29 Friday
November 2024
2024 November 29
1446 Joumada I 27

ഇമാം അബൂഹനീഫ; ജീവിക്കുന്ന കാലത്തെ അഭിമുഖീകരിച്ച കര്‍മശാസ്ത്ര പണ്ഡിതന്‍

ശൈഖ് അബ്ദുല്ല വഹീദ്‌


അല്ലാഹു അവന്റെ തീരുമാനങ്ങള്‍ സ്വാഭാവിക മാര്‍ഗങ്ങളിലൂടെ നടപ്പാക്കുമ്പോള്‍ ആ അടയാളങ്ങള്‍ പരിശോധിക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവരുടെ വിശ്വാസത്തെ ഇത് ശക്തിപ്പെടുത്തുന്നു. ഇസ്ലാമിന്റെ ഇരുണ്ട കാലഘട്ടത്തില്‍, ദീപസ്തംഭങ്ങളെ പോലെ നിലകൊണ്ട നീതിമാന്മാരിലൂടെയാണ് ഇസ്ലാം സംരക്ഷിക്കപ്പെട്ടത് എന്ന് ചരിത്രപരിശോധനയില്‍ വ്യക്തമാണ്. മുഹമ്മദ് നബി (സ)യുടെ സുന്നത്തിനെ പിന്‍പറ്റി അവര്‍ അനീതിയെ എതിര്‍ത്തു. ത്യാഗം, അചഞ്ചലമായ വിശ്വാസം, ധാര്‍മികത, ആത്മീയ മികവ്, വിവേകം തുടങ്ങിയ ഗുണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ശക്തവും ക്രൂരവുമായ അക്രമങ്ങള്‍ കാണേണ്ടി വന്നപ്പോഴും ഉമ്മത്ത് ക്ഷമയോടെ നിലകൊണ്ടു. ഇത്തരം നീതിമാന്മാരായ വ്യക്തികള്‍ അവരുടെ ദീന്‍ മുറുകെ പിടിക്കുകയും മുമ്പ് കഷ്ടതകളും വിജയങ്ങളും നേടിയവരുടെ മാതൃകകള്‍ പിന്തുടരുകയും ചെയ്യുന്നിടത്തോളം കാലം അല്ലാഹുവിന്റെ ഇച്ഛയനുസരിച്ച് തന്നെ ഇസ്ലാം നിലനില്‍ക്കും. ഇമാം അബു ഹനീഫ(റ) എന്നറിയപ്പെടുന്ന നൂമാന്‍ ബിന്‍ സാബിത്ത് അവരിലൊരാളായിരുന്നു. ഹിജ്‌റ 80-ല്‍ (എ ഡി 689) കൂഫ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. ഇമാം അല്‍-അസം (ഏറ്റവും വലിയ നേതാവ്) എന്ന് വിളിപ്പേരുള്ള അദ്ദേഹം, മദ്ഹബുകള്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക ഫിഖ്ഹിന്റെ(നിയമശാസ്ത്രം) നാല് ഇമാമുമാരില്‍ ആദ്യത്തെ ഇമാമാണ്. നാല് മദ്ഹബുകളില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഹനഫി മദ്ഹബില്‍ ഉണ്ടെന്നത് അദ്ദേഹത്തിന്റെ മദ്ഹബിന്റെ കരുത്തും സമഗ്രതയും തെളിയിക്കുന്നു.
