6 Friday
September 2024
2024 September 6
1446 Rabie Al-Awwal 2

ഇദ്ദയും തിരുത്തപ്പെടേണ്ട ധാരണകളും

സയ്യിദ് സുല്ലമി


ഇദ്ദയിരിക്കല്‍ എന്ന പ്രയോഗം മലയാളികള്‍ക്കിടയില്‍ പ്രചരിച്ചതിനാലാവണം ഒരു റൂമില്‍ തന്നെ അടങ്ങിയിരിക്കുകയും അമുസ്‌ലിം സ്ത്രീകളോടുപോലും മിണ്ടാതെ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയാല്‍ മാത്രമേ ഇദ്ദയായി പരിഗണിക്കുകയുള്ളൂ എന്ന ചിന്തയുണ്ടായത്. വാസ്തവത്തില്‍ തറബ്ബുസ് എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. ആ വാക്കിന് പ്രതീക്ഷിച്ചു കഴിയുക, കാത്തുകഴിയുക എന്നൊക്കെയാണ് അര്‍ഥകല്‍പന.
ഇബ്‌നു തൈമിയ്യയുടെ വീക്ഷണം
അലി(റ), ആഇശ(റ) തുടങ്ങിയവര്‍ ദീക്ഷാകാലം അനുഷ്ഠിക്കുന്നവരെ ഹജ്ജിനും ഉംറക്കും കൊണ്ടുപോയ സംഭവം ഉദ്ധരിച്ചുകൊണ്ട് അവര്‍ക്ക് അതിനായി പോകാമെന്ന് മുന്‍ ലേഖനത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായം ചില പണ്ഡിത ശ്രേഷ്ഠര്‍ രേഖപ്പെടുത്തുന്നുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ഈ വേളയില്‍ ഹജ്ജോ ഉംറയോ ചെയ്യാന്‍ അവര്‍ക്ക് പാടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു (മജ്മൂഉല്‍ ഫതാവാ). ദീക്ഷാകാലത്ത് അനിവാര്യമായും പാലിക്കേണ്ടതായ ഇസ്‌ലാമിക മര്യാദകള്‍ എന്താണെന്ന് ആ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവ നിര്‍ബന്ധമായും പാലിച്ചുകൊണ്ട് വേണം ഇങ്ങനെ പുറത്തുപോകാന്‍.
ഇദ്ദാ വേളയില്‍ ജോലിക്ക് പോകല്‍
ഭര്‍ത്താവ് മരണപ്പെട്ട് ദീക്ഷാകാലം അനുഷ്ഠിക്കുന്ന സ്ത്രീക്ക് പാടില്ല എന്നു വിശുദ്ധ ഖുര്‍ആനിലും ഹദീസിലും പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതെ അവള്‍ക്ക് ജോലിക്ക് പോകേണ്ട അവസ്ഥയാണെങ്കില്‍ ജോലിക്ക് പോകാവുന്നതാണ്. ഇക്കാര്യം ശൈഖ് ഇബ്‌നു ബാസ് രേഖപ്പെടുത്തിയിട്ടുണ്ട്: ”അധ്യാപികയെ പോലെ, വിദ്യാലയത്തില്‍ പോയില്ലെങ്കില്‍ അറിവ് നഷ്ടമാകുന്ന വിദ്യാര്‍ഥിനിയെ പോലെ പ്രധാനപ്പെട്ട ആവശ്യം ഉണ്ടെങ്കില്‍ അവള്‍ക്ക് അങ്ങനെയുള്ള സുപ്രധാന ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തുപോകാം. കാരണം അവളുടെ അവസ്ഥ വിദ്യാര്‍ഥിനിയാണ്, അല്ലെങ്കില്‍ അധ്യാപികയാണ്, അല്ലെങ്കില്‍ ഉദ്യോഗസ്ഥയാണ്. ഈ കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ട ആവശ്യമുള്ളവയാണ്. അതിനാല്‍ അവള്‍ക്ക് അലങ്കാരം ഇല്ലാത്ത, ഡിസൈന്‍ ഇല്ലാത്ത സാധാരണ വസ്ത്രത്തില്‍, സുഗന്ധം പൂശാതെ, സുറുമയിടാതെ, ആഭരണം ധരിക്കാതെ, മറ്റ് ആദാബുകള്‍ പാലിച്ചുകൊണ്ട് പുറപ്പെടാം” (മജ്മൂഉ ഫതാവാ, ശൈഖ് ഇബ്‌നു ബാസ്).
