ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ അപരവത്കരിക്കപ്പെടുന്ന മുസ്‌ലിം സമൂഹം
വി കെ ജാബിര്‍
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി ഇവയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍. ഉറച്ച മതേതര മൂല്യങ്ങളില്‍ രൂപപ്പെടുത്തിയതാണത്. ഭരണഘടനയുടെ 14,19,22,25 ആര്‍ട്ടിക്കിളുകള്‍, ഏതൊരു മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളാവുന്ന, ആശയസ്വാതന്ത്ര്യം ഉറപ്പുതരുന്നതാണ് രാജ്യത്തിന്റെ ഭരണഘടന. മതം, ഭാഷ, വംശം, ഭക്ഷണരീതി, വസ്ത്രം, ആരാധനാരീതി, സംസ്‌കാരം ഇവയിലെല്ലാം നാനാത്വമുള്ള ബഹുസ്വര സമൂഹമാണ് പരമ്പരാഗതമായി ഇന്ത്യയുടേത്. വൈവിധ്യത്തിന്റെ സങ്കലനമാണ് ഹിന്ദുമതം പോലും എന്നു കാണാം.
സവിശേഷമായ മതേതരത്വമാണ് ഇന്ത്യന്‍ ഭരണഘടന ആവിഷ്‌കരിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു പ്രത്യേക നിര്‍വചനത്തിന്റെ ചട്ടക്കൂട്ടില്‍ പരിമിതപ്പെടുത്താവുന്നതല്ല ഭരണഘടന പ്രകാരമുള്ള മതനിരപേക്ഷ രാഷ്ട്ര സങ്കല്പം. അതു പറയുമ്പോഴും മതവും സ്‌റ്റേറ്റും തമ്മില്‍ കൃത്യമായ വേര്‍തിരിവുണ്ടെന്നതും നമ്മുടെ മതനിരപേക്ഷതയുടെ കാതലാണെന്നു കാണാം.
ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ വ്യക്തിപരവും സംഘടിതവുമായ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നുണ്ട്. സ്വതന്ത്രമായി മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാ വ്യക്തികള്‍ക്കും ഭരണഘടന നല്‍കുന്നു. ഭരണഘടനയുടെ 29-ാം വകുപ്പ് എല്ലാ സമൂഹങ്ങള്‍ക്കും സ്വന്തമായ ഭാഷയും ലിപിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. ഇതൊക്കെയിരിക്കെ, സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും കത്തിവെക്കുന്നതാണ്. ഇതര മതങ്ങളെയും ആശയങ്ങളെയും നിരാകരിക്കുന്ന പ്രവണതയാണ് ഉയര്‍ന്നുവരുന്നത്. ഇതരരെ അപരവത്കരിക്കാനുള്ള വലിയ ഊര്‍ജമാണ് ഭരണകൂടത്തിന്റെ തണലില്‍ ഭരണഘടനയുടെ സത്തയെ എതിര്‍ക്കുന്നവര്‍ ആവാഹിച്ചെടുക്കുന്നത് എന്നു വ്യക്തമാകുന്നു.
നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ സവിശേഷതയെങ്കിലും മതനിരപേക്ഷതയും ബഹുസ്വരതയും അംഗീകരിച്ചവരായിരുന്നു എല്ലാവരും എന്നര്‍ഥമില്ലെന്നും ഭാരതത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തെയും മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളെയും മാനിക്കുന്നില്ല എന്ന കാരണമുയര്‍ത്തി ഭരണഘടനയെ വര്‍ഗീയശക്തികള്‍ തള്ളിപ്പറയുകയും ത്രിവര്‍ണ പതാക പോലും അംഗീകരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും റാം പുനിയാനി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യ റിപ്പബ്ലിക്കായി ഏഴു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ഭരണഘടനയുടെ സത്തയെ എതിര്‍ക്കുന്നവര്‍ രണ്ടു പതിറ്റാണ്ടായി വീണ്ടും ശക്തിയുക്തം തലപൊക്കുന്ന കാഴ്ച നമ്മള്‍ കാണുന്നുണ്ട്.
ദേശീയവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുമെങ്കിലും ഭാരതത്തിന്റെ ഭരണഘടന സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ അവര്‍ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. ഭരണഘടനയിലൂന്നിപ്പറഞ്ഞ മതേതരത്വം എന്ന ആശയം നാളിതുവരെ അവര്‍ക്കു ദഹിച്ചിട്ടുമില്ല. മതേതര ആശയത്തെ നിശിതമായെതിര്‍ക്കുന്ന ബി ജെ പി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് പ്രസ്താവിച്ചത് മതേതരത്വം എന്ന വാക്ക് വലിയൊരു നുണയാണെന്നും അത് പ്രചരിപ്പിച്ചവര്‍ (കോണ്‍ഗ്രസ്) രാജ്യത്തോട് മാപ്പു പറയണമെന്നുമായിരുന്നു. ഏക സാംസ്‌കാരിക ദേശീയതയിലേക്കുള്ള പുതിയ ഇന്ത്യയുടെ യാത്രയില്‍ സമീപകാലത്തു ശ്രദ്ധിക്കപ്പെട്ട വിദ്വേഷവും വെറുപ്പും പടര്‍ത്തുന്ന ചില വിഷയങ്ങള്‍ പരാമര്‍ശിക്കേണ്ടതുണ്ട്.
വിദ്വേഷ പ്രസംഗ പരമ്പര
ഹരിദ്വാറില്‍ ഡിസംബറില്‍ നടന്ന ഹിന്ദു ധര്‍മ സന്‍സദില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ പുതിയ ആയുധങ്ങള്‍ കണ്ടെത്തണമെന്ന് സന്യാസിമാര്‍ ആഹ്വാനം ചെയ്തിരിക്കുന്നു. വംശഹത്യക്കുള്ള ആഹ്വാനം വരെ പ്രസംഗങ്ങളിലുണ്ടായിരുന്നു. പരിപാടിയിലെ പ്രസംഗങ്ങളും ആഹ്വാനങ്ങളും അത്യന്തം അപകടകരമാണെന്ന് വിവിധ നേതാക്കള്‍ പ്രതികരിച്ചെങ്കിലും കര്‍ശനമായ നീക്കങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഡിസംബര്‍ 17 മുതല്‍ 19 വരെയാണ് യതി നരസിംഹാനന്ദയുടെ നേതൃത്വത്തില്‍ ഹിന്ദു ധര്‍മ സന്‍സദ് നടന്നത്. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചതിന് മുമ്പും യതി നരസിംഹാനന്ദ് വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഹിന്ദു രക്ഷാസേനനേതാവ് പ്രബോധാനന്ദ് ഗിരി, ബി ജെ പി വനിതാ വിഭാഗം നേതാവ് ഉദിത ത്യാഗി, ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ആയുധമെടുത്ത് ഹിന്ദുമതത്തെ സംരക്ഷിക്കാനെന്ന പേരില്‍ ഇന്ത്യയിലെ മുസ്‌ലിംകളെ കൊല്ലാനും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളാണ് ധര്‍മ സന്‍സദില്‍ മുഴങ്ങിയത്. ഹിന്ദുക്കളെ അതിനൂതന ആയുധങ്ങളുപയോഗിച്ച് സായുധരാക്കുക മാത്രമാണ് മുസ്‌ലിം ഭീഷണി അവസാനിപ്പിക്കാനുള്ള വഴി എന്നായിരുന്നു യതി നരസിംഹാനന്ദിന്റെ പരാമര്‍ശം. ഹിന്ദു ധര്‍മ സന്‍സദില്‍ മുസ് ലിംകള്‍ക്കെതിരായ വിദ്വേഷ ഉന്മൂലനാഹ്വാന പ്രസംഗങ്ങള്‍ സംബന്ധിച്ച് കേസ് കേള്‍ക്കുമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കുകയും കക്ഷികള്‍ക്ക് നോട്ടിസ് അയക്കുകയും ചെയ്തിരിക്കുന്നു. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഞ്ചു മുന്‍ സായുധ സേനാ മേധാവിമാര്‍ ഉള്‍പ്പടെ നൂറിലേറെ പേര്‍ കത്തയച്ചിരുന്നു. ഹരിദ്വാറിലും ദല്‍ഹിയിലുമായി നടന്ന ഹിന്ദു ധര്‍മ സന്‍സദില്‍ ക്രിസ്ത്യാനികള്‍, ദളിതുകള്‍, സിഖുകാര്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് വിദ്വേഷ പ്രചരണം നടത്തിയതായും ഇത്തരം രാജ്യദ്രോഹ യോഗങ്ങള്‍ മറ്റിടങ്ങളിലും സംഘടിപ്പിക്കപ്പെടുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിദ്വേഷ പ്രസംഗത്തില്‍ സ്വമേധയാ കേസെടുക്കണമെന്നവശ്യപ്പെട്ട് സുപ്രീം കോടതിയിലെ 76 അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനു കത്തെഴുതിയിരുന്നു. ഹരിദ്വാറിനും ദല്‍ഹിക്കും പിന്നാലെ ഛത്തീസ്ഗഡിലെ റായ്പൂരിലും ഹിന്ദു ധര്‍മ സന്‍സദ് സംഘടിപ്പിക്കപ്പെട്ടു. ഈ സമ്മേളനത്തിലും ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ആയുധമെടുക്കാന്‍ ആഹ്വാനമുണ്ടായി.