കൂഫാ നഗരം
ഇറാഖിലെ നജാഫിന് സമീപം സ്ഥിതി ചെയ്യുന്ന കൂഫ നഗരത്തിന് എഡി 636-ല്‍ സ്ഥാപിതമായതു മുതലേ സാമൂഹിക-രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ ചരിത്രമുണ്ട്. ബസ്വറ, ബഗ്ദാദ് എന്നിവയ്ക്കൊപ്പമുള്ള ഇറാഖിലെ മൂന്ന് പ്രധാന നഗരങ്ങളില്‍ ഒന്നായിരുന്നു ഇത്. ഉമര്‍ ഇബ്നു അല്‍-ഖത്താബിന്റെ(റ) ഖിലാഫത്ത് കാലത്ത് ‘അഷറത്ത് മുബാഷറ’യിലെ (സ്വര്‍ഗം വാഗ്ദാനം ചെയ്ത 10 കൂട്ടാളികള്‍) ഒരാളായ സഅദ് ഇബ്നു അബി വഖാസി(റ)നെ ഗവര്‍ണറായി നിയമിച്ചു. കൂഫയിലെ പൗരന്മാര്‍ അദ്ദേഹത്തിന്റെ ഭരണത്തെ ചെറുക്കുകയും അദ്ദേഹത്തിനുമേല്‍ ഭരണകൂട ദുരുപയോഗം ആരോപിക്കുകയും ചെയ്തു.
കുറ്റാരോപണങ്ങളില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടും, ഉമര്‍(റ) സഅദിനെ(റ) തിരിച്ചുവിളിക്കുകയും അമ്മാര്‍ ഇബ്നു യാസര്‍(റ) നെ ഗവര്‍ണറാക്കുകയും ചെയ്തു. വളര്‍ന്നുവരുന്ന ഇസ്ലാമിക സാമ്രാജ്യത്തിന്റെ മുന്‍നിര സൈന്യം നിലയുറപ്പിച്ചിരുന്ന പട്ടാള നഗരമായിരുന്നു കൂഫ. പട്ടാളത്തിന്റെയും നഗരത്തിന്റെയും മേല്‍നോട്ടം, ദീന്‍പഠനത്തിനും ദീനിലധിഷ്ഠിതമായ ജീവിതമാചരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തം ഇബ്നു മസൂദിന്(റ) ആയിരുന്നു.
കൂഫയിലെ ജനങ്ങള്‍ ഇബ്നു മസൂദിനെ(റ) നന്നായി സ്വീകരിച്ചു, ഇസ്ലാമിക ശാസ്ത്രത്തില്‍, പ്രത്യേകിച്ച് ഖുര്‍ആന്‍ പാരായണത്തില്‍ നഗരം അഭിവൃദ്ധി പ്രാപിച്ചു. നിരവധി പാരായണ രീതികള്‍ ഇബ്‌നു മസൂദിന്റെ(റ) ശിഷ്യന്മാരില്‍ നിന്നും കൂഫയില്‍ നിന്നുമാണ് ഉത്ഭവിച്ചിട്ടുള്ളത്. എന്നിരുന്നാലും, രാഷ്ട്രീയ കലഹങ്ങള്‍ തുടര്‍ന്നു. ഉമര്‍(റ) തന്റെ ഭരണത്തിന്റെ അവസാനത്തില്‍ ഗവര്‍ണറായി മുഗീറത്തുബ്‌നു ശുഅ്ബയെ(റ) നിയമിച്ചു. എ ഡി 644-ല്‍ ഉസ്മാന്‍ ഇബ്നു അഫ്ഫാന്‍(റ) പുതിയ ഖലീഫയായപ്പോള്‍, അദ്ദേഹം കൂഫയുടെ ഗവര്‍ണറായി വലീദ് ഇബ്നു ഉഖ്ബ(റ)യെ നിയമിച്ചു. അതോടൊപ്പം തന്നെ കൂഫയില്‍ വീണ്ടും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു ഉണ്ടായത്.

