ഇമാം ഫറാഹിയുടെ സംഭാവനകള്‍
സി കെ റജീഷ്
മനുഷ്യകുലത്തിന്നാകമാനം മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട ദൈവിക വചനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍. അന്യൂനമായി, അജയ്യമായി, യുഗപ്പകര്‍ച്ചകള്‍ക്ക് വഴങ്ങാതെ, മനുഷ്യ മനഃസാക്ഷിയെ തട്ടിയുണര്‍ത്തിക്കൊണ്ട് എന്നും നിലനില്‍ക്കുന്ന ഏക ദിവ്യഗ്രന്ഥവും വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. വിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്നതിന്റെ തെളിവ് ഖുര്‍ആന്‍ തന്നെയാണ്. അനനുകരണീയത, ഭാഷാപരവും സാഹിത്യപരവും വൈജ്ഞാനികപരവുമായ സൗന്ദര്യം, മനുഷ്യ രചനയ്ക്ക് സാധിക്കാത്ത സംവേദനശക്തി എന്നിവയാണ് സ്വന്തം ദൈവികതയ്ക്ക് ഖുര്‍ആന്‍ സ്വയം നല്‍കിയ തെളിവുകള്‍. അക്ഷരംപ്രതി ദിവ്യവചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ അനനുകരണീയമാം വിധം അമാനുഷികമായി സര്‍വകാല പ്രസക്തിയോടെ ഇന്നും നിലനില്‍ക്കുന്നു. ഈ അമാനുഷികതയെയാണ് ‘ഇഅ്ജാസ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ സൂക്ഷ്മസൗന്ദര്യവും ഭാഷാപരവും സാഹിത്യപരവുമായ അമാനുഷികതയും മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഭാഷാമികവിന്റെയും ആവിഷ്‌കാര സുഭഗതയുടെയും സമ്പൂര്‍ണ പ്രതീകമാണ് ഖുര്‍ആനെന്ന തിരിച്ചറിവ് ഉണ്ടാക്കിയത്. സര്‍വകാല അറബിഭാഷാ സാഹിത്യ സാമ്രാട്ടുകളെയും ഭാഷാനിപുണരെയും ദുര്‍ബലരാക്കും വിധം ഭാഷാപരമായ മാസ്മരിക സൗന്ദര്യവും അമാനുഷിക സവിശേഷതയും ഖുര്‍ആനില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് ഈ രംഗത്തുള്ള പഠനങ്ങള്‍ തെളിയിച്ചു. ഇതില്‍ സവിശേഷ പ്രാധാന്യത്തോടെ ഖുര്‍ആന്‍ പണ്ഡിതന്മാര്‍ പഠനവിധേയമാക്കിയ വിഷയമാണ് ഖുര്‍ആനിലെ അധ്യായങ്ങള്‍ തമ്മിലുള്ള ക്രമഭദ്രതയും ഘടനാപരമായ യോജിപ്പും.
ഖുര്‍ആനിന്റെ ക്രമഭദ്രത
ഖുര്‍ആനിലെ അധ്യായങ്ങളുടെ ക്രമീകരണവും അധ്യായങ്ങളിലെ സൂക്തങ്ങളുടെ ക്രമീകരണവും വിഷയക്രമത്തിലല്ല; എങ്കിലും ഖുര്‍ആനിലെ തത്വങ്ങളും മൂല്യങ്ങളും നടപടിക്രമങ്ങളും ചരടില്‍ മുത്തുകള്‍ എന്നപോലെ അതിമനോഹരമായി കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ വിവിധ അധ്യായങ്ങളില്‍ വിവിധ തത്വങ്ങള്‍ക്ക് ആധാരമായ പ്രാപഞ്ചികവും ശരീരശാസ്ത്രപരവും ചരിത്രപരവുമായ തെളിവുകള്‍ വിവരിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ വളരെ യുക്ത്യാധിഷ്ഠിത ക്രമത്തിലാണ് വിവരിച്ചിട്ടുള്ളത്. പ്രസ്തുത ക്രമം അറബിഭാഷയുടെയും സെമിറ്റിക് സാഹിത്യ പാരമ്പര്യത്തിന്റെയും മേന്മയ്ക്കുള്ള ഉപാധി കൂടിയായി പരിഗണിക്കപ്പെടുന്നു. നസ്മുല്‍ ഖുര്‍ആന്‍ (ഖുര്‍ആനിന്റെ ക്രമഭദ്രത) എന്ന പേരില്‍ പൗരാണിക പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ വിഷയത്തെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തിട്ടുണ്ട്.
