29 Friday
March 2024
2024 March 29
1445 Ramadân 19

അഭയം തേടിപ്പോകുന്ന ഇബ്‌റാഹീം നബി(അ)

സി പി ഉമര്‍ സുല്ലമി


വിഗ്രഹാരാധനയുടെ അര്‍ഥശൂന്യത വ്യക്തമാക്കിയ ഇബ്‌റാഹീം നബി(അ)ക്ക് നാട്ടില്‍ നിന്ന് അഭയാര്‍ഥിയായി പോവലല്ലാതെ മറ്റൊരു പോംവഴി ഉണ്ടായിരുന്നില്ല. അഗ്‌നിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആ നാട്ടില്‍ നില്‍ക്കാന്‍ അദേഹത്തിന് സാധിച്ചില്ല. വിഗ്രഹങ്ങളെ മാത്രമല്ല ആ നാട്ടുകാര്‍ ആരാധിച്ചിരുന്നത്, സൂര്യചന്ദ്രാതി, നക്ഷത്ര ഗോളാതികളെയും ജനങ്ങള്‍ അന്ന് ആരാധിച്ചു വന്നിരുന്നു.
ബഹുദൈവാരാധകരെല്ലാം തത്വത്തില്‍ ദൈവവിശ്വാസികളാണല്ലോ. എന്നാല്‍ ആ ദൈവത്തെ നേരെ സമീപിച്ചു കൂടാ, മധ്യവര്‍ത്തികള്‍ ഉണ്ടാവണം എന്നതാണ് ബഹുദൈവാരാധനയുടെ അടിസ്ഥാന ചിന്ത. അതിന് മരിച്ച് പോയ മഹാന്മാരെയാണ് അവര്‍ മധ്യവര്‍ത്തികളായി ആരാധിച്ചത്. ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളെല്ലാം അവനിലേക്കുള്ള മധ്യവര്‍ത്തികളായി സ്വീകരിക്കുന്ന സമ്പ്രദായം ബഹുദൈവാരാധകര്‍ക്കുണ്ട്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. വ്യവസ്ഥാപിതമായി ചലിച്ചു കൊണ്ടിരിക്കുന്ന അവയെല്ലാം ഏകനായ സ്രഷ്ടാവിനെയാണ് കുറിക്കുന്നത്. സര്‍വശക്തനും സര്‍വജ്ഞനുമായ സ്രഷ്ടാവിന്റെ ദിവ്യത്വത്തെയാണ് അവ അറിയിക്കുന്നത്.
എന്നാല്‍ ബഹുദൈവാരാധകര്‍ ഇവയിലൂടെ തന്നെ ദൈവത്തിലെത്തി ചേരണമെന്ന് ചിന്തിച്ചു കൊണ്ട് അതിനെ തന്നെ പൂജിക്കാന്‍ തുടങ്ങി. അതിന്റെ അര്‍ഥശൂന്യത വെളിവാക്കി കൊടുക്കാന്‍ ഇബ്‌റാഹീം നബി ഒരു സൂത്രം പ്രയോഗിച്ചു. അങ്ങനെ ഒരു ദിവസം രാത്രി ഇരുട്ടു മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം ഉദിച്ചു വരുന്നത് കണ്ടു. ജനങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി അദ്ദേഹം പറഞ്ഞു: ഇതാണ് എന്റെ രക്ഷിതാവ്. പക്ഷെ, കുറച്ച് കഴിഞ്ഞപ്പോള്‍ ആ നക്ഷത്രം മാഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: മറഞ്ഞു പോവുന്നവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, സ്രഷ്ടാവിന്റെ സാന്നിധ്യം നമുക്ക് എപ്പോഴും ഉണ്ടായിരിക്കും.
അപ്പോഴാണ് ചന്ദ്രന്‍ ഉദിച്ച് വരുന്നത് കണ്ടത്. അദ്ദേഹം പറഞ്ഞു: ഇതാ, ഇതാണെന്റെ രക്ഷിതാവ്. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ അതും മറഞ്ഞ് പോയി. മറഞ്ഞ് പോവുന്നവര്‍ക്ക് നേര്‍വഴി കാണിക്കാന്‍ സാധിക്കുകയില്ല. പിന്നീട് സൂര്യന്‍ ഉദിച്ച നേരത്ത് അദ്ദേഹം പറഞ്ഞു: ഇതാണ് ഏറ്റവും വലുത്. ഇതാണ് എന്റെ രക്ഷിതാവ്. അതും അസ്തമിച്ചു പോയി. ഇവയെയെല്ലാം ആരാധിച്ച് കൊണ്ടിരിക്കുന്നവരായ ആ ജനങ്ങള്‍ക്ക് അവയെല്ലാം സ്വയം നിയന്ത്രണ ശേഷി ഇല്ലാത്തവയാണെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണദ്ദേഹം ഇതെല്ലാം ചെയ്തത്.
