10 Sunday
December 2023
2023 December 10
1445 Joumada I 27

ഇജ്തിഹാദും ശരീഅത്ത് ഭേദഗതിയും

എ അബ്ദുല്‍ഹമീദ് മദീനി


കാലഘട്ടങ്ങളുടെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കാത്ത വിധം പൂര്‍വികരായ മുജ്തഹിദുകള്‍ വെട്ടിത്തെളിയിച്ചുതന്ന പാതയില്‍ അടിയുറച്ചുനിന്നുകൊണ്ട് ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കുകയാണ് ഇജ്തിഹാദ് എന്നതിന്റെ വിവക്ഷ. ഒരു പ്രത്യേക കാലഘട്ടത്തിലും സാഹചര്യത്തിലും നടപ്പാക്കിയ ശരീഅത്ത് നിയമങ്ങള്‍ പില്‍ക്കാലത്ത് പരിഷ്‌കരിക്കാനുള്ള മാര്‍ഗവും അതാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ന്യൂനപക്ഷ പ്രദേശങ്ങളിലും ശരീഅത്ത് നിയമങ്ങള്‍ ഒരുപോലെയല്ല എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതിനാല്‍ മുസ്‌ലിം ന്യൂനപക്ഷ പ്രദേശങ്ങളിലെ ശരീഅത്ത് നിയമങ്ങള്‍ മാത്രം പ്രതിപാദിക്കുന്ന ‘ഫിഖ്ഹുല്‍ അഖല്ലിയ്യ’ എന്ന കര്‍മശാസ്ത്രശാഖ ഇന്ന് വളരെയധികം വികസിച്ചിട്ടുണ്ട്. ധാരാളം ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.
ഒരു ആഗോള ശരീഅത്ത് നിയമത്തിന് നിയമക്രമങ്ങളും കര്‍മമാര്‍ഗങ്ങളും വ്യത്യാസപ്പെടുക സ്വാഭാവികമാണ്. മനുഷ്യാരംഭം മുതലുള്ള മതനിയമങ്ങളുടെ ക്രമാനുഗത വളര്‍ച്ചയിലും ഇതുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അത്തരം വ്യത്യാസങ്ങള്‍ അല്ലാഹു നമുക്ക് അംഗീകരിച്ചുതന്നിട്ടുമുണ്ട്. ”നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ചുതന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ചു മുന്നേറുക. അല്ലാഹുവിലേക്കത്രേ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരുന്നതാണ് (5:48).
മറ്റൊരു വചനത്തില്‍ ഇങ്ങനെ കാണാം: ”നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം മൂസാ, ഈസാ എന്നിവരോട് കല്‍പിച്ചതുമായ കാര്യം. നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുവിന്‍, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചുതന്നിരിക്കുന്നു”(42:13).
അപ്പോള്‍ നൂഹ്(അ), ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ) എന്നിവര്‍ക്ക് നല്‍കപ്പെട്ടതും മുഹമ്മദ് നബിക്ക് ബോധനം നല്‍കിയതുമെല്ലാം അടിസ്ഥാനപരമായി ഒരേ മതം തന്നെയാകുന്നു. അതായത് തൗഹീദില്‍ അധിഷ്ഠിതമായ മതം. അതില്‍ ഭിന്നിപ്പും ഛിദ്രതയും ഒരിക്കലും ഉണ്ടായിക്കൂടാ. എന്നാല്‍ ഓരോ സമുദായത്തിനും ഓരോ നിയമമാര്‍ഗവും രീതിയും നാം ഏര്‍പ്പെടുത്തി. അപ്പോള്‍ മുന്‍ സമുദായങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ അല്ലാഹു ഏര്‍പ്പെടുത്തി എന്ന് മനസ്സിലാക്കാം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ആധുനിക മുസ്‌ലിം പണ്ഡിതന്മാര്‍ ഫിഖ്ഹുല്‍ അഖലിയ്യ എന്ന ഒരു കര്‍മശാസ്ത്ര സരണിക്ക് രൂപം നല്‍കിയത്. അതിനാല്‍ ഇന്ന് ഒരു മുസ്‌ലിമിന് മുസ്‌ലിം നാടുകളിലും അമുസ്‌ലിം നാടുകളിലും പൂര്‍ണമായൊരു മുസ്‌ലിമായി ജീവിക്കാന്‍ ഒരു പ്രയാസവുമില്ല. ഇതുകൊണ്ടുതന്നെയാണ് ഇസ്‌ലാം എല്ലാ കാലത്തും എല്ലാ ലോകത്തും പ്രായോഗികമായ മതമാണെന്ന് എല്ലാ ബുദ്ധിജീവികളും അംഗീകരിക്കുന്നത്.