പാരസ്പര്യ ശാസ്ത്രം
വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ തമ്മിലും ഒരേ അധ്യായത്തിലെ വിവിധ സൂക്തങ്ങള്‍ തമ്മിലും, ആന്തരിക ക്രമവും ആശയപരവും ചിന്താപരവുമായുള്ള യോജിപ്പും പാലിക്കപ്പെട്ടിട്ടുണ്ട്. ഇവ്വിഷയകമായ പഠനഗവേഷണങ്ങള്‍ ഖുര്‍ആന്‍ പണ്ഡിതന്മാര്‍ മുന്നോട്ടുകൊണ്ടുപോയത് ഇല്‍മുല്‍ മുനാസബത്ത് (പാരസ്പര്യ ശാസ്ത്രം) എന്ന വൈജ്ഞാനിക ശാഖയായിട്ടാണ്. ഖുര്‍ആനിന്റെ ക്രമത്തെയും ഘടനയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ വൈജ്ഞാനിക ശാഖ ഖുര്‍ആനിക യുക്തിജ്ഞാനത്തിന്റെ യഥാര്‍ഥ പൊരുളറിയാന്‍ ഏറെ സഹായകരമാണ്. അത് മനസ്സിലാക്കുന്നത് അല്‍പം ശ്രമകരമായതിനാല്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അപൂര്‍വമായി മാത്രമേ അത് ഗൗനിക്കാറുള്ളൂ. എങ്കിലും പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതരും ഈ രംഗത്ത് നടത്തിയ വൈജ്ഞാനിക സേവനം ഏറെ വിലമതിക്കേണ്ടതു തന്നെയാണ്.
പണ്ഡിതന്മാരുടെ
സംഭാവനകള്‍
ഖുര്‍ആനിന്റെ അവതരണ ക്രമത്തിലല്ല അത് മുസ്ഹഫില്‍ സമാഹരിക്കപ്പെട്ടത് എന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയുന്നതാണ്. ഓരോ ആയത്തുകളും പ്രത്യേകം നബി(സ)യുടെ നിര്‍ദേശാനുസരണം നിര്‍ണയിക്കപ്പെട്ട സ്ഥാനങ്ങളില്‍ ക്രമീകരിച്ചുകൊണ്ടാണ് മുസ്ഹഫ് സമാഹരിക്കപ്പെട്ടത്. ഖുര്‍ആനില്‍ ചെറിയ അധ്യായങ്ങളും വലിയ അധ്യായങ്ങളുമുണ്ട്. പല ചെറിയ അധ്യായങ്ങളും അവയേക്കാള്‍ വലിയ അധ്യായങ്ങളുടെ മുമ്പില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ഖുര്‍ആനിന് ഒരു ക്രമം അനിവാര്യമായതുകൊണ്ടാണ് അവതരണ ക്രമത്തിന് അനുസരിച്ചല്ലാതെ, നബി(സ)യുടെ നിര്‍ദേശപ്രകാരം അധ്യായങ്ങളുടെ പരിധികളും അവയുടെ സ്ഥാനവും ക്രമവുമെല്ലാം നിജപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അധ്യായങ്ങളുടെ ഈ ക്രമം ദൈവനിര്‍ണിതമാണെന്ന് ഭൂരിഭാഗം ഖുര്‍ആന്‍ പണ്ഡിതന്മാരും അംഗീകരിക്കുന്നു. ഖുര്‍ആനിന് പ്രത്യേകിച്ച് ഒരു ക്രമം അല്ലാഹു