9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

താബിഉകളുടെ കാലഘട്ടത്തിലെ ഇജ്തിഹാദ്‌

അബ്ദുല്‍അലി മദനി


ഇജ്തിഹാദിന്റെ വാതില്‍ കൊട്ടിയടച്ചതാണെന്നും ഇനിയൊരിക്കലും അത് തുറക്കില്ലെന്നും അന്ധമായ അനുകരണമല്ലാതെ മറ്റു വഴിയില്ലെന്നും പറഞ്ഞു കൊണ്ടിരിക്കുന്ന ചില പുരോഹിത വേഷധാരികള്‍ തന്നെ അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടാനും അവയ്ക്ക് ആരാധനാ വഴിപാടുകള്‍ സമര്‍പ്പിക്കുവാനും ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും ഉണ്ടോ എന്ന് പഠനം നടത്തുന്നു. സ്ത്രീകള്‍ക്ക് ജുമുഅ ജമാഅത്തുകള്‍ക്ക് പള്ളിയില്‍ വരുന്നത് തടയാന്‍ പഴുതന്വേഷിക്കുന്നു. ജുമുഅ ഖുത്തുബ ജനങ്ങള്‍ക്ക് മനസ്സിലാകാതിരിക്കാന്‍ വഴി തേടുന്നു. മാരണം, കൂടോത്രം, ഉറുക്ക്, ഏലസ്സ്, തകിട്, ഹോമം, ജപം, ജോത്സ്യം, കണ്ണേറ് എന്നിവയ്ക്ക് യാഥാര്‍ഥ്യവും സ്വാധീനവുമുണ്ടെന്ന് ജനങ്ങളെ സമ്മതിപ്പിക്കാന്‍ ഗവേഷണം നടത്തുന്നു. ഇതെല്ലാം അവര്‍ വ്യാഖ്യാനിച്ചുണ്ടാക്കാന്‍ പരിശ്രമിക്കുന്നു. അഥവാ സ്വന്തം വാദം സ്ഥാപിക്കാന്‍ ഇജ്തിഹാദിന്റെ വാതില്‍ തുറക്കുന്നു. അതേസമയം ഇജ്തിഹാദ് വേണ്ടതില്ലെന്നും കഴിഞ്ഞുപോയ ഇമാമുകളുടെ വീക്ഷണങ്ങള്‍ക്ക് പിന്നാലെ പോയാല്‍ മതിയെന്നും വാദിക്കുകയും ചെയ്യുന്നു
വൈവിധ്യങ്ങളുടെ മേച്ചില്‍ പുറങ്ങള്‍ തേടുന്ന മനുഷ്യ ജീവിതത്തിലെ ഓരോ ചുവടുവെപ്പും ദൈവിക നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്തണമെങ്കില്‍ ബുദ്ധിപരമായി ഉണര്‍വുണ്ടായെങ്കില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. അതല്ലെങ്കില്‍ മനുഷ്യജീവിതവും ദൈവികനിയമങ്ങളും തമ്മില്‍ ഒരിക്കലും യോജിക്കാത്ത വിധം രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലായിരിക്കും നിലകൊള്ളുക. ആയതിനാല്‍ ഗവേഷണാത്മകമായ ചിന്തകള്‍ ജീവനുള്ള മതത്തിന്റെ തുടിപ്പുകളായിരിക്കും. ഇസ്‌ലാം ചിന്തകളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അതില്‍ പാലിക്കേണ്ട മര്യാദകളും നിബന്ധനകളും പഠിപ്പിക്കുന്നുമുണ്ട്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് കാണുക: ‘നിശ്ചയം ഈ ഖുര്‍ആനിനെ നാം ചിന്തിക്കുന്നതിനായി എളുപ്പമാക്കിയിരിക്കുന്നു. ചിന്തിക്കുന്നവരില്ലേ?’ (വി.ഖു 54:17)
മുസ്‌ലിംകളുടെ ചരിത്രം ഏതൊരു കാലഘട്ടത്തിലും പ്രഗത്ഭരായ പണ്ഡിതന്മാരെക്കൊണ്ട് നിറഞ്ഞുനില്ക്കാനുണ്ടായ പ്രധാന കാരണവും ഇതു തന്നെയാണ്. എന്നാല്‍, കാര്യം ഇങ്ങനെയാണെങ്കിലും പണ്ഡിതന്മാരോ ഗവേഷകരോ രേഖപ്പെടുത്തുന്ന വീക്ഷണങ്ങള്‍ക്ക് അപ്രമാദിത്തമോ അവസാന വാക്കായിട്ടുള്ള പരിഗണനയോ നല്‍കുകയില്ല. അത്തരമൊരവസ്ഥ ഖുര്‍ആനിനും സുന്നത്തിനും മാത്രമാണുള്ളത്. പണ്ഡിതാഭിപ്രായങ്ങള്‍ പലപ്പോഴും ഖണ്ഡിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്.