ഉസ്മാനെ(റ)തിരെ കലാപം നടത്തുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്ത് അലി ഇബ്‌നു അബി താലിബി(റ)നെ കൂഫയിലെ ഖിലാഫത്തിന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ചില വിമതര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അവര്‍ കൂഫ ഒരു താവളമാക്കി പ്രവര്‍ത്തിച്ചു. അലി(റ) ഒടുവില്‍ കൂഫയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ വെച്ച് കലാപകാരികളാല്‍ വധിക്കപ്പെട്ടു. ഹസന്റെ(റ) ഖിലാഫത്തിന് ശേഷം, മുആവിയ(റ) ഉമയ്യദ് രാജവംശം സ്ഥാപിക്കുകയും സിറിയയിലെ ഡമാസ്‌കസ് കേന്ദ്രമാക്കി ഭരണം നടത്തുകയും ചെയ്തു. കൂഫയിലെ ജനങ്ങള്‍ എന്നും ഉമയ്യദുകള്‍ക്കെതിരെ നിലകൊള്ളുന്നവരായിരുന്നു. ഇതിനിടയില്‍ കൂഫയിലെ ജനങ്ങള്‍ രണ്ടാം ഉമയ്യദ് ഖലീഫയായ യസീദിന്റെ ഖിലാഫത്തിനെതിരെ കലാപം അഴിച്ചുവിടാന്‍, പ്രവാചകന്റെ(സ) ചെറുമകനായ ഹുസൈന്‍ ഇബ്നു അലി(റ) നും കുടുംബത്തിനും തങ്ങളുടെ നഗരത്തില്‍ രക്ഷ നല്‍കി.
എന്നാല്‍ ഹുസൈനെയും(റ) കുടുംബത്തെയും യസീദിന്റെ സൈന്യം തടയുകയും അവരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. ആ സംഭവം മുതല്‍, നഗരത്തില്‍ സാമൂഹിക-രാഷ്ട്രീയ നിരാശ വളര്‍ത്തിയ അമവികളുടെ തീവ്രമായ കീഴടക്കലിനും മേല്‍നോട്ടത്തിനും കീഴിലായിരുന്നു കൂഫയിലെ ജനങ്ങള്‍. ഉമയ്യദ് രാജവംശം 661 മുതല്‍ 750 വരെ ഭരിച്ചിരുന്നതിനാല്‍, സാമ്രാജ്യത്തിന്റെ മുന്നണിയെന്ന നിലയിലുള്ള ഇറാഖിന്റെ അമിതസാമീപ്യം അതിനെ ഭിന്നിപ്പിനും ആശയക്കുഴപ്പത്തിനും കാരണമായ വിഭാഗങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും തത്വചിന്തകളുടെയും കുത്തൊഴുക്കിലേക്ക് നയിച്ചു.
അലി (റ)യുടെയും നബി കുടുംബത്തിന്റെ പിന്മുറക്കാരായ അഹ്ലുബൈത്തിന്റെയും പിന്തുണക്കാരായിരുന്നു നഗരത്തിലെ ഒരു വിഭാഗം. രണ്ടാമത്തേത് നബി(സ)യുടെ ബന്ധുവായ അബ്ദുല്ലാഹിബ്നു അബ്ബാസിന്റെ(റ) സന്തതികളായിരുന്നു. അബ്ബാസികള്‍ എന്ന് വിളിക്കുന്ന അവര്‍ ഉമയ്യകള്‍ക്കെതിരായ നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കാളികളായി. എ ഡി 750- ല്‍ അബു ഹനീഫ(റ)യുടെ കാലത്ത് അവര്‍ വിജയിക്കുകയും ചെയ്തു. അഹ്ലുബൈത്തിന്റെ അനുയായികള്‍ പിന്തുണച്ചിരുന്നതും അബ്ബാസികളെ ആയിരുന്നു.
അലി(റ)യും മുആവിയ(റ)യും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിന് ഉത്തരവാദികളായ കൂഫയില്‍ ഉണ്ടായിരുന്ന ഖവാരിജുകള്‍ തന്നെയായിരുന്നു അലി(റ)യുടെ കൊലപാതകത്തിന് പിന്നിലും. മുഖ്യധാരയില്‍ നിന്ന് വ്യതിചലിച്ച വിശ്വാസപ്രമാണം ആയിരുന്നു അവരുടേത്. വന്‍ പാപം ചെയ്ത മുസ്ലിമിനെ മതത്തില്‍ നിന്ന് പുറത്താക്കുകയും മരണം വിധിക്കുകയും വേണം എന്നായിരുന്നു അവരുടെ പക്ഷം. മുസ്ലിമിന് അവന്റെ ഇച്ഛക്കനുസരിച്ച് ജീവിക്കാമെന്നും അല്ലാഹു അവനായി കല്പിച്ച പാതയില്‍ നിന്ന് വ്യതിചലിക്കാമെന്നും വിശ്വസിച്ചവരായിരുന്നു ഖദ്‌രിയ്യ വിഭാഗം. യുക്തിക്ക് പ്രാമുഖ്യം നല്‍കിയവരായിരുന്നു. മുഅ്തസില വിഭാഗം. അല്ലാഹുവിന്റെ ശാശ്വതമായ സവിശേഷതകളെ അവര്‍ ചോദ്യം ചെയ്തു. സംസാരം പോലുള്ള ശേഷികള്‍ ഭാവനയില്‍ സൃഷ്ടിച്ചെടുത്തതാണെന്നാണ് അവര്‍ വാദിച്ചിരുന്നത്.