നിശ്ചയിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഖുര്‍ആനിന്റെ അവതരണ ക്രമത്തില്‍ തന്നെ അതിന്റെ ക്രോഡീകരണം നടക്കുമായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നവരുടെ സൗകര്യം കൂടി പരിഗണിച്ച് ആയത്തുകള്‍ സമാസമം ഭാഗിച്ച് അധ്യായങ്ങള്‍ വലുപ്പച്ചെറുപ്പമില്ലാതെ ക്രോഡീകരിക്കുന്ന രീതിയോ, വിവിധ ഭാഗങ്ങളായി തിരിക്കുന്ന രീതിയോ സ്വീകരിക്കാമായിരുന്നു. എന്നാല്‍ എല്ലാ റമദാന്‍ മാസങ്ങളിലും ജിബ്‌രീല്‍(അ) നബിയെ പാരായണം ചെയ്തു കേള്‍പ്പിക്കുന്നതും സുരക്ഷിത ഫലകത്തില്‍ (ലൗഹുല്‍ മഹ്ഫൂള്) സൂക്ഷിച്ചുവെക്കുന്നതും നിര്‍ണിത ക്രമത്തിലായിരിക്കണമെന്ന് അല്ലാഹു നിശ്ചയിച്ചതുകൊണ്ടാണ് നബി(സ)യോടുതന്നെ ഇങ്ങനെ കല്‍പിച്ചിരിക്കുന്നത്: ”തീര്‍ച്ചയായും അതിന്റെ (ഖുര്‍ആനിന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീടത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു” (75:17-19).
സ്വഹാബിമാര്‍ റമദാനില്‍ പാരായണം ചെയ്തിരുന്നതും ഖുര്‍ആന്‍ ശ്രവിച്ചിരുന്നതുമെല്ലാം ഈ ക്രമത്തിലായിരുന്നു. ഈ ക്രമത്തെ ആധാരമാക്കിയാണ് ഉസ്മാന്‍(റ) മുസ്ഹഫിന്റെ കോപ്പിയെടുത്ത് ഇസ്‌ലാമിക രാജ്യത്തിന്റെ എല്ലാ തലസ്ഥാന നഗരികളിലേക്കും അയച്ചുകൊടുത്തത്. ഖുര്‍ആന്‍ ഭാഗങ്ങള്‍ (ജുസ്അ്) ആയി വിഭജിച്ചത് നബിയുടെ വിയോഗാനന്തരം കാലമേറെ കഴിഞ്ഞിട്ടാണെങ്കിലും ഖുര്‍ആനിന് ദൈവനിര്‍ണിതമായ ക്രമവും ഘടനയുമുണ്ടെന്ന കാര്യം പൗരാണിക പണ്ഡിതന്മാര്‍ ആദ്യകാലം മുതലേ അംഗീകരിച്ചുപോന്നു. പ്രസ്തുത വിഷയത്തെ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാനീയത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി പരിഗണിച്ച് പഠനങ്ങള്‍ ആദ്യമായി നടത്തിയത് ശൈഖ് അബൂബക്കര്‍ നീസ്വാപൂരിയാണ് (ഹി. 326-938). ഖുര്‍ആനിന്റെ ക്രമഭദ്രതയെക്കുറിച്ചുള്ള പഠനങ്ങള്‍ തുടര്‍ന്നുപോവുകയും അബുല്‍ ഫര്‍ള് അഹ്മദുബ്‌നുല്‍ മുഖ്‌രിഅ് (ഹി. 517-618) ഇല്‍മുല്‍ മുനാസബ (പാരസ്പര്യ ശാസ്ത്രം) എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു.
