21 Sunday
July 2024
2024 July 21
1446 Mouharrem 14

ഇജ്മാഅ് പ്രമാണവും പ്രസക്തിയും

പി കെ മൊയ്തീന്‍ സുല്ലമി


ഒരു വിഷയകമായി മുസ്‌ലിം ലോകത്തെ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായത്തിന്നാണ് ഇജ്മാഅ് എന്ന് പറയുന്നത്. അബൂസഹ്‌റ(റ) പറയുന്നു: ‘മുസ്‌ലിം സമുദായത്തിലെ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ (ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മതവിധി പഠിച്ചെടുക്കാന്‍ കഴിവുള്ളവര്‍) നബി(സ)ക്കു ശേഷം ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ മതപരമായ ഒരു വിധിയില്‍ യോജിക്കുക എന്നതാണ് ഇജ്മാഅ്.’ (ഉസൂലുല്‍ ഫിഖ്ഹ് ലിഅബീസഹ്‌റ).
ഖുര്‍ആന്‍ മനപ്പാഠമാക്കിയവരുടെ മരണം കാരണത്താല്‍ അബൂബക്കറിന്റെ(റ) കാലഘട്ടത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചത് അതിന് ഉദാഹരണമാണ്. എല്ലാവരും ഏകീകരിച്ചുകൊണ്ടുള്ള ഒരഭിപ്രായം സ്വഹാബത്തിന്റെ കാലഘട്ടത്തില്‍ സംഭവിച്ചു എന്നല്ലാതെ പില്‍ക്കാലത്ത് സംഭവിച്ചതായി അറിയപ്പെടുന്നില്ല. ഇജ്മാഅ് ഇസ്‌ലാമിന്റെ മൂന്നാം പ്രമാണമാണെങ്കിലും വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും വിരുദ്ധമായ ഇജ്മാഅ് ഉണ്ടാകുന്നതല്ല.
തറാവീഹ് നമസ്‌കാരത്തിന്റെ റക്അത്തുകള്‍ 20 ആണെന്നു പറയുമ്പോഴും മറ്റു പല വിഷയങ്ങളിലും ഉണ്ടെന്നു പറയപ്പെടുന്ന ഇജ്മാഇനേക്കാള്‍ പ്രബലമായ ഹദീസുകള്‍ മറുഭാഗത്തുണ്ട്.
സ്വഹാബികള്‍ ഏകോപിച്ച ഒരു വിധിക്ക് വിരുദ്ധമായി ഹദീസ് വന്നാല്‍ അത് നബി(സ) പറഞ്ഞതാകാന്‍ സാധ്യതയില്ല. നബി(സ)യുടെ പ്രസ്താവനക്ക് വിരുദ്ധമായി ഒരു ഇജ്മാഅ് ഉണ്ടാകുന്നതുമല്ല. ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരെല്ലാം അക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇബ്‌നുഹജര്‍(റ) പറയുന്നു: ഖുര്‍ആനിനോ മുതവാതിറായ ഹദീസുകള്‍ക്കോ ഖണ്ഡിതമായ ഇജ്മാഇനോ വ്യക്തമായ ബുദ്ധിക്കോ വിരുദ്ധമായി വരുന്ന ഹദീസുകള്‍ നിര്‍മിതങ്ങളായിരിക്കും. (നുഖ്ബത്തുല്‍ ഫിക്ര്‍, പേജ് 113).
ഇമാം ബുഖാരിയുടെ ഹദീസ് ഗ്രന്ഥം ഖുര്‍ആന്‍ കഴിഞ്ഞാല്‍ ആധികാരികവും കൂട്യൂതല്‍ സ്വീകാര്യവുമാണ്. എന്നാല്‍, അദ്ദേഹത്തിന്ന് സംഭവിച്ചിരിക്കുന്ന വീക്ഷണ അബദ്ധങ്ങള്‍ ഇമാം നവവി തിരുത്തുന്നുണ്ട്. ബുഖാരിയിലെ 4977 ആം ഹദീസിനെ വിശകലനം ചെയ്തു കൊണ്ട് നവവി ശറഹുല്‍ മുഹദ്ദബില്‍ പറയുന്നത് ഇങ്ങനെ: ‘ഫാത്തിഹയും മുഅവ്വദതൈനിയും ഖുര്‍ആനില്‍ പെട്ടത് തന്നെയാണ് എന്നതാണ് ഇജ്മാഅ്.’
