ഇന്ത്യയില്‍ നിന്നുള്ള എം പിമാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തണം: കുവൈത്ത് എം പിമാര്‍

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഹിജാബ് നിരോധിക്കാനുള്ള നീക്കത്തെ അപലപിച്ച് കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള ബി ജെ പി എം പിമാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നും അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാലിഹ് അല്‍ ദിയാബ് സലാഹി എം പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഘാനമിനു കത്ത് നല്‍കിയത്.
ഇന്ത്യയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ പൊതുജനത്തിന് മുന്നില്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് എം പിമാര്‍ പാര്‍ലമെന്റിന് നല്‍കിയ കത്തില്‍ പരാതിപ്പെട്ടു. കത്ത് ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. മുഹന്നദ് അല്‍സായര്‍, ഒസാമ അല്‍ഷാഹീന്‍ എന്നിവരടക്കം 12 എം പിമാരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ഹിജാബ് വിവാദത്തില്‍ ഒ ഐ സിയും അമേരിക്കയിലെ മതസ്വാതന്ത്ര്യ അംബാസഡറും അപലപിച്ചതിന് പിന്നാലെയാണ് കുവൈത്ത് നേതാവ് ട്വിറ്ററില്‍ കത്ത് പങ്കുവെച്ചത്. അതേസമയം, രാജ്യത്തെ ആഭ്യന്തര വിഷയങ്ങളിലുള്ള അഭിപ്രായപ്രകടനത്തെ ‘പ്രചോദിതമായ അഭിപ്രായങ്ങള്‍’ എന്ന് വിളിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം എല്ലാ വിമര്‍ശനങ്ങള്‍ക്കെതിരെയും ശക്തമായി അപലപിച്ചു.