ഇമാം ഫഖ്‌റുദ്ദീന്‍ റാസി (ഹി. 544-604) അദ്ദേഹത്തിന്റെ മഫാതീഹുല്‍ ഗൈബ് എന്ന തഫ്‌സീറില്‍ വളരെയധികം പ്രാധാന്യത്തോടെ ഖുര്‍ആനിന്റെ ക്രമത്തെ കുറിച്ച് പ്രതിപാദിക്കുന്നു. പാരസ്പര്യ ശാസ്ത്രം എന്നത് പ്രധാന ചിന്താവിഷയമായി ഇമാം റാസി ഈ ഗ്രന്ഥത്തില്‍ പരിഗണിച്ചതായി കാണാന്‍ കഴിയും. ഖുര്‍ആനിന്റെ ക്രമം (നസ്മുല്‍ ഖുര്‍ആന്‍) എന്ന പേരില്‍ ശൈഖ് അബൂഹയ്യാന്‍ രചിച്ച ഗ്രന്ഥവും ഈ വിഷയത്തിലുള്ള ഗഹനമായ പഠനമാണ്. അല്ലാമാ അബൂജഅ്ഫര്‍ ഇബ്‌നു സുബൈര്‍ (ഹി. 627-708) എഴുതിയ ‘അല്‍ബുര്‍ഹാന്‍ ഫീ മുനാസബത്തി തര്‍തീബി സുവരില്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥം ഖുര്‍ആന്‍ ക്രമഭദ്രതയുടെ സ്പഷ്ടവും ഗുപ്തവുമായ തലങ്ങളെ പ്രമാണബദ്ധമായി വിവരിക്കുന്ന കനപ്പെട്ട രചനയാണ്.
സമകാലിക പണ്ഡിതനായ ശൈഖ് ബുര്‍ഹാനുദ്ദീന്‍ ബീഖാഇ (ഹി. 809-885) രചിച്ച് ‘നസ്മുദ്ദറര്‍ ഫീ തനാസുബില്‍ ആയിവസ്സുവര്‍ (സൂക്തങ്ങളും അധ്യായങ്ങളും ഒരേ ചരടില്‍ കോര്‍ത്ത മുത്തുകള്‍) എന്ന തഫ്‌സീറും ഖുര്‍ആനിലെ ആശയ പാരസ്പര്യത്തെക്കുറിച്ചും ക്രമഭദ്രതയെ സംബന്ധിച്ചും പഠനവിധേയമാക്കുന്ന മികച്ച വൈജ്ഞാനിക ഗ്രന്ഥമാണ്. അല്ലാമാ സുയൂഥി (ഹി. 849-911), അല്ലാമാ മഖ്ദൂം മുഹാളമി (1374-1432), അല്ലാമാ വലിയ്യുദ്ദീന്‍ മുല്ലവി (മരണം: ഹി. 774) എന്നീ പണ്ഡിതന്മാര്‍ ഖുര്‍ആനിന്റെ ക്രമഭദ്രതയെ സംബന്ധിച്ച് പഠനം നടത്തുകയും ഖുര്‍ആന്‍ സാഹചര്യങ്ങളുടെ തേട്ടപ്രകാരം അല്‍പാല്‍പമായി അവതീര്‍ണമായതാണെങ്കിലും അതിന്റെ ക്രമത്തില്‍ വളരെ ഗഹനമായ യുക്തിദീക്ഷ വെച്ചുപുലര്‍ത്തിയ സത്യത്തെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആനിന്റെ ക്രമഭദ്രതയെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ നടത്തുകയും ഇല്‍മുല്‍ മുനാസബ (പാരസ്പര്യ ശാസ്ത്രം) എന്നത് ഖുര്‍ആന്‍ വിജ്ഞാനീയത്തിലെ സുപ്രധാന ശാഖയായി വികസിപ്പിച്ച് അതിനു വേണ്ട മാര്‍ഗരേഖകള്‍ പ്രമാണബദ്ധമായി അവതരിപ്പിക്കുകയും ചെയ്തത് ഇന്ത്യന്‍ പണ്ഡിതനായ ഇമാം അബ്ദുല്‍ ഹമീദ് അല്‍ഫറാഹിയാണ് (1863-1930).
