ഇതാണ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനം
യഹ്‌യ എന്‍ പി
ഇന്ത്യ-കാനഡ കലഹത്തില്‍ ഇന്ത്യക്കൊപ്പം ലോകരാജ്യങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ് എന്നാണ് അടുത്ത ദിവസം മുമ്പുവരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ പെരുമ്പറ കൊട്ടിയിരുന്നത്. നയതന്ത്രനീക്കങ്ങളില്‍ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ വളരെ പിന്നിലാണെന്നും വിശ്വഗുരുവായ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ജസ്റ്റിന്‍ ട്രൂഡോ വിയര്‍ക്കുകയാണെന്നും തള്ളിമറിക്കുകയായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍.
ഫൈവ് ഐസ് എന്നറിയപ്പെടുന്ന സ്വന്തം സഖ്യകക്ഷികള്‍ പോലും കാനഡയെ കൈയൊഴിഞ്ഞു എന്നായിരുന്നു ദൈനിക് ജാഗരണ്‍, ദ പയനിയര്‍ എന്നീ പത്രങ്ങളുടെ കണ്ടെത്തല്‍. ഇന്ത്യ കാനഡയ്ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കി എന്നാണ് അംബാനിയുടെ ചാനലായ ന്യൂസ്-18 വ്യക്തമാക്കിയത്. ജി-20 വേദിയില്‍ കാനഡ ഒറ്റപ്പെട്ടുപോയി, ആ രാജ്യത്തെ സഖ്യകക്ഷികള്‍ പോലും കൈയൊഴിഞ്ഞു എന്നായിരുന്നു ടൈംസ് നൗ പ്രസ്താവിച്ചത്.
എന്നാല്‍ ലോക മാധ്യമങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് വെളിപ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജി-20 വേദിയില്‍ വെച്ച് മോദിയെ കണ്ട് കാനഡയുമായുള്ള പ്രശ്‌നം ഉന്നയിച്ചു എന്നാണ് അല്‍ജസീറ വ്യക്തമാക്കിയത്. ഫിനാന്‍ഷ്യല്‍ ടൈംസും അതുതന്നെ പറഞ്ഞു. ജോ ബൈഡനോടൊപ്പം ഫൈവ് ഐസിലെ ബാക്കി അംഗരാജ്യങ്ങളും മോദിയോട് കാനഡയുമായുള്ള പ്രശ്‌നം ചര്‍ച്ച ചെയ്തു എന്നാണ് ദി ഇകണോമിക്കല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തത്.
എന്തുകൊണ്ടാണ് പരസ്യമായി കാനഡയ്‌ക്കൊപ്പം യുഎസ് നിലകൊള്ളാത്തത് എന്ന് വാഷിങ്ടണ്‍ പോസ്റ്റ് ആക്ഷേപം ഉന്നയിച്ചപ്പോള്‍ അതിനു മറുപടിയായി വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വക്താവ് അഡ്രിയന്നി വാട്‌സണ്‍ പത്രക്കുറിപ്പില്‍ പറഞ്ഞത്, യു എസ് കാനഡയെ കൈയൊഴിഞ്ഞു എന്ന വാര്‍ത്ത തികച്ചും തെറ്റാണ്, ഞങ്ങള്‍ കാനഡയുമായി നിരന്തരം ആശയവിനിമയത്തിലാണെന്നുമാണ്. കാനഡയ്ക്ക് നീതി ലഭിക്കണം, കാനഡയെ യു എസ് പിന്തുണയ്ക്കുന്നു എന്നു വക്താവ് വ്യക്തമാക്കുകയും ചെയ്തു. കാനഡയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് കോഹന്‍ വ്യക്തമാക്കിയത്, കാനഡയുടെ സഖ്യകക്ഷികളുടെ അറിവോടെയാണ് കാനഡയുടെ നീക്കമെന്നാണ്. കാനഡയുടെ ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ അത് അന്താരാഷ്ട്ര മര്യാദകളുടെ ഗുരുതരമായ ലംഘനമായി ഞങ്ങള്‍ കണക്കാക്കും എന്നും കോഹന്‍ വ്യക്തമാക്കി. കാനഡ നടത്തുന്ന അന്വേഷണങ്ങളുമായി സഹകരിക്കണമെന്ന് ജോ ബൈഡന്‍ ഇന്ത്യയോട് പറഞ്ഞുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ഗോദി മീഡിയയെക്കുറിച്ച് ഇനിയെന്തു പറയാനാണ്!