ഇമാം മാലിക്(റ) പറയുന്നത് കാണുക: ഞങ്ങളില്‍ ആരും തന്നെ മറ്റൊരാളെ വിമര്‍ശിക്കുകയോ സ്വയം എതിര്‍ക്കുകയോ ചെയ്യാതിരുന്നിട്ടില്ല. തയമ്മുമിന്റെയും വിവാഹമൂല്യ(മഹ്ര്‍) നിര്‍ണയത്തിന്റെയും കൃഷി ഭൂമി വീതിക്കുന്നതിന്റെയും പ്രശ്‌നങ്ങളില്‍ ഖലീഫ ഉമറി(റ)നുണ്ടായിരുന്ന ചില അഭിപ്രായങ്ങളെ സ്വഹാബികളില്‍ മറ്റു ചിലര്‍ എതിര്‍ത്തതും അലി(റ)യുടെ രാഷ്ട്രീയവും കര്‍മശാസ്ത്രപരവുമായ ചില ചിന്തകളോട് സ്വഹാബികള്‍ എതിരഭിപ്രായം രേഖപ്പെടുത്തിയതും ഉസ്മാന്‍(റ)ന്റെ കാലത്തുണ്ടായ ചില സംഭവങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്താഗതിയെ മറ്റു പലരും വിമര്‍ശിച്ചതും ഇതിനുള്ള ഉദാഹരണങ്ങളാണ്.
ബുദ്ധിപരമായി പ്രശ്‌നങ്ങള്‍ വിലയിരുത്തുന്ന സമൂഹത്തില്‍ കാണപ്പെടുന്ന ഒരു ലക്ഷണമാണിത്. ബുദ്ധി ഉപയോഗിക്കുന്നവരെയെല്ലാം യുക്തിവാദി മുദ്രകുത്തി അഖ്‌ലാനിയാക്കി മാറ്റി നിര്‍ത്തല്‍ മതപരമായി കുറ്റകരമാണ്. ശരീഅത്തിന്റെ ഏതെല്ലാം കല്പനകളും നിരോധനങ്ങളുമുണ്ടോ അതെല്ലാം ബുദ്ധിയുള്ളവരോടുള്ള നിയമസംഹിതയാണെന്ന് സമ്മതിച്ചേ മതിയാവൂ.
സ്വഹാബികള്‍ ഗവേഷണ കാര്യങ്ങളില്‍ വീക്ഷണ വ്യത്യാസം ഉള്ളവരായിരുന്നു. അവര്‍ ഇജ്തിഹാദ് നടത്തിയിരുന്നു എന്നതിനും ഒറ്റപ്പെട്ട അഭിപ്രായങ്ങളെ അന്തിമ തീരുമാനങ്ങളായി കണ്ടിരുന്നില്ലെന്നതിനുമുള്ള വ്യക്തമായ തെളിവാണിത്.

ലോകാവസാനം വരെ എന്റെ സമുദായത്തില്‍ സത്യത്തിന്റെ വക്താക്കളായി ഒരു ചെറുസംഘം എന്നും നിലനില്ക്കുമെന്നും അവരെ എതിര്‍ക്കുന്നവരോ അവഗണിക്കുന്നവരോ അവര്‍ക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ലെന്നുള്ള പ്രവാചക വചനം ഇസ്‌ലാം ദീനിന്റെ പ്രായോഗികത മനസ്സിലാക്കി സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ കെല്പുറ്റ ഒരു സംഘം ലോകാവസാനം വരെ ഉണ്ടാകുമെന്നതിന്റെയും സൂചനയാണ്.
