2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഇബ്‌റാഹിം നബിയുടെ ജീവിതം പ്രാര്‍ഥനാ നിര്‍ഭരം

ശംസുദ്ദീന്‍ പാലക്കോട്‌


ഇബ്‌റാഹിം നബിയുടെ മാര്‍ഗത്തോട് (മില്ലത്ത്) വിമുഖത കാണിക്കുന്നവര്‍ മഹാ വിഡ്ഢികളാണ് എന്ന പ്രയോഗം ഖുര്‍ആനില്‍ (2:130) കാണാം. ഇബ്‌റാഹിം നബിയുടെ കുറെ പ്രാര്‍ഥനകള്‍ പ്രാധാന്യ പൂര്‍വം ഉദ്ധരിച്ച ശേഷമാണ് അല്ലാഹു ഇപ്രകാരം പറയുന്നത് എന്നതാണ് ശ്രദ്ധേയം.
വിശുദ്ധ ഖുര്‍ആനില്‍ ഇബ്‌റാഹിം, മൂസാ പ്രവാചകന്മാരെ പറ്റിയാണ് സവിശദം പ്രതിപാദിച്ചിട്ടുള്ളത്. അതില്‍ മൂസാ നബിയുടേത് ബനൂ ഇസ്‌റാഈല്‍ എന്ന ഒരു വലിയ സമുദായ നാഗരികതയുടെ ഉത്ഥാന, പതന ചരിത്രം വിശകലനം ചെയ്യുന്ന രീതിക്കാണ് ഖുര്‍ആന്‍ പ്രാധാന്യം കൊടുത്തത്. മൂസാ, ഹാറൂന്‍ പ്രവാചകന്മാരും ഫിര്‍ഔന്‍, ഖാറൂന്‍ എന്നീ അഹങ്കാരികളും അതില്‍ പ്രതിപാദിക്കപ്പെടുന്നുണ്ടെങ്കിലും വിശകലനത്തിന്റെ കേന്ദ്ര ബിന്ദു ബനൂ ഇസ്‌റാഈല്‍ സമുദായം തന്നെയാണ്. ഏതൊരു നാഗരികതയുടെയും ഉയര്‍ച്ച, താഴ്ചകളുടെയും സ്വഭാവ വ്യതിയാനങ്ങളുടെയും കാര്യ, കാരണ, പരിണിതികള്‍ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഒരു പാഠപുസ്തകമാണ് മൂസാ നബിയെ പ്രതീകവത്കരിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന വിസ്തൃതമായ ബനൂ ഇസ്‌റാഈല്‍ ചരിത്ര വിശകലനം.
എന്നാല്‍ ഇബ്‌റാഹിം നബിയുടെ ചരിത്രം ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ചരിത്രമായിട്ട് തന്നെയാണ്. ഇബ്‌റാഹിം നബിയുടെ ആദര്‍ശ ജീവിതം, കുടുംബ ജീവിതം, അല്ലാഹുവിനുള്ള സമര്‍പ്പിത ജീവിതം, അല്ലാഹുവിനോടുള്ള പ്രാര്‍ഥനാ നിര്‍ഭരമായ ജീവിതം, നിസ്തുലവും വ്യത്യസ്തവുമായ പരീക്ഷണങ്ങളെ അല്ലാഹുവിനോടുള്ള സ്‌നേഹത്താല്‍ അതിജീവിച്ച വിധം, അദ്ദേഹത്തിന്റെ പ്രബോധന ജീവിതം എന്നിങ്ങനെ ബഹുമുഖമായ മേഖലകള്‍ വിശുദ്ധ ഖുര്‍ആന്‍ സമൃദ്ധമായി വിശദീകരിക്കുന്നതെല്ലാം ഇബ്‌റാഹീം എന്ന പ്രവാചകനെയും വ്യക്തിത്വത്തെയും കുറിച്ചാകുന്നു.