കൂടാതെ, ഗ്രീകോ-റോമന്‍/അരിസ്റ്റോട്ടിലിയന്‍ ചിന്തകളുടെ ശക്തമായ സ്വാധീനവും കൂഫയില്‍ ഇസ്ലാമിന് വെല്ലുവിളിയായി. അതിനുശേഷവും, ഖിലാഫത്തിന്റെ ഭരണപരമായ ദുരുപയോഗം ജനങ്ങളുടെ കലാപത്തിന് കാരണമായി. ഉലമാക്കള്‍ മുതലെടുക്കുമെന്ന് ഭയന്ന് അമവികള്‍ ഉലമാക്കളുടെ രാഷ്ട്രീയ ചര്‍ച്ചകളെ അടിച്ചമര്‍ത്തി. ഇങ്ങനെയെല്ലാം വ്യത്യസ്ത ആശയങ്ങളുടെ നിരന്തര സംവേദന ഇടമായിരുന്നുകൂഫ.
നാല് മദ്ഹബുകള്‍ക്ക് മുമ്പ്, ഇസ്ലാമിക നിയമം നിര്‍ണയിച്ചിരുന്നത് ഇറാഖിലെയും ഹിജാസിലെയും സ്‌കൂളുകളില്‍ നിന്നുള്ള പണ്ഡിതരായിരുന്നു. നബിയുടെ പിന്‍ഗാമികള്‍ മദീനയില്‍ വസിക്കുന്നതിനാല്‍ തന്നെ അവര്‍ നബിചര്യകള്‍ പിന്‍പറ്റുകയും അധ്യയനം നടത്തുകയും ചെയ്തിരുന്നു. മദീനയെ ലോകത്തിലെ ഏറ്റവും മികച്ച ഹദീസ് പഠനകേന്ദ്രമാക്കി ഉയര്‍ത്തുവാന്‍ ഇത് കാരണമാവുകയും ചെയ്തു. ഇമാം അബൂ ഹനീഫയുടെ സമകാലികനും പണ്ഡിതനുമായ ഇമാം മാലിക് ഇബ്‌നു അനസ്(റ) ആണ് മദീനയില്‍ നിലവിലുണ്ടായിരുന്ന പാണ്ഡിത്യത്തെ സമാഹരിച്ച് മാലികി മദ്ഹബ് ക്രമപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അധ്യയനം ‘അഹ്‌ലുല്‍ ഹദീസ്’ (ഹദീസിന്റെ ജനത), അഹ്‌ലുല്‍ മദീന (മദീനയുടെ ജനത) എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഇറാഖിലെ പണ്ഡിതന്മാര്‍ അഹ്‌ലുല്‍ റഅ്‌യ് (അഭിപ്രായമുള്ള ജനത) എന്നാണ് അറിയപ്പെടുന്നത്.
ഇറാഖ് കേന്ദ്രമായ ദാര്‍ശനികത കൂഫയിലെ വിയോജിപ്പുകളെ നിരാകരിക്കുന്നതിനായി അവയെ ഹദീസുകളും ഇസ്ലാമിക നിയമങ്ങളുമായി താരതമ്യം ചെയ്യുകയും വിശകലനം ചെയ്യുകയും വിപുലീകരിക്കുകയും ആണ് ചെയ്തത്. ഈ ദാര്‍ശനികതകള്‍ തമ്മിലുള്ള വൈരുധ്യം ഇമാം അബൂ ഹനീഫയും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും ഇമാം മാലികിനോടും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളോടും കൂടിക്കാഴ്ച നടത്തിയതോടെ പരിഹരിക്കപ്പെട്ടു.