വില്പനയ്ക്കു വെക്കപ്പെട്ട
മുസ്‌ലിം സ്ത്രീകള്‍
മുസ്‌ലിം സ്ത്രീകളെ വില്പനക്കായി ലേലത്തില്‍ വെക്കുന്ന തരത്തില്‍ സൃഷ്ടിക്കപ്പെട്ട ബുള്ളി ഭായ് ആപ്പ് അതി ഭീകരമായ മുസ്‌ലിം അപരവത്കരണം ഉയര്‍ത്തുന്ന അതിഹീനമായ സംഭവമായിരുന്നു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെയുള്ള പ്രമുഖ മുസ്‌ലിം സ്ത്രീകളെ ‘ലേലത്തില്‍’ വില്പനയ്ക്കു വെക്കുകയായിരുന്നു വിദ്വേഷത്തിന്റെ വ്യാപാരികള്‍. വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ നൂറ് കണക്കിന് മുസ്‌ലിം സ്ത്രീകളെയാണ് ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചത്. ദേശീയ മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ് ആപ്പിലൂടെ വീണ്ടും മുസ്‌ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച വിവരം ആദ്യം വെളിപ്പെടുത്തിയത്.
ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം വഴിയാണ് ആപ്പ് നിര്‍മിക്കപ്പെട്ടത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആണ് ഗിറ്റ്ഹബ്. ആറ് മാസമായി ദല്‍ഹി പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. ബുള്ളി ഭായ് ആപ്പ് കേസ് പ്രതികള്‍ക്ക് ‘സുള്ളി ഡീല്‍സി’ലും പങ്കുണ്ടെന്ന് മുംബൈ പൊലിസ് കണ്ടെത്തിയിരുന്നു. ബുള്ളി ഭായ് ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്‌ണോയിയും സുള്ളി ഡീല്‍സിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ ഠാക്കൂറും ഇന്റര്‍നെറ്റിലെ വെര്‍ച്വല്‍ ചാറ്റ്‌റൂമുകള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ വിശാല്‍ കുമാര്‍ ഝാ, ശ്വേത സിങ്, മായങ്ക് റാവത്ത് എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് മുംബൈ ക്രൈംബ്രാഞ്ച് സൈബര്‍ സെല്‍ മുംബൈ സിറ്റി കോടതിയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്ത ബുള്ളി ഭായ് ആപ്പ് നിര്‍മാതാവ് നീരജ് ബിഷ്‌ണോയിയുടെ സഹായത്തോടെ പ്രതികള്‍ കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് (ഐ എഫ് എസ് ഒ) സംഘം അറസ്റ്റു ചെയ്ത നീരജ് ബിഷ്‌ണോയി എന്ന ഇരുപതുകാരന്‍ ബി ടെക് വിദ്യാര്‍ഥിയാണ്. ബുള്ളി ഭായ് ആപ്പ് കേസിലെ കൂട്ടുപ്രതികളായ ശ്വേത സിങ്ങിനെയും മായങ്ക് റാവത്തിനെയും ബാന്ദ്ര കോടതി ജനുവരി 28 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
മുസ്‌ലിംവിരുദ്ധത നിറയുന്ന
സോഷ്യല്‍ മീഡിയ
ക്ലബ്ഹൗസ് ഓഡിയോ ചാറ്റില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്തെത്തിയത് പുതിയ വാര്‍ത്തയാണ്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. ‘മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികളാണ്’ എന്ന വിഷയത്തില്‍ അധിക്ഷേപകരമായ രീതിയില്‍ ക്ലബ്ഹൗസില്‍ ചര്‍ച്ച നടത്തിയവര്‍ക്കെതിരെയും അതില്‍ പങ്കെടുത്ത് അശ്ലീല പരാമര്‍ശം നടത്തിയവര്‍ക്കെതിരേയും കേസെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
