1 Sunday
December 2024
2024 December 1
1446 Joumada I 29

ഇമാം ബുഖാരി പാണ്ഡിത്യത്തിലെ അത്ഭുതം

പ്രൊഫ. ജി എ മുഹമ്മദ് കുഞ്ഞ്‌


ഇമാം ബുഖാരി അറിയപ്പെടുന്നത് അദ്ദേഹത്തിന് ചാര്‍ത്തപ്പെട്ട രണ്ടു പേരുകളിലാണ്. ഒന്ന്, ഹദീസ് പണ്ഡിതന്മാരുടെ ഇമാം. രണ്ട്, ഹദീസിലെ മുഅ്മിനീങ്ങളുടെ ഇമാം. അബൂ അബ്ദുല്ലാഹ് മുഹമ്മദ് ഇബ്നു ഇസ്മായീല്‍ ഇബ്നു ഇബ്‌റാഹീം ഇബ്നു അല്‍ മുഗീറ ഇബ്നു ബര്‍ദിസ് ബാലി അല്‍ബുഖാരി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്.
അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് മുഹമ്മദ് എന്നാണ്. അദ്ദേഹം അറിയപ്പെടുന്നത് മുഹമ്മദ് ഇബ്നു ഇസ്മാഈല്‍ എന്നാണ്. അദ്ദേഹം ജനിച്ചത് ബുഖാറ എന്ന നഗരത്തിലാണ്. മുആവിയ(റ)യുടെ ഖിലാഫത്തില്‍ ബുഖാറ മുസ്ലിംകള്‍ ജയിച്ചടക്കിയിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഹിജ്റ 194 ശവ്വാല്‍ 14-നാണ് ജനനം.
അദ്ദേഹത്തിന്റെ പിതാവ് അബുല്‍ ഹസന്‍ എന്ന ഓമന പേരില്‍ (കുന്‍യ) അറിയപ്പെട്ട ഇസ്മാഈല്‍ ആണ്. അദ്ദേഹം പ്രഗത്ഭനായ ഹദീസ് പണ്ഡിതനും ഇമാം മാലിക്കിന്റെ(റ) സഹചരനും വിദ്യാര്‍ഥിയുമായിരുന്നു. ഇസ്മാഈല്‍ ഈ ലോകത്തോടു വിടപറഞ്ഞപ്പോള്‍ ഇമാം ബുഖാരി കൊച്ചുകുട്ടിയായിരുന്നു. ഇസ്മാഈലിന്റെ മരണാനന്തരം ഇമാം ബുഖാരി അദ്ദേഹത്തിന്റെ ഉമ്മയുടെ ഗൃഹത്തിലാണ് വളര്‍ന്നത്. ഭക്തിയുടേയും വിജ്ഞാനത്തിന്റേയും ഗേഹമായിരുന്നു ഈ വീട്. അദ്ദേഹം കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ പിതാവ് മരണമടഞ്ഞുവെങ്കിലും ഇമാം പിതാവില്‍ നിന്നു വിജ്ഞാനം അനന്തരമെടുത്തു.
ഇമാമിന്റെ യാത്രകള്‍
ഒരാള്‍ക്കു ചെയ്യാന്‍ കഴിയുന്ന മഹത്തരമായ പ്രവൃത്തി വിജ്ഞാനം നേടുക എന്നതാണ്. കൂടുതല്‍ മഹത്തരമായ പ്രവൃത്തി വിജ്ഞാനം നേടുവാന്‍ വേണ്ടി യാത്ര ചെയ്യുക എന്നതാണ്. ഈ കാരണത്താല്‍, ഒരാള്‍ മണ്‍മറഞ്ഞു പോയ പണ്ഡിതന്മാരെ കുറിച്ചു പഠിക്കുമ്പോള്‍ ഈ ഉമ്മത്തിന്റെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാര്‍ ഭക്തരായ യാത്രികരായിരുന്നു എന്നു കാണാം.
