ഇദ്ദാ കാലം അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തമാക്കുക
സയ്യിദ് സുല്ലമി
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം തന്റെ പ്രിയതമന്റെ വിയോഗം ഏറെ ദുഃഖം ഉളവാക്കുന്നതാണല്ലോ. ദുഃഖഭാരം അനുഭവിക്കുന്നതോടൊപ്പം പുരോഹിതരും അന്ധവിശ്വാസികളും അവളുടെ മേല്‍ ഇസ്‌ലാം പറയാത്ത കുറേ വിലക്കുകളും കല്‍പനകളും അടിച്ചേല്‍പിച്ചിരിക്കുകയാണ്. മൂഢവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും അനാചാരങ്ങളും നിറഞ്ഞ കുറേ സംഗതികള്‍. സത്യത്തില്‍ ഭര്‍ത്താവ് മരണപ്പെട്ട ഒരാള്‍ എന്ത് ചെയ്യണം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് ഇസ്‌ലാം വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്.
പ്രത്യേക വസ്ത്രമില്ല
ഇദ്ദയിരിക്കുന്ന സഹോദരി പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്ന് ചിലര്‍ വിശ്വസിക്കുന്നു. വെള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്നു കരുതുന്നവരുണ്ട്. കറുപ്പ് വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും അതാണ് മതശാസന എന്നും കരുതുന്നവരുണ്ട്. അങ്ങനെ യാതൊരു കല്‍പനയും വിശുദ്ധ ഖുര്‍ആനോ തിരുസുന്നത്തോ പഠിപ്പിക്കുന്നില്ല. അന്യപുരുഷന്മാരുടെ മുന്നില്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറയ്ക്കുന്ന മാന്യമായ വസ്ത്രങ്ങളും വീടിനകത്ത് മക്കളുടെയും മറ്റു മഹ്‌റമുകളുടെയും മുന്നില്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന മര്യാദയോടെയുള്ളതും ആഡംബരമില്ലാത്തതുമായ മാക്‌സിയും തട്ടവും അല്ലെങ്കില്‍ ചുരിദാറും തട്ടവും പോലുള്ള വസ്ത്രങ്ങളും അണിയാം.
ആഘോഷത്തില്‍ പങ്കെടുക്കില്ല
ചില മതസമൂഹങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അത് മാതാവോ പിതാവോ ഭര്‍ത്താവോ ആരുമാകട്ടെ, ഒരു വര്‍ഷം ആഘോഷ-സന്തോഷവേളകളില്‍ അവര്‍ പങ്കെടുക്കില്ല. ചില മുസ്‌ലിം വീടുകളിലും ഈ അന്ധവിശ്വാസമുണ്ട്. അതായത് മരണം സംഭവിച്ച വര്‍ഷം പെരുന്നാള്‍ പോലും നല്ല വസ്ത്രം ധരിക്കാതെ, മാംസം ഒഴിവാക്കി, സ്‌പെഷ്യല്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കി പെരുന്നാള്‍ തള്ളിനീക്കുന്നത് കാണാന്‍ സാധിക്കും. ഇതൊക്കെ തെറ്റാണ്. ഭര്‍ത്താവ് മരണപ്പെട്ട് ഇദ്ദ അനുഷ്ഠിക്കുന്ന സ്ത്രീക്കു പോലും മത്സ്യവും മാംസവുമടങ്ങിയ പ്രത്യേക ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതിനോ കഴിക്കുന്നതിനോ ഒരു പ്രശ്‌നവുമില്ല.
