ആഗോള പട്ടിണി സൂചിക: ഇന്ത്യ 101 ാം സ്ഥാനത്ത്
ആഗോള പട്ടിണി സൂചികയില്‍ 116 രാജ്യങ്ങളില്‍ ഇന്ത്യ 101ാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ഐറിഷ് സഹായ ഏജന്‍സിയും ജര്‍മന്‍ സംഘടനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ പട്ടിണി വ്യക്തമാക്കുന്ന സൂചന പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. സാധാരണയായി ഒരു മനുഷ്യന് വേണ്ട കലോറിയുടെ അഭാവത്തെയാണ് ഈ പ്രതിസ ന്ധി സൂചിപ്പിക്കുന്നത്.
ആഗോള പട്ടിണി സൂചിക നാല് ഘടകങ്ങള്‍ അനുസരിച്ചാണ് കണക്കാക്കുന്നത്. പോഷകാഹാരക്കുറവ്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രായത്തിനൊത്ത ഉയരവും ശരീര ഭാരവും ഇല്ലാതിരിക്കുക, ശിശുമരണ നിരക്ക് (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്). ചൈന, കുവൈത്ത്, ബ്രസീല്‍ അടക്കം 18 രാജ്യങ്ങള്‍ പട്ടികയി ല്‍ ആദ്യറാങ്ക് പങ്കിട്ടു. ഈ വര്‍ഷം 135 രാജ്യങ്ങളുടെ ഡാറ്റ ശേഖരിച്ചെങ്കിലും 116 എണ്ണം മാത്രമാണ് വിലയിരുത്തിയത്.
ബാക്കിയുള്ള 19 രാജ്യങ്ങളില്‍ നിന്ന് മതിയായ ഡാറ്റ ഇല്ലെന്ന് സൂചിക വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ വളര്‍ച്ച അളക്കുന്ന സൂചികയില്‍ ഇന്ത്യ വീണ്ടും ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
