ഇമാം അബൂഹനീഫ നിയമശാസ്ത്രത്തിലെ വൈദഗ്ധ്യം
ശൈഖ് അബ്ദുല്ല വഹീദ്
ഇമാം അബൂ ഹനീഫ തന്റെ പ്രിയപ്പെട്ട അധ്യാപകനായ ഹമ്മദ് ഇബ്നു അലി അബി സുലൈമാന്റെ(റ) കീഴിലാണ് ഫിഖ്ഹ് പഠിച്ചത്. ഇരുവരും തമ്മില്‍ ഒമ്പത് വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഇമാം അബൂ ഹനീഫ(റ) ആദ്യമായി ഹമ്മദിന്റെ ക്ലാസ്സില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം പുറകിലായിരുന്നു ഇരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഫിഖ്ഹ് പഠിക്കാനുള്ള പ്രതിബദ്ധത തിരിച്ചറിഞ്ഞ ശേഷം ഹമ്മദ് അദ്ദേഹത്തെ മുന്‍നിരയില്‍ ഇരുത്തുമായിരുന്നു. ഒടുവില്‍ അബൂഹനീഫയെ അദ്ദേഹം തന്റെ കൂടെ ഇരുത്താന്‍ തുടങ്ങി.
ഇമാം അബുഹനീഫ കാലക്രമേണ തന്റെ അധ്യാപകന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി പരിണമിച്ചു. പലചരക്ക് സാധനങ്ങളും പുസ്തകങ്ങളും വഹിച്ച് രാപ്പകല്‍ അദ്ദേഹത്തെ സഹായിച്ചു. അധ്യാപകന്റെ വീടിന്റെയും പൂന്തോട്ടത്തിന്റെയും പരിപാലനവും അദ്ദേഹം ഏറ്റെടുത്തു. പൊതുജനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ അധ്യാപകനിലേക്ക് കൃത്യമായി എത്തിക്കുമായിരുന്നു. ഒരു സന്ദര്‍ഭത്തില്‍, മരിച്ചുപോയ ഒരു കുടുംബാംഗത്തിന്റെ അനന്തരാവകാശം തീര്‍ക്കുന്നതിനായി ഹമ്മദിന് രണ്ടു മാസത്തേക്ക് ബസ്വറയിലേക്ക് പോകേണ്ടി വന്നു. ഇമാം അബൂഹനീഫ കൂഫയില്‍ അദ്ദേഹത്തിന് പകരം ഇരുന്നുകൊണ്ട് ഏകദേശം അറുപതോളം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ബസ്വറയിലായിരിക്കുമ്പോള്‍, ഹമ്മദ്(റ) തന്റെ വിദ്യാര്‍ഥിയെ കാണാതിരിക്കുന്നതിനാല്‍ കരയുമായിരുന്നു.
മടങ്ങിയെത്തിയപ്പോള്‍, ഇമാം അബൂ ഹനീഫയുടെ നാല്‍പത് പ്രതികരണങ്ങള്‍ മാത്രമാണ് താന്‍ അംഗീകരിച്ചതെന്ന് ഹമ്മദ് അബൂഹനീഫയെ അറിയിച്ചു. ഇമാം അബൂ ഹനീഫ തന്റെ അധ്യാപകനെ മരിക്കുന്നതുവരെ ഉപേക്ഷിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു. മുന്‍കാലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അധ്യാപകരോട് ഉള്ള പ്രതിബദ്ധത ഇത്തരത്തിലായിരുന്നു. അവര്‍ ക്ലാസ്സില്‍ പങ്കെടുക്കുക മാത്രമല്ല, അവര്‍ക്ക് അറിവ് നല്‍കിയ ആളുകളെ മറക്കുകയും ചെയ്യില്ല. കൃതജ്ഞതയുടെ ഭാഗമായി അവര്‍ സദാ അധ്യാപകരെ സേവിക്കുമായിരുന്നു. അബൂ ഹനീഫക്ക് 40 വയസ്സുള്ളപ്പോള്‍ ഹമ്മദ്(റ) അന്തരിച്ചു. ഇമാം അബൂ ഹനീഫ (റ) സ്വാഭാവികമായും അധ്യാപക സ്ഥാനത്തേക്ക് ഉയരുകയുംചെയ്തു.