ജീവിതം പ്രാര്‍ഥനാനിര്‍ഭരം
ഇബ്‌റാഹീം നബിയുടെ ജീവിതത്തില്‍ ആദ്യാവസാനം പ്രകടമായി നില്‍ക്കുന്ന ഘടകം അല്ലാഹുവിനോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്‌നേഹവും ആ സ്‌നേഹത്താല്‍ പ്രചോദിതമായി അദ്ദേഹം നിര്‍വഹിക്കുന്ന പ്രാര്‍ഥനകളുമാണ്. 19 പ്രാര്‍ഥനകളാണ് ഇബ്‌റാഹീം നബിയുടേത് മാത്രമായി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ചത്. അത്രയധികം പ്രാര്‍ഥനകള്‍ മറ്റൊരു പ്രവാചകന്റെതും വിശുദ്ധ ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
ഈ പ്രാര്‍ഥനകളില്‍ അല്ലാഹു തിരസ്‌കരിച്ചതും തിരുത്തിക്കൊടുത്തതും കാണാം. ഇവയില്‍ ഏതാനും പ്രാര്‍ഥനകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവയെല്ലാം എല്ലാ കാലത്തുമുള്ള സത്യവിശ്വാസികളുടെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തേണ്ട പൊതു സ്വഭാവത്തിലുള്ള വിഷയങ്ങളാണ്.
ബഹുമുഖ പ്രാര്‍ഥനകള്‍
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍ വിശകലന വിധേയമാക്കിയാല്‍ വിശ്വാസിയുടെ ജീവിതത്തില്‍ ഒട്ടേറെ ഗുണപാഠ സന്ദേശങ്ങള്‍ അവ പകര്‍ന്നു തരുന്നതായി കാണാം. ജീവിതത്തിന്റെ ബഹുമുഖമായ സുഖ, ദു:ഖ സന്ദര്‍ഭങ്ങളെയും ജീവിതത്തിലെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയുമെല്ലാം സംയമനാത്മകമായി സമീപിക്കാന്‍ വിശ്വാസിക്ക് കരുത്ത് പകര്‍ന്നുതരുന്ന ഒരു ദിവ്യ ഔഷധമാണ് പ്രാര്‍ഥന. ജീവിതത്തിലെ ഏത് സന്ദര്‍ഭങ്ങളെയും പതറാതെ നേരിടാന്‍ ഇബ്‌റാഹീം നബിയെ പ്രാപ്തമാക്കിയത് അദ്ദേഹത്തിന്റെ പ്രാര്‍ഥനാനിര്‍ഭരമായ ജീവിതമാണ് എന്ന സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ പകര്‍ന്നു നല്‍കുന്നത്. ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍ പരിചയപ്പെടുന്ന ഏതൊരാള്‍ക്കും ഇക്കാര്യം ബോധ്യപ്പെടും.
ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍
1) എന്റെ രക്ഷിതാവേ, എനിക്ക് നീ യുക്തിഭദ്രമായ വിജ്ഞാനം നല്‍കേണമേ. (ശുഅറാഅ് 83)
2) എന്നെ നീ സജ്ജനങ്ങളില്‍ ചേര്‍ക്കേണമേ. (ശുഅറാഅ് 83)
3) പില്‍ക്കാലക്കാരില്‍ എനിക്ക് നീ സല്‍കീര്‍ത്തി നല്‍കേണമേ. (ശുഅറാഅ് 84)
4) അനുഗൃഹീത സ്വര്‍ഗത്തിന്റെ അവകാശികളില്‍ എന്നെ നീ ഉള്‍പ്പെടുത്തേണമേ. (ശുഅറാഅ് 85)
5) എന്റെ പിതാവിന് നീ പൊറുത്തു കൊടുക്കേണമേ, തീര്‍ച്ചയായും അദ്ദേഹം വഴി കേടില്‍ അകപ്പെട്ടിരിക്കുന്നു. (ശുഅറാഅ് 86)
6) ശുദ്ധമനസ്സുമായി അല്ലാഹുവിനെ സമീപിച്ചവര്‍ക്ക് മാത്രം രക്ഷ ലഭിക്കുകയും സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടാതിരിക്കുകയും ചെയ്യുന്ന ദിവസം അഥവാ പുനര്‍ജന്മ ദിവസം എന്നെ നീ അപമാനിക്കരുതേ. (ശുഅറാഅ് 89)