എന്നാല്‍ ഇജ്തിഹാദിലൂടെയല്ലാതെ വരുന്ന ശരീഅത്ത് പരിഷ്‌കാരങ്ങള്‍ അസ്വീകാര്യമാകുന്നു. ഒരുകാലത്ത് പ്രത്യേക സാഹചര്യത്തില്‍ ഇജ്തിഹാദിലൂടെ നടപ്പാക്കപ്പെട്ട നിയമങ്ങള്‍ എക്കാലത്തും അതേപോലെ നിലനില്‍ക്കണെമന്ന് പറയുന്നത് നിരര്‍ഥകമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ അനിസ്‌ലാമിക ഭരണകര്‍ത്താക്കളാല്‍ നടപ്പാക്കപ്പെടുന്ന ശരീഅത്ത് നിയമങ്ങളില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനും അതംഗീകരിക്കാനും അതത് രാജ്യങ്ങളിലെ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ക്ക് അവകാശമുണ്ട്. അല്ലാത്തപക്ഷം ആ നിയമങ്ങള്‍ക്ക് വരുംകാലങ്ങളിലെ പുതിയ തലമുറയുമായി പൊരുത്തപ്പെട്ടുപോകാന്‍ സാധ്യമല്ല. കാലം അതുമായി പൊരുത്തപ്പെട്ടുപോകാത്ത ഒന്നിനെയും നിലനിര്‍ത്തുകയില്ല. ഹിജ്‌റ 400
ഓടുകൂടെ ഇജ്തിഹാദ് അവസാനിച്ചു എന്ന വാദം മതത്തിനും ബുദ്ധിക്കും യോജിക്കുന്നതല്ല.
ഇന്ത്യയില്‍ നിലവിലുള്ള ശരീഅത്ത് നിയമങ്ങള്‍ക്കും ഇത് ബാധകമാണ്. ആധുനിക സാഹചര്യത്തില്‍ ഇസ്‌ലാമിക ശരീഅത്തിന്റെ മൗലിക ലക്ഷ്യങ്ങളോട് വിയോജിപ്പുള്ള വല്ല നിയമങ്ങളും ഇന്ത്യന്‍ ശരീഅത്ത് നിയമങ്ങളില്‍ ഉണ്ടോ എന്ന് പരിശോധിക്കാനും ഉണ്ടെങ്കില്‍ ഇസ്‌ലാമിലെ മൗലിക തത്വങ്ങള്‍ക്ക് അനുകൂലമാംവിധം അത് തിരുത്തി സംവിധാനിക്കാനുമുള്ള അവകാശം ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്കുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഹനഫീ മദ്ഹബിലെ പ്രധാന ഗ്രന്ഥങ്ങളായ ഫതാവാ ആലംഗീരിക്കും ഹിദായക്കും സായിപ്പ് എഴുതിക്കൊടുത്ത ഇംഗ്ലീഷ് പരിഭാഷ മുറുകെപ്പിടിച്ചു ഇരിക്കേണ്ട ഗതികേട് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കില്ല.
ഏക സിവില്‍ കോഡ് നടപ്പാക്കി ഇസ്‌ലാമിന്റെ സംസ്‌കാരവും അസ്തിത്വവും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് നിലവിലുള്ള ശരീഅത്ത് നിയമങ്ങളില്‍ ന്യൂനതകള്‍ ഉണ്ടെങ്കിലും അതിന് ഇളക്കം തട്ടിയാല്‍ പിന്നെ ഏക സിവില്‍ കോഡിലായിരിക്കും എത്തിപ്പെടുക. അതിനേക്കാള്‍ ഭേദം ഇപ്പോള്‍ നിലവിലുള്ളതുതന്നെയാണ് എന്ന ചിന്തയാണ് അതിനാധാരം.