ഇങ്ങനെയൊരു ചെറു വിഭാഗം നിലനില്ക്കുമ്പോള്‍ പരീക്ഷണങ്ങളും പ്രതിസന്ധികളും ബുദ്ധിപൂര്‍വം തരണം ചെയ്യേണ്ടതായും വരും. ഉത്തമ നൂറ്റാണ്ടുകളിലെ മഹാന്മാര്‍ക്ക് നേരിടേണ്ടി വന്നതായിരിക്കില്ല പില്‍ക്കാലക്കാര്‍ക്കുണ്ടാവുക. കാരണം, ഇന്നലെയും ഇന്നും നാളെയും എന്നും ഒരേ പോലെയായിരിക്കുകയില്ലല്ലോ. ആയതിനാല്‍ നിജസ്ഥിതി മനസ്സിലാക്കി സമുദായത്തെ നയിക്കാനും പരിഭ്രാന്തരായവര്‍ക്ക് വെളിച്ചം പകരാനും ഖുര്‍ആനും സുന്നത്തും മുന്നില്‍ വെച്ചുകൊണ്ടുള്ള പരിശോധനകള്‍ അനിവാര്യമായി വരും. മനുഷ്യ ബുദ്ധികള്‍ തമ്മിലുള്ള ഉരസലുകള്‍ ചിന്താലോകത്ത് വേലിയേററം സൃഷ്ടിക്കുമ്പോള്‍ ഏറ്റക്കുറവുകള്‍ പ്രകടമാക്കല്‍ സ്വാഭാവികം മാത്രമാണ്.
ഒരു വ്യക്തി ഗവേഷണം നടത്തുകയും സത്യത്തില്‍ എത്തിച്ചേരുകയും ചെയ്താല്‍ അയാള്‍ക്ക് ഇരട്ടി പ്രതിഫലവും അബദ്ധം സംഭവിച്ചാല്‍ ഒരു പ്രതിഫലവും ഉണ്ടെന്ന പ്രവാചക വാക്കുകള്‍ ചിന്താ മണ്ഡലത്തെ ആവേശ ഭരിതമാക്കുന്നതാണെന്നതില്‍ സംശയമില്ല.
പ്രവാചകന്‍(സ)യുടെ വിയോഗാനന്തരമുണ്ടായ ഒട്ടനവധി പ്രശ്‌നങ്ങളെപ്പറ്റിയും സ്വഹാബത്തിന് പഠനം നടത്താനുണ്ടായിരുന്നു. അതിലെല്ലാം അവര്‍ വീക്ഷണവ്യത്യാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഖിലാഫത്ത്, സകാത്ത് എന്നിവ അതില്‍ പെട്ടതാണ്. നബി(സ)യുടെ മരണ ശേഷം മുസ്‌ലിംകളുടെ ഭരണസാരഥ്യം എല്പിക്കപ്പെടേണ്ടത് ആര്‍ക്കാണ് എന്ന ഗുരുതരവും സങ്കീര്‍ണവുമായ പ്രശ്‌നമാണ് ഖിലാഫത്തുമായി ബന്ധപ്പെട്ടത്. മറ്റൊന്ന്, ഉസാമാ(റ)യുടെ കീഴില്‍ നബി(സ) നിയോഗിച്ചിരുന്ന സൈന്യത്തെ പ്രവാചകന്റെ വിയോഗാനന്തരം അയക്കേണ്ടതുണ്ടോ എന്നതും.