7) എന്റെ രക്ഷിതാവേ, ഈ നാടിനെ നീ നിര്‍ഭയത്വമുള്ള നാടാക്കേണമേ. (ഇബ്‌റാഹിം 35)
8) എന്നെയും എന്റെ മക്കളെയും ബിംബാരാധനയില്‍ നിന്നും അകറ്റേണമേ. (ഇബ്‌റാഹിം 35)
9) ഞങ്ങളുടെ രക്ഷിതാവേ, ഞാന്‍ എന്റെ സന്താനങ്ങളില്‍ ചിലരെ കൃഷിയോഗ്യമല്ലാത്ത ഒരു താഴ്‌വരയില്‍ പാര്‍പ്പിച്ചിരിക്കുന്നു. നിന്റെ പരിശുദ്ധ ഭവനത്തിന്റെ അടുത്താണത്, അവര്‍ക്കത് വഴി നമസ്‌കാരം കൃത്യനിഷ്ഠതയോടെ നിര്‍വഹിക്കാന്‍ കഴിയും. അതിനാല്‍ ജനമനസ്സ് നീ അവരിലേക്ക് ആഭിമുഖ്യമുള്ളതാക്കേണമേ. അവര്‍ക്ക് നീ ഫലവര്‍ഗങ്ങള്‍ നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദിയുള്ളവരായേക്കാം. (ഇബ്‌റാഹിം 37)
10) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നിനക്കറിയാം. ആകാശ, ഭൂമിയിലുള്ള യാതൊന്നും അല്ലാഹുവിന് അവ്യക്തമല്ല. (ഇബ്‌റാഹിം 38)
11) എന്റെ രക്ഷിതാവേ, എന്നെയും എന്റെ മക്കളെയും നമസ്‌കാരം നിലനിര്‍ത്തുന്നവരില്‍ നീ ഉള്‍പ്പെടുത്തേണമേ. ഞങ്ങളുടെ രക്ഷിതാവേ, നീ പ്രാര്‍ഥന സ്വീകരിക്കേണമേ. (ഇബ്‌റാഹിം 40)
12) ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നാളില്‍ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തു തരേണമേ. (ഇബ്‌റാഹിം 41)
13) എന്റെ രക്ഷിതാവേ, ഈ നാടിനെ നീ നിര്‍ഭയത്വമുള്ള നാടാക്കേണമേ. ഈ നാട്ടുകാര്‍ക്ക് നീ ഫലവര്‍ഗങ്ങള്‍ നല്‍കുകയും ചെയ്യേണമേ. (അല്‍ബഖറ 126)
14) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ചെയ്യുന്ന സല്‍കര്‍മം നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (അല്‍ബഖറ 127)
15) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിരുവരെയും (കഅബ പുനര്‍നിര്‍മിച്ച പിതാവും പുത്രനുമായ ഇബ്‌റാഹിമും ഇസ്മാഈലും) ഞങ്ങളുടെ സന്തതികളെയും നിനക്ക് പൂര്‍ണ സമര്‍പ്പിത ജീവിതം നയിക്കുന്നവരാക്കുകയും ഞങ്ങളുടെ ആരാധനകള്‍ നീ ഞങ്ങള്‍ക്ക് കാണിച്ചു തരികയും ചെയ്യേണമേ. ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ കാരുണ്യവാനും ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനുമാകുന്നു. (അല്‍ബഖറ 128)
16) ഞങ്ങളുടെ രക്ഷിതാവേ, നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദഗ്രന്ഥം പഠിപ്പിച്ചു കൊടുക്കുകയും സംസ്‌കാര സമ്പന്നരാക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെ അവരില്‍ നിന്ന് തന്നെ നീ അവരില്‍ നിയോഗിക്കേണമേ. (അല്‍ബഖറ 129)
ഇബ്‌റാഹിം നബിയുടെ ഈ പ്രാര്‍ഥനയുടെ സാഫല്യമാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം മക്കയില്‍ ഇസ്മാഈല്‍ സന്തതി പരമ്പരയിലൂടെ മുഹമ്മദ് നബി(സ)യുടെ നിയോഗം.