ഇമാമിന്റെ
സദ്ഗുണങ്ങള്‍
ഇമാമിന്റെ സ്വഭാവമഹിമയും ഭക്തിയും നീതിയും പ്രസിദ്ധമായിരുന്നു. വിനയം, ബഹുമാനം, കരുതല്‍, വിവേകത്തോടെയുള്ള ഇടപെടലുകള്‍, സമൂഹത്തോടും വിദ്യാര്‍ഥികളോടും വെച്ചുപുലര്‍ത്തിയിരുന്ന ഗണ്യമായ സ്‌നേഹം എന്നിവ അദ്ദേഹത്തെ പ്രശസ്തനാക്കി. ഇമാമിന്റെ വിശിഷ്ടമായ സവിശേഷതകളിലൊന്ന് ആരാധനയില്‍ അല്ലാഹുവിനോടുള്ള ഭക്തിയായിരുന്നു. പല റിപ്പോര്‍ട്ടുകളും രാത്രിയില്‍ ഉറങ്ങാനുള്ള അദ്ദേഹത്തിന്റെ മനസ്സില്ലായ്മയെ അഭിസംബോധന ചെയ്യുന്നുണ്ട്. സമൂഹത്തിലുടനീളം പ്രാര്‍ഥനയില്‍ മുഴുകിയ ഒരാളായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അല്ലാഹുവിനെ ആരാധിക്കുന്നതിലുള്ള സ്ഥിരവും തീവ്രവുമായ ഭക്തി ഇസ്ലാമിലെ മറ്റ് മഹത്തായ സേവകരുടെയും സവിശേഷതയാണ്.
പകല്‍ സമയത്ത്, തങ്ങളുടെ അറിവിനും പ്രയത്‌നത്തിനും സമൂഹത്തില്‍ അംഗീകാരവും ഉന്നതിയും ലഭിക്കുമായിരുന്ന അവര്‍ രാത്രിയില്‍ സ്വയം താഴ്ത്തുകയും വിനയാന്വിതരാവുകയും പ്രാര്‍ഥനയില്‍ തങ്ങളുടെ സ്രഷ്ടാവിനെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇമാം അബൂ ഹനീഫ അല്ലാഹുവിനെക്കുറിച്ചും സ്വന്തം പെരുമാറ്റത്തെക്കുറിച്ചും വളരെ ബോധവാനായിരുന്നു. വിജയകരമായ ഒരു വ്യവസായി എന്ന നിലയില്‍, ഇഹലോകത്ത് ഭൗതികസമ്പത്തിനാല്‍ അദ്ദേഹം അനുഗൃഹീതനായിരുന്നു. എന്നാല്‍ തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ദാനധര്‍മങ്ങള്‍ക്കായി മാറ്റിവെക്കുകയും അല്ലാഹുവിന്റെ നീതിമാനായ അടിമയായി ജീവിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തു അദ്ദേഹം.
അബൂ ഹനീഫയുടെ സമകാലികനില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയ ഒരു പണ്ഡിതന്‍ റിപ്പോര്‍ട്ട് ചെയ്തു: ‘നിയമവിരുദ്ധമായ കാര്യങ്ങളെക്കുറിച്ച് വളരെ സൂക്ഷ്മത അദ്ദേഹം പുലര്‍ത്തിയിരുന്നു. നിയമാനുസൃതമായ പല കാര്യങ്ങളും സംശയം കാരണം അദ്ദേഹം ഒഴിവാക്കിയിരുന്നു. സ്വന്തം അറിവിലും ആഗ്രഹത്തിലും അദ്ദേഹത്തേക്കാള്‍ ജാഗ്രത പുലര്‍ത്തിയ മറ്റൊരു ഫാഖിഹ് എന്റെ അറിവില്‍ ഇല്ല. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും പരലോകം ലക്ഷ്യമാക്കിയുള്ളതായിരുന്നു.’
