21 Saturday
December 2024
2024 December 21
1446 Joumada II 19

ഇല്ലിക്കല്‍ സാബിര്‍ മൗലവി

എം ടി അയ്യൂബ് ചെമ്മാട്


ചെമ്മാട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റ് ചെമ്മാട് സി കെ നഗര്‍ ഇല്ലിക്കല്‍ സാബിര്‍ മൗലവി (52) നിര്യാതനായി. തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂള്‍ അറബിക് അധ്യാപകനായിരുന്നു. കെ എന്‍ എം ചെമ്മാട് ശാഖ ജോയിന്റ് സെക്രട്ടറി, ചെമ്മാട് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയില്‍ ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചതിന് ഈയിടെയാണ് പ്രത്യേക പുരസ്‌കാരം ലഭിച്ചത്. ചെമ്മാട്ട് ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ഇസ്‌ലാഹി കാമ്പസിന്റെ നിര്‍മാണത്തിലും പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. കാമ്പസിലെ മദ്‌റസതു റയ്യാനിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. അറബി ഭാഷയെ അഗാധമായി സ്‌നേഹിച്ച അദ്ദേഹം മികച്ച കവിയായിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ സ്‌കൂള്‍ കലോല്‍സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. വര്‍ഷങ്ങളായി അറബിക് കലോല്‍സവത്തില്‍ ഓറിയന്റല്‍ ഹൈസ്‌കൂളിനെ മുന്‍പന്തിയിലെത്തിക്കുന്നതില്‍ സാബിര്‍ മൗലവി വഹിച്ച പങ്ക് വളരെ വലുതാണ്. ആദര്‍ശ പ്രബോധന രംഗത്തും സംഘടനാ രംഗത്തും വളരെ ഊര്‍ജസ്വലനായി നിറഞ്ഞ് നില്‍ക്കവേ വളരെ ആകസ്മികമായാണ് അദ്ദേഹം വിടവാങ്ങിയത്. തിരൂരങ്ങാടി ജി എല്‍ പി സ്‌കൂള്‍ അധ്യാപിക അസ്മാബിയാണ് ഭാര്യ. വിദ്യാര്‍ഥികളായ അര്‍ഷദ്, അര്‍ഫഖ്, അര്‍ഷഖ് എന്നിവരാണ് മക്കള്‍. നാഥാ, പരേതന് നീ മരണാനന്തര ജീവിതം വെളിച്ചം നിറഞ്ഞതാക്കിക്കൊടുക്കേണമേ. അദ്ദേഹത്തിന്റെ സല്‍കര്‍മങ്ങള്‍ക്കും സദ്‌വിചാരങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കേണമേ. (ആമീന്‍)

Back to Top