പ്രസ്തുത ഹദീസിനെക്കുറിച്ച് ഇമാം ഖുര്‍തുബി പറയുന്നു: ‘ഇബ്‌നു മസ്ഊദിന്റെ (റ) അഭിപ്രായം, ഈ രണ്ട് സൂറത്തുകള്‍ ഖുര്‍ആനില്‍ പെട്ടതല്ലെന്നും മറിച്ച് രക്ഷതേടാനുള്ള പ്രാര്‍ഥനകളാണെന്നുമാണ്. പ്രസ്തുത അഭിപ്രായം ഇജ്മാഇനും അഹ്‌ലു ബൈതിനും വിരുദ്ധമാണ്’ (അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍ 20:172). സ്വഹീഹുല്‍ ബുഖാരിയിലെ 7517 നമ്പര്‍ ഹദീസും പണ്ഡിതന്മാരുടെ ഇജ്മാഇന് വിരുദ്ധമാണ് എന്ന നിലയില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ പണ്ഡിതന്മാരുടെ ഇജ്മാഅ് എന്നതുകൊണ്ടുള്ള വിവക്ഷ ലോകത്തുള്ള പണ്ഡിതന്മാരുടെ അഭിപ്രായം എന്നാകാനാണ് സാധ്യത. പ്രസ്തുത ഹദീസില്‍ പറയുന്നത് ഇസ്‌റാഅ്, മിഅ്‌റാജ് സംഭവമുണ്ടായത് നബി(സ)യുടെ നുബുവത്തിന് മുമ്പായിരുന്നു. അഥവാ 40 വയസ്സിനു മുമ്പായിരുന്നു എന്നാണ്. അതിനെക്കുറിച്ച് ഇബ്‌നുഹജര്‍(റ) പണ്ഡിതന്മാരില്‍ നിന്നു ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക:
നബി(സ)ക്ക് വഹ്‌യ് നല്‍കപ്പെടുന്നതിന് മുമ്പായിരുന്നു ഇസ്‌റാഅ്, മിഅ്‌റാജ് സംഭവങ്ങള്‍ ഉണ്ടായിരുന്നത് എന്നതിനെ ഇമാം ഖത്വാബിയും ഇബ്‌നുഹസ്മും അബ്ദുല്‍ഹഖും ഖാളി ഇയാളും ഇമാം നവവി(റ)യും നിഷേധിച്ചിട്ടുണ്ട്. ഇമാം നവവി(റ)യുടെ പ്രസ്താവനയുടെ ഉദ്ധരണി ഇപ്രകാരമാണ്. ‘ഈ ഹദീസ് റിപ്പോര്‍ട്ടു ചെയ്ത ശുറൈകിന് ഊഹങ്ങള്‍ സംഭവിച്ചതാണ്. അതിനെ പണ്ഡിതന്മാരെല്ലാം നിഷേധിച്ചിട്ടുണ്ട്. അതിലൊന്ന് വഹ്‌യ് നല്‍കപ്പെടുന്നതിന് മുമ്പ് എന്നതാണ്. അത് തെറ്റാണ്. അതിനോട് ആരും തന്നെ യോജിച്ചിട്ടില്ല. നമസ്‌കാരം നിര്‍ബന്ധമാക്കിയത്് ഇസ്‌റാഇന്റെ രാവിലാണെന്ന് പണ്ഡിതന്മാര്‍ക്ക് ഏകോപനമുണ്ട്(അഭിപ്രായമുണ്ട്). അതെങ്ങനെ വഹ്‌യിന്റെ മുമ്പായിത്തീരും'(ഫത്ഹുല്‍ബാരി 17/408).
ബുഖാരിയിലെ ചില ബാബ്(അധ്യായം) പോലും ഇജ്മാഇന് വിരുദ്ധമാണെന്ന നില വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉദാഹരണം: ഈ വിഷയത്തില്‍ 7416 ാം നമ്പര്‍ ആയി ഹദീസ് വന്നിട്ടുണ്ട്. സാധാരണ ശബ്‌സ്(വ്യക്തി) എന്ന നിലയില്‍ പറയുക മനുഷ്യ സൃഷ്ടിക്കാണ്. ബുഖാരി 17/284 ാം പേജില്‍ അല്ലാഹുവിനെ മനുഷ്യസൃഷ്ടിയോട് ഉപമിക്കുന്ന ഒരധ്യായമുണ്ട്. അതിപ്രകാരമാണ്: ‘അല്ലാഹുവിനെക്കാള്‍ രോഷം കൊള്ളുന്ന ഒരു ശഖ്‌സുമില്ല’.
