26 Thursday
December 2024
2024 December 26
1446 Joumada II 24

പറയൂ, ഇന്ത്യക്ക് നല്ലൊരു ഭാവിയുണ്ടോ?

യഹ്‌യ എന്‍ പി

വാട്ട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റിയുടെ ബ്രെയിന്‍വാഷിംഗിനു വിധേയമാക്കപ്പെടുന്ന നിരക്ഷരരും ദരിദ്രരുമായ കോടിക്കണക്കിനു ഇന്ത്യക്കാരെക്കുറിച്ചാണ് ധ്രുവ് റാഠിയുടെ പുതിയ വീഡിയോ. ഗോദി മീഡിയയെയും വാട്ട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റിയെയും താരതമ്യം ചെയ്ത് ധ്രുവ് റാഠി പറയുന്നത്, വളരെ വിനാശകാരികളാണ് ഗോദി മീഡിയ, എന്നാല്‍ അവയേക്കാള്‍ നൂറു മടങ്ങ് അധമവും വിനാശകരവുമാണ് വാട്ട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റി എന്നാണ്. കാരണം, പുറംലോകത്ത് ഗോദി മീഡിയ വിമര്‍ശിക്കപ്പെടുന്നു. മുഹമ്മദ് സുബൈറിന്റെ പ്രശസ്തമായ ആള്‍ട്ട് ന്യൂസ് പോലുള്ള ഫാക്ട് ചെക്ക് സംവിധാനങ്ങള്‍ ഗോദി മീഡിയയുടെ തനിനിറം തുറന്നുകാട്ടുന്നതും ഒരുതരം ജനകീയ വിചാരണയ്ക്ക് ഇവ വിധേയമാവുകയും ചെയ്യുന്നു.
എന്നാല്‍, ലോകത്തെ ഏറ്റവും വലിയ നുണനിര്‍മാണ ഫാക്ടറിയായ ബിജെപിയുടെ ഐടി സെല്‍ നിര്‍മിച്ചുവിടുന്ന വാട്ട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റിയുടെ വ്യാജ വാര്‍ത്തകളുടെ കറുത്ത കടലിന് ഒന്നും നോക്കേണ്ടതില്ല, ആരെയും പേടിക്കാനില്ല. സിംഗപ്പൂരിലെ ഒരു മാധ്യമ സ്ഥാപനം ബിജെപി ഐടി സെല്ലിലെ അനില്‍ കുമാര്‍ എന്ന ഒരു ജീവനക്കാരന്റെ ഒരു ഇന്റര്‍വ്യൂ പ്രക്ഷേപണം ചെയ്തിരുന്നു. ഞങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ കമന്റ് സെക്ഷനില്‍ മാത്രം പ്രവര്‍ത്തിക്കുന്ന വളരെ വലിയൊരു സംഘമുണ്ട്. ഞങ്ങളുടെ എതിരാളികളുടെ കമന്റ് സെക്ഷനില്‍ പോയി നുണയും തെറിവിളിയും പേമാരി പോലെ പോസ്റ്റ് ചെയ്ത് എതിരാളികളെ നിശ്ശബ്ദരാക്കുകയാണ് ഞങ്ങളുടെ ജോലി. ഉന്നത നേതൃത്വത്തില്‍ നിന്നു നേരിട്ടാണ് ഐടി സെല്ലിനെ നിയന്ത്രിക്കുന്നത് എന്നാണ് അനില്‍ വിശദീകരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ ഒരു യോഗത്തില്‍ വെച്ച് ബിജെപി ഐടി സെല്ലിന്റെ വൈപുല്യത്തെക്കുറിച്ച് തുറന്നു പറയുന്നു. 32 ലക്ഷം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഏതു വാര്‍ത്തയും ക്ഷണനേരം കൊണ്ട് കോടിക്കണക്കിനു പേരുടെ മൊബൈല്‍ ഫോണില്‍ എത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ചാണ് വീഡിയോയില്‍ അദ്ദേഹം പറയുന്നത്.
ധ്രുവ് റാഠിയുടെ വീഡിയോയില്‍ കാണിക്കുന്ന, അത്തരം അന്ധഭക്തരോട് ഇലക്ഷന്‍ കവറേജിനിടെ പത്രലേഖകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും അതിനു പറയുന്ന മറുപടികളും ആരെയും അദ്ഭുതപ്പെടുത്തുന്നതും നിരാശയിലാഴ്ത്തുന്നതുമാണ്. ഒരു സ്ത്രീ. അയ്യായിരം രൂപയ്ക്ക് ഗ്യാസും അഞ്ഞൂറു രൂപയ്ക്ക് പെട്രോളും വാങ്ങാന്‍ പോലും അവര്‍ തയ്യാറാണ്. മോദി സര്‍ക്കാരിന് വിലക്കയറ്റം തടയാന്‍ സാധിക്കില്ലെന്നും അവര്‍ സമ്മതിക്കുന്നു. എന്നാലും താന്‍ വോട്ട് മോദിക്കു തന്നെ നല്‍കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. വാട്ട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഈ രാജ്യത്തെ രക്ഷിച്ചാലേ എത്ര കാലം കഴിഞ്ഞാലും ഇന്ത്യക്ക് നല്ലൊരു ഭാവി പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് ധ്രുവ് റാഠി അവസാനമായി പറയുന്നത്. ഇനി പറയൂ, ഇന്ത്യക്ക് നല്ലൊരു ഭാവിയുണ്ടോ?

Back to Top