22 Sunday
December 2024
2024 December 22
1446 Joumada II 20

ഇജ്തിഹാദ് ചെയ്യേണ്ടതെപ്പോള്‍?

എ അബ്ദുല്‍ഹമീദ് മദീനി


ഇസ്‌ലാം ഇജ്തിഹാദിന് വേണ്ടത്ര പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. നബി(സ) സ്വഹാബിമാരെ ഇജ്തിഹാദ് ചെയ്യാന്‍ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇജ്തിഹാദിന് ചില സമയങ്ങളും സന്ദര്‍ഭങ്ങളുമുണ്ട്. അത് ഇസ്‌ലാമിലെ നിദാനശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനത്തും അസ്ഥാനത്തും ഇജ്തിഹാദുമായി നടക്കുന്നത് വിവരക്കേടാണ്.
ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വ്യക്തമായ നിര്‍ദേശങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട വിഷയത്തില്‍ ഇജ്തിഹാദ് അനുവദനീയമല്ല. ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ട വിഷയത്തിലും ഇജ്തിഹാദ് ചെയ്യാന്‍ പാടില്ല. മേല്‍പറഞ്ഞ വിധത്തില്‍ സ്ഥിരപ്പെട്ട വിഷയങ്ങളില്‍ ആരെങ്കിലും ഇജ്തിഹാദ് ചെയ്ത് പുതിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ അത് തള്ളപ്പെടേണ്ടതാണെന്ന് പ്രസിദ്ധ നിദാനശാസ്ത്ര പണ്ഡിതന്‍ ഡോ. മുഹമ്മദ് മുസ്തഫ സുഹൈലി രേഖപ്പെടുത്തിയിട്ടുണ്ട്.
”രണ്ടു വിഷയങ്ങളില്‍ ഇജ്തിഹാദ് അനുവദനീയമല്ല. ഇനി ആരെങ്കിലും ഇജ്തിഹാദ് നടത്തിയാല്‍ അത് അംഗീകരിക്കപ്പെടാനും പാടില്ല. ഒന്ന്, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ട വിഷയം. രണ്ട്, ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ട വിഷയം” (അല്‍വജീസ് ഫീ ഉസൂലില്‍ ഫിഖ്ഹ് 2:311).
ഏതെങ്കിലും ഒരു വിഷയത്തില്‍ പണ്ഡിതന്മാര്‍ വിവിധ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും പില്‍ക്കാലത്ത് മറ്റൊരു പണ്ഡിതന്‍ ഇവരുടെ എല്ലാവരുടെയും അഭിപ്രായത്തിന് വിരുദ്ധമായ ഒരഭിപ്രായവുമായി രംഗത്തുവരാന്‍ പാടില്ല. ഇവിടെ വ്യത്യസ്ത അഭിപ്രായങ്ങളില്‍ അടിസ്ഥാനപരമായ വല്ല യോജിപ്പും ഉണ്ടെങ്കില്‍ അതില്‍ ഏതെങ്കിലും ഒരഭിപ്രായമായി ഒത്തുപോവാതെ പുതിയ ഒരഭിപ്രായവുമായി രംഗത്തുവരാന്‍ പാടില്ല. ഉദാഹരണം, സ്വഹാബിമാരിലെ പണ്ഡിതന്മാര്‍ പിതാമഹനും സഹോദരന്മാരും അനന്തരമെടുക്കുന്ന വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു. ചിലര്‍: മരിച്ചയാളുടെ സഹോദരന്മാര്‍ക്കും പിതാമഹനും സ്വത്തില്‍ അവകാശമുണ്ട്. പിതാമഹനു മൂന്നിലൊന്നില്‍ കുറയാന്‍ പാടില്ല. മറ്റു ചിലര്‍: പിതാമഹനും സഹോദരങ്ങള്‍ക്കും അവകാശമുണ്ട്. ആറില്‍ ഒന്നില്‍ കുറയാന്‍ പാടില്ല. മറ്റൊരു വിഭാഗം: സഹോദരന്മാര്‍ക്ക് ഒരവകാശവുമില്ല. സ്വത്ത് മുഴുവന്‍ പിതാമഹന് മാത്രം. ഈ വ്യത്യസ്ത അഭിപ്രായങ്ങളില്‍ ഒരു ഐക്യമുണ്ട്. അത് പിതാമഹന് ഏതു രൂപത്തിലും സ്വത്തവകാശമുണ്ട് എന്നതാണ്. ഈ പരിതഃസ്ഥിതിയില്‍ പിതാമഹന് തീരെ സ്വത്തവകാശമില്ല എന്ന അഭിപ്രായവുമായി ഒരാള്‍ രംഗത്തുവരാന്‍ പാടില്ല. അത് അവരുടെ ഇജ്മാഇന് എതിരാണ്” (ഉസൂലുല്‍ ഫിഖ്ഹ്, അബൂസുഹ്‌റ 206, 207).