മുസ്‌ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ വ്യക്തമായി പറയുന്നുണ്ടെന്ന് വനിത കമ്മീഷന്‍ വ്യക്തമാക്കുന്നു. മുസ്‌ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും ടാര്‍ഗെറ്റുചെയ്ത് അവര്‍ക്കെതിരെ വെറുപ്പുളവാക്കുന്ന ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയ ക്ലബ്ഹൗസ് ആപ്പിലെ വിശദമായ ഓഡിയോ സംഭാഷണം ആരോ തന്നെ ട്വിറ്ററില്‍ ടാഗ് ചെയ്തുവെന്നും അത് കേട്ട് താന്‍ ഞെട്ടിപ്പോയെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞത് അമ്പരപ്പും വേദനയും സൃഷ്ടിക്കുന്നു. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ അമര്‍ഷം തോന്നുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ഉടന്‍ എഫ് ഐ ആറും അറസ്റ്റും ആവശ്യപ്പെട്ട് താന്‍ ദല്‍ഹി പോലീസിന് നോട്ടീസ് നല്‍കിയതെന്നും സ്വാതി മലിവാള്‍ പറഞ്ഞു. ബുള്ളി ഭായ് സംഭവത്തിനു പിന്നാലെയാണ് പുതിയ വിവാദം.
സൂര്യ നമസ്‌കാരം
റിപ്പബ്ലിക് ദിനത്തില്‍ നാഷനല്‍ യോഗ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സൂര്യനമസ്‌കാരം ഏക സംസ്‌കാരത്തിലേക്കുള്ളൊരു നീക്കമാണെന്ന് വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. പരിപാടിയില്‍ പങ്കെടുക്കണമെന്ന് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു ജി സി) നിര്‍ദേശം നല്‍കി. ഫെഡറേഷന്റെ ത്രിവര്‍ണപതാകയ്ക്കു മുന്നില്‍ സംഗീത സൂര്യനമസ്‌കാര പരിപാടി സംഘടിപ്പിക്കുമ്പോള്‍ കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ യോഗ ചെയ്യണമെന്നാണ് ഡിസംബര്‍ 29ന് ഇറക്കിയ നിര്‍ദേശം. ആദ്യഘട്ടത്തില്‍ 30,000 സ്‌കൂളുകളിലായി മൂന്നു ലക്ഷം വിദ്യാര്‍ഥികള്‍ സൂര്യനമസ്‌കാരം നടത്താനാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനം.
75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ഏഴു വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് സ്‌കൂളുകളില്‍ കേന്ദ്ര മാനവ വികസന വകുപ്പ് സൂര്യനമസ്‌കാരം നിര്‍ദേശിച്ചത്. മൂന്നു ലക്ഷം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് 75 കോടി സൂര്യ നമസ്‌കാരം സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
സ്‌കൂളുകളിലും കോളെജുകളിലും ‘സൂര്യനമസ്‌കാര’ പരിപാടി നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും വിവിധ മുസ്‌ലിം സംഘടനകളും നിയമസഭാ സാമാജികരും രംഗത്തുവന്നു. സൂര്യപൂജ ഇസ്‌ലാമില്‍ അനുവദനീയമല്ലെന്നും അതിനാല്‍ വിട്ടുനില്‍ക്കണമെന്നും ബോര്‍ഡ് ജന. സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി അഭ്യര്‍ഥിച്ചിട്ടുണ്ട്.
