ഇന്ത്യന്‍ മുസ്‌ലിംകള്‍ വിവേചനത്തിന്റെ നാള്‍വഴികളും പ്രതിരോധത്തിന്റെ മാതൃകയും
ലിന്‍ഡ്‌സെ മൈസ്‌ലാന്റ്
1992 ല്‍ ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അയോധ്യയിലെ മുസ്‌ലിംപള്ളിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മാരകമായി തുടങ്ങി. പതിനാറാം നൂറ്റാണ്ടില്‍ മുസ്‌ലിം മുഗള്‍ സാമ്രാജ്യത്തിലെ ഒരു ജനറല്‍ ഹിന്ദു ദേവനായ രാമന്റെ ജന്മസ്ഥലത്തു പള്ളി നിര്‍മിച്ചു എന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്നു. 1992-ല്‍ ഹിന്ദു തീവ്രവാദികള്‍ പള്ളി നശിപ്പിച്ചു. ഏതാണ്ട് മൂവായിരം ആളുകള്‍, അവരിലേറെയും മുസ്‌ലിംകളായിരുന്നു, തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. വിഭജനത്തിന് ശേഷം ഉണ്ടായ ഏറ്റവും ഗുരുതരമായ സമുദായിക സംഘര്‍ഷമായിരുന്നു അത്. സുപ്രീം കോടതി ആ സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി കൊടുത്തതിനു ശേഷം 2020-ല്‍ മോദി അതിന്റെ ശിലാന്യാസം നടത്തി.
2002-ല്‍ ഗുജറാത്ത് കലാപമുണ്ടായി. അയോധ്യയില്‍ നിന്ന് ഹിന്ദു തീര്‍ഥാടകരെയും കൊണ്ട് പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുജറാത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന തീവണ്ടിക്ക് തീ പിടിച്ചു ഒരുപാടു പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യമാകമാനം സംഘര്‍ഷം ഉടലെടുത്തു. തീ കൊളുത്തിയത് മുസ്‌ലിംകളാണെന്ന് പറഞ്ഞ് ഹിന്ദു ജനക്കൂട്ടം ഗുജറാത്തില്‍ ഉടനീളം നൂറു കണക്കിന് മുസ്‌ലിംകളെ കൊല്ലുകയും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയുകയും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കുകയും ചെയ്തു.
പ്രതിപക്ഷ കക്ഷി നേതാക്കളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അമേരിക്കന്‍ ജനപ്രതിനിധികളുമെല്ലാം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയെയും ബി ജെ പിയെയും കലാപം തടയുന്നതിന് തക്ക സമയത്ത് വേണ്ടത് ചെയ്യാതിരുന്നതിനും ചില സന്ദര്‍ഭങ്ങളില്‍ പ്രോത്സാഹിപ്പിച്ചതിനും വിമര്‍ശിച്ചു. ഒരു സര്‍ക്കാര്‍ വകുപ്പ്തല അന്വേഷണത്തില്‍ തീവണ്ടിയിലെ തീപിടിത്തം ആകസ്മികമായിരുന്നെന്നുപറഞ്ഞു. പക്ഷെ അതേക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്.
2013-ല്‍ മുസാഫര്‍ നഗര്‍ കലാപം ഉണ്ടായി. രണ്ടു ഹിന്ദു പുരുഷന്മാര്‍ മുസ്‌ലിംകളുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതിന്നു ശേഷം മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ പൊട്ടിപുറപ്പെട്ട ഏറ്റുമുട്ടലുകളില്‍ മുസാഫര്‍ നഗറിനു സമീപമുള്ള പട്ടണങ്ങളില്‍ അറുപതിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. അമ്പതിനായിരത്തോളം ആളുകള്‍, അവയില്‍ ഏറെയും മുസ്‌ലിംകളാണ്, അക്രമ സംഭവങ്ങളെ തുടര്‍ന്ന് പലായനം ചെയ്തു. പലരും മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞു. പലരും തിരിച്ചു വീട്ടിലേക്ക് പോയില്ല.
