ഐ ഐ ടി വിളിക്കുന്നു ജാം അപേക്ഷ ഒക്ടോബര്‍ 11 വരെ
റമീസ് പാറാല്‍
ഇന്ത്യയിലെ പ്രീമിയര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐ ഐ ടി) പി ജി കോഴ്സുകള്‍ പഠിക്കാന്‍ അവസരം. ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം എസ് സി (JAM) അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എം എസ് സി, ജോയിന്റ് എം എസ് സി- പി എച്ച് ഡി, എം എസ് സി പി എച്ച് ഡി ഡ്യുവല്‍ ഡിഗ്രി, മറ്റു പോസ്റ്റ് ബാച്ച്‌ലര്‍ ഡിഗ്രി, എം എസ് സി- എംടെക് ഡ്യുവല്‍ ഡിഗ്രി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അക്കാദമിക്, ഗവേഷണ മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഐ ഐ ടി ഒരുക്കുന്നത്.
ഭിലായ്, ഭുവനേശ്വര്‍, ബോംബെ, ഡല്‍ഹി, ധന്‍ബാദ്, ഗാന്ധിനഗര്‍, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്ദോര്‍, ജോധ്പൂര്‍, കാണ്‍പൂര്‍, ഖൊരക്പൂര്‍, മദ്രാസ്, മാന്‍ഡി, പാലക്കാട്, പട്ന, റൂര്‍ക്കി, റോപ്പര്‍, തിരുപ്പതി, വാരാണസി തുടങ്ങിയ ഇരുപത് ഐ ഐ ടികളിലേക്കാണ് പ്രവേശനം. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇന്റഗ്രേറ്റഡ് പി എച്ച് ഡി കോഴ്സിലേക്കും JAM സ്‌കോര്‍ വഴിയാണ് പ്രവേശനം. ബയോടെക്നോളജി, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ് എന്നിവയാണ് 2022-ല്‍ ജാമിലെ പ്രവേശന പ്രക്രിയയില്‍ വരുന്ന ടെസ്റ്റ് പേപ്പറുകള്‍. ജാമില്‍ നിശ്ചിത ടെസ്റ്റ് പേപ്പറില്‍ യോഗ്യത നേടിയവര്‍ക്ക് ആ പേപ്പറിലെ യോഗ്യത ബാധകമായ വിവിധ കോഴ്സുകള്‍ അപേക്ഷിക്കാം.
എന്‍ ഐ ടികള്‍, ഐ ഐ ഇ എസ് ടി, ഷിബ്പൂര്‍, എസ് എല്‍ ഐ ഇ ടി ബ്, ഐസറുകള്‍ തുടങ്ങിയ കേന്ദ്ര ധന സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ദേശീയ സ്ഥാപനങ്ങളിലെ പി ജി, ഇന്റഗ്രേറ്റഡ് പി ജി – പി എച്ച് ഡി കോഴ്സുകളിലേക്കും ജാം വഴി പ്രവേശനം നേടാം.
ഒരു വിദ്യാര്‍ഥിക്ക് ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകള്‍ എഴുതാം. കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (CBT) ഓണ്‍ലൈനിലാണ് ടെസ്റ്റ് നടത്തുക. മള്‍ട്ടിപ്പിള്‍ ചോയ്സ് ക്വസ്റ്റ്വന്‍ (MCQ). മള്‍ട്ടിപ്പിള്‍ സെലക്ട് ക്വസ്റ്റ്വന്‍സ് (MSQ), ന്യൂമെറിക്കല്‍ ഏന്‍സ്വര്‍ ടൈപ്പ് (NAT) തുടങ്ങിയ മൂന്ന് പാറ്റേണില്‍ ഒബ്ജക്ടീവ് മാതൃകയിലാണ് ടെസ്റ്റ്.
യോഗ്യതാ പരീക്ഷയില്‍ 55 ശതമാനം അല്ലെങ്കില്‍ 5.5 പോയിന്റ് സ്‌കെയില്‍ നേടിയ ജനറല്‍/ ഒ ബി സി, ഇ ഡബ്ല്യൂ എസ് കാറ്റഗറിയില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി / പി ഡബ്ല്യൂ ഡി വിഭാഗത്തില്‍ പെട്ടവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം അല്ലെങ്കില്‍ 5.0 പോയിന്റ് സ്‌കെയില്‍ നേടിയിരിക്കണം. https://jam.iitr.ac.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം. 2022 ഫെബ്രുവരി 13 നാണ് ജാം പരീക്ഷ. മാര്‍ച്ച് 22 ന് ഫലം പ്രഖ്യാപിക്കും.
കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, കൊല്ലം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, വടകര എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. എസ് സി/ എസ് ടി/ പി ഡബ്ല്യൂ ഡി വിഭാഗത്തിന് ഒരു പേപ്പറിന് 750 രൂപയും രണ്ട് പേപ്പറിന് 1050 രൂപയുമാണ് ഫീസ്. മറ്റു വിഭാഗങ്ങള്‍ക്ക് യഥാക്രമം Rs. 1500, 2000 രൂപ വീതമാണ് ഫീസ്. ഐ ഐ ടി റൂര്‍ക്കിയാണ് 2022 ജാം പരീക്ഷയ് ക്ക് നേതൃത്വം കൊടുക്കുന്നത്.