മതനിരപേക്ഷവും ബഹുമത സംസ്‌കാരവുമുള്ള രാജ്യമാണിന്ത്യ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന തയ്യാറാക്കപ്പെട്ടത്. ഭൂരിപക്ഷ സമുദായത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാ മതങ്ങളിലും അടിച്ചേല്‍പ്പിക്കരുതെന്നും ഭരണഘടനയുടെ മതനിരപേക്ഷതയെ ബഹുമാനിച്ച് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ മതനിരപേക്ഷതാ തത്വത്തില്‍ നിന്ന് അകന്നുപോവുകയാണെന്നും ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ബി ജെ പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടയാണ് നടപ്പാക്കുന്നതെന്നാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും വി പി നിരഞ്ജനാരാധ്യ തുടങ്ങിയ വിദ്യാഭ്യാസപ്രവര്‍ത്തകരും പറയുന്നത്.
ശിരോവസത്രം കാമ്പസിനു പുറത്ത്
കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയിലെ സര്‍ക്കാര്‍ കോളെജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ശിരോവസ്ത്ര വിലക്ക് നേരിടേണ്ടി വന്നത്. ഹിജാബ് ധരിച്ചതിന് തങ്ങളെ 20 ദിവസത്തേക്ക് വിലക്കിയിരിക്കുന്നുവെന്നും നീതി വേണമെന്നും പര്‍ദ ധരിക്കാനുള്ള അവകാശം ഭരണഘടന തങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും എന്തുകൊണ്ടാണ് കോളെജില്‍ അതു സമ്മതിക്കാത്തതെന്നുമാണ് വിദ്യാര്‍ഥിനികളുടെ ചോദ്യം. ഒരു മാസത്തോളമായി ഇതേത്തുടര്‍ന്ന് കോളജില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഹിജാബ് ധരിക്കുന്നതില്‍ നിന്ന് തടയുന്നത് സീനിയര്‍മാരാണെന്നും ഇത് മൗലികാവകാശ ലംഘനമാണെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ക്കെതിരെ കോളേജ് അധികൃതരും ജില്ലാ അധികൃതരും അന്ത്യശാസനം നല്‍കിയിരിക്കുന്നു. ഈ ആചാരം അച്ചടക്കത്തിനെതിരാണെന്നും സ്‌കൂളുകളും കോളജുകളും ധര്‍മം അനുഷ്ഠിക്കാനുള്ള സ്ഥലമല്ലെന്നുമാണ് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ പ്രതികരണം.
ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് മാതാപിതാക്കള്‍ അധികൃതരോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും ഫലം കണ്ടില്ല. കോളജില്‍ മതപരമായ വിവേചനമുണ്ട്. തങ്ങള്‍ക്ക് സലാം പറയാന്‍ കഴിയില്ല, ശിരോവസ്ത്രം ധരിക്കാന്‍ കഴിയുന്നില്ല, ഉറുദുവില്‍ സംസാരിക്കാന്‍ കഴിയില്ല. മറ്റ് വിദ്യാര്‍ഥികള്‍ക്ക് തുളു പോലുള്ള പ്രാദേശിക ഭാഷ സംസാരിക്കാന്‍ അനുവാദമുള്ളപ്പോഴാണിത് എന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. വിവാദം പര്‍ദയില്‍ മാത്രമൊതുങ്ങുന്നില്ല.
മുസ്‌ലിം എങ്കില്‍ ഫ്‌ളാറ്റില്ല
മുസ്‌ലിമാണെന്ന കാരണത്താല്‍ താമസിക്കാന്‍ ഫ്‌ളാറ്റ് വാടകക്ക് ലഭിക്കുന്നില്ലെന്ന് സംവിധായിക റത്തീന ഷെര്‍ഷാദിന്റെ ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ഫേസ്ബുക്ക് പോസ്റ്റ് ഏറെ അതിശയിപ്പിക്കുന്നതായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ‘പുഴു’ എന്ന സിനിമയുടെ സംവിധായികയാണ് റത്തീന. മുസ്‌ലിം വിഭാഗം, ഭര്‍ത്താവ് കൂടെയില്ല, സിനിമയില്‍ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാല്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്നാണ് റത്തീന പറഞ്ഞത്. ഇത് തന്റെ ആദ്യ അനുഭവമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘റത്തീന എന്നു പറയുമ്പോ, മുസ്‌ലിം അല്ലല്ലോ ല്ലേ?’ എന്നാണ് ഫ്‌ളാറ്റ് അന്വേഷിക്കുമ്പോള്‍ നേരിടുന്ന ചോദ്യമെന്ന് അവര്‍ പറയുന്നു. അതേ എന്ന് മറുപടി കൊടുക്കുമ്പോള്‍ ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം എന്നാണ് തിരിച്ച് മറുപടി ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഉയരെ’ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും മറ്റു സിനിമകളുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചും പരിചയമുള്ളയാളാണ് റത്തീന. പേരും ഐഡന്റിറ്റിയും തന്നെയാണ് ഇങ്ങു കേരളത്തിലും പ്രശ്‌നം.