സകാത്തിന്റെ വിഹിതം പൊതു ഖജനാവിലേക്ക് തരില്ലെന്ന് ശഠിച്ചവരെ മതഭ്രഷ്ടരായി കണക്കാക്കേണ്ടതുണ്ടോ അതല്ല, മുസ്‌ലിംകളായിത്തനെ പരിഗണിക്കാനാകുമോ എന്നതായിരുന്നു മറ്റൊരു കാര്യം. കൂടിയാലോചനയിലൂടെയും ഗവേഷണ നിരീക്ഷണങ്ങളിലൂടെയും പ്രയാസകരമായ അവസ്ഥകള്‍ അവര്‍ക്ക് തരണം െേചയ്യാന്‍ കഴിഞ്ഞു. അല്ലാഹുവിന്റെ ദീനിനെ വളരെയേറെ സ്‌നേഹിച്ചിരുന്ന അവര്‍ക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ തര്‍ക്കങ്ങളൊക്കെ രമ്യമായി തീര്‍ക്കാനും പ്രശ്‌ന പരിഹാരം കണ്ടെത്താനും സാധിച്ചു.
പ്രവാചക വിയോഗാനന്തരം മുസ്‌ലിംകളുടെ ഭരണസാരഥ്യമേറ്റെടുത്ത അബൂബക്കര്‍(റ) ഭക്തനും സൗമ്യനും ശാന്ത ഗംഭീരനുമായിരുന്നതിനാല്‍ ഇസ്‌ലാമിക സൗധത്തിന് വിള്ളലുകളുണ്ടാക്കാനനുവദിക്കാതെ ഭരണം നടത്തി. എന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷം മറ്റു ചില ചിന്തകള്‍ തലപൊക്കിത്തുടങ്ങി. അതിലേറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് തന്റെ മരണശേഷം മുസ്‌ലിംകളുടെ നേതാവായി ഉമര്‍(റ)വിനെ നിശ്ചയിച്ചുറപ്പിച്ച തീരുമാനം അതേപടി അംഗീകരിക്കാന്‍ മുസ്‌ലിം ലോകം ബാധ്യസ്ഥരാണോ എന്നതായിരുന്നു. എന്നാല്‍ വിശാലഹൃദയരായിരുന്ന അവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളെല്ലാം ശുഭകരമായി പരിഹരിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ ഉമര്‍(റ)വിന്റെ അവസാനനിമിഷങ്ങളില്‍ പ്രവാചകന്‍(സ) ചെയ്തതു പോലെ ആരെയും നിശ്ചയിക്കാതിരിക്കുകയാണോ അതല്ല, അബൂബക്കര്‍(റ) ചെയ്തതുപോലെ കരുത്തനായ ഒരാളെ ഖലീഫയായി നിശ്ചയിക്കുകയാണോ വേണ്ടത് എന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച. മേല്‍ ചൂണ്ടിക്കാട്ടിയ പോലെ ചെറുതും വലുതുമായ പ്രശ്‌നങ്ങളെ നബി(സ)യുടെ സന്തതസഹചാരികളായ ഉത്തമനൂറ്റാണ്ടിലെ മഹാന്മാര്‍ പഠനം നടത്തിയിരുന്നില്ലെങ്കില്‍ മുസ്‌ലിം ലോകത്തിന്റെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാന്‍പോലും സാധ്യമല്ല. ശരിയും തെറ്റും സംഭവിക്കാമെങ്കില്‍ തന്നെയും പഠനവും നിരീക്ഷണവും നടത്തണമെന്ന ഇസ്‌ലാമിന്റെ കല്പന അക്ഷരംപ്രതി ശിരസാവഹിക്കുകയാണ് അവര്‍ ചെയ്തത്.
അതില്‍ ഏറെക്കുറെ പ്രായോഗികമെന്ന് തോന്നുന്നത് സ്വീകരിച്ച് സമുദായത്തെ നയിക്കുകയും അപ്രായോഗികമെന്ന് കാണുന്നതില്‍ സുക്ഷ്മത പുലര്‍ത്തുകയും ചെയ്തുകൊണ്ടുള്ള പരിപക്വവും മധ്യമവുമായ സമീപനമാണ് മുസ്‌ലിംകള്‍ എക്കാലത്തും സ്വീകരിക്കേണ്ടത്.
