20 Saturday
April 2024
2024 April 20
1445 Chawwâl 11

ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി സാധ്യതകളും പ്രതിസന്ധികളും

അബ്ദുല്ല ഖാന്‍


പാര്‍ശ്വവല്‍കൃത ജന വിഭാഗങ്ങളെ പുരോഗതിയിലേക്കും അഭ്യുന്നതിയിലേക്കും കൈപിടിച്ച് ഉയര്‍ത്താനുള്ള അടിസ്ഥാന ഘടകമാണ് വിദ്യാഭ്യാസം. അഭിമാനവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മുഖ്യധാരയിലേക്ക് കടന്നുവരാന്‍ വിദ്യാഭ്യാസപരമായ പുരോഗതി അനിവാര്യമാണ്. മാത്രമല്ല, ജീവിതാവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ സാമ്പത്തിക പുരോഗതി കൈവരിക്കാനും വിദ്യാഭ്യാസം പ്രധാന ഘടകമാണ്. ആഫ്രിക്കന്‍ വംശജനും അമേരിക്കക്കാരനുമായ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാല്‍ക്കം എക്‌സിന്റെ അഭിപ്രായത്തില്‍ ‘വിദ്യാഭ്യാസം ഭാവിയിലേക്കുള്ള പാസ്‌പോര്‍ട്ടാണ്. ഇന്ന് അതിനു വേണ്ടി പരിശ്രമിക്കുന്നവരായിരിക്കും നാളത്തെ ജേതാക്കള്‍’.
പ്രശസ്തനായ സാമൂഹിക പരിഷ്‌ക്കര്‍ത്താവും മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പുരോഗതിയുടെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിച്ച, മുസ്ലിം വിദ്യാഭ്യാസത്തിന്റെ പ്രചാരകനായിരുന്ന സര്‍ സയ്യിദ് അഹ്മദ് ഖാന്റെ അഭിപ്രായത്തില്‍ രാഷ്ട്രങ്ങളുടെ പുരോഗതിയുടെയും വളര്‍ച്ചയുടെയും അടിസ്ഥാനം ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരവും പരിശീലനവുമാണ്. വിദ്യാഭ്യാസ പുരോഗതിയും പ്രയോഗവത്കരണവുമില്ലാത്ത ജീവിതം ചിറകില്ലാത്ത പക്ഷിയെപ്പോലെയാണ്.
ഇന്ത്യയില്‍ ഹിന്ദു സമുദായം കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും വലിയ മതസമുദായം മുസ്ലിംകളാണ്. ദേശീയ ന്യൂനപക്ഷ സമിതിയുടെ അഭിപ്രായത്തില്‍ ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധമതക്കാരും ജൈനമതക്കാരും മുസ്ലിംകളും മതന്യൂനപക്ഷങ്ങളില്‍ പെട്ടവരാണ്. ന്യൂനപക്ഷ ജനവിഭാഗത്തിനിടയില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്ലിംകളാണ് ഏറ്റവും വലിയ ജനവിഭാഗം. ജനസംഖ്യാപരമായി ക്രിസ്ത്യാനികള്‍ 1.7 ഉം, സിഖുകാര്‍ 0.7 ഉം, ബുദ്ധമതക്കാര്‍ 0.5 ഉം, ജൈനമതക്കാര്‍ 0.4 ഉം, മറ്റുള്ളവര്‍ 0.7 ശതമാനവുമാണ്. ജമ്മു കാശ്മീര്‍, ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ ജനസംഖ്യ 20 ശതമാനത്തിന് മുകളിലാണ്. (2011-ലെ സെന്‍സസ് പ്രകാരം).