അല്ലാഹുവിലേക്ക് സ്വയം സമര്‍പ്പിക്കുന്നതിലെ മനോഹാരിത ഇമാമിന്റെ ജീവിതത്തില്‍ നിന്ന് വ്യക്തമായിരുന്നു. അല്ലാഹുവിന് കീഴ്‌പെട്ട് ജീവിതം നയിക്കാനുള്ള പ്രേരണ അവനെക്കുറിച്ചുള്ള അറിവാണ്. ഇമാം അബൂഹനീഫയെ പോലെ, ഓരോ വ്യക്തിയും ബോധപൂര്‍വമായ ജീവിതം നയിക്കാന്‍ വേണ്ടി അല്ലാഹുവുമായി ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഇമാം തന്റെ ചുറ്റുമുള്ളവരെയും തന്റെ സമൂഹത്തെയും സേവിക്കുന്നതില്‍ ബോധവാനായിരുന്നു.
അദ്ദേഹം തന്റെ വിദ്യാര്‍ഥികളോട് പെരുമാറുന്ന രീതിയില്‍ ഇത് വളരെ പ്രകടവുമായിരുന്നു. ഒരു വിദ്യാര്‍ഥിയെ തന്റെ കൂടെ കൂട്ടിയാല്‍ ആ വിദ്യാര്‍ഥിക്ക് താമസിക്കാന്‍ ഒരു വീട് നല്‍കാനും മതിയായ വസ്ത്രങ്ങള്‍ നല്‍കാനും പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. വിദ്യാര്‍ഥിയുടെ കുടുംബത്തിനു വേണ്ടിയും ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നു. തന്റെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അദ്ദേഹം വിവാഹാലോചനകള്‍ വരെ നടത്തിയിരുന്നു. സ്വന്തം വിദ്യാര്‍ഥികളെ മാത്രമായിരുന്നില്ല, അയല്‍ക്കാരെയും കൂഫയിലെ മറ്റു താമസക്കാരെയും പരിപാലിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ആ വ്യക്തി പണക്കാരനെന്നോ ദരിദ്രനെന്നോ അറിവില്ലാത്തവനെന്നോ പണ്ഡിതനെന്നോ അദ്ദേഹം കാര്യമാക്കുമായിരുന്നില്ല.
ഇമാം രോഗികളെ സന്ദര്‍ശിക്കുകയും മരണപ്പെട്ടയാളുകളുടെ മയ്യിത്ത് നമസ്‌കാരം നടത്തുകയും ചെയ്യുമായിരുന്നു. ഇസ്ലാമിനെ സേവിക്കുക എന്നതിനര്‍ഥം തങ്ങളുടെ സമുദായത്തിന്റെ സേവകരായിരിക്കുക എന്നത് തന്നെയാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. തങ്ങള്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ മാതൃകയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവര്‍ മനസ്സിലാക്കി. മറ്റുള്ളവരെ സഹായിക്കുന്നതും സമപ്രായക്കാരുടെ കൂട്ടായ്മകളില്‍ പങ്കാളികളാവുന്നതും അവര്‍ ആസ്വദിച്ചിരുന്നു.