റിപ്പബ്ലിക് ദിനത്തിന്റെ സത്ത
ബുള്ളി ഭായും സുള്ളി ഡീല്‍സും സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം അല്ലെന്നും രാജ്യത്തെ മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വംശഹത്യയുടേയും കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും തുടര്‍ച്ചയാണെന്നും ജാമിഅ മില്ലിയ്യ യൂനിവേഴ്‌സറ്റി വിദ്യാര്‍ഥി നേതാവ് ലദീദ ഫര്‍സാന പറയുന്നിടത്താണ് വിഷയത്തിന്റെ മര്‍മം.
സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് കായികവും മാനസികവും ശാരീരികവുമായ ആക്രമണങ്ങളാണ് ചില കോണുകളില്‍ നിന്നുയരുന്നത്. ന്യൂനപക്ഷം വരുന്നവരാണ് ഇത്തരം വെറുപ്പിന്റെ ആരവങ്ങള്‍ക്കു പിന്നിലെങ്കിലും ഭരണകൂടങ്ങള്‍ ശക്തമായ നടപടി എടുക്കാത്തത് വിഷയത്തിന്റെ ഗൗരവവും തീവ്രതയും വര്‍ധിപ്പിക്കുന്നു. ന്യൂനപക്ഷ ഭൂരിപക്ഷ വിഭാഗീയത കത്തിച്ചു നിര്‍ത്തിയും അധികാര ബലത്തിന്റെ മറവില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളെ ഭീതിയില്‍ തളച്ചിടാനും മാനസികമായി തകര്‍ത്ത് അരുക്കാക്കാനും ലക്ഷ്യംവെച്ചുള്ളതാണ് ഇത്തരം നീക്കങ്ങള്‍.
രാജ്യത്തെ വലിയ ന്യൂനപക്ഷങ്ങള്‍ ആശങ്കയുടെ കരിനിഴലില്‍, ഭരണഘടന അവകാശങ്ങള്‍ ഹനിക്കപ്പെട്ടു കഴിയുമ്പോള്‍ എങ്ങനെയാണ് രാജ്യത്തിന് അര്‍ഥവത്തായ റിപ്പബ്ലിക് ദിനം ആചരിക്കാനാവുക എന്ന ചോദ്യം ഉയരുകയാണ്. ഭരണകൂടമാണ് ഇന്ത്യ എന്ന ആശയത്തെ നിലനിര്‍ത്താന്‍ ഏറ്റവുമാദ്യം ബാധ്യതപ്പെട്ടവര്‍. പ്രജകളോട് ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ക്ക് രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ എന്ത് ധാര്‍മിക അവകാശമാണുള്ളത് എന്ന് ചോദിക്കാന്‍ ഇത്തരം സംഭവങ്ങള്‍ നിര്‍ബന്ധിതമാക്കുന്നുണ്ട്. ഏക സാംസ്‌കാരികതയുടെ ആക്രോശങ്ങള്‍ക്കു മാത്രം ചെവിയോര്‍ത്ത് രാജ്യത്തെ ബഹുസ്വരതയുടെ ഭംഗി തച്ചു തകര്‍ക്കുന്നവരെ കൈക്കു പിടിച്ചു തടയേണ്ടത് മതേതരത്വം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെയും ഭരണഘടനാ തത്വങ്ങള്‍ പാലിക്കപ്പെടേണ്ടതാണെന്നു വിശ്വസിക്കുന്നവരുടെയും ബാധ്യതയാണ്.