അല്‍ഇത്തിബാഅ്
ലോക മുസ്‌ലിംകളില്‍ ഖുര്‍ആനും സുന്നത്തും സ്വതന്ത്രമായി മനസ്സിലാക്കി ചിന്തിക്കാനും ഗവേഷണം നടത്താനും ആധുനിക വിഷയങ്ങളില്‍ ഫത്‌വ കൊടുക്കാനും കഴിവുള്ള ധാരാളം പണ്ഡിതന്മാരുണ്ട്. എന്നാല്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്തൊക്കെയാണെന്നുപോലും മനസ്സിലാക്കാന്‍ കഴിയാത്ത സാധാരണക്കാരും (അവരാണധികം) മുസ്‌ലിംകളില്‍ ഉണ്ട്.
ഇതില്‍ ഒന്നാമത്തേത് മുജ്തഹിദുകളും രണ്ടാമത്തേത് മുഖല്ലിദുകളുമാണ്. എന്നാല്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും സ്വതന്ത്രമായി നിയമങ്ങള്‍ ഗവേഷണം നടത്തി ആവിഷ്‌കരിക്കാനുള്ള കഴിവില്ലാത്ത, എന്നാല്‍ പ്രമാണങ്ങള്‍ ഗ്രഹിക്കാനും അവയുടെ പിന്‍ബലമുള്ളതേത്, പിന്‍ബലമില്ലാത്തതേത് എന്ന് വേര്‍തിരിച്ചു മനസ്സിലാക്കാനും കഴിയുന്ന വേറൊരു വിഭാഗമുണ്ട്. ഇവര്‍ മുജ്തഹിദുകളോ മുഖല്ലിദുകളോ അല്ല. ഇവരെ ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ മുത്തബിഅ് അഥവാ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതന്മാരെ പിന്‍പറ്റുന്നവര്‍ എന്നു പറയാം.
അപ്പോള്‍ ഇത്തിബാഅ് എന്നാല്‍ ഒരാളുടെ പ്രമാണങ്ങള്‍ മനസ്സിലാക്കിയ ശേഷം അയാളുടെ അഭിപ്രായം സ്വീകരിക്കുക എന്നര്‍ഥം. ഇബ്‌നു അബ്ദില്‍ബര്‍റ് ജാമിഉ ബയാനില്‍ ഇല്‍മ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”തെളിവുകള്‍ മനസ്സിലാക്കി മതവിധികള്‍ സ്വീകരിക്കുന്നതിന് ഇത്തിബാഅ് എന്ന് പറയുന്നു. ഇത്തിബാഅ് അനുവദനീയവും തഖ്‌ലീദ് വിരോധിക്കപ്പെട്ടതുമാണ്” (2:143).
മനുഷ്യന്‍ പ്രകൃത്യാ ശുദ്ധനാണ്. അവന്‍ വളര്‍ന്ന സാഹചര്യം അവനില്‍ സ്വാധീനം ചെലുത്തുന്നു. ചെറുപ്പത്തില്‍ മാതാപിതാക്കളെയും പിന്നെ ഗുരുനാഥന്മാരെയും അവന്‍ തഖ്‌ലീദ് ചെയ്യുന്നു. തുടര്‍ന്ന് അവന്റെ ബുദ്ധി വികസിക്കുമ്പോള്‍ കാര്യങ്ങള്‍ അവന്‍ വേര്‍തിരിച്ച് മനസ്സിലാക്കുന്നു. ക്രമേണ അന്ധമായ അനുകരണത്തില്‍ നിന്ന് അവന്‍ കരകയറി പ്രമാണങ്ങളുടെയും ബുദ്ധിയുടെയും വെളിച്ചത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുന്നു.