അബൂ ഹനീഫയുടെ മാതാപിതാക്കള്‍
‘അബു ഹനീഫ’ എന്നത് ഒരു കുന്‍യത്താണ് (ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതകള്‍ക്ക് നല്‍കുന്ന വിശേഷണം, അപരനാമം എന്ന് ചുരുക്കം). ഇമാം അബു ഹനീഫയുടെ യഥാര്‍ഥ പേര് നുഅ്മാന്‍ ബിന്‍ സാബിത് എന്നാണ്. കുഫിക് ഭാഷയില്‍ ‘ഹനീഫ’ എന്നാല്‍ ‘മഷി’ അല്ലെങ്കില്‍ ‘മഷിക്കുപ്പി’ എന്നാണ് അര്‍ഥം. ഇമാം തന്റെ കൂടെ കൊണ്ടുപോകുന്ന മഷി പാത്രത്തെ ഇത് സൂചിപ്പിക്കുന്നു.
അബു ഹനീഫയുടെ പിതാവിന് മറ്റൊരാളുടെ തോട്ടത്തില്‍ നിന്ന് ഒരു പഴം അനുവാദമില്ലാതെ കഴിക്കേണ്ടി വന്നു. അന്ത്യനാളിനെ ഭയന്ന അദ്ദേഹം ഉടമയെ സമീപിച്ച് മോഷ്ടിച്ച പഴങ്ങളുടെ കടം എങ്ങനെ നികത്തണമെന്ന് ചോദിച്ചു. സാബിത്തിന്റെ പ്രതിബദ്ധത അളക്കുക എന്ന ഉദ്ദേശ്യം കൂടെ വെച്ച് തന്റെ ഊമയും ബധിരയും അന്ധയുമായ മകളെ വിവാഹം കഴിക്കാന്‍ ആണ് ആവശ്യപ്പെട്ടത്. മൂകയും അന്ധയും ബധിരയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മന്ദഗതിയിലുള്ളവളുമെന്ന് വിശേഷിപ്പിച്ച ആ സ്ത്രീയെ കല്യാണം കഴിക്കാന്‍ അല്ലാഹുവിലുള്ള ഭയം നിമിത്തം സാബിത് തയ്യാറായി. അവളെ കാണാന്‍ പോയപ്പോള്‍ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മകള്‍ ഇപ്രകാരം പറഞ്ഞു, താന്‍ അല്ലാഹുവിന് അപ്രീതികരമായ കാര്യങ്ങളില്‍ നിന്ന് ബധിരയും നിഷിദ്ധമായതില്‍ നിന്ന് ഊമയും അന്ധയും നിഷ്‌ക്രിയമായ അറിവിനെ തൊട്ട് അറിയാത്തവളുമാണ്. ഇത്തരം മഹത്വവാദികളായ മാതാപിതാക്കളുടെ സന്തതി സാധാരണക്കാരനെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍ ഉള്ളവനായിരിക്കുക എന്നതില്‍ അത്ഭുതമില്ലല്ലോ.
ഇമാം അബു ഹനീഫ(റ) കറുത്ത് നീണ്ട ഒരു മനുഷ്യനായിരുന്നു. അദ്ദേഹം തന്റെ ജീവിതകാലത്ത് അനസ് ഇബ്‌നു മാലിക്(റ) ഉള്‍പ്പെടെ ഏതാനും സ്വഹാബികളെ ബസറയില്‍ വെച്ച് കണ്ടുമുട്ടിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ നല്ല വസ്ത്രം ധരിക്കുന്ന ധനികനായ ഒരു വ്യക്തിയായി അദ്ദേഹം ജീവിച്ചു. അഞ്ചാം വയസ്സ് മുതല്‍ പിതാവിനെ പട്ട് വ്യാപാരത്തില്‍ സഹായിച്ച് തുടങ്ങിയിരുന്നു. മതകാര്യങ്ങളെ പോലെ മതേതര കാര്യങ്ങളിലും ഇടപ്പെട്ടിരുന്നു എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ അതുല്യ വശമായി പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇപ്രകാരം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ”ഒരു വ്യാപാരം സ്വന്തമായി നടത്തുന്നതു വരെ നിങ്ങള്‍ അല്ലാഹുവിലുള്ള യഥാര്‍ഥ തവക്കുല്‍ സ്വന്തമാക്കുന്നില്ല”.