ഇനി സ്വഹാബിമാര്‍ക്ക് ഒരു വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടെങ്കില്‍ മൂന്നാമത് പുതിയ അഭിപ്രായം അനുവദനീയമല്ല (റൗളത്തുന്നാളിര്‍ 75, ഇബ്‌നു ഖുദാമ മഖ്ദിസി). ചില വിഷയങ്ങളില്‍ എല്ലാ മേഖലകളിലും ഗവേഷണം നടത്താന്‍ അവസരമുണ്ടാവില്ല. അതില്‍ ഇജ്മാഅ് ഉള്ള മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ പാടുള്ളതല്ല. ഉദാഹരണത്തിന് മാസപ്പിറവി സംബന്ധിച്ച് ഇജ്മാഅ് ഉള്ള മേഖലയെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നുണ്ട് (മജ്മൂഉല്‍ ഫതാവാ 25:132).
ശക്തവും വ്യക്തവുമായ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതും സ്വഹാബത്തിന്റെ കാലത്ത് ഇജ്മാഅ് ഉണ്ടായതുമായ വിഷയത്തില്‍ ഇനി പുതിയ ഗവേഷണം പാടില്ലാത്തതാണ്. ആരെങ്കിലും സ്വഹാബത്തിന്റെ ഇജ്മാഇനു വിരുദ്ധമായ ഒരഭിപ്രായം രേഖപ്പെടുത്തിയാല്‍ അത് പൂര്‍ണമായും തള്ളപ്പെടേണ്ടതാണ്. ഇതാണ് ഇസ്‌ലാമിലെ കര്‍മശാസ്ത്ര നിദാനശാസ്ത്രതത്വം. മാസം 29ന് ഹിലാല്‍ പിറവി കണ്ണുകൊണ്ടുതന്നെ കാണേണ്ടതുണ്ടോ, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കാഴ്ച എളുപ്പമാക്കിക്കൂടേ തുടങ്ങിയ ഇജ്തിഹാദിന്റെ ഭാഗമായി നിര്‍വഹിക്കേണ്ടതാണ്.
നബി(സ)യുടെ ജീവിതകാലത്ത് ഇജ്മാഇന് യാതൊരു പ്രസക്തിയുമില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടേണ്ടത് അദ്ദേഹത്തോട് നേരിട്ടുതന്നെയാണ്. നബിയുടെ കാലശേഷം മുസ്‌ലിംകള്‍ക്ക് ഇത്തരം അവലംബമില്ല. അബൂബക്കര്‍ സിദ്ദീഖ്(റ) നബിയുടെ പിന്‍ഗാമിയായി ഭരണം ഏറ്റെടുത്തെങ്കിലും ശറഈ വിഷയങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. മറ്റുള്ളവരുമായി കൂടിയാലോചിച്ച് ഏകകണ്ഠമായ തീരുമാനമെടുത്താല്‍ അത് നടപ്പാക്കേണ്ട ചുമതല ഖലീഫക്കുണ്ട്. അത് സ്വീകരിക്കല്‍ മുസ്‌ലിംകളുടെ കടമയുമാണ്. ഇത്തരം ഏകോപിച്ച തീരുമാനങ്ങള്‍ക്കാണ് ഇജ്മാഅ് എന്നു പറയുന്നത്. ഇത് പ്രമാണമായി അംഗീകരിക്കണമെന്ന് ഖുര്‍ആനിലും സുന്നത്തിലും നിര്‍ദേശമുണ്ട്. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍, റസൂലിനെ അനുസരിക്കുവിന്‍, നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥരെയും അനുസരിക്കുവിന്‍” (വി.ഖു. 4:59).