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടേണ്ടതുണ്ടായിരുന്നില്ല. അവരില്‍ ഓരോ സമൂഹത്തില്‍ നിന്നു ഒരു സംഘം ദീനില്‍ വ്യുല്‍പത്തി നേടുന്നതിനു വേണ്ടി പുറപ്പെടാത്തത് എന്തുകൊണ്ട്? സ്വന്തം സമൂഹത്തിലേക്ക് തിരിച്ചുവന്നു അവര്‍ക്ക് ഉല്‍ബോധനം നല്‍കുവാനും അതുവഴി അവര്‍ നിഷിദ്ധത്തെക്കുറിച്ചു കരുതലുള്ളവരാവാനും” (9:122)
ഇമാം ബുഖാരി ഒരു പണ്ഡിതന്റെ അത്ഭുതകരമായ ഉദാഹരണമാണ്. ഇസ്്ലാമിക ശാസ്ത്രങ്ങളുടെ വിജ്ഞാനവും പ്രത്യേകിച്ച് ഹദീസ് നേടുവാനും വിദൂര ദേശങ്ങളിലേക്കാണ് യാത്ര ചെയ്തത്. മാതാവിന്റെയും സഹോദരന്റെയും കൂടെ ഹജ്ജ് നിര്‍വഹിക്കാനായി കൂട്ടിക്കാലത്തു പോയതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠനയാത്ര.
പില്‍ക്കാലത്ത് അദ്ദേഹം പറഞ്ഞു: ”ഞാന്‍ എന്റെ ഉമ്മയോടൊപ്പം ഹജ്ജ് നിര്‍വഹിക്കാനായി പുറപ്പെട്ടു. എന്റെ സഹോദരന്‍ ഉമ്മയുമായി ബുഖാറയിലെ ജന്മഭൂമിയിലേക്ക് തിരിച്ചുപോയി. ഞാന്‍ ഹദീസ് പഠനത്തിനായി മക്കയില്‍ തങ്ങി. എനിക്ക് പതിനെട്ട് വയസ്സായപ്പോള്‍ സഹാബാക്കളുടേയും താബിഊനിന്റെയും (സഹാബാക്കളെ പിന്തുടര്‍ന്നു വന്ന തലമുറ) സംസാരങ്ങളും നിയമകല്‍പനകളും എഴുതാന്‍ തുടങ്ങി.” അല്‍ ഹാഫിസ് ഇബ്നുഹജര്‍ എഴുതി: മേല്‍ പറഞ്ഞ കാരണത്താല്‍, ഇമാം അദ്ദേഹത്തിന്റെ ആദ്യയാത്ര ഹിജ്റ 210-ല്‍ ആരംഭിച്ചു.
അദ്ദേഹത്തിന്റെ യാത്രയില്‍ മുന്‍തലമുറയുടെ ഉന്നത പണ്ഡിതന്മാരുടെ ശിക്ഷണങ്ങള്‍ അദ്ദേഹം പഠിച്ചു. ഇനി പറയുന്ന പ്രസ്താവനയില്‍ നിന്നു ജീവിതകാലത്ത് എത്രമാത്രം യാത്ര ചെയ്തുവെന്നുള്ളതിന് സൂചനയുണ്ട്. ഞാന്‍ ഹദീസ് റിപ്പോര്‍ട്ടുകള്‍ ഒരായിരത്തേക്കാള്‍ ഗുരുക്കന്മാരില്‍ നിന്നു എഴുതാന്‍ തുടങ്ങി. ഓരോ ഹദീസിന്റെയും ശൃംഖല ഞാന്‍ ഓര്‍മിക്കുന്നു. തുടര്‍ന്നു വരുന്ന വാക്കുകള്‍ ഇമാം ബുഖാരി വ്യത്യസ്ത പട്ടണങ്ങളിലുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളില്‍ എന്തു ചെയ്തുവെന്നതു പോലെ അദ്ദേഹത്തിന്റെ അതിശയകരമായ ഓര്‍മശക്തിയെപ്പറ്റി ധാരാളമായി സൂചിപ്പിക്കുന്നു.