പ്രസ്തുത അധ്യായത്തെക്കുറിച്ച് ഇബ്‌നുഹജര്‍(റ) പണ്ഡിതന്മാരില്‍നിന്നും ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്. ‘ഇബ്‌നുബത്വാന്‍(റ) പ്രസ്താവിച്ചു. അല്ലാഹുവെ ഒരു വ്യക്തി എന്ന നിലയില്‍ വിശേഷിപ്പിക്കുന്നത് അനുവദനീയമല്ലെന്ന് മുസ്‌ലിം സമുദായം(പണ്ഡിതന്മാര്‍) ഏകോപിച്ചിരിക്കുന്നു'(ഫത്ഹുല്‍ബാരി 17/286).
ഖുര്‍ആനും സുന്നത്തും ഇജ്മാഅ് എന്ന നില പ്രഖ്യാപിച്ച ഒരുപാട് സംഗതികളുണ്ട്. അഞ്ചു വഖ്ത് നമസ്‌കാരങ്ങള്‍, റമദാനിലെ നോമ്പ്, കഴിവുള്ളവര്‍ ഹജ്ജുകര്‍മം നിര്‍വഹിക്കല്‍ നിര്‍ബന്ധം എന്നിവ ഇജ്മാഇല്‍ പെട്ടതാണ്. അബൂബക്കര്‍(റ)വിനെ ഖലീഫയായി തെരഞ്ഞെടുത്തത് സ്വഹാബത്തിന്റെ ഇജ്മാഇന് മറ്റൊരു ഉദാഹരണമാണ്. ആരുംതന്നെ അതിനെ എതിര്‍ത്തില്ല. ശിയാക്കള്‍ മാത്രമാണ് അതിന് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അവരുടെ നേതാവ് ജൂതനായ അബ്ദുല്ലാഹിബ്‌നു സബആയിരുന്നു.
ഇജ്മാഇന് വിശുദ്ധ ഖുര്‍ആനിനെക്കാള്‍ സ്ഥാനം നല്‍കുന്നവരുമുണ്ട്. അവരുടെ വാദം തന്നെ ഇപ്രകാരമാണ്. അല്‍ഇജ്മാഉ മുഖദ്ദമുല്‍ അലന്നസ്സ്വി അഥവാ ഇജ്മാഅ് ഖുര്‍ആനിനെക്കാളും സുന്നത്തിനെക്കാളും മുന്തിക്കപ്പെടേണ്ടതാണ്. എന്നിട്ട് യഥാര്‍ഥ ഇജ്മാഇനെ അവര്‍ തള്ളിക്കളയുകയും ചെയ്യും. ഉദാഹരണം: സ്ത്രീ ജുമുഅയെ സംബന്ധിച്ച് ഇമാം നവവി(റ) രേഖപ്പെടുത്തി:
‘ഒരു സ്ത്രീ പള്ളിയില്‍ വരികയും ജുമുഅ നമസ്‌കരിക്കുകയും ചെയ്താല്‍ അത് അവള്‍ക്ക് അനുവദനീയമാണെന്ന് ഇബ്‌നുല്‍മുന്‍ദിറും മറ്റു പണ്ഡിതന്മാരും ഇജ്മാആയി പ്രസ്താവിച്ചിരിക്കുന്നു. തീര്‍ച്ചയായും സ്ത്രീകള്‍ നബി(സ)യുടെ പള്ളിയില്‍ നബി(സ)യുടെ പള്ളിയില്‍ നമസ്‌കരിച്ചിരുന്നതായി തുടര്‍ച്ചയായി വന്ന നിരവധി സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്'(ശറഹുല്‍ മുഹദ്ദബ് 4/484).