അല്ലാഹുവിനെ അനുസരിക്കല്‍ പൂര്‍ത്തിയാവുന്നത് അല്ലാഹുവിന്റെ കിതാബിനെ അനുസരിക്കുന്നതിലൂടെയാണ്. റസൂലിനെ അനുസരിക്കല്‍ പ്രാവര്‍ത്തികമാവുന്നത് അദ്ദേഹത്തിന്റെ ജീവിതകാലത്ത് നേര്‍ക്കുനേരെയും വഫാത്തായ ശേഷം അദ്ദേഹത്തിന്റെ സുന്നത്തിനെ അനുസരിക്കുന്നതിലൂടെയും മാത്രമാകുന്നു. ഉലുല്‍അംറ് എന്ന വാക്കിന്റെ നിര്‍വചനത്തില്‍ ഭരണാധികാരികള്‍, വിധികര്‍ത്താക്കള്‍, പണ്ഡിതന്മാര്‍ മുതലായവര്‍ ഉള്‍പ്പെടുന്നതാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ ഭരണകര്‍ത്താക്കള്‍ ന്യായാധിപന്മാരും പണ്ഡിതന്മാരായിരുന്നു. ഇവര്‍ ഇജ്തിഹാദ് ചെയ്ത് ഏകോപിച്ച് അഭിപ്രായത്തിനാണ് ഇജ്മാഅ് എന്നു പറയുന്നത്. അത് സ്വീകരിക്കല്‍ വിശ്വാസികളുടെ മാര്‍ഗവും സ്വീകരിക്കാതിരിക്കല്‍ അവിശ്വാസികളുടെ മാര്‍ഗവുമാണെന്ന് ഖുര്‍ആന്‍ പറയുന്നു:
”ആരെങ്കിലും സന്മാര്‍ഗം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം റസൂലിനോട് എതിര്‍ത്തുനില്‍ക്കുകയും സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ പിന്‍പറ്റുകയും ചെയ്താല്‍ അവന്‍ തിരിഞ്ഞ പ്രകാരം അവന്റെ പാട്ടിന് അവനെ നാം തിരിച്ചുകളയും. അവനെ നരകത്തില്‍ കിടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം” (4:115).
സത്യവിശ്വാസികളായ പണ്ഡിതന്മാരുടെ മാര്‍ഗമാണ് ഇജ്മാഅ്. അതിനെ തള്ളിപ്പറയുന്നത് സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗമാണ്. അക്കാരണത്താല്‍ അവര്‍ നരകത്തില്‍ കിടന്ന് എരിയുമെന്ന കാര്യം തീര്‍ച്ചയാണ്. മേല്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനം രണ്ടു കാര്യങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നു. ഒന്ന്: റസൂല്‍(സ) കാണിച്ചുതന്ന മാര്‍ഗം വ്യക്തമായിട്ടും അത് സ്വീകരിക്കാതിരിക്കല്‍ റസൂല്‍(സ)യോട് കാണിക്കുന്ന ധിക്കാരവും ചേരിതിരിവുമാണ്.