ദൈനംദിന കാര്യങ്ങള്‍
പലരും ധരിച്ചുവശായിട്ടുള്ളതോ കെട്ടിച്ചമച്ചതോ ആയ കാര്യങ്ങളാണ് ഭര്‍ത്താവ് മരണപ്പെട്ട് ഇദ്ദയിരിക്കുന്ന സ്ത്രീ ഒരാളോടും സംസാരിക്കാന്‍ പാടില്ല, ഫോണ്‍ ചെയ്തുകൂടാ, ആഴ്ചയില്‍ ഒരു പ്രാവശ്യമല്ലാതെ കുളിക്കാന്‍ പാടില്ല, ചെരിപ്പ് ധരിച്ച് വീടിനകത്ത് നടക്കാന്‍ പാടില്ല, രാത്രി വീടിനു പുറത്ത് പോയിക്കൂടാ, നിലാവുള്ള രാത്രിയില്‍ പ്രത്യേകിച്ചും പുറത്തിറങ്ങാന്‍ പാടില്ല, ന്യൂസ് പേപ്പര്‍ നോക്കാന്‍ പാടില്ല, കണ്ണാടി നോക്കരുത്, കറുത്ത ഇരുട്ടിയ പശ്ചാത്തലത്തില്‍ കഴിയണം തുടങ്ങി അനവധി അന്ധവിശ്വാസങ്ങള്‍. ഇദ്ദാ വേളയില്‍ അന്യപുരുഷനെ കണ്ടാല്‍ ഇദ്ദ മുറിയും, പിന്നെ ആദ്യം മുതല്‍ ഇദ്ദ അനുഷ്ഠിക്കണം എന്നൊക്കെയുള്ള അന്ധവിശ്വാസങ്ങള്‍, പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള ആണ്‍കുട്ടികള്‍ പോലും അവരെ കാണാന്‍ പാടില്ല എന്നിങ്ങനെ അബദ്ധജടിലമായ ചിന്താഗതികള്‍ ഏറെയുണ്ട്.
പക്ഷേ, ഇസ്ലാം അവള്‍ക്ക് വീടിനകത്ത് ചെരിപ്പ് ധരിച്ചോ ധരിക്കാതെയോ നടക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവളുടെ ആവശ്യങ്ങള്‍ അവള്‍ക്ക് നിര്‍വഹിക്കാവുന്നതാണ്, വീട്ടില്‍ പാചകം ചെയ്യാം, അതിഥികള്‍ വന്നാല്‍ അവര്‍ക്ക് പ്രത്യേക ഭക്ഷണപദാര്‍ഥങ്ങള്‍ പാചകം ചെയ്യുന്നതിനും വിരോധമില്ല. വീടിന്റെ പുറത്തോ വീടിന്റെ മുകളിലോ വെച്ച് ചന്ദ്രന്റെ വെട്ടം കാണാന്‍ വിലക്കോ വിരോധമോ ഇല്ല. വീടിന്റെ മുന്‍വശത്തോ മറ്റോ ഉള്ള പൂന്തോട്ടത്തിലോ കൃഷിയിടങ്ങളിലോ നടക്കാനും അവള്‍ക്ക് തടസ്സമില്ല. അവള്‍ ആഗ്രഹിക്കുന്ന സമയത്ത് കുളിക്കാം, ന്യായമായതും ഇസ്ലാമിക ബോധത്തോടെയും ആരോടും സംസാരിക്കാം, സ്ത്രീകള്‍ക്ക് ഹസ്തദാനം നടത്താം, അപ്രകാരം വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കള്‍ക്കും ഹസ്തദാനമാവാം.
ഇസ്ലാമിക വേഷം ധരിച്ചുകൊണ്ട് ബന്ധുക്കളും എന്നാല്‍ മഹ്‌റം അല്ലാത്തവരുമായ പുരുഷന്മാരോട് സലാം പറയുന്നതിനോ സലാം മടക്കുന്നതിനോ പ്രശ്‌നമില്ല. അയല്‍വാസിയോടോ ഏതൊരു വ്യക്തിയോടോ സലാം പറയുന്നതിനോ അത്യാവശ്യ കാര്യങ്ങള്‍ ആശയവിനിമയം നടത്തുന്നതിനോ ഇസ്‌ലാം എതിരല്ല.