ഇമാം ഫറാഹിയുടെ പഠനങ്ങള്‍
ഖുര്‍ആനിന്റെ ഘടനയെയും ക്രമത്തെയും കുറിച്ച് ഇമാം ഫറാഹി വിശദമായി പഠനം നടത്തുകയും അതിന് തെളിവുകള്‍ നിരത്തി ‘ദലാഇലുന്നിസാം’ എന്ന ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു. ഖുര്‍ആനിക ജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും അക്ഷയഖനി സത്യത്തില്‍ അതിന്റെ ഘടനയിലും ക്രമത്തിലുമാണെന്ന് ചിന്തിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ‘നിളാമുല്‍ ഖുര്‍ആന്‍ വതഅ്‌വീലുല്‍ ഫുര്‍ഖാന്‍ ബില്‍ ഫുര്‍ഖാന്‍’ എന്ന പേരില്‍ തഫ്‌സീറിന്റെ ഏതാനും ഭാഗങ്ങളും തഫ്‌സീറിന്റെ ആമുഖവും ഇമാം ഫറാഹി എഴുതി. ഓരോ അധ്യായങ്ങളുടെയും ആന്തരിക ക്രമത്തെക്കുറിച്ച് ഇമാം ഫറാഹി ചിന്തിച്ചപ്പോള്‍ അദ്ദേഹം അവയ്ക്ക് ഓരോന്നിനും സ്വതന്ത്ര പ്രമേയം അഥവാ കേന്ദ്രവിഷയമുള്ളതായി വ്യക്തമാക്കി. ഓരോ അധ്യായത്തിന്റെയും കേന്ദ്രവിഷയം (അമൂദ്) അതിന്റെ ക്രമഭദ്രതയെ മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന ഘടകമായി പരിഗണിക്കപ്പെട്ടു. കേന്ദ്രവിഷയത്തില്‍ നിന്ന് ഉപവിഷയങ്ങളും അതിന് ഉപോദ്ബലകമായ തെളിവുകളും സ്പഷ്ടവും ഗോപ്യവുമായ യോജിപ്പോടെയാണ് അല്ലാഹു അവതരിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനിലെ വാക്യഘടനയും പദാവലികളും ശൈലീപ്രയോഗങ്ങളും തമ്മിലുള്ള ഈ പൊരുത്തത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഖുര്‍ആനിക വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാകും.