രണ്ട്: സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗം പിന്‍പറ്റുക എന്നതിന്റെ ഉദ്ദേശ്യം ഇസ്‌ലാമിലെ മുജ്തഹിദുകളായ പണ്ഡിതന്മാരുടെ ഏകോപിച്ച മാര്‍ഗം വ്യക്തമായി മനസ്സിലായിട്ട് അത് സ്വീകരിക്കാതിരിക്കലാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളെ ആധാരമാക്കിക്കൊണ്ടുള്ള കാര്യങ്ങളില്‍ മാത്രമേ മുസ്‌ലിം സമുദായത്തിലെ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ യോജിക്കുകയുള്ളൂ എന്ന കാര്യം തീര്‍ച്ചയാണ്.
ഇബ്‌നു അബ്ബാസും ഇബ്‌നു ഉമറും ഉദ്ധരിച്ച ഹദീസില്‍ ഇക്കാര്യം വളരെ വ്യക്തമായി വന്നിട്ടുണ്ട്. നബി(സ) പറഞ്ഞു: ”എന്റെ സമുദായത്തെ ഒരിക്കലും അല്ലാഹു ദുര്‍മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുകയില്ല” (തിര്‍മിദി, ബൈഹഖി). എന്നാല്‍ മേല്‍പറഞ്ഞ പ്രകാരമുള്ള ഇജ്മാഅ് ഉണ്ടായിട്ടുണ്ടോ? സ്വഹാബത്തിന്റെ കാലത്ത് തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്.
സ്വഹാബിമാരുടെ ഇജ്മാഅ്
ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് പണ്ഡിതന്മാരെ ഒരുമിച്ചുകൂട്ടി അഭിപ്രായമാരായല്‍ വളരെ എളുപ്പമായിരുന്നു. കാരണം മുജ്തഹിദുകളായ പണ്ഡിതന്മാര്‍ അവരില്‍ വിരല്‍ കൊണ്ട് എണ്ണാവുന്നവര്‍ മാത്രമായിരുന്നു. അതിനാല്‍ അവരെ വിളിച്ചുകൂട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല. മുജ്തഹിദുകള്‍ അല്ലാത്ത പണ്ഡിതന്മാരുടെയും പൊതുജനങ്ങളുെടയും അഭിപ്രായങ്ങള്‍ ഇജ്മാഇല്‍ ഒരിക്കലും പരിഗണിക്കുകയില്ല. മാത്രമല്ല, ഉമറിന്റെ ഭരണകാലത്ത് സ്വഹാബിമാരിലെ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ മദീന വിട്ടുപോകുന്നത് അദ്ദേഹം വിലക്കിയിരുന്നു. അദ്ദേഹം പറയുമായിരുന്നു. പല കാര്യങ്ങളിലും മുശാവറ നടത്താന്‍ നിങ്ങളെ എനിക്ക് ആവശ്യമുണ്ട്. അതിനാല്‍ നിങ്ങള്‍ മദീന വിട്ടുപോകാന്‍ പാടില്ല. ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് നടന്ന ചില നടപടികള്‍ നമുക്ക് പരിശോധിക്കാം: ഒന്ന്: അബൂബക്കര്‍ സിദ്ദീഖിന്റെ(റ) കാലത്ത് ഒരു പിതാമഹി പൗത്രന്റെ സ്വത്തില്‍ അവകാശം ചോദിച്ചുകൊണ്ട് അദ്ദേഹത്തെ സമീപിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: പൗത്രന്റെ സ്വത്തില്‍ പിതാമഹിക്ക് അവകാശമുള്ളതായി ഖുര്‍ആനിലോ സുന്നത്തിലോ ഞാന്‍ കണ്ടിട്ടില്ല. ഇക്കാര്യം അദ്ദേഹം സ്വഹാബികളുമായി മുശാവറ നടത്തി.