അടുത്ത കാലത്തായി വന്‍ തോതിലുള്ള അക്രമ സംഭവങ്ങള്‍ വിരളമായേ നടന്നിട്ടുള്ളൂ. പക്ഷെ, മുസ്‌ലിംകള്‍ക്കെതിരായി ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവുന്നുണ്ട്. ഹിന്ദു ആള്‍കൂട്ട അക്രമങ്ങള്‍ പുതിയ നടപ്പ് രീതി ആയിമാറുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കത്തക്കവണ്ണം സാധാരണമായി തീര്‍ന്നിരിക്കുന്നു. പല ഹിന്ദുക്കളും വിശുദ്ധ മൃഗമായി കരുതുന്ന പശുവിനെ കച്ചവടം ചെയ്യുകയോ കൊല്ലുകയോ ചെയ്തു എന്ന് പ്രചരിപ്പിച്ചു കൊണ്ട് ആള്‍ക്കൂട്ടം ആളുകളെ ആക്രമിക്കുന്നതാണ് ഏറ്റവും സാധാരണമായ മുസ്‌ലിം വിരുദ്ധ അക്രമങ്ങളില്‍ ഒന്ന്. 2019-ലെ മനുഷ്യാവകാശ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം 44 പേരെങ്കിലും, അതില്‍ മിക്കവരും മുസ്‌ലിംകളാണ്, ഗോ സംരക്ഷണ സംഘക്കാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലവ് ജിഹാദിന്റെ പേരിലും മുസ്‌ലിം യുവാക്കള്‍ ആള്‍ക്കൂട്ട അക്രമണത്തിന് വിധേയരാകാറുണ്ട്. മുസ്‌ലിം യുവാക്കള്‍ ഹിന്ദു സ്ത്രീകളെ വശീകരിച്ചു മതം മാറ്റുന്നു എന്നാരോപിച്ചു. അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ലവ് ജിഹാദ്.
2020-ല്‍ ന്യൂഡല്‍ഹിയില്‍ വംശഹത്യക്ക് സമാനമായ സംഘര്‍ഷമുണ്ടായി. മാര്‍ച്ചില്‍ മുസ്‌ലിംകളും മറ്റുള്ളവരും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തു ഡല്‍ഹിയില്‍ സമരം ചെയ്തു. ഡല്‍ഹി കലാപത്തില്‍ അമ്പതോളം ആളുകള്‍ കൊല്ലപ്പെട്ടു. അവയില്‍ ഏറെയും മുസ്‌ലിംകളായിരുന്നു. ദശകങ്ങളായി തലസ്ഥാനനഗരി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വര്‍ഗീയ കലാപമായിരുന്നു അത്. ചില ബി ജെ പി നേതാക്കള്‍ അക്രമം ആളികത്തിക്കാന്‍ സഹായിച്ചു. പോലീസുകാര്‍ ഹിന്ദു ജനക്കൂട്ടം മുസ്‌ലിംകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചില്ലെന്നും ആരോപിക്കപ്പെടുന്നു.
ഈ അക്രമങ്ങള്‍ ബിജെപി നേതാക്കള്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് വിമര്‍ശകര്‍ പറയുന്നു. മോദിയുടെ ആദ്യ അഞ്ചുവര്‍ഷകാലത്തു തുടര്‍ച്ചയായി മുസ്‌ലിംകള്‍ക്ക് നേരെ അക്രമണങ്ങള്‍ ഉണ്ടായി. അത് മുസ്്‌ലിം സമുദായത്തെ ഭീതിയിലാഴ്ത്തി എന്നതാണ് യാഥാര്‍ഥ്യം. നിങ്ങള്‍ മുസ്‌ലിമാണെങ്കില്‍ എപ്പോള്‍ എവിടെനിന്നു വേണമെങ്കിലും ആക്രമിക്കപ്പെടാം എന്നതായിരിക്കുന്നു അവസ്ഥ. വെറുപ്പ് വളര്‍ത്തുന്നതും വാസ്തവ വിരുദ്ധമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി പ്രചരിപ്പിക്കപ്പെടുന്നതും മുസ്‌ലിംകള്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ധിപ്പിച്ചു. കൊറോണ മഹാമാരിക്കിടെ വൈറസ് പകരുന്നതിന് മുസ്‌ലിംകളെ കുറ്റപ്പെടുത്തിക്കൊണ്ട് മുസ്‌ലിംകള്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ ബോയ്‌കോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങള്‍ ഓണ്‍ലൈനില്‍ വര്‍ധിച്ചു വന്നു.
എല്ലാ ഹിന്ദുക്കളും മുസ്‌ലിം വിരുദ്ധരോ?