അദ്ദേഹം തന്റെ വ്യവസായങ്ങളില്‍ പലിശ ഉള്‍പ്പെടുത്തിയിരുന്നില്ല. ഉപഭോക്താക്കളുടെ മേല്‍ വില കൂട്ടിയിടുന്ന രീതിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ദരിദ്രനാണ് അദ്ദേഹത്തിന്റെ അടുക്കല്‍ വസ്ത്രം വാങ്ങാന്‍ എത്തുന്നത് എങ്കില്‍ ലാഭം നോക്കുന്ന പതിവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. കേടുപാട് വന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വിലപേശുകയോ ചെയ്യുമായിരുന്നുമില്ല. ഒരിക്കല്‍ ഒരാള്‍ ഒരു ഉല്‍പ്പന്നം ആവശ്യപ്പെടുകയും അത് നല്‍കാന്‍ ഇമാം അബൂ ഹനീഫ(റ) മകനെ അയയ്ക്കുകയും ചെയ്തു. മകന്‍ നബി(സ) യുടെ മേല്‍ സ്വലാത്ത് ചൊല്ലിക്കൊണ്ട് ഉല്‍പ്പന്നത്തെ പ്രശംസിച്ചു, ഇത് ഇമാം അബൂ ഹനീഫയുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് എതിരായിരുന്നതിനാല്‍ ഇനത്തിനായി കൈപ്പറ്റിയ 300 ദിര്‍ഹം തിരിച്ചു നല്‍കുകയാണ് ചെയ്തത്. ഇത്രയധികം സൂക്ഷ്മത പുലര്‍ത്തികൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നതും കച്ചവടം ചെയ്തിരുന്നതും. വിശാലമായ ദാനശീലവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
മകനെ കൊണ്ട് എല്ലാ ദിവസവും പത്ത് നാണയങ്ങളും വെള്ളിയാഴ്ചകളില്‍ 20 നാണയങ്ങളും പാവങ്ങള്‍ക്ക് കൊടുപ്പിക്കുമായിരുന്നു. ഒരു രക്ഷിതാവെന്ന നിലയില്‍ ഔദാര്യം പോലുള്ള ഗുണങ്ങള്‍ തന്റെ മകനില്‍ വളര്‍ത്താന്‍ അദ്ദേഹം പ്രതേ്യകശ്രദ്ധ പുലര്‍ത്തിയിരുന്നു. ബിസിനസ്സില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിജയം അദ്ദേഹത്തെ ഒരിക്കലും അത്യാഗ്രഹി ആക്കിയില്ല. അദ്ദേഹം കടം വാങ്ങിയവരെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നില്ല. നാണക്കേട് കാരണം അദ്ദേഹത്തില്‍ നിന്ന് പണം കടം വാങ്ങിയ ഒരാള്‍ ഒളിച്ചു നടക്കുന്നത് ഇമാമിന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍ അയാള്‍ക്ക് അങ്ങനെ തോന്നാന്‍ താന്‍ കാരണമായി എന്നതിനാല്‍ ഇമാം അയാളോട് ക്ഷമ ചോദിച്ച സംഭവം വരെ ഉണ്ട്. ഉത്തരവാദിത്തം നിറവേറ്റാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന മറ്റൊരാളോട് ഒരു വ്യക്തി ഒരിക്കലും അരോചകമായി പകയോ വിദ്വേഷമോ വെച്ചുപുലര്‍ത്തരുതെന്ന് ഇമാമിന്റെ പെരുമാറ്റം നമുക്ക് കാണിച്ചുതരുന്നു. ഇമാം അബൂ ഹനീഫയും ഈ ഉമ്മത്തിലെ മഹത്തായ ദാസന്മാരും ദീന്‍ പാലിക്കുന്നതില്‍ എത്ര കര്‍ശനമായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്ന് ലോകത്തിന് അറിവുള്ളതാണ്. സ്‌നേഹം, അനുകമ്പ മുതലായവ അവരുടെ മുഖമുദ്രയുമായിരുന്നു.