ഇമാം അബൂഹനീഫ(റ)യും ഇസ്ലാമിന്റെ മറ്റു മഹാത്മാക്കളായ സേവകരും നമുക്ക് മാതൃകയാകണം. ഇസ്ലാമിന് സമൂഹത്തിലും സമുദായങ്ങള്‍ക്കിടയിലും നല്ല പേര് സമ്പാദിക്കാനും സമൂഹത്തില്‍ നന്മ വളര്‍ത്താനും ഇത്തരം ഇടപെടലുകള്‍ ആവശ്യമാണ്. ജീവിതത്തില്‍ പകര്‍ത്താവുന്ന മറ്റനേകം ഗുണങ്ങളും ഇമാം അബു ഹനീഫ(റ) യുടെ സ്വഭാവത്തില്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, മറ്റുള്ളവരെ വിമര്‍ശനവിധേയമാക്കുന്നതിന് മുമ്പ് സ്വയം വിമര്‍ശിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു. ആരെങ്കിലും അദ്ദേഹത്തിന്റെ ഒത്തുചേരലുകളെ തടസ്സപ്പെടുത്തുമ്പോഴെല്ലാം അദ്ദേഹം ആ ശല്യക്കാരനെ എതിരിടുകയായിരുന്നില്ല ചെയ്തിരുന്നത്, മറിച്ച് ക്ഷമയോടെ ആ വ്യക്തി അവസാനിപ്പിക്കുവാന്‍ കാത്തിരിക്കുമായിരുന്നു. ഇത്തരം പ്രതികരണങ്ങള്‍ താന്‍ വളരെ ശ്രേഷ്ഠനാണ് എന്ന ചിന്തയെ ഇല്ലാതാക്കുകയും പകരം അല്ലാഹുവിന്റെ ശ്രേഷ്ഠതയുടെ അടുത്തുപോലും സ്ഥാനമില്ലാത്ത വ്യക്തിയാണെന്ന് ഓര്‍മിപ്പിക്കാന്‍ സഹായകരമാണെന്നും അദ്ദേഹം വിശ്വസിച്ചു.
ഏഷണി, പരദൂഷണം, കുത്തിത്തിരിപ്പ് ഇതൊന്നും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഉണ്ടായിരുന്നേയില്ല. മുസ്ലിമായിരിക്കുക എന്ന അനുഗ്രഹം ലഭിച്ച ആളാണ് താന്‍ എന്നും അതിനെ നിസ്സാരവല്‍ക്കരിക്കുക ശരിയല്ല എന്നുമുള്ള തിരിച്ചറിവുള്ള വ്യക്തി ആയിരുന്നു ഇമാം. എന്നും അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കാനുള്ള സന്നദ്ധതയാണ് അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളുടെ അടിസ്ഥാനം. പല തരത്തിലുള്ള തിരിച്ചറിവുകളാല്‍ ദീനിനെ വളരെ മനോഹരമായി ഉള്‍ക്കൊണ്ട വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഇസ്ലാമിക ശാസ്ത്രങ്ങളുടെ പഠനം മുഴുവന്‍ ഉമ്മത്തിനും ഇന്നും പ്രയോജനം ചെയ്യുന്നുണ്ട്.
രീതിശാസ്ത്രവും
ചിന്തകളിലെ
ദാര്‍ശനികതയും
ഇമാം അബൂ ഹനീഫ(റ)യുടെ കൗണ്‍സിലില്‍ 40 വിദ്യാര്‍ഥികളുണ്ടായിരുന്നു. ഭാഷ, ഹദീസ്, തഫ്‌സീര്‍ തുടങ്ങി വിവിധ ഇസ്ലാമിക ശാസ്ത്രങ്ങളില്‍ അഗ്രഗണ്യരായവരായിരുന്നു ഓരോരുത്തരും. കൗണ്‍സില്‍ ഒരു വിഷയം ചര്‍ച്ചക്കെടുക്കുകയും ആ വിഷയത്തെ ഓരോരുത്തരും സ്വന്തം കാഴ്ചപ്പാടിനെയും വൈദഗ്ധ്യത്തെയും അടിസ്ഥാനമാക്കി വിശകലനം ചെയ്ത് പരസ്പരം സംവദിക്കുകയും ചെയ്യുമായിരുന്നു. ഈ സംവാദങ്ങളുടെ നേതൃത്വം വഹിക്കുക ഇമാം ആയിരുന്നു.
വാസ്തവത്തില്‍, ഹനഫി മദ്ഹബിനെക്കുറിച്ചുള്ള നിരവധി അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയവയാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തരായ രണ്ട് വിദ്യാര്‍ഥികളായ ഖാദി അബു യൂസുഫും ഇമാം മുഹമ്മദ് അല്‍-ഷൈബാനിയും. നിയമപരമായ ചോദ്യങ്ങള്‍ക്ക് ഖുര്‍ആന്‍ അടിസ്ഥാനമാക്കി ആണ് ഇമാം ഉത്തരങ്ങള്‍ നല്‍കിയിരുന്നത്. ഖുര്‍ആനില്‍ നിന്ന് നേരിട്ട് ഉത്തരം കണ്ടെത്താനായില്ലെങ്കില്‍, അദ്ദേഹം നബി(സ)യുടെ സുന്നത്തിലേക്കാണ് നോക്കുക. എന്നിട്ടും ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ സ്വഹാബാക്കളുടെ പ്രസ്താവനകളിലേക്ക് നോക്കും.
ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ ഇമാം തന്റെ ഖുര്‍ആനിലും ഹദീസിലുമുള്ള അറിവുമായി ഏറ്റവും യോജിക്കുന്നതായി തോന്നിയ പ്രസ്താവന അംഗീകരിക്കുകയാണ് ചെയ്യുക. എന്നിരുന്നാലും, അദ്ദേഹത്തിന് വിധിനിര്‍ണയം നടത്തുവാന്‍ സാധിക്കാതെ വന്നാല്‍ സ്വന്തമായി വിധി പുറപ്പെടുവിക്കുകയും ഇബ്‌റാഹിം അല്‍നഖയി, ഹസനുല്‍ ബസ്വരി തുടങ്ങിയ ആളുകളുടെ അനുമാനങ്ങളുമായി താരതമ്യം ചെയ്ത് പരിശോധിക്കുകയും ചെയ്യുകയായിരുന്നു പതിവ്.
പില്‍ക്കാല ജീവിതവും രാഷ്ട്രീയ പ്രക്ഷുബ്ധതയും
ഇമാം അബൂഹനീഫ(റ) സായിദ് ഇബ്‌നു അലി(റ)യുടെ പ്രക്ഷോഭത്തെ പിന്തുണച്ചു. ഹിജ്‌റ 121-ല്‍ ഖലീഫ ഹിഷാം അബ്ദുല്‍ മാലിക്കിനെതിരെ അദ്ദേഹം കലാപം ആരംഭിച്ചപ്പോള്‍ ഇമാം അബു ഹനീഫ(റ) അദ്ദേഹത്തെ സാമ്പത്തികമായി പിന്തുണച്ചു. പകരമായി കൂഫയിലെ ഗവര്‍ണര്‍മാരില്‍ ഒരാള്‍ ഇമാമിനെ ട്രഷറര്‍ ആയോ ചീഫ് ജഡ്ജിയായോ നിയമിച്ച് ഉമയ്യദുകളുടെ വിശ്വാസം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇമാം അബൂഹനീഫ(റ) നിയമനം നിഷേധിച്ചു. അതിനാല്‍ അദ്ദേഹത്തെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒന്നുകില്‍ സ്ഥാനം ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ മറ്റൊരു പീഡനത്തിന് വിധേയനാകണമെന്നും അന്ത്യശാസനം നല്‍കിയാണ് അവര്‍ അദ്ദേഹത്തെ വിട്ടയച്ചത്.
തുടര്‍ന്ന് ഇമാം മക്കയിലേക്ക് പലായനം ചെയ്യുകയാണ് ചെയ്തത്. ഈ യാത്രയില്‍ ഹിജാസില്‍ വെച്ച് ഇമാം അബൂഹനീഫ ഇമാം മാലിക്കിനെ കണ്ടുമുട്ടി. അവര്‍ പരസ്പരം ശക്തമായ ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ഒരാള്‍ക്ക് മറ്റൊരാളില്‍ അതിയായ ബഹുമാനം ഉടലെടുക്കാന്‍ ചര്‍ച്ച വഴിവെക്കുകയും ചെയ്തു. ഇമാം മാലിക്കിന്റെ വിദ്യാര്‍ഥികള്‍ അബൂഹനീഫയെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം ബഹുമാനപൂര്‍വം മറുപടി പറഞ്ഞിരുന്നു.