ഗവേഷണപരമായ മുന്നേറ്റത്തെ തടയുന്ന പ്രതിബന്ധങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. (ഒന്ന്) ഭരണകൂടങ്ങളും ഇസ്‌ലാമിക ശരീഅത്തും തമ്മില്‍ അകലുകയും തല്‍സ്ഥാനത്ത് അടിക്കിട മാറ്റിക്കൊണ്ടിരിക്കുന്ന മനുഷ്യനിര്‍മിത നിയമങ്ങള്‍ സ്ഥാനം പിടിക്കുയും ചെയ്തത്. ഇതിന്നിടയില്‍ വിശ്വാസ രാഷ്ട്രീയ സാമൂഹ്യാവസ്ഥകളില്‍ മാറ്റങ്ങളുണ്ടാകുന്നത് മതത്തിന്റെ ആളുകള്‍ ഗൗനിക്കാതാവുന്നു. തല്‍സമയം പുതിയ ജീവിതക്രമങ്ങള്‍ വന്നുപോകുന്നത് അവരറിയുന്നില്ല. ജനങ്ങള്‍ പുതുപുത്തന്‍ ചിന്തകളിലും നല്ലതും ചീത്തയും കൂടിക്കലര്‍ന്ന ജീവിത ശൈലിയിലുമായി മാറുന്നു. ഇത് മതഗവേഷണ രംഗത്തെ തളര്‍ത്തുകയാണുണ്ടായത്.
രണ്ട്), മത ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതമായ നേതൃത്വത്തിനു പകരം ഭൗതികതയുടെ അതിപ്രസരത്തില്‍ ലയിച്ചുചേര്‍ന്ന സ്ഥിതിവിശേഷം. നേതാക്കന്മാര്‍ അവരവരുടെ നിലനില്പിന്നാധാരമായ എല്ലാ വഴികളും കണ്ടെത്തുകയും അവര്‍ക്കെതിരില്‍ അഭിപ്രായം പറയുന്നവരെ ക്രൂരമായി നേരിടുകയും ചെയ്യുക. മതപണ്ഡിതന്മാര്‍ പോലും ഭൗതിക നേട്ടങ്ങള്‍ നോട്ടമിട്ട് അതില്‍ ആകൃഷ്ടരാവുക. ഇത് ശരിയല്ലെന്ന് കരുതി മാറിനില്ക്കുന്നവരെ ജനമധ്യേ കുപ്രചരണം നടത്തി ഇകഴ്ത്തുക. സാധാരണക്കാരില്‍ പോലും ഇതിന്റെ ദുരന്തങ്ങള്‍ കാണാനിടയാവുക.
സമുദായത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനോ വൈജ്ഞാനികവും സാംസ്‌കാരികവുമായ ഔന്നത്യം കൈവരിക്കാനോ ശ്രമിക്കുന്നതിനു പകരം കൂടുതല്‍ സങ്കീര്‍ണതയുണ്ടാക്കാനാണവരും നിലകൊണ്ടത്. ഇതിന്നടിയില്‍ ഖുര്‍ആനും നബിചര്യയുമാണെന്ന വ്യാജേന പലതും കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുകയുണ്ടായി. ഇതിനെല്ലാം പരിഹാരം ഒന്നു മാത്രമാണ്. അത് വളച്ചുകെട്ടലുകളും വ്യക്തിവിധേയത്വവുമില്ലാതെ തുറന്ന മനസ്സോടെ പരമസത്യമായ ഖുര്‍ആനിലേക്കും സ്ഥിരപ്പെട്ട നബിചര്യകളിലേക്കും മടങ്ങുകയെന്നതാണ്. മാനവലോകത്തിന് മാതൃക കാണിക്കാന്‍ കഴിയാത്തവിധം മൂല്യനിരാസം ബധിച്ച അവസ്ഥയാണ് മിക്ക മുസ്‌ലിം രാഷ്ട്രങ്ങളിലും കാണപ്പെടുന്നത്. അതിനാല്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടുത്തറിയാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കാതെയായി.
