16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

നോമ്പും കോവിഡിന്റെ രണ്ടാം വരവും


കോവിഡ് 19 വൈറസിന്റെ രണ്ടാംവരവ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ പിടിമുറുക്കുമ്പോഴാണ് ഇത്തവണ റമദാന്‍ വ്രതം ആരംഭിക്കുന്നത്. ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നോമ്പു തുറകള്‍ക്കുമായി പള്ളികളിലും ഇഫ്താര്‍ വിരുന്നുകളിലും സംഗമിക്കാറുള്ള വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയും നിരാശയും സമ്മാനിക്കുന്നതാണിത്. കഴിഞ്ഞ നോമ്പുകാലം കോവിഡ് ഭീതിയുടെ നിഴലിലായിരുന്നു മിക്ക ലോക രാജ്യങ്ങളും. രോഗവ്യാപനത്തെക്കുറിച്ചുള്ള ആശങ്കയും ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം ആരാധാനലയങ്ങള്‍പോലും അടഞ്ഞുകിടന്ന ഭീതിതമായ സാഹചര്യത്തിലായിരുന്നു അന്ന് നോമ്പ്. വീട്ടകങ്ങളില്‍ മാത്രം ആരാധാനകളില്‍ മുഴുകിയും സമൂഹ നോമ്പുതുറകളും ഇഫ്താര്‍ വിരുന്നുകളുമെല്ലാം ഒഴിവാക്കിയും അതുവരെ പരിചിതമല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് ആ വര്‍ഷം വിശ്വാസികള്‍ കടന്നുപോയത്.
കോവിഡ് ഭീതി അകന്നു തുടങ്ങിയെന്ന് കരുതിയിരിക്കുന്ന ഘട്ടത്തിലാണ് രണ്ടാംവരവ് എന്ന പേരില്‍ ഭരണകൂടങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിത്തുടങ്ങുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ബ്രസീലിനേയും ഇന്ത്യ പിന്തള്ളിയിരിക്കുന്നു. 1.35 കോടി ഇന്ത്യക്കാരെയാണ് കോവിഡ് ഇതിനകം പിടികൂടിയത്. പ്രതിദിനം ഒന്നര ലക്ഷത്തിനടുത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 1,70,000 പേര്‍ രോഗം ബാധിച്ചു മരിച്ചു. 800നും 900ത്തിനും ഇടയില്‍ മരണങ്ങളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏപ്രില്‍ 14 മുതല്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കൂട്ടം ചേരലുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ വിശ്വാസികളെ ബാധിച്ചേക്കും. അതേസമയം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചകള്‍ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസക്കാലമായി കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു. അന്ന് പ്രതിദിനം 2000ത്തിനും 3000ത്തിനും ഇടയില്‍ പുതിയ കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നും നാലും ശതമാനമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ നിരക്ക് കുത്തനെ ഉയര്‍ന്നു. പ്രതിദിന കേസുകള്‍ ആറായിരത്തിനു മുകളിലായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലേക്കുയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പും ശേഷവും ഇതു തന്നെയായിരുന്നു അവസ്ഥ. തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ കയറൂരിവിട്ട കോവിഡ് നിയന്ത്രണങ്ങള്‍ നോമ്പുകാലത്ത് ആരാധനകളെപ്പോലും ബാധിക്കും വിധത്തില്‍ കടുപ്പിക്കുമ്പോള്‍ വിശ്വാസികളില്‍ നിരാശയുണ്ടാകുന്നത് സ്വാഭാവികമാണ്. നോമ്പ് വിശ്വാസിക്ക് ആത്മ സംസ്‌കരണത്തിനുള്ള അവസരമാണ്. ലൗകിക സുഖങ്ങള്‍ വെടിഞ്ഞ് ആരാധനകളിലും പ്രാര്‍ത്ഥനകളിലും മുഴുകി സ്രഷ്ടാവായ നാഥനിലേക്ക് അടുക്കുന്ന സമയം. അതുകൊണ്ടുതന്നെ ഒരു നോമ്പുകാലംകൂടി കോവിഡിന്റെ ഭീതിയില്‍ തനിച്ചിരിക്കേണ്ടി വരുമ്പോഴുള്ള നിരാശ സ്വാഭാവികമാണ്. പരിമിതികള്‍ക്കകത്തു നിന്നുകൊണ്ടുള്ള നോമ്പും നമസ്‌കാരവും മറ്റ് ആരാധനകളും കൊണ്ടാണ് ഓരോ വിശ്വാസിയും ഈ നിരാശാബോധത്തെ മറികടക്കേണ്ടത്. ഇത്തരം സാഹചര്യങ്ങള്‍ ഒരു പക്ഷേ നാഥന്റെ പരീക്ഷണമാവാം. പരിമിതികളെ വിശ്വാസികള്‍ എങ്ങനെ നേരിടുന്നു, എങ്ങനെ മറികടക്കുന്നു എന്നെല്ലാം മനസ്സിലാക്കാനുള്ള അവസരം.
സ്രഷ്ടാവിനും സൃഷ്ടിക്കുമിടയില്‍ മറയില്ലാത്ത മതമാണ് ഇസ്്‌ലാം. അതുകൊണ്ടുതന്നെ പരിമിതികള്‍ വിശ്വാസിക്കു മുന്നില്‍ ഒരു വെല്ലുവിളിയേ അല്ല. മഹാമാരിയുടെ കാലത്ത് അതിന്റെ വ്യാപനം തടയാനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളില്‍ ഭാഗഭാക്കാകുക എന്നത് മറ്റാരേക്കാളും ഒരു ഇസ്്‌ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസത്തിന്റെ ഭാഗവും പ്രവാചക ചര്യയും പ്രവാചകാധ്യാപനങ്ങളും പിന്‍പറ്റുന്നതിന്റെ ഭാഗവും കൂടിയാണ്. രോഗവ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങളോട് ഓരോ വിശ്വാസിയും അകലം പാലിക്കണം. സമൂഹ നോമ്പുതുറകള്‍, ഇഫ്താര്‍ വിരുന്നുകള്‍, മറ്റു കൂട്ടം ചേരലുകള്‍ എന്നിവ പരമാവധി ഒഴിവാക്കുകയും ഒഴിച്ചുകൂടാന്‍ പറ്റാത്ത ജുമുഅ, ജമാഅത്ത് പോലുള്ള സാഹചര്യങ്ങളില്‍ കൃത്യമായ മുന്‍കരുതലുകളോടെ മാത്രം പങ്കെടുക്കുകയും ചെയ്യുക. മഹാമാരിയുടെ പിടിയില്‍ നിന്ന് മാനവരാശിയുടെ മോചനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ദിനങ്ങള്‍ കൂടിയാവട്ടെ ഈ നോമ്പുകാലവും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x