മെച്ചപ്പെട്ട ഉപജീവനമാര്‍ഗമെന്ന കണക്കെ ഒരു നിശ്ചിത തുകയെ ആവശ്യമുള്ളൂ എന്ന് അലി(റ) പ്രസ്താവിച്ചതുപോലെ തന്നെ അബൂ ഹനീഫ(റ) യും ഒരു തുക ജീവിതചെലവിലേക്ക് എടുത്ത് ബാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമായിരുന്നു. പഠനം ആരംഭിക്കുന്നതിന് മുമ്പേ ഇത്തരം ശക്തമായ നിലപാടുകള്‍ അദ്ദേഹം കൈകൊണ്ടിരുന്നു. ഇമാം അബു ഹനീഫ(റ) നല്ല പെരുമാറ്റത്തിനും ദീന്‍ കൊണ്ടുനടക്കുന്നതിലും പ്രശസ്തി നേടി. ഐശ്വര്യത്തിനും അനായാസമായ വ്യക്തിത്വത്തിനും സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന ഇമാം ശഅബി(റ) ആ യുവവ്യവസായിയില്‍ നിന്ന് ഉരുത്തിരിഞ്ഞ മിഴിവിലേക്ക് സ്വാഭാവികമായും ചായ്‌വ് ഉള്ളവനായിരുന്നു. നിങ്ങളുടെ അധ്യാപകന്‍ ആരാണെന്ന ശഅബിയുടെ ചോദ്യത്തിന് തനിക്ക് അധ്യാപകരില്ല എന്ന മറുപടിയാണ് ഇമാം നല്‍കിയത്. ശഅബി(റ) ഇപ്രകാരം പ്രതികരിച്ചു: ”തലയില്ലാത്ത മനുഷ്യനെപ്പോലെ നിങ്ങളുടെ ജീവിതം നയിക്കരുത്, പ്രയോജനകരമായ അറിവ് പഠിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ദര്‍ശനങ്ങള്‍ തിരിച്ചറിയുക, ഞാന്‍ നിങ്ങളില്‍ അനേകം പ്രയോജനകരമായ ഗുണങ്ങള്‍ കാണുന്നു”. ഇമാം ശഅബി തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞതാണ് തന്നെ പഠനത്തിലേക്ക് നയിച്ചതെന്ന് ഇമാം അബൂ ഹനീഫ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ദൈവശാസ്ത്രത്തിലെ വൈദഗ്ധ്യം
അബൂ ഹനീഫയുടെ ആദ്യ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് അഖീദയായിരുന്നു. അക്കാലത്ത് കൂഫയില്‍ തളംകെട്ടി നിന്നിരുന്ന വികലമായ പ്രത്യയശാസ്ത്രങ്ങള്‍ ഭീഷണിപ്പെടുത്തി വെച്ചിരുന്ന ഇസ്ലാമിക ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പഠനമാണ് അഖീദ. ഇമാം അബൂ ഹനീഫ(റ) വ്യത്യസ്ത വിശ്വാസങ്ങള്‍ക്കെതിരെ വാദിച്ചുകൊണ്ട് എല്ലായ്‌പോഴും മുന്നിട്ട് നില്‍ക്കും. റോമിയോ-ക്രിസ്ത്യനായ ഒരു പ്രാസംഗികനുമായുള്ള ഏറ്റുമുട്ടല്‍ അദ്ദേഹത്തിന്റെ അറിവ് എടുത്തുകാണിക്കുന്നതായിരുന്നു.
