മാത്രമാക്കി മാറ്റാനുള്ള ബില്ലവതരണമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. പേരുമാറ്റം സംബന്ധിച്ച വാര്‍ത്തകളെ തള്ളിയെങ്കിലും പ്രത്യേക സമ്മേളനത്തിന്റെ അജണ്ട കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുമില്ല.
ഭാരതമെന്നു മാത്രം പറയുന്നത് എന്തിനാണ്, ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്താണ് എന്നു ചോദിക്കുന്നത് ദേശദ്രോഹമാവുമോ ഭാരത മാതാവേ എന്നാണ് ഭൂരിപക്ഷവും കരുതുന്നത്. ഭാരതമെന്ന പേരു കേട്ടാല്‍ അഭിമാനപൂരിതമാകണമല്ലോ അന്തഃരംഗം. അതുകൊണ്ട് ഭാരതത്തോട് പ്രശ്‌നമില്ലല്ലോ, ഇന്ത്യയോടും പ്രശ്‌നമില്ലല്ലോ എന്നാണ് ഒരുവിധം രാഷ്ട്രീയക്കാരുടെയൊക്കെ നിലപാടില്ലാത്ത നിലപാട്. അതുകൊണ്ടാണ് ഭാരതമെന്നാലും ഇന്ത്യയെന്നാലും ഹിന്ദുസ്ഥാനെന്നാലും സ്‌നേഹമാണ് എന്ന് രാഹുല്‍ ഗാന്ധിക്ക് പറയേണ്ടിവരുന്നത്.
ഹിന്ദുവല്ലാത്ത സാംസ്‌കാരിക ചിഹ്നങ്ങളെ പൂര്‍ണമായി ഒഴിവാക്കലാണ് ലക്ഷ്യം. ചിരപുരാതന കാലം മുതല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായിരുന്നു എന്ന പ്രതീതിയുണ്ടാക്കുകയാണ്. ബഹുസ്വരതയുടെ സാംസ്‌കാരിക പ്രതീകങ്ങളെ മുഴുവന്‍ മറച്ചോ തകര്‍ത്തോ കളയാനുള്ള ശ്രമങ്ങളാണ്. ഇത് ഇനിയും തിരിച്ചറിയുന്നില്ല രാഷ്ട്രീയനേതൃത്വങ്ങള്‍ എങ്കില്‍ നല്ല നാളെ സ്വപ്‌നം കാണുന്നതില്‍ കാര്യമൊന്നുമില്ല.