അപ്പോള്‍ മുഗീറതുബ്‌നു ശുഅ്ബ പറഞ്ഞു: പിതാമഹിക്ക് പൗത്രന്റെ സ്വത്തില്‍ ആറില്‍ ഒരംശം റസൂല്‍(സ) നല്‍കിയതായി ഞാന്‍ കണ്ടിട്ടുണ്ട്. അബൂബക്കര്‍: താങ്കളെക്കൂടാതെ മറ്റാരെങ്കിലും ഇത് കേട്ടിട്ടുണ്ടോ? ഉടനെ മുഹമ്മദുബ്‌നു മസ്‌ലമ(റ) ഞാന്‍ കേട്ടിട്ടുണ്ട് എന്നു പറഞ്ഞു. അനന്തരം ഖലീഫ അവരുമായി മുശാവറ നടത്തി പിതാമഹിക്ക് സ്വത്തില്‍ ആറില്‍ ഒരംശം നല്‍കി. ഇപ്പോള്‍ പിതാമഹിക്ക് പൗത്രന്റെ സ്വത്തില്‍ ആറില്‍ ഒരംശത്തിന് അവകാശമുണ്ടെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടു. ഇങ്ങനെ ഏതാനും സംഭവങ്ങള്‍ ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഉണ്ടായിട്ടുണ്ട്.
രണ്ട്: മദ്യപാനിക്കുള്ള ശിക്ഷ ഉമര്‍(റ) നിശ്ചയിച്ചതും ഇതിന് ഉദാഹരണമാണ്. അപ്പോള്‍ അലി(റ) പറഞ്ഞു: ”കള്ളു കുടിച്ചതിന് 80 അടി ശിക്ഷയായി നല്‍കണം. കാരണം, ലഹരി ബാധിച്ചാല്‍ ബോധമില്ലാതെ സംസാരിക്കും. ബോധമില്ലാതെ സംസാരിച്ചാല്‍ അപവാദം പറയും. അതിനാല്‍ അപവാദത്തിന്റെ 80 അടിയാണ് കള്ളു കുടിച്ചവന് നല്‍കേണ്ടത്” (അമാലി അദ്ദലാലാത്ത്, മഹ്ഫൂദ് ഇബ്‌നു ബയ്യ).
ഇങ്ങനെ ഇജ്മാഇലൂടെ സ്ഥിരപ്പെട്ട വിഷയത്തില്‍ ഇജ്തിഹാദ് പാടില്ലെന്ന് എല്ലാ പണ്ഡിതന്മാരും അംഗീകരിക്കുന്നു. അപ്പോള്‍ മാസപ്പിറവി വിഷയത്തില്‍ പിറവി എവിടെ കണ്ടാലും മുസ്‌ലിംകള്‍ അംഗീകരിക്കണമെന്ന് സ്വഹാബത്തിന്റെ ഇജ്മാഅ് ഉണ്ടാവുകയും അത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും മറ്റു നിരവധി പണ്ഡിതന്മാരും അതിന്റെ സനദ് സഹിതം ഉദ്ധരിച്ചിട്ടുണ്ട്്. എന്നാല്‍ പിറവിക്കാഴ്ചക്ക് ഗോളശാസ്ത്ര കണക്ക് സഹായകരമായി സ്വീകരിക്കാമോ? ആധുനിക ഉപകരണങ്ങള്‍ പിറവി കാഴ്ചയ്ക്ക് ഉപയോഗിക്കാമോ? ഇത്തരം വിഷയങ്ങളില്‍ മാത്രമേ ഇജ്തിഹാദ് അനുവദനീയമാവുകയുള്ളൂ. എന്നാല്‍ പ്രഗല്‍ഭ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമര്‍ ശഅ്ബാന്‍ 29ന് കാര്‍മേഘം മൂടിയ സന്ദര്‍ഭങ്ങളില്‍ പിറ്റേന്ന് നോമ്പ് നോല്‍ക്കാറുണ്ട്. അത് ഇജ്മാഇന് എതിരാണെന്ന് ചിലര്‍ പറയാറുണ്ട്. അത് ഒരിക്കലും ശരിയല്ല. അത് അദ്ദേഹത്തിന്റെ അതിസൂക്ഷ്മതയ്ക്ക് തെളിവാണ്. ശഅ്ബാന്‍ 29ന് മേഘാവൃതമായാല്‍ പിറവി കാണുകയില്ല. അന്ന് യഥാര്‍ഥത്തില്‍ പിറവി ഉണ്ടായെങ്കില്‍ ഒരു നോമ്പ് നഷ്ടപ്പെടും എന്ന ചിന്തയാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്.