17) എന്റെ സന്താന പരമ്പരകളെ നീ (എന്നെപ്പോലെ ജനങ്ങളുടെ നേതാക്കള്‍ എന്ന പദവി നല്‍കി) അനുഗ്രഹിക്കേണമേ. (അല്‍ബഖറ 124)
അല്ലാഹു സ്വീകരിക്കുകയില്ല എന്ന് സൂചിപ്പിച്ച് തിരസ്‌കരിച്ച പ്രാര്‍ഥനയാണിത്.
18) എന്റെ രക്ഷിതാവേ, നീ എങ്ങനെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത് എന്നത് എനിക്ക് കാണിച്ചു തരൂ. (അല്‍ബഖറ 260)
സംഭാഷണരൂപത്തിലുള്ള ഈ പ്രാര്‍ഥന അല്ലാഹു ഉടനെ സ്വീകരിക്കുകയും മരണപ്പെട്ടവരെ ജീവിപ്പിക്കുന്ന ഒരു ‘ഡെമോ’ ഇബ്‌റാഹിം നബിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.
19) എന്റെ രക്ഷിതാവേ, എനിക്ക് നീ സല്‍ സന്താനങ്ങളെ നല്‍കേണമേ. (സ്വാഫാത്ത് 100)
സന്താന സൗഭാഗ്യത്തിനു വേണ്ടിയുള്ള ഈ പ്രാര്‍ഥന പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അല്ലാഹു സ്വീകരിച്ച് സഫലമാക്കിയത്.
ഇബ്‌റാഹിം നബിയുടെ ഈ പ്രാര്‍ഥനകള്‍ അതിന്റെ സന്ദര്‍വും അവയിലടങ്ങിയ ഉള്‍സാര സന്ദേശങ്ങളും പ്രത്യേകം പരാമര്‍ശ വിധേയമാക്കേണ്ട മറ്റൊരു വശമാണ്. എങ്കില്‍ തന്നെയും ഈ പ്രാര്‍ഥനകളില്‍ സ്ഥലകാല ബന്ധിതവും വ്യക്തിഗത ബന്ധിതവുമായ ഏതാനും പ്രാര്‍ഥനകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവ ലോകാവസാനം വരെയുള്ള എല്ലാ സത്യവിശ്വാസികളുടെയും നിത്യ പ്രാര്‍ഥനകളില്‍ ഇടം പിടിക്കേണ്ട പ്രാര്‍ഥനകള്‍ തന്നെയാണ്. അത് തന്നെയാണ് അവ ഇവിടെ അനുസ്മരിക്കുന്നതിന്റെ സാന്ദര്‍ഭിക പ്രസക്തിയും.
സ്‌നേഹമാണ് പ്രചോദനം
അല്ലാഹുവിന് സമര്‍പ്പിത ജീവിതം നയിച്ച ഇബ്‌റാഹീം നബി(അ) അല്ലാഹുവിനെയാണ് മറ്റെന്തിനേക്കാളും സ്‌നേഹിച്ചത് എന്നത് മറ്റൊരു പ്രത്യേകതയായി ഖുര്‍ആന്‍ ഒന്നിലധികം ഉദാഹരണങ്ങളിലൂടെ സൂചിപ്പിക്കുന്നു. ആ സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് വര്‍ധിതമായ അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍.
അഥവാ ഓരോ സത്യവിശ്വാസിക്കും അവന്റെ ഒന്നാമത്തെ സ്‌നേഹ കേന്ദ്രം അല്ലാഹുവായിരിക്കണം. അല്ലാഹുവിനെ മറ്റെന്തിനാക്കാളും സ്‌നേഹിക്കുന്ന ഒരാള്‍ക്കും അല്ലാഹുവിനോടുള്ള ആനന്ദദായകമായ ആത്മഭാഷണമായ പ്രാര്‍ഥനയെ അവഗണിച്ചു കൊണ്ടുള്ള ഒരു ജീവിതം അചിന്ത്യമായിരിക്കും. പ്രാര്‍ഥനാനിര്‍ഭരമായ ധന്യ ജീവിതം നയിച്ച് ലോക ജനതയുടെ ‘ഇമാം’ എന്ന പദവിക്കര്‍ഹനായ ഇബ്‌റാഹീമീ സ്മരണ പകര്‍ന്നു നല്‍കുന്ന മുഖ്യ സന്ദേശവും മറ്റൊന്നല്ല.

Back to Top