ജനസംഖ്യാപരമായി രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമാണ് മുസ്ലിംകള്‍. എങ്കിലും മനുഷ്യപുരോഗതിയുടെ മറ്റു മാനദണ്ഡങ്ങള്‍ പ്രകാരമെല്ലാം മറ്റു ജനവിഭാഗങ്ങളേക്കാള്‍ ഏറെ പിറകിലാണ് മുസ്ലിംകള്‍. ജീവിത നിലവാരം, സാമ്പത്തിക സുസ്ഥിരത, രാഷ്ട്രീയ അവബോധം, വിദ്യാഭ്യാസ പുരോഗതി എന്നീ മേഖലകളിലെല്ലാം മുസ്‌ലിംകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. മുസ്‌ലിംകളുടെ സാമ്പത്തിക സാമൂഹിക അവസ്ഥ ദേശീയ നിലവാരത്തേക്കാള്‍ താഴെയാണ്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ പൂര്‍ണമായും പുറത്ത് കൊണ്ടുവരാന്‍ സാധിക്കുന്ന രൂപത്തിലുള്ള സമഗ്രമായ പഠനങ്ങള്‍ക്ക് ഗവണ്‍മെന്റ് തലത്തിലോ അല്ലാത്ത രൂപത്തിലോ ഉള്ള നീക്കങ്ങള്‍ നടന്നിട്ടില്ല. ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും അതെല്ലാം ഭാഗികമാണ്. ഗവേഷണ തല്‍പരതയോടെയുള്ള സമഗ്രമായ പഠനങ്ങളാണ് പുറത്ത് വരേണ്ടത്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുസ്ലിംകളുടെ വിദ്യാഭ്യാസ- സാമൂഹിക അവസ്ഥ അങ്ങേയറ്റം പിന്നോക്കമാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം 2006-ല്‍ സച്ചാര്‍ കമ്മറ്റി എന്ന പേരില്‍ വിഖ്യാതമായ സമിതി നടത്തിയ പഠന പ്രകാരം വിദ്യാഭ്യാസപരമായി മുസ്‌ലിംകള്‍ രാജ്യത്തെ മറ്റു പിന്നോക്ക ജനവിഭാഗങ്ങളേക്കാള്‍ പിറകിലാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ മുസ്ലിംകള്‍ക്ക് വേണ്ട രൂപത്തില്‍ ലഭ്യമാവുന്നില്ല എന്നാണ് സച്ചാര്‍ സമിതി കണ്ടെത്തിയത്. രാജ്യത്തിന്റെ ഇത്തരം വിദ്യാഭ്യാസ നിലവാരം വര്‍ധിക്കുമ്പോഴും മുസ്‌ലിംകളുടെ വിദ്യാഭ്യാസ നിലവാരം പിന്നിലേക്കാണ് സഞ്ചരിക്കുന്നത്.
6 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള മുസ്‌ലിം വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ ഇന്നുവരെ സ്‌കൂളില്‍ പോകാത്ത ആളോ പഠനം ഉപേക്ഷിച്ച ആളോ ആണ് എന്നതാണ് സച്ചാര്‍ സമിതിയുടെ കണ്ടെത്തല്‍. മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുസ്ലിം വിദ്യാര്‍ഥികളില്‍ 50 ശതമാനം മാത്രമാണ് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം നേടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തും സാക്ഷരതയിലും എല്ലാം മുസ്‌ലിംകള്‍ ഏറെ പിറകിലാണ്. മുസ്‌ലിംകളുടെ സാക്ഷരതാ നിരക്ക് 57.3 ശതമാനമാണ്. 74.4 ശതമാനത്തോളം വരുന്ന ദേശീയ ശരാശരിയേക്കാള്‍ ഏറെ പിറകിലാണ് ഇത്. മറ്റു മതവിഭാഗങ്ങളുടെ സാക്ഷരതാ നിരക്ക് ശതമാനം ഇപ്രകാരമാണ്: ഹിന്ദുക്കള്‍ 63.6, ജൈനര്‍ 86.4, ക്രിസ്ത്യാനികള്‍ 74.3, ബുദ്ധമതക്കാര്‍ 71.8, സിഖുകാര്‍ 67.5. ഇവരെല്ലാം സാക്ഷരതയില്‍ മുസ്ലിംകളേക്കാള്‍ ഏറെ മുന്‍പന്തിയിലാണ്. ഇതുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ നിരക്ഷരരായ ആളുകള്‍ ഉള്ളത് മുസ്‌ലിം ന്യൂനപക്ഷത്തിന് ഇടയിലാണ്. മുസ്‌ലിം സ്ത്രീകളുടെ സാക്ഷരതാ നിരക്ക് എസ് സി, എസ് ടി യെക്കാള്‍ മുമ്പിലാണെങ്കിലും മറ്റു ജനവിഭാഗങ്ങളേക്കാള്‍ പിറകിലാണ്.
എസ് എം ഐ സൈദി എന്ന ഗവേഷകന്‍ 2006-ല്‍ നടത്തിയ പഠനപ്രകാരം രാജ്യത്ത് മുസ്ലിംകള്‍ക്കിടയില്‍ ഏറ്റവും സാക്ഷരരായ ആളുകള്‍ ജീവിക്കുന്നത് അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. 89.8 ശതമാനമാണ് ഇവിടത്തെ മുസ്ലിംകളുടെ സാക്ഷരത. തുടര്‍ന്ന് വരുന്നത് കേരളത്തിലെ മുസ്‌ലിംകളാണ്. 89.4 ശതമാനമാണ് കേരള മുസ്‌ലിംകളുടെ സാക്ഷരതാ നിരക്ക്. അതേസമയം ഏറ്റവും മോശമായ സാക്ഷരതാ നിരക്ക് ഹരിയാന (40%), ബീഹാര്‍ (42%) തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇത്തരം സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ വിദ്യഭ്യാസപരമായി മറ്റു മതവിഭാഗങ്ങളേക്കാള്‍ ഏറെ പിറകിലാണ്. 2018-ല്‍ നടന്ന ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഔപചാരിക വിദ്യാഭ്യാസത്തിനായി സ്‌കൂളുകളില്‍ ചേര്‍ന്ന മുസ്‌ലിംകളുടെ എണ്ണം മറ്റെല്ലാ പിന്നോക്ക ജനവിഭാഗങ്ങളേക്കാളും പിറകിലാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തായാലും സെക്കന്ററി വിദ്യാഭ്യാസത്തിനായാലും സ്‌കൂളുകളില്‍ പ്രവേശനം നേടിയ മുസ്ലിംകളുടെ എണ്ണം മറ്റു മതവിഭാഗങ്ങളേക്കാള്‍ ഏറെ പിറകിലാണ്.