അദ്ദേഹം പറയുകയും ചെയ്തു. റമദാന്‍ മാസത്തിലെ ഒരു നോമ്പ് നഷ്ടപ്പെടുന്നതിനേക്കാള്‍ ശഅ്ബാന്‍ 30 നോല്‍ക്കലാണ് എനിക്കിഷ്ടം. ഈ വിഷയത്തില്‍ അദ്ദേഹം വിമര്‍ശനവിധേയനായിട്ടുമുണ്ട്. എന്നാല്‍ 29ന് തെളിഞ്ഞ അന്തരീക്ഷമാണ്, മാസപ്പിറവി കണ്ടിട്ടുമില്ല, എങ്കില്‍ അദ്ദേഹം പിറ്റേന്ന് നോമ്പെടുക്കാറില്ല. ഇതില്‍ നിന്ന് അദ്ദേഹത്തിന്റെ നിലപാട് നമുക്ക് വ്യക്തമായി മനസ്സിലാക്കാം.
ഇജ്തിഹാദിന്റെ
പ്രമാണങ്ങള്‍

ഇജ്തിഹാദിന് ഒമ്പത് പ്രമാണങ്ങള്‍ വരെ ചില പണ്ഡിതന്മാര്‍ ഉപയോഗപ്പെടുത്തിയതായി നാം പറഞ്ഞു. ഖുര്‍ആനും സുന്നത്തും ഇജ്മാഉം ഖിയാസും കഴിഞ്ഞാല്‍ അഞ്ചാമത്തെ പ്രമാണമാണ് ഇസ്തിഹ്‌സാന്‍ അഥവാ ധര്‍മപ്രേരണ. ഇതിനെ അംഗീകരിക്കുന്നവരും നിരാകരിക്കുന്നവരും പണ്ഡിതന്മാരില്‍ ഉണ്ട്. ഇസ്തിഹ്‌സാന്‍ എന്നാല്‍ പൊതുപ്രമാണങ്ങള്‍ക്കെതിരായി ഭാഗികമായ ജനനന്മ അനുസരിച്ച് കാര്യങ്ങള്‍ പരിഗണിക്കുക. മറ്റു ചിലര്‍ നല്‍കിയ നിര്‍വചനം, ഖിയാസ് ഒഴിവാക്കി ജനങ്ങള്‍ക്ക് സൗകര്യവും എളുപ്പവുമുള്ള മാര്‍ഗം സ്വീകരിക്കുക എന്നാണ്. ”അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്, ഞെരുക്കമുണ്ടാക്കാനല്ല” (2:185).
റസൂല്‍(സ) അലി, മുആദ്(റ) എന്നിവരെ യമനിലേക്ക് അയച്ചപ്പോള്‍ അവര്‍ക്ക് നല്‍കിയ ഉപദേശം നിങ്ങള്‍ രണ്ടുപേരും ജനങ്ങള്‍ക്ക് എളുപ്പമുണ്ടാക്കുക, ഞെരുക്കമുണ്ടാക്കരുത് എന്നായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, സാഹചര്യത്തിന്റെയും അനിവാര്യതയുടെയും അടിസ്ഥാനത്തില്‍ പ്രമാണങ്ങളെയും ഖിയാസിനെയും മറികടന്നു ജനനന്മ കണക്കിലെടുത്ത് വിധി പറയുന്നതാണ് ഇസ്തിഹ്‌സാന്‍. ഇതിന് വലിയ പ്രാധാന്യമാണ് ഇമാം അബൂഹനീഫയും ഇമാം മാലികും നല്‍കിയത്.