അവസാനമായി അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ നിങ്ങള്‍ ദൈവത്തോട് പങ്ക് ചേര്‍ത്ത് ആരാധിക്കുന്ന ഇവയില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാവുകയാണ്. ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചത് ആരാണോ അവനെ ആണ് നാം വക്രതയില്ലാതെ, ഋജുമാനസരായി അഭിമുഖീകരിക്കുന്നത് (വി.ഖു. 6:76-78)
”ഞാനൊരിക്കലും അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുന്നവരുടെ കൂട്ടത്തിലല്ല. രാവും പകലും സൂര്യനും ചന്ദ്രനും എല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തത്തില്‍ പെട്ടതാണ്. അതിനാല്‍ സൂര്യനോ ചന്ദ്രനോ നിങ്ങള്‍ സാഷ്ടാംഗം ചെയ്യരുത്. അവനെ സൃഷ്ടിച്ചവനായ ഏകനായ ദൈവത്തിന് നിങ്ങള്‍ പ്രണാമം ചെയ്യുക. നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.” (വി.ഖു. 47:37). വിഗ്രഹാരാധനയുടെ നിരര്‍ഥകത ബോധ്യപ്പെടുത്തിയ പോലെ തന്നെ നക്ഷത്ര പൂജയുടെ വിഡ്ഢിത്തവും ജനങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തി.
സ്വയം ദൈവങ്ങളായി ചമയുന്ന ധിക്കാരികളായ ഭരണാധികാരികളും ഉണ്ടായിരുന്നു ആ നാട്ടില്‍. രാജ്യം ഭരിച്ചിരുന്ന സ്വേച്ഛാധിപതിയും ധിക്കാരിയുമായിരുന്ന നംറൂദിന്റെ സന്നിധിയിലേക്ക് അദ്ദേഹം ചെന്നു. താന്‍ തന്നെ ആണ് ദൈവം, അതിനപ്പുറം മറ്റൊരു ദൈവമില്ലാ എന്ന് പ്രഖ്യാപിച്ച അദ്ദേഹത്തോട് ഇബ്‌റാഹീം നബി പറഞ്ഞു: ജീവിതവും മരണവും നല്‍കുന്നതാരാണോ അവനാണെന്റെ രക്ഷിതാവ്. ഞാനും അത് ചെയ്യുമല്ലോ -നംറൂദ് പറഞ്ഞു. ആരെയും പിടിച്ച് വധിക്കാനും വധിക്കപ്പെടേണ്ടവനെ അതില്‍ നിന്ന് ഒഴിവാക്കി കൊടുക്കാനും എനിക്ക് അധികാരമുണ്ട്- അതായിരുന്നു അവന്റെ വാദം. ഇബ്‌റാഹീം നബി ചോദിച്ചു: എല്ലാം നിയന്ത്രിക്കുന്നത് നീയാണെങ്കില്‍, ഈ സൂര്യനിതാ കിഴക്കില്‍ നിന്ന് ഉദിച്ച് വരുന്നു. താങ്കള്‍ക്ക് അതിനെ നാളെ പടിഞ്ഞാറ് നിന്ന് ഉദിപ്പിക്കാമോ? സ്വേഛാധിപതിയായ നംറൂദ് അക്ഷരാര്‍ഥത്തില്‍ ഉത്തരം മുട്ടി പോയി (വി.ഖു. 2:257).