പിന്നീട് സ്ത്രീകള്‍ക്ക് ളുഹ്‌റ് നമസ്‌കരിക്കേണ്ടതില്ല എന്നും ഇജ്മാഅ് ഉണ്ട്. ഇബ്‌നുല്‍മുന്‍ദിറിന്റെ പ്രസ്താവന കാണുക: ‘ഒരു സ്ത്രീ പള്ളിയില്‍ വന്ന് ജുമുഅ നമസ്‌കരിക്കുന്ന പക്ഷം ളുഹ്‌റിനെ പകരം അത് മതിയാകുമെന്ന് പണ്ഡിതന്മാര്‍ ഇജ്മാഅ്(ഏകോപിച്ച്) ആയി പ്രസ്താവിച്ചിരിക്കുന്നു’ (അല്‍മുഗ്‌നി 2/341). പണ്ഡിതന്മാരില്‍ ഭൂരിപക്ഷം പ്രമാണമല്ല. കാരണം, ഭൂരിപക്ഷം എപ്പോഴും അസത്യത്തിന്റെ ഭാഗമായിരിക്കും.
പല പണ്ഡിതന്മാരെയും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ചിലപ്പോള്‍ മാറ്റിവെക്കേണ്ടി വരും. ഇമാം തൈമിയ്യയുടെ(റ) ചില വീക്ഷണങ്ങള്‍ ഈ ഇനത്തില്‍ പെട്ടതാണ്. മരിച്ച വ്യക്തിക്ക് ഖബ്റിന്നടുത്തു വെച്ച് തല്ഖീന്‍ ചൊല്ലുന്നതും ബറാഅത്ത് രാവ് പുണ്യമാവുന്നു എന്നതും മുസ്വ്ഹഫ് തൊടാന്‍ വുദു വേണം എന്നതും അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട വീക്ഷണങ്ങള്‍ മാത്രമാണ് .
ഇമാം നവവിയുടെ(റ) വീക്ഷണങ്ങളിലും ഇത്തരം ചിലത് കാണാം. ഒന്ന്, ‘തല്‍ഖീനിന്റെ ഹദീസ് ദുര്‍ബലമാണെങ്കിലും അത് സുന്നത്താണ്’ (അദ്കാര്‍ പേജ് 138). രണ്ട്, ‘സ്വുഹ്ബിയിലെ ഖുനൂത്ത് സുന്നത്താണ്’ (അദ്കാര്‍ പേജ് 48). ഇനി പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായവും പ്രമാണയോഗ്യമല്ല.
പണ്ഡിതന്മാരുടെ ആധിക്യമോ കുറവോ പ്രമാണബദ്ധമായി കാര്യങ്ങളെ വിലയിരുത്താന്‍ തടസ്സമാവരുത്. അഹ്‌ലുസ്സുന്നയുടെ ആള്‍ക്കാര്‍ ഞങ്ങളാണെന്ന് അവകാശപ്പെടുന്ന ബഹുഭൂരിപക്ഷവും തഖ്‌ലീദും അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയും തവസ്സുലും ഖബ്‌റാരാധനയും ന്യായീകരിക്കുന്നവരാണ്. സ്വഹാബത്തിന്റെ ഇജ്മാഉം വിവിധ കാലഘട്ടങ്ങളില്‍ നടക്കുന്ന ഇജ്മാഉം ഇസ്‌ലാമില്‍ പ്രമാണമാണ്.
ഇജ്മാഇന്റെ കൂട്ടത്തില്‍ എണ്ണപ്പെടാവുന്ന ഒരു സംഭവമാണ് ഉമര്‍(റ)യുടെ കാലത്ത് നടന്ന തറാവീഹ് ജമാഅത്ത് പുനസംഘാടനം. അബൂശാമ(റ)യുടെ പ്രസ്താവന: നബി(സ)യുടെ ജീവന്‍ പിടിക്കപ്പെട്ടപ്പോള്‍ തറാവീഹ് നമസ്‌കാരം അവരുടെ മേല്‍ നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം ഇല്ലാതെയായി. (അത് കാരണമായിരുന്നു നബി(സ) ജമാഅത്തായി നമസ്‌കരിക്കല്‍ നിര്‍ത്തിവെച്ചത്). അല്ലാഹുവിന്റെ ഈ കല്‍പന ജീവിപ്പിക്കാന്‍ വേണ്ടി സ്വഹാബികള്‍ പള്ളിയില്‍ തറാവീഹ് നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ ഏകോപിച്ചു തീരുമാനിക്കുകയുണ്ടായി’ (കിതാബുല്‍ ബാഇസ് പേജ് 94,95)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x