ഏതെങ്കിലും ഒരു വിഷയത്തില്‍ ഖിയാസ് പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഇമാം അബൂഹനീഫ, ഇസ്തിഹ്‌സാന്‍ അടിസ്ഥാനത്തില്‍ ഫത്‌വ നല്‍കുമായിരുന്നു. വിജ്ഞാനത്തെ പത്ത് അംശമായി ഭാഗിച്ചാല്‍ അതില്‍ ഒമ്പതും ഇസ്തിഹ്‌സാന്‍ ആയിരിക്കുമെന്ന് ഇമാം മാലിക് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇമാം ശാഫിഈ ഇസ്തിഹ്‌സാനിന്റെ കടുത്ത വിമര്‍ശകനാണ്. അദ്ദേഹം പറഞ്ഞു: ആരെങ്കിലും ഇസ്തിഹ്‌സാനിന്റെ അടിസ്ഥാനത്തില്‍ വിധി നടത്തിയാല്‍ അവന്‍ ശരീഅത്ത് നിയമം പുതുതായി നിര്‍മിച്ചു.
പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിച്ച് ഇസ്തിഹ്‌സാന്റെ അടിസ്ഥാനത്തില്‍ വിധി നല്‍കിയതിന് ഒരു ഉദാഹരണം പറഞ്ഞുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കാം. സ്‌പെയ്‌നിലെ ഖാസിയായ യഹ്‌യബ്‌നു യഹ്‌യയുടെ മുന്നില്‍ ഒരു കേസ് വന്നു. അവിടത്തെ ഭരണാധികാരി റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് നോമ്പുകാരനായിരിക്കെ തന്റെ ഭാര്യയുമായി ലൈംഗിക ബന്ധം നടത്തി. ഇതിന്റെ പ്രായശ്ചിത്തമാണ് ഖാസിയോട് ചോദിച്ചത്.
പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കുകയാണെങ്കില്‍ അടിമയെ മോചിപ്പിക്കുക, അതിനു കഴിയില്ലെങ്കില്‍ 60 മിസ്‌കീന്മാര്‍ക്ക് ഭക്ഷണം കൊടുക്കുക. അതിനും കഴിയില്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പെടുക്കുക. ഇങ്ങനെയാണ് വിധി നടത്തേണ്ടത്. പക്ഷേ ഖാസി വിധിച്ചത് രണ്ടു മാസം തുടര്‍ച്ചയായി നോമ്പെടുക്കുക എന്നാണ്. കാരണം ഭരണാധികാരിയെ സംബന്ധിച്ച് അടിമയെ മോചിപ്പിക്കലും 60 അഗതികള്‍ക്ക് ഭക്ഷണം കൊടുക്കലും ഒരു ശിക്ഷയല്ല എന്നായിരുന്നു ഖാസിയുടെ വീക്ഷണം. അപ്പോള്‍ ഇസ്തിഹ്‌സാന്‍ അനുസരിച്ചാണ് ഖാസി വിധി പ്രസ്താവിച്ചത്.
തുടര്‍ച്ചയായി 60 ദിവസം നോമ്പെടുക്കല്‍ വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. ഇതിന്റെ ഇടയില്‍ ഒരു നോമ്പ് നഷ്ടപ്പെട്ടാല്‍ പിന്നെ ഒന്നു മുതല്‍ വീണ്ടും തുടങ്ങണം. ഇങ്ങനെ വരുമ്പോള്‍ ഭരണാധികാരികളോ പണക്കാരോ ഒരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രമാണങ്ങളില്‍ നിന്നു അല്‍പം വ്യതിചലിച്ച് പൊതുനന്മ കണക്കിലെടുത്ത് വിധി പ്രസ്താവിക്കല്‍ നല്ലതായാണ് ഖാസി കണ്ടത്. ഈ വീക്ഷണം ഒരിക്കലും തെറ്റല്ല. എന്നാല്‍ അവശ്യമാണുതാനും. ഇങ്ങനെ ധാരാളം ഉദാഹരണങ്ങളുണ്ട്. ഈ ഒരൊറ്റ ഉദാഹരണത്തില്‍ നിന്നുതന്നെ കാര്യം മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ട് മറ്റ് ഉദാഹരണങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ല.

Back to Top