ഇറാഖില്‍ നിന്ന് ഹിജ്‌റ പോയ അദ്ദേഹം അവസാനം ഫലസ്തീന്‍ ലക്ഷ്യം വെച്ചാണ് യാത്ര ചെയ്തത്. വാര്‍ധക്യാവസ്ഥയിലും സത്യസന്ദേശവാഹകനാകുന്നതില്‍ അദ്ദേഹത്തിന് സന്ദേഹമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം മനംനൊന്ത് നാഥനോട് പ്രാര്‍ഥിച്ചു: നാഥാ എനിക്ക് സജ്ജനങ്ങളില്‍ പെട്ട ഒരു സന്താനത്തെ പ്രദാനം ചെയ്യേണമേ. തന്റെ ഭാര്യ സാറക്ക് ഒരടിമസ്ത്രീ ഉണ്ടായിരുന്നു. മക്കളില്ലാത്ത സാറ തന്റെ അടിമ സ്ത്രീയായ ഹാജറിനെ വിവാഹം ചെയ്യാന്‍ ഇബ്‌റാഹീം നബിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അദ്ദേഹം ഹാജറിനെ ഭാര്യയായി സ്വീകരിക്കുന്നത്. വാര്‍ധക്യാവസ്ഥയില്‍ ഹാജറില്‍ പിറന്ന സന്തതിയാണ് ഇസ്മാഈല്‍. ഇസ്മാഈലിന്റെ ജനനത്തോടെ രണ്ട് ഭാര്യമാരും ഒന്നിച്ച് പോവാത്ത അവസ്ഥ ഉണ്ടായി. അങ്ങനെ ഇസ്മാഈലിനെയും(അ) മാതാവിനെയും കൂട്ടി അദ്ദേഹം വീണ്ടും യാത്രയായി. അല്ലാഹുവിന്റെ കല്‍പനപ്രകാരം മക്കയിലേക്കായിരുന്നു ആ യാത്ര. കരിങ്കല്‍ പര്‍വതങ്ങള്‍ തിങ്ങി നില്ക്കുന്നതിനിടയ്ക്കുള്ള വിജനമായ ഒരു സമതലപ്രദേശത്ത്, വെള്ളം പോലും ഇല്ലാത്ത ആ മരുഭൂമിയില്‍, ഹാജറിനെയും കുട്ടിയേയും താമസിപ്പിച്ചു. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് അദ്ദേഹം തിരിച്ച് പോന്നു. അത് അല്ലാഹുവിന്റെ കല്‍പനയായിരുന്നു. തീയിലെറിയപ്പെട്ടപ്പോള്‍ ഭരമേല്‍പ്പിക്കാന്‍ അല്ലാഹു മതിയായവനാണ് എന്ന് ഉരുവിട്ട് കൊണ്ടാണല്ലോ അദ്ദേഹം ധൈര്യം പ്രാപിച്ചത്. അതുപ്രകാരം തന്നെ അല്ലാഹുവില്‍ ഭരം ഏല്‍പ്പിച്ച് അദ്ദേഹം സ്ഥലം വിട്ടു.
തന്റെ ഭാര്യക്ക് അല്‍പ ദിവസത്തേക്ക് വേണ്ട ആഹാരവും വെള്ളവും കൊടുത്തിരുന്നു. അതുമായി ദിവസങ്ങള്‍ ഏകാകിയായി ആ സ്ത്രീ തള്ളി നീക്കി. അല്ലാഹുവിന്റെ കല്‍പനയാണ്, അതു കൊണ്ട് അല്ലാഹു ഒരു പോംവഴി കണ്ടിരിക്കും. ആ ധീരവനിത സമാധാനിച്ചു. ദാഹജലം തീര്‍ന്നപ്പോള്‍ വെള്ളം അന്വേഷിച്ച് ആ മാതാവ് കുന്നുകള്‍ക്കിടയില്‍ ഭയത്തോടെ മാറി മാറി ഓടി. ആരെയും കാണുന്നില്ല. വെള്ളവും ഇല്ല. എന്നാല്‍ തക്ക സമയത്ത് അല്ലാഹുവിന്റെ അനുഗ്രഹം! അതാ അവിടെ ഒരു ഉറവ. അവര്‍ വെള്ളം ശേഖരിച്ചു കെട്ടി നിര്‍ത്തി. അതില്‍ വെള്ളം നിറഞ്ഞപ്പോള്‍ അവരുടെ ഭാഷയില്‍ സംസം സംസം (മതി മതി) എന്ന് പറഞ്ഞു. വെള്ളം സുലഭമായിരുന്നു.