ആ മനുഷ്യന്‍ മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചു: അല്ലാഹു എന്താണ് അഭിമുഖീകരിക്കുന്നത്, അല്ലാഹുവിനു മുമ്പേ എന്താണ് ഉള്ളത്? അല്ലാഹു ഇപ്പോള്‍ എന്താണ് ചെയ്യുന്നത്? ആദ്യ ചോദ്യത്തിനുള്ള മറുപടിയില്‍, ഇമാം അബൂഹനീഫ(റ) ഒരു മെഴുകുതിരി കത്തിച്ച് ആ മനുഷ്യനോട് മെഴുകുതിരിയുടെ വെളിച്ചം എവിടെയാണെന്ന് ചോദിച്ചു. മെഴുകുതിരിയുടെ വെളിച്ചം ഒരു വഴിക്ക് തിരിയാതെ മുറി നിറയുന്നത് പോലെ, അല്ലാഹുവിന്റെ നൂറിന്റെ(അനുഗ്രഹീത പ്രകാശം) കാര്യത്തിലും ഇത് സത്യമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത ചോദ്യത്തില്‍, ഇമാം അബൂ ഹനീഫ(റ) ചോദ്യകര്‍ത്താവിന്റെ ഉത്തരത്തിനായി പത്തില്‍ നിന്ന് തിരികെ എണ്ണി. ഒന്നാം നമ്പറിന് ശേഷം തുടരാന്‍ അദ്ദേഹം ചോദ്യകര്‍ത്താവിനെ പ്രോത്സാഹിപ്പിച്ചു തനിക്ക് കഴിയില്ലെന്ന് ചോദ്യകര്‍ത്താവ് പ്രതികരിച്ചു.
അബൂ ഹനീഫയും അതേ രീതിയില്‍ പറഞ്ഞു, ഞങ്ങള്‍ അല്ലാഹുവിന് ഒരു ‘മുന്‍പേ’ നല്‍കുന്നില്ല, കാരണം അത് നമ്മുടെ ഗ്രാഹ്യത്തിന് പുറത്താണ്. അവസാന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് മുമ്പ്, ഇമാം അബൂ ഹനീഫ(റ) സംസാരിക്കുന്നത് ഇമാം ആയതിനാല്‍ ചോദ്യകര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന ഉയരത്തില്‍ നിന്ന് ഉത്തരം നല്‍കാനുള്ള അനുമതിക്ക് അഭ്യര്‍ഥിച്ചു. ചോദ്യകര്‍ത്താവ് നിര്‍ബന്ധിതനായി, അവസാന ചോദ്യത്തിന് ഇമാം അബൂ ഹനീഫ(റ) തന്റെ ദീനിനെ സംരക്ഷിച്ചയാള്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിക്കൊണ്ട് അല്ലാഹു ചോദ്യകര്‍ത്താവിനെ അപമാനിച്ചുവെന്ന് പറഞ്ഞു.
ഫിഖ്ഹിലേക്ക് തിരിയുന്നതിന് മുമ്പ് ഇമാം അബൂ ഹനീഫയുടെ ജീവിതത്തിലെ പ്രധാന കേന്ദ്രബിന്ദുവായിരുന്നു അഖീദ. അഖീദ വിഷയത്തിലെ അദ്ദേഹത്തിന്റെ ആപ്തവാക്യം അല്‍-ഫിഖ് അല്‍-അക്ബര്‍ ആയിരുന്നു. അഖീദയുടെ പില്‍ക്കാലത്തെ പല പുസ്തകങ്ങളും റഫറന്‍സായി ഉപയോഗിക്കുന്നതും നിലവിലെ അധ്യായനങ്ങളില്‍ ഇപ്പോഴും പരാമര്‍ശിക്കപ്പെടുന്നതുമായ ഒരു പാഠമാണ് ഇത്. ഈ വിഷയത്തില്‍ ഇമാം അബൂ ഹനീഫയുടെ (റ) കൃതികള്‍ ഇമാം ത്വഹാവിയെ(റ ) സ്വാധീനിക്കുകയും അദ്ദേഹം അഖീദത്തുത്വഹാവിയ്യ രചിക്കുകയും ചെയ്തു.
വിവ. അഫീഫ ഷെറിന്‍

Back to Top