വിലക്കപ്പെട്ടവ
ഇദ്ദയിരിക്കുന്ന സ്ത്രീക്ക് അനവധി സംഗതികള്‍ ഇസ്‌ലാം വിലക്കിയിട്ടുണ്ട് എന്നത് കള്ളപ്രചരണമാണ്. എന്നാല്‍ അല്ലാഹുവും റസൂലും അവള്‍ക്ക് എന്തു വിലക്കിയോ അതിനപ്പുറം യാതൊന്നും അവള്‍ക്ക് വിലക്കാന്‍ ഒരാള്‍ക്കും പാടില്ല. ഏതെല്ലാം കാര്യങ്ങളാണ് ഇദ്ദാ വേളയില്‍ നിഷിദ്ധമാക്കപ്പെട്ടതെന്ന് പ്രമാണത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാം:
ഒന്ന്: വിവാഹബന്ധം സ്ഥാപിക്കാന്‍ തീരുമാനം എടുക്കരുത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയട്ടെ: ”ഇദ്ദഃയുടെ ഘട്ടത്തില്‍ ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന് അറിയാം. പക്ഷേ, നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തുപോകരുത്. നിയമപ്രകാരമുള്ള അവധി ഇദ്ദ പൂര്‍ത്തിയാകുന്നതുവരെ വിവാഹമുക്തകളുമായി നിങ്ങള്‍ വിവാഹക്കരാറില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക” (വി.ഖു: 2:235).
രണ്ട്: ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവ് ഒഴികെ ഏതൊരാള്‍ മരണപ്പെട്ടാലും മൂന്നു ദിവസത്തേക്കാള്‍ കൂടുതല്‍ ദുഃഖാചരണം പാടില്ല. ഇദ്ദയിരിക്കുന്നവള്‍ ഫാഷന്‍ ഡ്രസ്സുകള്‍ അണിയുക, സുറുമയിടുക, സുഗന്ധം പൂശുക, മൈലാഞ്ചിയും കുങ്കുമവും ഉപയോഗിക്കല്‍ എന്നിവ വിരോധിക്കപ്പെട്ടിരിക്കുന്നു.
ഉമ്മുഅത്വിയ്യ നുസൈബ ബിന്‍ത് കഅ്ബി(റ)ല്‍ നിന്നു നിവേദനം: ”നിശ്ചയം, റസൂല്‍(സ) പറഞ്ഞു: ഒരു വനിതയും ഏതൊരാള്‍ മരണപ്പെട്ടാലും മൂന്ന് ദിവസത്തേക്കാള്‍ കൂടുതല്‍ ദുഃഖത്തോടെ കഴിയരുത്. എന്നാല്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ നാല് മാസവും പത്തു ദിവസവും അവള്‍ ഇദ്ദ അനുഷ്ഠിക്കുക, നേരിയ അംശം അലങ്കാരമുള്ളതൊഴികെ ഫാഷന്‍, ഡിസൈന്‍ ഡ്രസ്സുകള്‍ ധരിച്ചുകൂടാ. സുറുമയിടരുത്. ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയായാല്‍ അല്‍പം സുഗന്ധം ഉപയോഗിക്കാമെന്നതൊഴികെ സുഗന്ധം ഉപയോഗിക്കരുത്” (മുസ്‌ലിം 938).
മൂന്ന്: വെള്ളി, സ്വര്‍ണം, രത്‌നങ്ങള്‍ തുടങ്ങിയവ കൊണ്ടുള്ള ആഭരണങ്ങള്‍ അണിയാന്‍ പാടില്ല. ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസല്‍മ(റ)യില്‍ നിന്നു നിവേദനം: ”ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ പ്രത്യേക കളര്‍ വസ്ത്രങ്ങളും അലങ്കാര വസ്ത്രങ്ങളും ആഭരണവും മൈലാഞ്ചിയും സുറുമയും ഉപയോഗിക്കരുത്” (അബൂദാവൂദ് 2304).
ഇദ്ദാ കാലയളവ്
ചില സ്ഥലങ്ങളില്‍ രണ്ടു മാസം, വേറെ ചിലയിടങ്ങളില്‍ 40 ദിവസം മാത്രം ഇദ്ദ അനുഷ്ഠിക്കുന്നു. ചിലര്‍ ഒട്ടും ഇദ്ദ ഇരിക്കാറില്ല. എന്നാല്‍ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ നാല് മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്” (വി.ഖു: 234).
ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഭര്‍ത്താവ് മരണപ്പെട്ടതെങ്കില്‍ അവള്‍ പ്രസവം വരെ ഇദ്ദ അനുഷ്ഠിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ”ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ, അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു” (വി.ഖു: 65:4).
ആരൊക്കെ ഇദ്ദ
അനുഷ്ഠിക്കണം?
ഭര്‍ത്താവ് മരണപ്പെട്ട വനിത വൃദ്ധയോ യുവതിയോ ആകട്ടെ, പ്രായവ്യത്യാസം കണക്കിലെടുക്കാതെ തന്നെ ഇദ്ദ അനുഷ്ഠിക്കണം. വിശുദ്ധ ഖുര്‍ആനിലെ 2:234 സൂക്തം വിശദീകരിച്ചുകൊണ്ട് ഇബ്‌നു കസീര്‍ ഇങ്ങനെ രേഖപ്പെടുത്തി: ഇത് ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകള്‍ക്കുള്ള അല്ലാഹുവിന്റെ കല്‍പനയാണ്, നാല് മാസവും പത്ത് രാത്രിയും ഇദ്ദ നിര്‍വഹിക്കല്‍. ഈ വിധി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും അല്ലാത്തതുമായവര്‍ക്കെല്ലാം ബാധകമാണെന്ന് ഏകകണ്ഠമായ അഭിപ്രായമുണ്ട്. (തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം). ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: വിശുദ്ധ ഖുര്‍ആനും തിരുചര്യയും വ്യക്തമാക്കുന്നതുപോലെ ഭര്‍ത്താവ് മരണമടഞ്ഞ സ്ത്രീ ഇദ്ദയിരിക്കല്‍ നിര്‍ബന്ധമാണ്. നിക്കാഹിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും അല്ലാത്തതുമായവര്‍ക്കെല്ലാം ഇത് ബാധകമാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. (സാദുല്‍ മആദ്).
എപ്പോള്‍
ആരംഭിക്കണം?
ഇദ്ദ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാവാം, 40 കഴിയട്ടെ, ഒരു മാസത്തിനു ശേഷം മതി എന്നൊക്കെ കരുതുന്നവരുണ്ട്. പക്ഷേ, ഭര്‍ത്താവ് മരിച്ച സമയം മുതല്‍ ഇദ്ദ ആരംഭിക്കണം. ഹിജ്‌റ മാസക്കണക്കില്‍ നാലു മാസവും പത്തു ദിവസവും അത് അനുഷ്ഠിക്കുക. ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ ഇദ്ദയിരിക്കണമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ അങ്ങനെ അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. അവര്‍ക്ക് തൃപ്തിയുള്ള, സൗകര്യമുള്ള സ്ഥലം പിതാവിന്റെ വീടോ മകന്റെ വീടോ ആണെങ്കില്‍ അവിടെയാവാം. ഇബ്‌നു അബ്ബാസ് പറയുന്നു: തീര്‍ച്ചയായും അല്ലാഹു പറഞ്ഞത് നാല് മാസവും പത്തു രാത്രിയും ഇദ്ദ നിര്‍വഹിക്കണമെന്ന് മാത്രമാണ്. അവളുടെ വീട്ടില്‍ തന്നെയിരിക്കണം എന്നു പറയുന്നില്ല. അവര്‍ക്ക് തൃപ്തിയുള്ള വീട്ടില്‍ അത് അനുഷ്ഠിക്കാം. (മുസന്നഫ് അബ്ദുര്‍റസാഖ്: 12051).
ഇദ്ദ കാലയളവില്‍
പുറത്തു പോകാമോ?