ഇമാം അബൂഹനീഫ(റ) തന്റെ വിദ്യാര്‍ഥികളില്‍ പ്രധാനിയായ ഇമാം അബൂയൂസുഫിനെ ഇമാം മാലിക്കിന്റെ അടുത്തേക്ക് പഠിക്കാന്‍ അയച്ചിട്ടുണ്ടായിരുന്നു. ഇമാം മാലിക്കിന്റെ ഹദീസ് രീതിശാസ്ത്രം ഹനഫി മദ്ഹബില്‍ ഉള്‍പ്പെടുത്താന്‍ അബു യൂസുഫിന് കഴിഞ്ഞു. ഇമാം മുഹമ്മദ് അല്‍-ഷൈബാനിയും ഇമാം മാലിക്കിന്റെ കീഴില്‍ മൂന്ന് വര്‍ഷം പഠനം നടത്തി. ഇമാം അബൂഹനീഫ ഏകദേശം ആറ് മുതല്‍ ഏഴ് വര്‍ഷം വരെ ഹിജാസില്‍ താമസിച്ചിരുന്നു. ഹിജ്‌റ 132-ല്‍, അബ്ബാസികള്‍ ഉമയ്യദുകളെ വിജയകരമായി അട്ടിമറിച്ചതിനാല്‍ ഇമാം അബൂഹനീഫ(റ) കൂഫയിലേക്ക് മടങ്ങി. ഉമയ്യദുകളോടുള്ള വിദ്വേഷത്തിന് പരക്കെ പ്രസിദ്ധനായ അബൂഅബ്ബാസ് അല്‍-സഫയായിരുന്നു കൂഫയുടെ പുതിയ ഗവര്‍ണര്‍ ആയി നിയമിതനായത്.
അദ്ദേഹം പണ്ഡിതന്മാരെ വിളിച്ചു കൂട്ടി, നബി(സ)യുടെ കുടുംബത്തെ പരിപാലിക്കുമെന്നും പണ്ഡിതന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും ഉറപ്പുനല്‍കി. തീരുമാനത്തോട് ഇമാം അബൂഹനീഫ (റ)ശുഭാപ്തിവിശ്വാസത്തോടെ ഇപ്രകാരം പ്രതികരിച്ചു: ”നബി(സ)യുടെ കുടുംബത്തില്‍ നിന്ന് സത്യം ഉരുത്തിരിയാന്‍ അനുവദിക്കുകയും അടിച്ചമര്‍ത്തലിനാലുണ്ടാകുന്ന അനീതി ഇല്ലാതാക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വ സ്തുതിയും. നിങ്ങള്‍ അവന്റെ കിതാബിനെയും നബി(സ)യുടെ സുന്നത്തിനെയും പിന്തുണയ്ക്കുന്നിടത്തോളം ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുക തന്നെ ചെയ്യും”.
കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടക്ക് അബൂ അബ്ബാസ് അല്‍ സഫായുടെ പിന്‍ഗാമിയായി അബൂ ജാഫര്‍ അല്‍ മന്‍സൂര്‍ ഗവര്‍ണര്‍ ആയി. പുതിയ ഗവര്‍ണര്‍ തന്റെ രീതികളില്‍ വ്യത്യസ്തനായിരുന്നു. ഇമാം അബൂഹനീഫയെ സര്‍ക്കാരിന് വിധേയനാക്കി നിലനിര്‍ത്താന്‍ വീണ്ടും ചീഫ് ജസ്റ്റിസ് സ്ഥാനം വാഗ്ദാനം ചെയ്യുകയാണ് അയാള്‍ ചെയ്തത്. മുമ്പ് നടന്നതുപോലെ അദ്ദേഹം നിയമനം നിരസിച്ചതിനാല്‍ ജയിലിടക്കപ്പെട്ടു.
യാതൊരുവിധ മാനുഷിക പരിഗണനയും ലഭിക്കാതെ അദ്ദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹിജ്‌റ 150-ല്‍ അദ്ദേഹം അന്തരിച്ചു. ഒരു നിവേദനത്തില്‍, ഇമാം അബൂഹനീഫ (റ) സുജൂദ് അവസ്ഥയില്‍ വഫാത്തായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിന്റെ ഏതവസ്ഥയിലും ദീന്‍ അനുസരിക്കേണ്ടവരാകണം എന്ന് ഇമാമിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്.