ഹിന്ദുക്കള്‍ക്കിടയില്‍ മുസ്‌ലിം വിരുദ്ധവികാരം വര്‍ധിച്ചു വരുന്നുണ്ടെങ്കിലും ഹിന്ദുക്കളെല്ലാവരുമോ ബി ജെ പിക്ക് വോട്ട് ചെയ്തവര്‍ എല്ലാവരും പോലുമോ മുസ്‌ലിം വിരുദ്ധരല്ല എന്ന് വാര്‍ഷ്‌ണേയ്യെ പോലുള്ള വിഷയവിദഗ്ധര്‍ നിരീക്ഷിക്കുന്നു. മുസ്‌ലിംകളും ഹിന്ദുക്കളും സാമൂഹിക പ്രവര്‍ത്തകരും നിയമ വിദഗ്ധരും വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ളവര്‍ ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനുള്ള ബി ജെ പിയുടെ നീക്കങ്ങളെ എതിര്‍ത്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം പ്രത്യേകിച്ചും വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. നിയമം പാസാക്കിയതിനു ശേഷം മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തുകയും അവ 2020-ന്റെ തുടക്കം വരെ നീണ്ടു നില്‍ക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍മുഖ്യമന്ത്രിമാര്‍ തങ്ങള്‍ ഈ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു. രണ്ടായിരത്തോളം വിദ്യാഭ്യാസ വിചക്ഷണരും പ്രൊഫഷണലുകളും നിയമം ഭരണഘടനയുടെ അന്തസ്സത്തക്കു വിരുദ്ധമാണെന്ന് പറഞ്ഞ് അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കി. നിയമ വിദഗ്ധര്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു സുപ്രീം കോടതിയെ സമീപിച്ചു. പ്രവാസി ഇന്ത്യക്കാരും ഇതിനെതിരായി പ്രതിഷേധിച്ചു.
ലോകം എങ്ങനെ പ്രതികരിക്കുന്നു?
പല വിദേശ ഗവണ്മെന്റുകളും അന്താരാഷ്ട്ര സംഘടനകളും കശ്മീരും പൗരത്വ നിയമ ഭേദഗതിയും ഉന്നയിച്ചുകൊണ്ട് ബി ജെ പിയുടെ മുസ്‌ലിംകളോടുള്ള വിവേചനത്തെ അപലപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം ഈ നിയമം അടിസ്ഥാനപരമായി വിവേചനപരമാണെന്ന് വിവരിച്ചിട്ടുണ്ട്. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഈ നിയമം ജനങ്ങളെ രാഷ്ട്ര രഹിതരാക്കി തീര്‍ക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചു. വിവിധ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും അറബ് സാമൂഹ്യ പ്രവര്‍ത്തകരും ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഇസ്‌ലാമോഫോബിയക്ക് എതിരായി സംസാരിച്ചിട്ടുണ്ട്. 57 അംഗരാജ്യങ്ങളുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ (ഒ ഐ സി) വര്‍ധിച്ചു വരുന്ന ഇസ്്‌ലാമോഫോബിയക്ക് എതിരായി നടപടികളെടുക്കാന്‍ ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭ മോദി ഭരണകൂടത്തിന്റെ വിവേചനപരമായ നടപടികളെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഡോണള്‍ഡ് ട്രമ്പ് പൊതുവെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും മോദിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയുമാണ് ചെയ്തത്. 2020 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ട്രമ്പ് ഡല്‍ഹിയിലെ അക്രമങ്ങളെക്കുറിച്ച് ഒന്നും പറയാതെ മോദിയുടെ മതസഹിഷ്ണുതയെ പ്രശംസിക്കുകയാണ് ചെയ്തത്. അതേ സമയം ‘യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം’ എന്ന സ്വതന്ത്ര ഏജന്‍സി അതിന്റെ 2020-ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ അതിന്റെ ഏറ്റവും താണ റാങ്കിങ് ആയ പ്രത്യേക ആശങ്കയുള്ള രാജ്യമായി കണക്കാക്കി. കമ്മീഷന്‍ അമേരിക്കന്‍ ഭരണകൂടത്തോട് ഇത്തരം അധികാര ദുര്‍വിനിയോഗം നടത്തുന്ന ഇന്ത്യന്‍ അധികാരികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് ശുപാര്‍ശ ചെയ്തു. പാര്‍ലമെന്റ് അംഗങ്ങളും സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
വിവ: ഡോ. സൗമ്യ പി എന്‍