മരുഭൂമിയില്‍ വെള്ളമുണ്ടെന്ന് കണ്ടപ്പോള്‍ വിദൂരയാത്രികര്‍ പലരും അവിടെ സന്ദര്‍ശിക്കാന്‍ തുടങ്ങി. ഹാജറിന്റെ സമ്മതപ്രകാരം പലരും അവിടെ താമസമാക്കി. എന്നാല്‍ വെള്ളത്തിന്റെ അധികാരം അവര്‍ ആര്‍ക്കും വിട്ടുകൊടുത്തിരുന്നില്ല. ഇങ്ങനെ താമസമാക്കിയ സമൂഹത്തില്‍ നിന്നാണ് ഇസ്മാഈല്‍ വിവാഹം ചെയ്തത്. അതിന്റെ പിന്‍ഗാമികളാണ് അറബികള്‍. ആ പിന്‍തലമുറയിലായിരുന്നു അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജനനം.
ഇസ്ഹാഖ് നബിയുടെ
ജനനം

ഇബ്‌റാഹീം നബിയുടെ ആദ്യത്തെ പുത്രന്‍ ഇസ്മാഈല്‍ ജനിച്ചതിന് ശേഷം വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. വാര്‍ധക്യം പ്രാപിച്ച ഭാര്യ സാറക്കും ഒരു സന്തതിക്ക് അതിയായ മോഹമുണ്ടായിരുന്നു. പക്ഷെ പ്രായമെത്തിയത് കൊണ്ട് നിരാശയിലായിരുന്നു. അതിനിടയില്‍ ഇബ്‌റാഹീം നബിക്ക് സന്ദേശം കിട്ടി. നിങ്ങള്‍ക്കിതാ ഒരു കുട്ടി കൂടി ജനിക്കാന്‍ പോവുന്നു. താമസിയാതെ സാറ ഗര്‍ഭിണിയാവുകയും ഒരു പുത്രന് ജന്മം നല്‍കുകയും ചെയ്തു. ആ മകനാണ് ഇസ്ഹാഖ്. ഫലസ്തീനായിരുന്നു അവരുടെ താമസസ്ഥലം. ഒരു മകന്‍ മക്കയിലും ഒരു മകന്‍ ഫലസ്തീനിലുമായി.
ഇസ്ഹാഖിനും അല്ലാഹു പ്രവാചകത്വം നല്‍കി. അദ്ദേഹത്തിന്റെ മകന്‍ യഅ്ക്കൂബും പ്രവാചകനായിരുന്നു. യഅ്ക്കൂബിന് പന്ത്രണ്ട് സന്തതികളുണ്ടായി. കാലത്തിന്റെ മാറ്റത്തില്‍, അതില്‍ പെട്ട ഒരു സന്താനമായ യൂസുഫ് നബിയുടെ കാലത്ത് അവരുടെയെല്ലാം താമസം ഈജിപ്തിലേക്ക് മാറ്റി. കാലക്രമത്തില്‍ ഈജിപ്തില്‍ ഭരണമാറ്റം വന്നു. യൂസുഫ് നബിയുടെ കാലത്ത് ഉണ്ടായിരുന്ന ആ ഭരണം മാറി കിബ്ത്തി വംശജരായ ഫറോവകള്‍ അധികാരത്തില്‍ വന്നു. ഇസ്‌റാഈല്യര്‍ അടിമകളായി തീര്‍ന്നു. ഇസ്‌റാഈലുകള്‍ വളര്‍ന്നു വരുന്നത് ഭരണാധികാരികള്‍ ഭയപെട്ടു. അതുകൊണ്ട് ഇസ്‌റാഈല്‍ വംശജരായ ആണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കാതെ അറുകൊല നടത്തി. പക്ഷെ അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു. ഒരു ഇസ്‌റാഈലി സ്ത്രീക്ക് ഒരാണ്‍കുഞ്ഞ് ജനിക്കുകയും അറുകൊല നടത്തും എന്ന് ഭയപ്പെട്ട് മാതാവ് കുട്ടിയെ പുഴയില്‍ ഒഴുക്കിവിടുകയും ചെയ്തു. എന്നാല്‍ ആ കുട്ടി ഫറോവയുടെ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് പ്രവാചകനായ മൂസ(അ) വളര്‍ന്നു വരുന്നത്. പിന്നീട് ആ കുടുംബത്തില്‍ തന്നെയാണ്, പുരുഷസ്പര്‍ശമില്ലാതെ ഒരു സ്ത്രീ ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആ കുട്ടിയാണ് മര്‍യമിന്റെ മകന്‍ ഈസ.