ഭര്‍ത്താവ് മരണപ്പെട്ട കാരണത്താല്‍ ഇദ്ദ അനുഷ്ഠിക്കുന്ന സ്ത്രീക്ക് കോടതിയില്‍ പോകേണ്ട സാഹചര്യം ഉണ്ടായാല്‍ അതാവാമെന്നും അദ്ദേഹം ഫതാവായില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ശൈഖ് സാലിഹ് അല്‍ മുനജ്ജിദും രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തോട് ഇദ്ദയിലുള്ള സ്ത്രീ പലചരക്കുകടയിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ജോലിക്ക് പോകാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നത് കാണുക: ”പ്രിയതമന്റെ വിയോഗം കാരണം ഇദ്ദ അനുഷ്ഠിക്കുന്ന സ്ത്രീക്ക് പകലില്‍ ജോലിക്ക് പുറപ്പെടല്‍ അനുവദനീയമാണ്. രാത്രിയായാല്‍ അവളുടെ വീട്ടില്‍ അവള്‍ കഴിഞ്ഞുകൂടണം. പലചരക്കുകടയില്‍ നീ ജോലി ചെയ്യുന്നതില്‍ നിന്റെ മേല്‍ പ്രശ്‌നമില്ല. പക്ഷേ, അത് പകല്‍ മാത്രമായിരിക്കണം” (സ്വാലിഹ് അല്‍ മുനജ്ജിദ്).
ദീക്ഷാകാലത്ത് തന്റെ മാതാവിന് ഗവണ്മെന്റിന്റെ നടപടികള്‍ക്കു വേണ്ടി പുറത്തുപോകാമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന ഉത്തരവും ശ്രദ്ധേയമാണ്: ”ഈ വിഷയത്തിലുള്ള ആകത്തുക, നിങ്ങളുടെ മാതാവിന് സര്‍ക്കാര്‍ നടപടികള്‍ക്കായി പുറത്തു പോകാം, ഇന്‍ശാഅല്ലാഹ്, അതില്‍ യാതൊരു കുഴപ്പവുമില്ല. അങ്ങനെ പുറത്തുപോകുന്നതുകൊണ്ട് ഇദ്ദ മുറിഞ്ഞുപോകില്ല. കാരണം ആവശ്യത്തിനും അനിവാര്യമായ കാര്യത്തിനുമാണ് പുറത്തുപോകുന്നത്” (സ്വാലിഹ് അല്‍ മുനജ്ജിദ്).
കേരളത്തിലും ലോകത്തിന്റെ പല ഭാഗത്തും ഇദ്ദയില്‍ കഴിയുന്ന സ്ത്രീക്ക് വിശുദ്ധ ഖുര്‍ആനോ നബിചര്യയോ വിലക്കാത്ത പല കാര്യങ്ങളും വിലക്കപ്പെട്ടിരിക്കുന്നു. അജ്ഞത കൊണ്ടും പൗരോഹിത്യം കൊണ്ടും ജീര്‍ണിച്ച ചില സമൂഹ നടപടികളെ അന്ധമായി അനുകരിക്കുന്നതുകൊണ്ടും ഇസ്ലാമിന്റെ വിശാലത തിരിച്ചു മനസ്സിലാക്കാത്തതിനാലും ഇങ്ങനെ ഇരുട്ടില്‍ കഴിയേണ്ടിവരുന്നവരുടെ അവസ്ഥ പരിതാപകരമാണ്. അതുകൊണ്ട് നവോത്ഥാന ചിന്തയുള്ള വിവേകമതികള്‍ ചെയ്യേണ്ടത് ഭക്തിയും സൂക്ഷ്മതയും പുലര്‍ത്തി പ്രമാണങ്ങള്‍ വ്യക്തമാക്കുന്ന സംഗതികളില്‍ ഉറച്ചുനില്‍ക്കുക എന്നതാണ്. ആധുനികരും പൗരാണികരുമായ അനേകം പണ്ഡിതമഹത്തുക്കള്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരുചര്യയുടെയും വെളിച്ചത്തില്‍ അവര്‍ക്ക് അനുവദനീയമായ നിരവധി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദാറുല്‍ ഇഫ്താ അല്‍ മിസ്‌രിയ്യക്ക് വന്ന ഒരു ചോദ്യവും മറുപടിയും ശ്രദ്ധിക്കാം:
ചോദ്യം: ”എന്റെ സഹോദരിയുടെ ഭര്‍ത്താവ് മരണപ്പെട്ടു. അവള്‍ ഇപ്പോള്‍ ഇദ്ദയിലാണ്. അവള്‍ക്ക് അവളുടെ ജോലിക്ക് പോകല്‍ അനുവദനീയമാണോ?”
