28 Wednesday
January 2026
2026 January 28
1447 Chabân 9

ഈ ‘മതനിയമ’വും മാറും

മുഹമ്മദ് കക്കാട്‌

പിറന്നുവീഴുന്ന പെണ്‍കുഞ്ഞിനെ അ പ്പടി കുഴിച്ചുമൂടിയ കാലമുണ്ടായിരുന്നു. അതിന് മാറ്റംവരുത്തിയത് ഭരണകൂടമല്ല, മറിച്ച് ഇസ്ലാം മതമാണ്. ജീവിക്കാനുള്ള അവകാശം പ്രഖ്യാപിക്കുക മാത്രമല്ല, സ്ത്രീയെ ഉന്നത പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു ഇസ്ലാം. കാലം കടന്നുപോയി. സ്ത്രീകള്‍ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ സജീവമായി, യുദ്ധത്തിന്റെ ധ്വജ വാഹകര്‍ വരെയായി. സ്ത്രീയുടെ മഹത്വം വിളംബരം ചെയ്തു ഇസ്ലാം. പക്ഷേ, ഖേദകരമെന്നു പറയട്ടെ, മുസ്ലിംകളിലെ യാഥാസ്ഥിതിക വിഭാഗം ഇതെല്ലാം തള്ളി, സ്ത്രീകളെ വീടകങ്ങളില്‍ തളച്ചിട്ടു. വിജ്ഞാനം ആര്‍ജിക്കാനും വിനിയോഗിക്കാനുമുള്ള അവകാശവും ആരാധനാ സ്വാതന്ത്ര്യവുമെല്ലാം നിഷേധിച്ചു. 1930 മാര്‍ച്ച് 16-ന് യാഥാസ്ഥിതിക മതപണ്ഡിതന്‍മാര്‍ ഒരു പ്രമേയം പാസാക്കി. ‘സ്ത്രീകള്‍ക്ക് അക്ഷരഭ്യാസം പാടില്ല’. പെണ്‍കുട്ടികള്‍ അക്ഷരാഭ്യാസം നേടിയാല്‍ പ്രേമലേഖനം എഴുതുമെന്നായിരുന്നു ന്യായം. പള്ളിക്കൂടം മാത്രമല്ല പള്ളിയും പെണ്ണിന് വിലക്കി. പെണ്ണ് പേറിന് മാത്രം എന്നതിലൊതുക്കി.ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി ‘മത നിയമം’ മാറി. പെണ്‍കുട്ടികള്‍ മദ്‌റസയില്‍ മാത്രമല്ല, സ്‌കൂളുകളിലും കോളജുകളിലുമെല്ലാം പോയിത്തുടങ്ങി. സ്ത്രീ വിദ്യാഭ്യാസത്തിന് സ്വന്തം സ്ഥാപനങ്ങള്‍ വരെയായി. ഉന്നത ബിരുദം കരസ്ഥമാക്കി ജോലി ചെയ്യുന്നതിനും ഇന്നു വിലക്കില്ല. വിദ്യാര്‍ഥികള്‍ വേദിയില്‍ വന്ന് സമ്മാനം സ്വീകരിക്കുന്നതിലുള്ള ‘മത’ത്തിന്റെ വിലക്കും മാറുമെന്ന് പ്രത്യാശിക്കാം.

Back to Top