3 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ആളുകള്‍ക്കിടയില്‍ ഔപചാരികമായി സ്‌കൂളുകളില്‍ ചേരാത്തവര്‍ ഏറ്റവും കൂടുതല്‍ പേര്‍ മുസ്ലിംകളാണ്. ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സമിതി സര്‍വേ (അഹഹ കിറശമ ടൗൃ്‌ല്യ ീി ഒശഴവലൃ ഋറൗരമശേീി അകടഒഋ) പ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്തും മുസ്ലിംകളുടെ പ്രാതിനിധ്യം മറ്റു പിന്നാക്ക ജനവിഭാഗങ്ങളേക്കാള്‍ പിറകിലാണ്. (പട്ടിക കാണുക)
പട്ടികയില്‍ കൊടുത്ത കണക്കുകള്‍ പ്രകാരം മുസ്ലിം സമൂഹത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എങ്കിലും ജനസംഖ്യാനുപാതികമായി പരിശോധിക്കുമ്പോള്‍ മുസ്ലിംകള്‍ മറ്റു സമുദായങ്ങളേക്കാള്‍ ഒക്കെ പിന്നിലാണ്.
ഏതു ജനവിഭാഗത്തിന്റെയും പുരോഗതിയിലും അഭ്യുന്നതിയിലും വിദ്യഭ്യാസത്തിന്റെയും അതിന്റെ പ്രയോഗവത്കരണത്തിന്റെയും പ്രാധാന്യം അങ്ങേയറ്റം പ്രധാനമാണ്. അഭിമാനകരമായ ജീവിതവും അസ്തിത്വവും സാധ്യമാക്കുന്നതില്‍ അറിവിന്റെ പ്രാധാന്യം അനിഷേധ്യമാണ്. പ്രത്യേകിച്ചും നമ്മുടെ കാലഘട്ടം അറിവിന്റെ ആധിപത്യം പ്രകടമായ കാലഘട്ടമാണ്. ഏതു മേഖലയിലും അറിവുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. മുകളില്‍ നാം പരിശോധിച്ച വസ്തുതകള്‍ വച്ച് വിശകലനം ചെയ്യുകയാണെങ്കില്‍ വിദ്യാ സമ്പാദനത്തിന്റെ എല്ലാ മേഖലയിലും മുസ്ലിം സമുദായത്തിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. പ്രാഥമിക വിദ്യാഭ്യാസ തലം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് വളരെ പ്രകടമാണ്. രാജ്യത്തെ മറ്റു പിന്നോക്ക ജനവിഭാഗങ്ങളെക്കാളെല്ലാം ഏറെ പിറകിലാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുസ്ലിംകള്‍ എന്നാണ് മുകളില്‍ നല്‍കിയ സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ മുസ്ലിംകളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പുവരുത്താന്‍ കൃത്യമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.
ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പ്രയാസപ്പെടുന്നവരാണ് മുസ്ലിം ബഹുജനങ്ങളില്‍ വലിയ ഒരു വിഭാഗം. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ജീവിത വഴികളിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് പാകപ്പെടുത്താന്‍ അങ്ങേയറ്റം പരിശ്രമിക്കേണ്ടതുണ്ട്. ഒന്നുകില്‍ ഗവണ്‍മെന്റ മുന്‍കൈയെടുത്ത് സ്ഥാപിക്കുന്ന സ്‌കൂളുകള്‍ വഴിയോ അല്ലെങ്കില്‍ മദ്രസകള്‍ വഴിയോ മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കല്‍ അനിവാര്യമാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് മുസ്ലിംകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ മുസ്ലിം ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്‍കൈ എടുക്കേണ്ടതുണ്ട്. അപ്രകാരം തന്നെ തരിശായിക്കിടക്കുന്ന വഖഫ് ഭൂമിയില്‍ ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വഖഫ് ബോര്‍ഡും തയ്യാറാകേണ്ടതുണ്ട്. അങ്ങനെ ചെയ്താല്‍ മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് അതൊരു മുതല്‍ക്കൂട്ടായി മാറും. അപ്രകാരം തന്നെ ഇന്ത്യാ ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ഉറപ്പ് വരുത്താന്‍ ആവശ്യമായ കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പില്‍ വരുത്താന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
(അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
വിവ: ശാക്കിര്‍ എടച്ചേരി

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x