ഖുര്‍ആനിന്റെ ക്രമഭദ്രതയിലടങ്ങിയ ആശയപാരസ്പര്യത്തിന്റെ പൊരുളറിയാന്‍ ഖുര്‍ആനിലെ വചനങ്ങളെക്കുറിച്ചുള്ള ഗഹനമായ ചിന്ത (തദബ്ബുറുല്‍ ഖുര്‍ആന്‍) അനിവാര്യമാണ്. ഖുര്‍ആനിലെ ക്രമഭദ്രതയുടെ സ്പഷ്ടതലത്തെക്കുറിച്ച് അധികം ചിന്തിക്കാതെ ആര്‍ക്കും ഗ്രഹിക്കാന്‍ കഴിയും. എന്നാല്‍ ഖുര്‍ആനിലെ അധ്യായങ്ങളിലെ ഘടനയില്‍ അടങ്ങിയ ഗുപ്തതലത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
അധ്യായങ്ങളിലെ
ആശയ പാരസ്പര്യം
ഖുര്‍ആനിലെ പ്രാരംഭ അധ്യായമായ അല്‍ഫാതിഹയില്‍ ഖുര്‍ആനിലെ സര്‍വത്ര അടിസ്ഥാന സത്യങ്ങളും സംക്ഷേപിച്ച് സമാഹരിച്ചിട്ടുണ്ട്. ഖുര്‍ആനിന്റെ ആമുഖം എന്ന പേരിന് യോജിക്കാവുന്ന പ്രതിപാദനമാണ് അല്‍ഫാതിഹയിലുള്ളത്. അതുകൊണ്ടുതന്നെയാണ് ഈ അധ്യായത്തിന്റെ അനേകം പേരുകളില്‍ അല്‍കാഫിയ (സ്വയംപര്യാപ്തമായ അധ്യായം, തികവാര്‍ന്നത്) എന്നത് പ്രത്യേകം എടുത്തുപറയപ്പെടുന്നത്. ഈ അധ്യായത്തിലെ കേന്ദ്രവിഷയം തൗഹീദ് (ഏകദൈവവിശ്വാസം) ആണ്. ചൊവ്വായ പാത (സ്വിറാത്വുല്‍ മുസ്തഖീം) കൊണ്ട് ഉദ്ദേശിക്കുന്നത് ഏകദൈവവിശ്വാസമാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. ഇതിന്റെ കാമ്പും കാതലുമാകട്ടെ പ്രാര്‍ഥനയാണ്. നിഷേധം, ദുര്‍മാര്‍ഗം, അജ്ഞത തുടങ്ങിയ രോഗങ്ങളില്‍ നിന്നുള്ള ശമനം ഒരു മുസ്‌ലിമിന് ലഭിക്കുന്നത് അല്ലാഹുവിനോട് മാത്രമുള്ള പ്രര്‍ഥനയില്‍ നിന്നാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാന ആശയമായ തൗഹീദിന്റെ മര്‍മമായ അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനയുടെ വിഷയത്തെ ഏഴു വചനങ്ങളിലൂടെ ക്രമഭദ്രമായി അല്ലാഹു അവതരിപ്പിക്കുന്നു. പ്രാര്‍ഥനയുടെ അനിവാര്യ ഘടകമായ അല്ലാഹുവിന്റെ ഗുണനാമങ്ങള്‍ എടുത്തുപറയാനാണ് ആദ്യ നാലു വചനങ്ങളില്‍ പഠിപ്പിക്കുന്നത്. അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനയുടെ പ്രാധാന്യം അഞ്ചാം വചനത്തില്‍ ഊന്നുന്നു. അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനയാണ് നേരായ വഴിയിലേക്ക് നമ്മെ നയിക്കുന്ന വിജയത്തിന്റെ ഘടകമെന്നും ഉണര്‍ത്തിക്കൊണ്ട് ഈ അധ്യായം അവസാനിക്കുന്നു. മാര്‍ഗഭ്രംശം സംഭവിച്ചവരുടെ കൂട്ടത്തില്‍ പെടാതിരിക്കാനുള്ള തേട്ടമാണ് അല്‍ഫാതിഹ അധ്യായത്തിന്റെ അവസാന ഭാഗത്തുള്ളത്.
അടുത്ത അധ്യായമായ അല്‍ബഖറയുടെ ആരംഭത്തിലുള്ളതാകട്ടെ, മാര്‍ഗദര്‍ശന ഗ്രന്ഥമായ ഖുര്‍ആനിനെക്കുറിച്ചുള്ള പ്രതിപാദനമാണ്. ഖുര്‍ആനിന്റെ പ്രാരംഭ അധ്യായത്തിന്റെ ഉള്ളടക്കം പ്രാര്‍ഥനയില്‍ അധിഷ്ഠിതമായതുപോലെ, അവസാന മൂന്നു സൂക്തങ്ങളുടെ (അന്നാസ്, അല്‍ഫലഖ്, അല്‍ഇഖ്‌ലാസ്) പൊരുളും തൗഹീദില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന പൈശാചിക ദുര്‍ബോധനങ്ങളില്‍ നിന്നുള്ള രക്ഷ തേടലാണ്. പ്രാര്‍ഥന കൊണ്ട് തുടങ്ങി പ്രാര്‍ഥനയില്‍ അവസാനിക്കുന്ന വിധം ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശത്തെ (ഏകദൈവവിശ്വാസം) ഖുര്‍ആനിലെ അധ്യായങ്ങളുടെ പ്രാരംഭത്തിലും പരിസമാപ്തിയിലും അല്ലാഹു ക്രമപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.
വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായം അല്‍ബഖറയിലെ 183-ാം സൂക്തത്തില്‍ അല്ലാഹു വിശ്വാസികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയ കാര്യമാണ് വ്യക്തമാക്കുന്നത്. നോമ്പിന്റെ വിഷയത്തിലുള്ള ഇളവുകളും വിധികളും 184-ാം വചനത്തില്‍ വിശദീകരിക്കുന്നു. നോമ്പിന്റെ മാസമായ റമദാനിന്റെ പവിത്രതയും പരിശുദ്ധ ഖുര്‍ആനിന്റെ മഹത്വവുമാണ് 185-ാം വചനത്തിലെ പ്രതിപാദ്യം. നോമ്പിന്റെ പ്രാധാന്യവും ഖുര്‍ആനിന്റെ മഹത്വവും തമ്മിലുള്ള ആശയപാരസ്പര്യവും ചിന്താപരമായ യോജിപ്പും 183 മുതല്‍ 185 വരെ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാണ്. നോമ്പിന്റെ ആത്മാവും വിശുദ്ധ ഖുര്‍ആനിന്റെ അകക്കാമ്പുമായ പ്രാര്‍ഥനയുടെ പൊരുളും മഹത്വവുമാണ് 186-ാം വചനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഓരോ അധ്യായത്തിലും ഇതേപോലെ സൂക്തങ്ങള്‍ക്കിടയിലുളള ആശയപാരസ്പര്യത്തിന്റെ ഉദാഹരണങ്ങള്‍ ചിന്തിച്ചാല്‍ ഗ്രഹിക്കാന്‍ കഴിയും. എല്ലാ അധ്യായങ്ങളെയും അതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ജോഡികളായി കാണാന്‍ കഴിയും. ഒരു അധ്യായത്തില്‍ ഗോപ്യമായി സൂചിപ്പിച്ച വിഷയത്തിന്റെ സ്പഷ്ടതലം അടുത്ത അധ്യായത്തിലെ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. പൊതുവില്‍ അധ്യായങ്ങള്‍ തമ്മിലുള്ള ഈ ബന്ധം കണക്കിലെടുത്തുകൊണ്ടാണ് നബി(സ) നമസ്‌കാരങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നത്.
അല്‍ഖിയാമ, അദ്ദുഹ്‌റ്, അസ്സ്വഫ്ഫ്, അല്‍ജുമുഅഃ, അല്‍അഅ്‌ലാ, അല്‍ഗാശിയ എന്നിങ്ങനെ ക്രമം പാലിച്ചുകൊണ്ടാണ് നമസ്‌കാരത്തില്‍ നബി(സ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ ക്രമഭദ്രതയും അതിലെ സൂക്തങ്ങള്‍ക്കിടയിലുള്ള ആശയപാരസ്പര്യവും അനുപമമായ ആവിഷ്‌കാര സൗന്ദര്യത്തെയാണ് വിളിച്ചറിയിക്കുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷാപരവും സാഹിത്യപരവുമായ അമാനുഷികത ഉള്‍ക്കൊണ്ട് ഖുര്‍ആനിക ജ്ഞാനത്തിന്റെ പുതിയ വാതായനങ്ങള്‍ നമുക്കത് തുറന്നിട്ടുതരുന്നു.