ഈ അവസ്ഥയില്‍ അവന്റെ ഗുരുനാഥന്മാരെയും അവന്റെ വളര്‍ച്ചയില്‍ ആത്മാര്‍ഥമായി താല്‍പര്യം കാണിക്കുന്നവരെയും അവന്‍ വഴികാട്ടികളായി സ്വീകരിക്കുന്നു. അവര്‍ എന്തു പറഞ്ഞാലും വിഴുങ്ങുന്ന അവസ്ഥയിലല്ല ഇപ്പോള്‍ അവന്‍ ഉള്ളത്. അവനു ശരിയും തെറ്റും വിവേചിച്ചറിയാനുള്ള കഴിവുണ്ട്. അവന്റെ ഗുരുനാഥന്മാരെയും മറ്റു ഗുണകാംക്ഷികളെയും അവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കി പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഇത്തിബാഅ് ചെയ്യുന്നു. എല്ലാം ശ്രദ്ധിച്ചു കേട്ടു കാര്യങ്ങള്‍ വിവേചിച്ചറിഞ്ഞ് ഏറ്റവും നല്ലത് തിരഞ്ഞെടുക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നു: ”എന്റെ ദാസന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. അതായത്, വാക്ക് ശ്രദ്ധിച്ചുകേള്‍ക്കുകയും ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്മാര്‍” (സുമര്‍ 18).
ഈ അടിസ്ഥാനത്തില്‍ ഇമാം ശാത്വിബി ജനങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിച്ചുകൊണ്ട് പറയുന്നു: ”ശരീഅത്ത് നിയമങ്ങള്‍ പിന്‍പറ്റാന്‍ സാധ്യതയുള്ളവര്‍ മൂന്ന് അവസ്ഥകളില്‍ നിന്ന് ഒഴിവല്ല. ഒന്ന് മുജ്തഹിദ്. അയാള്‍ തന്റെ ഇജ്തിഹാദ് അനുസരിച്ച് പ്രവര്‍ത്തിക്കണം. രണ്ട് മുഖല്ലിദ്. അയാളെ നയിക്കാന്‍ മറ്റൊരാള്‍ വേണം, കുരുടനെ നയിക്കുന്നതുപോലെ. മൂന്ന് മുജ്തഹിദുകളുടെ പദവിയിലേക്കുയരാത്ത എന്നാല്‍ പ്രമാണങ്ങള്‍ പറഞ്ഞുകൊടുത്താല്‍ മനസ്സിലാകുന്നവന്‍. ആ പ്രമാണങ്ങളില്‍ മുന്‍ഗണന അര്‍ഹിക്കുന്നത് തിരഞ്ഞെടുക്കാന്‍ അയാള്‍ക്ക് കഴിയും” (അല്‍ഇഅ്തിസാം 2:342).
അന്ധമായ അനുകരണങ്ങളില്‍ നിന്ന് കരകയറുകയും മുജ്തഹിദിന്റെ പദവിയിലേക്ക് എത്തിച്ചേരുകയും ചെയ്യാത്ത ധാരാളം ആളുകള്‍ എല്ലാ നാട്ടിലുമുണ്ടാവും. അവരെയെല്ലാം തഖ്‌ലീദിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത് നീതീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. നമുക്ക് അല്ലാഹു നിശ്ചയിച്ചു തന്ന മാര്‍ഗം പിന്തുടരേണ്ടത് നമ്മുടെ കടമയാണ്. അല്ലാഹു പറയുന്നു: ”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ടുവന്നവരും സുകൃതം ചെയ്തുകൊണ്ടവരെ പിന്തുടര്‍ന്നവരുമാരോ, അവരെപ്പറ്റി അല്ലാഹു തൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും തൃപ്തരായിരിക്കുന്നു. അതിനാല്‍ താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രേ മഹത്തായ വിജയം” (9:100).