ചരിത്രത്തില്‍ ഇങ്ങനെ പല അത്ഭുതങ്ങളും നടന്നിട്ടുണ്ട്. അതെല്ലാം അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള അത്ഭുതങ്ങളും അടയാളങ്ങളുമാണ്. അല്ലാഹു അവനെ മാത്രം ആരാധിക്കാന്‍ വേണ്ടിയാണ് മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചിട്ടുള്ളത്. ആ സന്ദേശവുമായിട്ടാണ് അവന്‍ ദൂതന്മാരെ നിയോഗിച്ചത്. ഈ ദൂതന്മാരെല്ലാം ഇബ്‌റാഹിം നബിയുടെ സന്താന പരമ്പരയില്‍ പെട്ടവരാണ്. ഇതെല്ലാം നല്കുന്ന സന്ദേശം മനുഷ്യരെല്ലാം ഒന്നാണെന്നും അവര്‍ ഏകോദര സഹോദരങ്ങളാണെന്നുമാണ്. അവരുടെ സ്രഷ്ടാവ് ഏകനാണ്. അവനാണ് ആരാധ്യനായ ദൈവം. ആ ദൈവം അവര്‍ക്ക് ജീവിത വിഭവങ്ങള്‍ നല്‍കി. ശാശ്വതമായ ആത്മീയ മോക്ഷത്തിന് വേണ്ട ആത്മീയ വിഭവങ്ങള്‍ നല്‍കി. അതാണ് ദൈവദൂതന്മാര്‍ മുഖേന ലഭിച്ച മതനിയമങ്ങള്‍.
അവന് സ്വീകാര്യ യോഗ്യമായ മതം, അവന് കീഴ്‌പെട്ട് ജീവിക്കുക എന്നതാണ്. അതാണ് ഇസ്‌ലാം മതം എന്ന് പറയുന്നത്. ഇസ്‌ലാം എന്നാല്‍ ഒരു ജാതിപേരോ ഒരു സമുദായത്തിന്റെ വിലാസമോ ഒരു പ്രവാചകന്റെ അനുയായികളോ അല്ല. പ്രത്യുത മേല്‍പറഞ്ഞ രീതിയില്‍ അല്ലാഹു അയക്കുന്ന ദൂതന്മാര്‍ മുഖേന നല്‍കിയിട്ടുള്ള മാര്‍ഗങ്ങള്‍ പിന്‍പറ്റി ജീവിക്കുന്നവരെല്ലാം മുസ്‌ലിംകളാണ്.
സര്‍വ്വതും സര്‍വ്വശക്തനായ നാഥന് സമര്‍പ്പിക്കുക എന്നതാണ് ഇസ്‌ലാമിന്റെ ഒന്നാമത്തെ മാനം. അതോടു കൂടി ശാന്തിയും സമാധാനവും സംജാതമായി തീരും. ആ മാര്‍ഗം സ്വീകരിക്കുന്നവരാണ് മുസ്‌ലിംകള്‍. ഓരോ പ്രവാചകന്മാരും ഓരോ മതമുണ്ടാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രവാചകന്മാര്‍ക്കിടയില്‍ ഞങ്ങള്‍ വിവേചനം കാണിക്കുന്നില്ല എന്ന് പറയാന്‍ വിശുദ്ധ ഖുര്‍ആന്‍ കല്‍പിച്ചിരിക്കുന്നു. (വി.ഖു. 2:285)
എല്ലാ പ്രവാചകന്മാരും ഇസ്‌ലാമിന്റെ പ്രവാചകന്മാര്‍ തന്നെയാണ്. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും പ്രാര്‍ഥന ‘നാഥാ ഞങ്ങളെ മുസ്‌ലിം ആക്കേണമേ, ഞങ്ങളുടെ സന്തതികളില്‍ നിന്നും മുസ്‌ലിം സമൂഹത്തെ ഉണ്ടാക്കണമേ’ (വി.ഖു 2: 128) എന്നായിരുന്നു. യഅ്ക്കൂബ് നബി മക്കളോട് വസിയ്യത്ത് ചെയ്യുന്നത് ”നിങ്ങള്‍ മുസ്‌ലിംകളായിട്ടല്ലാതെ മരിക്കരുതേ” (വി.ഖു. 2:132) എന്നാണ്.