ആവശ്യമുണ്ടെങ്കില്‍ അവള്‍ക്ക് ഈ സമയത്ത് പുറത്തു പോകാവുന്നതാണ്. ശൈഖ് ഇബ്‌നു ബാസ് പറയുന്നു: അത്യാവശ്യത്തിനോ നിര്‍ബന്ധ ഘട്ടത്തിലോ അല്ലാതെ പുറത്തു പോകരുത്, രോഗസമയം ആശുപത്രിയില്‍ പോകുന്നതുപോലെ. ഭക്ഷണം പോലെ മാര്‍ക്കറ്റില്‍ നിന്ന് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ അവള്‍ക്ക് അത് വാങ്ങിക്കൊണ്ടുവരുന്നവരില്ലെങ്കില്‍ പോകാവുന്നതാണ്. അപ്രകാരം വീട് തകര്‍ന്നാല്‍ മറ്റൊന്നിലേക്ക് പോകണം.) (മജ്മൂഅ് ഫതാവാ, ശൈഖ് ഇബ്‌നു ബാസ്).
ഇദ്ദ വേളയില്‍ ആവശ്യമെങ്കില്‍ അവള്‍ക്ക് ജോലിക്ക് പോകാവുന്നതാണ്. ഇബ്‌നു ഖുദാമ ഒരു ഹദീസ് ഉദ്ധരിച്ച് എഴുതുന്നു: ”ഭര്‍ത്താവ് മരണപ്പെട്ടതോ മൊഴി ചൊല്ലിയതോ ആയ ഇദ്ദയിരിക്കുന്ന സ്ത്രീകള്‍ക്ക് പകല്‍ സമയം അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തു പോകാം” (മുഗ്‌നി).
തെളിവായി അദ്ദേഹം ഉദ്ധരിച്ച വചനം നസാഈ, അബൂദാവൂദ് തുടങ്ങിയവര്‍ ഉദ്ധരിച്ച ഈ സംഭവമാണ്: ”ജാബിര്‍(റ) എന്റെ മാതൃസഹോദരിയെ മൂന്നു പ്രാവശ്യം ത്വലാഖ് നടത്തി. അപ്പോള്‍ അവള്‍ അവളുടെ ഈത്തപ്പഴം പറിക്കാന്‍ പോയി. അത് ഒരാള്‍ കണ്ടപ്പോള്‍ അദ്ദേഹം അവരെ വിലക്കി. അവള്‍ അത് നബിയോട് പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു: നീ പുറപ്പെട്ടോളൂ, നിന്റെ ഈത്തപ്പനയിലെ പഴം നീ പറിച്ചോളൂ, നിനക്ക് ധര്‍മം ചെയ്യുകയോ അല്ലെങ്കില്‍ നന്മ പ്രവര്‍ത്തിക്കുകയോ ചെയ്യാമല്ലോ” (മുഗ്‌നി).
ഹജ്ജും ഉംറയും നിര്‍വഹിക്കാമോ?
ഇദ്ദയുടെ സന്ദര്‍ഭത്തില്‍ അയല്‍പക്കത്തേക്കോ ജോലിസ്ഥലത്തേക്കോ മക്കളുടെയോ മാതാപിതാക്കളുടെയോ വീടുകളിലേക്കോ പോകുന്നതിന് പ്രശ്‌നമില്ല. പള്ളിയിലേക്കോ മദ്രസയിലേക്കോ പോകുന്നതിനും തടസ്സമില്ല. ഹജ്ജ് ചെയ്തില്ലെങ്കില്‍ ഹജ്ജിനും പുറപ്പെടാവുന്നതാണ്. നിശ്ചയം, ആഇശ(റ) അബൂബക്കറിന്റെ(റ) മകള്‍ തന്റെ സഹോദരി ഉമ്മുകുല്‍സൂമിന്റെ ഭര്‍ത്താവ് ത്വല്‍ഹ(റ) വധിക്കപ്പെട്ടപ്പോള്‍ അവരെ ഹജ്ജിനോ ഉംറക്കോ കൊണ്ടുപോയി (മുസന്നഫ് അബ്ദുര്‍റസാഖ്: 12053). നിശ്ചയം, അലി(റ) തന്റെ മകള്‍ ഉമ്മുകുല്‍സൂമിന്റെ ഭര്‍ത്താവ് ഉമര്‍(റ) വധിക്കപ്പെട്ടപ്പോള്‍ ഇദ്ദാ സമയത്ത് അവരെ യാത്ര കൊണ്ടുപോയി (മുസന്നഫ് അബ്ദുര്‍റസാഖ് 12057).