ഉത്തരം: ”ഭര്‍ത്താവ് വിയോഗം പ്രാപിച്ചതിനാല്‍ ഇദ്ദയിരിക്കുന്ന സ്ത്രീക്ക് തന്റെ വീട്ടില്‍ നിന്ന് തന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പുറത്തുപോകല്‍ അനുവദനീയമാണ്. നീ ജോലിക്കു പോകുന്നതുപോലെ അല്ലെങ്കില്‍ അവശ്യവസ്തുക്കള്‍ വാങ്ങാനോ സമാനമായ സംഗതികള്‍ക്കോ പോകുന്നത്, ഈ സമയത്ത് പുലര്‍ത്തേണ്ട നിബന്ധനകള്‍ പുലര്‍ത്തിക്കൊണ്ട് പോകല്‍ അനുവദനീയമാണ്. ഇമാം മുസ്‌ലിം സ്വഹീഹില്‍ ഉദ്ധരിക്കുന്ന വചനത്തിന്റെ വെളിച്ചത്തിലാണത്: ‘ജാബിറി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എന്റെ മാതൃസഹോദരി വിവാഹമോചനം ചെയ്യപ്പെട്ടു. അങ്ങനെ അവര്‍ ഈത്തപ്പനയില്‍ നിന്നു പഴം പറിക്കാന്‍ ഉദ്ദേശിച്ചു പുറപ്പെട്ടു. അപ്പോള്‍ ഒരാള്‍ അവരെ പുറപ്പെടുന്നതില്‍ നിന്നു വിലക്കി. അപ്പോള്‍ അവര്‍ നബി(സ)യെ സമീപിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അതെ, നീ പോയി ഈത്തപ്പനയില്‍ നിന്ന് ഈത്തപ്പഴം പറിച്ചുകൊള്ളുക. നിശ്ചയം, നിനക്ക് ധര്‍മമോ അല്ലെങ്കില്‍ നന്മയോ ചെയ്യാന്‍ സാധിച്ചേക്കാം’ (മുസ്‌ലിം: 1438) (ശൗഖി ഇബ്‌റാഹീം അല്ലാം, ദാറുല്‍ ഇഫ്താ അല്‍ മിസ്‌രിയ്യ, ഫത്‌വ നമ്പര്‍: 6675).
ആധുനികരായ പണ്ഡിതര്‍ മാത്രമല്ല മുന്‍കാല ഇമാമുമാരും ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ഇമാം കാസാനി പറയുന്നു: ”പകലില്‍ അവളുടെ ആവശ്യങ്ങള്‍ക്കായി പുറത്തുപോകുന്നതില്‍ കുഴപ്പമില്ല. കാരണം അവളുടെ ജീവിതച്ചെലവിനു സമ്പാദിക്കാന്‍ പകലില്‍ പുറത്തുപോകല്‍ അവള്‍ക്ക് തീര്‍ച്ചയായും ആവശ്യമാണ്. കാരണം അവളുടെ മരണമടഞ്ഞ ഭര്‍ത്താവില്‍ നിന്ന് അവള്‍ക്ക് ചെലവിനു കിട്ടില്ലല്ലോ. പക്ഷേ, അവളുടെ ജീവിതച്ചെലവ് അവളുടെ മേല്‍ കടമയായി മാറിയതിനാല്‍ അത് നേടിയെടുക്കാന്‍ പുറത്തുപോകല്‍ അവളുടെ ആവശ്യമാണ്. രാത്രിയില്‍ ആവശ്യം ഇല്ലാത്തതിനാല്‍ അവള്‍ രാത്രി പുറപ്പെടരുത്” (ഇമാം കാസാനി, ബദായിഉസ്സനാഇഹ്).
ഇമാം ശംസുദ്ദീന്‍ ഖത്താബ് അല്‍ മാലികി പറയുന്നു: ”ഇദ്ദയില്‍ കഴിയുന്നവരാണങ്കിലും അവരുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകുന്നതില്‍ നിന്നും നടത്തത്തില്‍ നിന്നും പള്ളിയിലേക്ക് പോകുന്നതില്‍ നിന്നും അവര്‍ തടയപ്പെട്ടുകൂടാ. തീര്‍ച്ചയായും തടയപ്പെട്ടത് സൗന്ദര്യപ്രകടനത്തില്‍ നിന്നും നഗ്‌നത വെളിവാക്കുന്നതില്‍ നിന്നും സുഗന്ധം പൂശുന്നതില്‍ നിന്നും പുറത്തുപോകാന്‍ അലംകൃതമാക്കുന്നതില്‍ നിന്നും മാത്രമാണ്” (മവാഹിബുല്‍ ജലീല്‍).
ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ”പകല്‍സമയത്ത് ഇദ്ദയിലുള്ള സ്ത്രീക്ക് തന്റെ ആവശ്യങ്ങള്‍ക്കായി പുറത്തുപോകാം. അവള്‍ വിവാഹമോചനം ചെയ്യപ്പെട്ട് ഇദ്ദയില്‍ കഴിയുന്നവളാണെങ്കിലും ഭര്‍ത്താവ് മരിച്ചുപോയതിനാല്‍ ഇദ്ദ അനുഷ്ഠിക്കുന്നവളാണെങ്കിലും” (ഇബ്‌നു ഖുദാമ, മുഗ്‌നി).
അല്‍ ഖത്തീബ് അശ്ശര്‍ബീനി പറയുന്നു: ”ഭര്‍ത്താവ് മരിച്ചുപോയതിന്റെ പേരിലും അപ്രകാരം മടക്കിയെടുക്കാന്‍ കഴിയാത്ത ത്വലാഖ് നിമിത്തം ഇദ്ദയില്‍ ഇരിക്കുന്ന സ്ത്രീക്കും പകല്‍ സമയം ഭക്ഷണം വാങ്ങാനും നൂല്‍ നൂല്‍ക്കാനും അങ്ങനെയുള്ള കാര്യങ്ങള്‍ക്കും പുറത്തുപോകാം. അപ്രകാരം രാത്രിയില്‍ നൂല്‍ നൂല്‍ക്കാനും സംസാരിക്കാനും അതുപോലുള്ള സംഗതികള്‍ക്കും അയല്‍വാസിയുടെ വീട്ടിലേക്ക് പോകാം. പക്ഷേ, തന്റെ വീട്ടിലേക്കു തന്നെ രാത്രിയില്‍ മടങ്ങണമെന്ന നിബന്ധനയുണ്ട്” (മആനി അല്‍ഫാദില്‍ മിന്‍ഹാജ്).

ബന്ധുക്കളുടെ
വിവാഹത്തില്‍
പങ്കെടുക്കാമോ?

ഇദ്ദയില്‍ കഴിയുന്ന സ്ത്രീക്ക് പേരമക്കളുടെ വിവാഹത്തില്‍ പോലും പങ്കെടുക്കുന്നതിന് ഇസ്‌ലാം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. മതത്തെ ശരിക്കും അറിയാന്‍ ശ്രമിക്കാത്തവര്‍ സുന്ദരമായ ഇസ്‌ലാമിന്റെ വിഷയങ്ങളെ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യുകയാണ്. അങ്ങനെ സ്ത്രീകള്‍ക്ക് പേരമക്കളുടെ വിവാഹച്ചടങ്ങില്‍ പോലും പങ്കുകൊള്ളാന്‍ സാധിക്കാതെ എത്രയോ പേര്‍ വിടപറഞ്ഞുപോയിട്ടുണ്ട്.
”ഭര്‍ത്താവ് മരിച്ചുപോയതിനാല്‍ ഇദ്ദയില്‍ കഴിയുന്ന സ്ത്രീക്ക് വിവാഹ സല്‍ക്കാരത്തിനു പോകാം. ഇക്കാര്യം ഇമാം മാലികില്‍ നിന്ന് ഇബ്‌നുല്‍ ഖാസിം ഉദ്ധരിച്ചിട്ടുണ്ട്” (അല്‍ബാജി, അല്‍മുന്‍തഖ).
ഇദ്ദാ സമയത്ത് തികഞ്ഞ അച്ചടക്കം അനിവാര്യമാണ്. നാല് മാസവും പത്ത് ദിവസവും താന്‍ അല്ലാഹു നിര്‍ബന്ധമാക്കിയ ദീക്ഷാകാലം കഴിച്ചുകൂട്ടുകയാണ് എന്ന ബോധം ഉണ്ടായിരിക്കണം. പരലോകബോധം ഉറപ്പാക്കണം, ഇദ്ദയെ വില കുറച്ചു കാണുന്ന പ്രവണത ശരിയല്ല. അല്ലാഹു വാജിബാക്കിയത് അതേ തലത്തില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കപടതയോ കളങ്കമോ പാടില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x