ഈ കാരണത്താല്‍ കേവലം അരനൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും വളര്‍ന്നുവന്ന പുതുതലമുറ ഇസ്‌ലാമിന്റെയും ഇസ്‌ലാമിക ശരീഅത്തിന്റെയും ശത്രുക്കളായി മാറുകയാണുണ്ടായതെന്നും അവര്‍ മുഖേന സംഹാരാത്മകമായ ഒരന്തരീക്ഷമാണുണ്ടായതെന്നും പറയാതെ വയ്യ. ആതിനാല്‍ മതാധ്യാപനങ്ങളും മനുഷ്യരുടെ പ്രശ്‌നങ്ങളും കൂട്ടിയിണക്കിക്കൊണ്ടു പോകാനും മതനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും വൈജ്ഞാനിക രംഗം സജീവമാക്കി ഉണര്‍വേകാന്‍ പണ്ഡിതലോകം മുന്നോട്ടു വരണം. അല്ലാത്തപക്ഷം ഇസ്‌ലാമിക ശരീഅത്തിന്റെ മുകളില്‍ ഉരുണ്ടുകൂടിയ ഈ കാര്‍മേഘങ്ങളെ നീക്കാന്‍ സാധ്യമാവാതെ വരുമെന്നതില്‍ സംശയമില്ല.
ഭൂരിപക്ഷത്തിന്റെ പ്രീതി ലഭിക്കാനും ഭരണമേധാവികളുടെ പിന്‍ബലം ലഭിക്കാനും ഭൗതികാഭിവൃദ്ധി വാരിക്കൂട്ടാനും മതത്തെ തന്നെ ചട്ടുകമാക്കുകയാണിന്ന്. ഈ ദുരവസ്ഥ മാറ്റണം.
ചുരുക്കത്തില്‍ ഇജ്തിഹാദും ഇത്തിബാഉം സജീവമാക്കണമെന്നും അന്ധമായ അനുകരണമെന്ന തഖ്‌ലീദിനെ ഒഴിച്ചു നിര്‍ത്തണമെന്നുമാണ് നമുക്ക് പറയാനുള്ളത്. കഴിഞ്ഞുപോയ നൂറ്റാണ്ടുകളില്‍ മഹാന്മാരായ മുജ്തഹിദുകള്‍ നടത്തിയ ഗവേഷണങ്ങളെ മാത്രം അടിസ്ഥാനമാക്കി എല്ലാ നൂററാണ്ടുകളിലും മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ അങ്ങനെമാത്രം മതിയെന്നാണ് നമ്മുടെ ചിന്താഗതിയെങ്കില്‍ മതവും മനുഷ്യരും തമ്മില്‍ അകലുകയെന്നതായിരിക്കും സംഭവിക്കുക. അല്ല, അതുതന്നെയാണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ദീര്‍ഘവീക്ഷണമുള്ളവര്‍ അറിഞ്ഞിട്ടുണ്ട്.
അങ്ങനെ വികാസം പ്രാപിച്ചു വന്നിരുന്ന ഇസ്‌ലാമിക കര്‍മശാസ്ത്ര പഠന ഗവേഷണ രംഗം ഏതോ വഴിത്തിരിവില്‍ വഴിമാറി സഞ്ചരിച്ചു കഴിഞ്ഞു. തഖ് ലീദില്‍ കൂപ്പുകുത്തി മരവിച്ചു. ഇനിയും അങ്ങനെത്തന്നെ പോകേണ്ടതുണ്ടോ എന്നതായിരിക്കട്ടെ നമ്മുടെ ചിന്ത. മതെത്ത നശിപ്പിക്കാനോ ശരീഅത്തിനെ പൊളിച്ചെഴുതാനോ ഉള്ളതല്ല ഇജ്തിഹാദ്. മറിച്ച്, ഖുര്‍ആനും സുന്നത്തും അവലംബമാക്കിക്കൊണ്ടുള്ള ചിന്താപഠനങ്ങളെ അറിവിന്റെ പുതിയ രാജപാതയിലൂടെ വഴിനടത്താന്‍ വേണ്ടിയുള്ളതാണ്. നാഥന്‍ അനുഗ്രഹിക്കട്ടെ. (അവസാനിച്ചു)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x