ഇങ്ങനെ പ്രവാചകന്മാരെല്ലാം മുസ്‌ലിം ആയി ജീവിക്കാനും മുസ്‌ലിം ആയി മരിക്കാനും ആണ് ജനങ്ങളെ ക്ഷണിച്ചത്. ഒരേ ആദര്‍ശത്തിലേക്ക് അതായത് ഏകദൈവ വിശ്വാസം, പരലോക ബോധം, പ്രവാചകന്മാരെ അംഗീകരിക്കുക, ധര്‍മ്മനിഷ്ട്ടയുളള ജീവിതം നയിക്കുക… അതിന്റെ പേരാണ് ഇസ്‌ലാം.
എന്നും മുസ്‌ലിംകളുടെ ശത്രുക്കള്‍ ബഹുദൈവാരാധകന്മാരായിരുന്നു. അതല്ലെങ്കില്‍ ദൈവബോധമില്ലാത്ത അഹങ്കാരികളായ സ്വേഛാധിപതികളായിരുന്നു. ഇബ്‌റാഹീം നബിയുടെ പ്രധാന ശത്രു നംറൂദ് ആയിരുന്നു. മൂസാ നബിയുടെ പ്രധാന ശത്രു ഫറോവ ആയിരുന്നു. മൂസാ നബിക്ക് കൊടുത്ത ഗ്രന്ഥമായിരുന്നു തൗറാത്ത്. ഇസ്‌റാഈല്യരെ അടിമകളാക്കി വെച്ചിരുന്ന, സ്വയം ദൈവമായി പ്രഖ്യാപിക്കുകയും അതിനപ്പുറം വേറെ ഒരു ദൈവമില്ലാ എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ഫറോവയില്‍ നിന്ന് മൂസാ നബി അവരെ രക്ഷപ്പെടുത്തി. ഇസ്‌റാഈല്‍ സന്തതികള്‍ മറ്റു ദൈവങ്ങളെ ആരാധിക്കുന്നത് കണ്ടപ്പോള്‍ മൂസാ നബിയോട് ആവശ്യപ്പെട്ടത് ഞങ്ങള്‍ക്കും ഇത് പോലെയുള്ള ദൈവങ്ങളെ ആരാധിക്കാന്‍ വേണം എന്നാണ്. ഈ കാരണത്താല്‍ തന്നെ അല്ലാഹുവിന്റെ കോപത്തിനും ശിക്ഷക്കും അവര്‍ ഇരയായി തീര്‍ന്നു. അവരെ വീണ്ടും വേദത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഈസാ നബിയെ നിയോഗിച്ചു. ഇവരെല്ലാം ഉദ്‌ബോധനം ചെയ്തത് ഏകനായ ദൈവമല്ലാതെ മറ്റൊരു ആരാധ്യനില്ല എന്നാണ്.
ഇബ്‌റാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന തത്വമാണ് പ്രബോധനം ചെയ്തത്. അതിനായി അവര്‍ ഇരുവരും ചേര്‍ന്ന് ഒരു ആരാധനാലയം പടുത്തുയര്‍ത്തി. ആ സ്ഥലം പുണ്യസ്ഥലമായി മുമ്പേ അല്ലാഹു സൗകര്യപ്പെടുത്തിയതാണ്. അവിടെ അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ വേണ്ടി പടുത്തുയര്‍ത്തപ്പെട്ട മന്ദിരത്തിന്റെ പേരാണ് പരിശുദ്ധ കഅ്ബാലയം.
എന്നാല്‍ മുഹമ്മദ് നബി ജനിച്ചത് മക്കയിലായിരുന്നുവല്ലോ. അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട കഅ്ബാലയത്തിന്റ പരിസരത്ത് മുന്നൂറിലധികം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ആ കൂട്ടത്തില്‍ ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും പേരില്‍ ഉള്ള വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. മനുഷ്യരില്‍ കടന്നു കൂടിയ ആദര്‍ശ മാറ്റത്തിന്റെ വൈരുധ്യമാണ് ഇതിലൂടെ ദര്‍ശിക്കപ്പെടുന്നത്. മുസ്‌ലിംകള്‍ അല്ലാഹുവിലേക്ക് പങ്ക് ചേര്‍ക്കുന്ന നിലക്ക് എത്തിച്ചേര്‍ന്ന വിരോധാഭാസം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x