മുഹമ്മദ് ഇബ്നു അല്‍ അസ്ഹാര്‍ അസ്സിജിസ്താനി പറഞ്ഞു. ”ഞാന്‍ ഒരിക്കല്‍ സുലൈമാന്‍ ഇബ്നു ഹര്‍ബിന്റെ കൂട്ടത്തിലായിരുന്നു. ബുഖാരിയും അവിടെ ഉണ്ടായിരുന്നു. സുലൈമാനുബ്നു ഹര്‍ബ് വായിച്ചിരുന്ന ഹദീസ് രേഖകള്‍ ഇമാം ശ്രദ്ധിക്കും. പക്ഷെ അദ്ദേഹം യാതൊന്നും എഴുതുകയില്ല. ഒരാള്‍ വിദ്യാര്‍ഥികളിലൊരാളോടു ചോദിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഒന്നും എഴുതാത്തത്? വിദ്യാര്‍ഥി പ്രതികരിച്ചു. ‘അദ്ദേഹം ബുഖാറയിലേക്കു തിരികെ പോകുകയും അദ്ദേഹത്തിന്റെ ഓര്‍മയില്‍ നിന്നു സകലതും എഴുതുകയും ചെയ്യും.”
ഇമാം ബുഖാരി വിജ്ഞാന കുതുകിയായിരുന്നു. മറ്റുള്ളവര്‍ ഭൗതിക ലക്ഷ്യങ്ങളില്‍ ഭൗതികന്മാരുടെ കൂട്ടത്തില്‍ മുഴുകുമ്പോള്‍ അദ്ദേഹം നബിചര്യ സംരക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ നിലകൊണ്ടു. അവരുടെ സംസാരം, പ്രവൃത്തികള്‍, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ചു അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിന് മിക്കവാറും കൂടുതല്‍ അറിയാം. അല്ലെങ്കില്‍ അത്രത്തോളം അവരുടെ സംഭവങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ കാലത്തുള്ള സംഭവങ്ങളേക്കാള്‍ ഉപരിയായി മനസ്സിലാക്കി.
മുഹമ്മദ് ഇബ്നു അല്‍ അബ്ബാസ് അല്‍ഫിറാബ്റി പറഞ്ഞു. ഒരു ദിവസം മുഹമ്മദ് ഇബ്നു ഇസ്മാഈല്‍ ധാരാളം ഹദീസുകള്‍ എനിക്ക് പറഞ്ഞു തന്നു. എനിക്കു മടുപ്പ് ബാധിക്കുമോ എന്ന് ഇമാം ഭയപ്പെട്ടു. അങ്ങനെ അദ്ദേഹം എന്നോടു പറഞ്ഞു.
‘സന്തോഷവാനായും ശാന്തനായും ഇരിക്കൂ. എന്തെന്നാല്‍ കളികളുടെ ആളുകള്‍ അവരുടെ കളികളില്‍ ആയിരിക്കും. തൊഴിലാളികള്‍ അവരുടെ തൊഴിലുകളില്‍ തിരക്കിലായിരിക്കും. വ്യവസായികള്‍ അവരുടെ വ്യവസായങ്ങളില്‍ തിരക്കിലായിരിക്കും. എന്നാല്‍ താങ്കളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ നബി(സ)യുടെയും സ്വഹാബത്തിന്റെയും കൂടെ ആയിരിക്കും.’ ഞാന്‍ പറഞ്ഞു. ‘അല്ലാഹുവിന്റെ കാരുണ്യം അങ്ങിലുണ്ടായിരിക്കട്ടെ. അത് അങ്ങ് വിചാരിക്കുന്നതു പോലെയല്ല. മറ്റുള്ളവര്‍ ഭൗതിക നേട്ടങ്ങള്‍ക്കായി പരിശ്രമിക്കുമ്പോള്‍ ഞാന്‍ വിജ്ഞാനം നേടുകയാണ്.’
മുഹമ്മദ് ഇബ്നു യൂസുഫ് പറഞ്ഞു. ‘ഒരു രാത്രിയില്‍ ഞാന്‍ മുഹമ്മദ് ഇബ്നു ഇസ്മാഈലിന്റെ (അല്‍ബുഖാരി) കൂടെ അദ്ദേഹത്തിന്റെ ഗൃഹത്തിലായിരുന്നു. പതിനെട്ടു പ്രാവശ്യം അദ്ദേഹം ഉണരുകയും ഓരോ സമയവും അദ്ദേഹം വിളക്കുകത്തിക്കുകയും ഹദീസ് സംബന്ധമായോ, നിയമകാര്യങ്ങളെക്കുറിച്ചോ ചിലതു എഴുതുകയുംചെയ്തിരുന്നു.’

Back to Top