ഈ മഹത്തായ സൗഭാഗ്യത്തിന്റെ ഉടമകള്‍ ആയിത്തീരണമെങ്കില്‍ അല്ലാഹു കാണിച്ചുതന്ന ഈ മാര്‍ഗം സ്വീകരിച്ചേ പറ്റൂ. ആ മാര്‍ഗമാണ് പൂര്‍വികരായ പണ്ഡിതന്മാര്‍ സ്വീകരിച്ചത്. അതുകൊണ്ടാണവര്‍ കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നത്. അങ്ങനെ അവര്‍ തെളിയിച്ചു മാതൃക കാട്ടിയ മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ പറയുമ്പോള്‍ ഇന്ന് പലര്‍ക്കും അത് രസിക്കുന്നില്ല. ആദ്യമേ ഇസ്‌ലാമിലേക്ക് വന്ന മുഹാജിറുകളെ മറ്റു സ്വഹാബിമാര്‍ അവരുടെ പ്രമാണങ്ങള്‍ മനസ്സിലാക്കി പിന്‍പറ്റി. അവരെ താബിഉകളും അവരെ താബിഉത്താബിഉകളും അവരെ മദ്ഹബിന്റെ ഇമാമുമാരും അവരെ അവരുടെ ശിഷ്യന്മാരും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പിന്‍പറ്റി. ചിലര്‍ അവരുടെ ഗുരുനാഥന്മാരുടെ അഭിപ്രായങ്ങളെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തിരുത്തി.
ഇങ്ങനെ നബി(സ) ഉത്തമരെന്ന് വിശേഷിപ്പിച്ച മൂന്നു നൂറ്റാണ്ടുകളിലുള്ള പണ്ഡിതന്മാരെ പ്രമാണബദ്ധമായി പിന്‍പറ്റുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നു. ഈ മഹത്തായ വിജയത്തിലേക്ക് എത്തിച്ചേരലായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം. അവരെ അവഗണിക്കുകയും അവരെ പിന്തുടരുന്നതില്‍ അഹങ്കരിക്കുകയും ചെയ്യുന്നവര്‍ പിശാചിന്റെ മാര്‍ഗത്തിലാണെന്ന് നാം മനസ്സിലാക്കണം. പ്രത്യേകിച്ചും ഈ തലമുറയില്‍പെട്ട സ്വഹാബിമാരുടെയും താബിഉകളുടെയും താബിഉത്താബിഉകളുടെയും ഇജ്മാഉള്ള വിഷയങ്ങളില്‍ മറ്റൊരഭിപ്രായം സ്വീകരിക്കാന്‍ ഒരു മുസ്‌ലിമിനും പാടില്ല. എന്നാല്‍ ഇവരില്‍ ആരുടെയെങ്കിലും ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ അത് പ്രമാണബദ്ധമല്ലെങ്കില്‍ തള്ളിക്കളയാവുന്നതാണ്. ഇതാണ് സലഫുസ്സ്വാലിഹുകളുടെ മാര്‍ഗം.
എന്നാല്‍ ഇജ്തിഹാദിന്റെയും തഖ്‌ലീദിന്റെയും മധ്യേയുള്ള ഇത്തിബാഅ് എന്ന പദവിയെ പറ്റി നമ്മുടെ പണ്ഡിതന്മാര്‍ ഒന്നും പറയാറില്ല. കാരണം അവര്‍ അധികവും തഖ്‌ലീദ് വാദികളാണ്. ഒരാള്‍ മുസ്‌ലിമാവണമെങ്കില്‍ നാലിലൊരു മദ്ഹബ് തഖ്‌ലീദ് ചെയ്യണം എന്നുറച്ചു വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍, മുജ്തഹിദുകള്‍ അല്ലാത്തവരെല്ലാം മുഖല്ലിദുകളാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു. ഈ തെറ്റിദ്ധാരണയില്‍ അകപ്പെട്ടവര്‍ നാം മുജ്തഹിദുകള്‍ അല്ലാത്തതുകൊണ്ട് മറ്റുള്ളവരെ തഖ്‌ലീദ് ചെയ്യുകയല്ലാതെ നമ്മുടെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ധരിച്ചു. ഈ ധാരണ സമൂഹത്തില്‍ വേരുറക്കാന്‍ വേണ്ടി ഇജ്തിഹാദിന്റെയും തഖ്‌ലീദിന്റെയും മധ്യേയുള്ള ഇത്തിബാഇനെ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചു. അതുകൊണ്ടാണ് മുജ്തഹിദുകള്‍ അല്ലാത്തവരെല്ലാം മുഖല്ലിദുകളാണെന്ന ആശയം ജനങ്ങളില്‍ പ്രചരിച്ചത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x