19 Friday
April 2024
2024 April 19
1445 Chawwâl 10

ഐ എച്ച് ഐ ആറിലെ സൗഹൃദം നെഞ്ചില്‍ നോവുപടര്‍ത്തുന്നു

ടി പി എം റാഫി

ഫാറൂഖ് കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ എം എസ് എം പ്രവര്‍ത്തകനായ എനിക്ക് ഡോ. കെ അബ്ദുറഹ്മാന്‍ സാഹിബുമായി പരിചയമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ജ്യേഷ്ഠനും പി എസ് എം ഒ കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. കെ അഹമ്മദ്കുട്ടി സാറുമായായിരുന്നു അന്നു കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. സുഹൃത്തും അന്നത്തെ എം എസ് എം സംസ്ഥാന സാരഥികളിലൊരാളുമായ കെ പി സക്കരിയയോടൊപ്പം ഇടയ്‌ക്കൊക്കെ വീട്ടിനടുത്തുള്ള, ആനിഹാള്‍ റോഡിലെ മുജാഹിദ് സെന്ററില്‍ ഞാന്‍ പോകുമായിരുന്നു. അക്കാലത്ത് കെ പി മുഹമ്മദ് മൗലവിയുടെയും ഡോ. എം ഉസ്മാന്‍ സാഹിബിന്റെയും പുഞ്ചിരിക്കുന്ന നിഴലായി അബ്ദുറഹ്മാന്‍ ഡോക്ടറും കൂടെയുണ്ടാകും. ഡോക്ടര്‍ പരിചയം ഭാവിച്ച് ഞങ്ങളോട് ചിരിക്കുന്നത് എന്റെ മനസ്സില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല.
പിന്നീട് അഴിഞ്ഞിലം ഐ എച്ച് ഐ ആറില്‍ ക്ലാസ്സെടുക്കാന്‍ ചെന്നപ്പോള്‍ തൊട്ടാണ് ഡോക്ടറെന്ന വലിയ മനുഷ്യനെ കൂടുതല്‍ അറിയുന്നത്. കുട്ടിത്തം വിടാത്ത ചിരിയുടെ നിഷ്‌കളങ്കതയില്‍ പൊതിഞ്ഞ ധിഷണാശാലിയായ ചിന്തകനെയും വിദ്യാഭ്യാസ വിചക്ഷണനെയും ഗവേഷകനെയും ഞാന്‍ അനുഭവിച്ചറിഞ്ഞു.
ഡോക്ടര്‍ ധാരാളം വായിക്കുമായിരുന്നു. നമ്മള്‍ക്കൊന്നും കിട്ടാത്ത ഒട്ടേറെ വിദേശ പുസ്തകങ്ങള്‍ വലിയ കാശുകൊടുത്ത് അദ്ദേഹം വരുത്തിക്കുമായിരുന്നു. എന്നിട്ട് ആ പുസ്തകങ്ങളിലെ പ്രധാന കണ്ടന്റ് ഞങ്ങളോടു പറഞ്ഞുതരും. ഞങ്ങളുടെ ആകാംക്ഷയെ മുള്‍മുനയില്‍ നിര്‍ത്തിയശേഷം ആ പുസ്തകങ്ങള്‍ കൊണ്ടുവന്നുതരും. ഐ എച്ച് ഐ ആറിലെ ലൈബ്രറിയിലേക്ക് അദ്ദേഹം അങ്ങനെ ഒരുപാട് പുസ്തകങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. അവിടത്തെ വിദ്യാര്‍ഥികളോടായി അദ്ദേഹം അല്പം നര്‍മം കലര്‍ത്തി പറയുമായിരുന്നു: നിങ്ങളൊക്കെ വായന നിര്‍ത്തിയാല്‍ ഞാനീ പുസ്തകങ്ങള്‍ തിരിച്ചുകൊണ്ടുപോകും.
ഡോക്ടറെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓളംതള്ളിയെത്തുന്നത് അദ്ദേഹത്തിന്റെ ‘ഹോളി കൗ’ (പുണ്യ പശു) എന്ന മനശ്ശാസ്ത്ര സങ്കല്പമാണ്. എല്ലാവരുടെയും മനസ്സില്‍, ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ‘ഹോളി കൗ’ ഇടംതേടുന്നുണ്ടെന്നും ആ സാലഭഞ്ജികകളെ തകര്‍ത്തെറിയുമ്പോള്‍ മാത്രമാണ് ഇസ്‌ലാമികമായ സ്വതന്ത്രചിന്തയുടെ സ്വച്ഛത അനുഭവിക്കാന്‍ കഴിയൂ എന്നും ഡോക്ടര്‍ ഒട്ടേറെ ഉദാഹരണങ്ങളിലൂടെ സമര്‍ഥിക്കുമായിരുന്നു.
ലോകത്തെ വിദ്യാഭ്യാസ മേഖലയിലെ പുതിയ സ്പന്ദനങ്ങളെയും ചലനങ്ങളെയും പ്രവണതകളെയും കുറിച്ചു പഠിക്കാന്‍ ഡോക്ടര്‍ക്ക് വലിയ താത്പര്യമായിരുന്നു. അതിനുവേണ്ടി അദ്ദേഹം ഒട്ടേറെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ആ അറിവുകളൊക്കെ ഞങ്ങളോടു പങ്കുവെക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്തിട്ടുമുണ്ട്.
ഡോക്ടര്‍ക്ക് അസുഖമാകുന്നതിന് രണ്ടുമൂന്നാഴ്ച മുമ്പ്, ലോകത്ത് ശ്രദ്ധേയമായ നൂറു കണ്ടുപിടുത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരുടെ വിസ്മയകഥകള്‍ സമാഹരിച്ച വിദേശ പുസ്തകം തന്റെ കൈയിലുണ്ടെന്നും റാഫി അതു മലയാളത്തിലേക്ക് മൊഴിമാറ്റി ഖണ്ഡശഃ പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞിരുന്നു. ആ വലിയ മനുഷ്യന്റെ അപ്രതീക്ഷിതമെങ്കിലും അലംഘനീയമായ വിടവാങ്ങല്‍ ഒരു പ്രസ്ഥാനബന്ധുവിനെ നഷ്ടപ്പെട്ടതിലപ്പുറം വലിയ വേദനയായി എന്നെ അസ്വസ്ഥമാക്കുന്നു. ആ ധന്യജീവിതം കരുണാവാരിധിയായ അല്ലാഹു തൃപ്തിപ്പെട്ടു സ്വീകരിക്കുമാറാവട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x